Friday, November 28, 2008

സുഷിരകാണ്ഡം

നരകത്തില്‍ നിന്ന്
സ്വര്‍ഗ്ഗത്തിലേക്ക്
ഒളിഞ്ഞുനോക്കാനുള്ള
കിഴുത്തയില്‍
കരടായിക്കിടക്കുകയാണ്
ഒരു നഷ്ടബോധം.

ഇപ്പുറത്തുനിന്നോ
അപ്പുറത്തുനിന്നോ
സഹികെട്ട്
ഞാന്‍ തന്നെ
ഊക്കിലൊന്നൂതുമ്പോള്‍

അങ്ങോട്ടേക്കോ
ഇങ്ങോട്ടേക്കോ
തെറിച്ച് ചേര്‍ന്ന്
പുണ്യമോ പാപമോ
ആകാനാണതിന്റെ
രഹസ്യ പദ്ധതി.

Wednesday, November 26, 2008

അറിവിന്റെ ആകൃതിയുള്ള ചോദ്യം

സങ്കീര്‍ണ്ണമായ
മനസ്സുള്ള ആളാണ്.

ഒരിക്കല്‍,
ഇട്ടിരിക്കുന്ന ഷര്‍ട്ട്
പുതിയതാണോ എന്ന് ചോദിച്ചപ്പോള്‍
സെല്ലുലോസ്, കാര്‍‌ബണ്‍,
ഹൈഡ്രജന്‍, ഓക്സിജന്‍
പഴയതേത് പുതിയതേതെന്ന്
മറുപടി ചോദിച്ചു.

ആത്മീയ സമ്മേളനത്തില്‍
മൈക്കിരന്നുവാങ്ങി
നിങ്ങളെല്ലാം മരിച്ചവരല്ലെന്ന് എന്താണുറപ്പ്?
പരലോകത്തില്‍,
നരകത്തിലല്ല, സ്വര്‍ഗ്ഗത്തിലല്ല
ഈ സമ്മേളനം നടക്കുന്നതെന്ന്
ഉറപ്പുള്ളവരാരുണ്ടെന്ന് ആരാഞ്ഞു.

കാമുകനൊടൊത്ത്
ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്ന
സുന്ദരിയോട്
അറിയാമോ,
നീയിപ്പോള്‍ നുണയുന്ന മധുരം
എത്ര ന്യൂറോണുകളുടെ
അശ്രാന്തപരിശ്രമമെന്ന്
ഇടപെട്ട ശേഷം
തല്ല് വാങ്ങിക്കൂട്ടി.

വെളിവിന്റെ
എല്ലാ പഞ്ഞിത്തുണ്ടുകളെയും
ഇങ്ങനെയിങ്ങനെ
നൂലായ് പിരിച്ചെടുത്ത്
നൂലാമാലയായി
ഉലര്‍ത്തിക്കലര്‍ത്തിയിടും.

ഇലക്ട്രോണുകളെപ്പറ്റി
സംസാരിക്കാന്‍
കമ്പ്യൂട്ടറുകള്‍ തോറും
കറങ്ങി നടപ്പുണ്ടെന്ന് കേട്ടു.
അവിചാരിതമായി ചിലനേരത്ത്
നിങ്ങളുടെ സിസ്റ്റം
സ്തംഭിച്ചുപോവുന്നതാണ്
സാഹചര്യത്തെളിവ്.