Saturday, May 31, 2014

പരിചയം

നന്നായി
പാട്ടുപാടുമായിരുന്നു.
ഇപ്പോളില്ല,
മരിച്ചുപോയി.
ഒറ്റയാവുന്നതിനെക്കുറിച്ചുള്ള
പാട്ടുകളായിരുന്നു ഇഷ്ടം

കാറ്റ്

പലതരം സന്ദര്‍ഭങ്ങളിലായി,
പലതരം പിഴവുകളിലായി,
പലതരം ഇച്ഛാംഭംഗങ്ങളിലായി
വീണുകിടന്നിരുന്ന തന്‍റെ
നെടുവീര്‍പ്പുകളെയെല്ലാം
അയാള്‍
തേടിയെടുത്ത്
അടുക്കിവെയ്ക്കാന്‍ തുടങ്ങി.

ഇലയനക്കിയോ പൊടിപറത്തിയോ
എന്തോ പറയാന്‍ വെമ്പുന്നല്ലോ എന്ന്‍
നിങ്ങളെക്കൊണ്ട് തോന്നിപ്പിച്ച്
ഇതുവഴി കടന്നുപോയ കാറ്റ്
അതില്‍നിന്നുണ്ടായതാണ്.

വിശ്വാസമായില്ലെങ്കില്‍
വേറെ ഒച്ചയൊന്നുമില്ലാത്ത
ഒരു മുറിയില്‍ ഒറ്റയ്ക്ക് അടച്ചിരുന്ന്
സ്വന്തം നിശ്വാസം കേട്ടു നോക്കൂ.

ഉറ്റുനോക്കുന്നതിന്റെ ഉപമ

വിളഞ്ഞ് പഴുത്ത്
മഞ്ഞയില്‍ തിളച്ച്
തുടുത്തുനില്‍ക്കുന്നൊരു
ചെറുനാരങ്ങയെ
ആകാവുന്നിടത്തോളം
അടുത്ത് നിന്ന്‍
ചുഴിഞ്ഞ് ചുഴിഞ്ഞ്
ഉറ്റുനോക്കുമ്പോളുള്ളപോലെ,

തൊട്ടൊന്നമര്‍ത്തിയാല്‍
പൊട്ടിത്തെറിക്കാന്‍
സര്‍വ്വസജ്ജമായി നില്‍ക്കുന്ന
അമ്ലവീര്യത്തിന്‍റെ
സൂക്ഷ്മസംഭരണികള്‍,
അവയുടെ
ചുറുക്ക്, ചുണ,
വാസന, വേഗത,
പ്രസരിപ്പ്, പോരിമ,
പുളി, നീറ്റല്‍ ....

പിന്നത്തേക്കെന്ന്
പണ്ടുനമ്മള്‍ മാറ്റിവെച്ച
നമ്മുടെ തന്നെ ജീവിതങ്ങളെ
ആകാവുന്നത്ര അടുത്ത് നിന്ന്‍
നമ്മള്‍ തന്നെ ഉറ്റുനോക്കുമ്പോള്‍

കുന്നുകള്‍

കുന്നുകള്‍:
അനാദികാലം തൊട്ട്
ആകാശം ഭൂമിയെ
ഉമ്മവെക്കുന്നതിന്‍റെ
തഴമ്പുകള്‍

കുന്നുകള്‍:
അനാദികാലം തൊട്ട്
ഭൂമി ആകാശത്തിനെ
അള്ളുവെയ്ക്കുന്നതിന്‍റെ
മൂര്‍ച്ചക്കൂര്‍പ്പുകള്‍

(ഒരു ജെ.സി.ബി. ഉടമയുടെ മഹാകാവ്യത്തില്‍ നിന്ന്‍ ചോര്‍ന്നുകിട്ടിയത്)

ഞാൻ

രാത്രിയുടെ
ദിവാസ്വപ്നമാണ്
പകൽ

ഞാൻ
ഇതുപോലെ എന്ന്
അതിൽ
വിചാരിക്കപ്പെടുന്നു

Sunday, February 09, 2014

പ്രത്യാശയുടെ അഞ്ച് പ്രതിവാദങ്ങള്‍

(1)
ഒന്നിനും
ഒരര്‍ത്ഥവുമില്ലെന്ന്
എന്തര്‍ത്ഥത്തിലാണ്
നീ പറയുന്നത് ?

(2)
ഒന്നും
മനസ്സിലാവുന്നില്ലെന്നതും
മനസ്സില്‍ - ആവുക
തന്നെയല്ലേ ?

(3)
എല്ലാം
കണക്കാണെന്ന്
മലയാളത്തിലല്ലേ
വിചാരിക്കുന്നത് ?

(4)
എല്ലാ
പ്രാക്കുകളും
ഭാവിയെയല്ലേ
ശ്വസിക്കുന്നത് ?

(5)
കണ്ണാടിയില്‍
ഉറ്റുനോക്കി
വിഡ്ഡീ എന്ന്‍
ചിരിച്ചിട്ടില്ലേ ?

Thursday, February 06, 2014

കാണ്മാനില്ല

ബസ്സ് സ്റ്റോപ്പിലെ ഭിത്തിയില്‍
കാണ്മാനില്ല എന്നൊരു നോട്ടീസ്

അതിന്‍റെ ഫോട്ടോ(?) ഉള്ള ഭാഗം
ആരോ കീറിയിരിക്കുന്നു

ആളിനെയോ വളര്‍ത്തുമൃഗത്തിനെയോ
വാഹനത്തെയോ കാണാതായതിന്‍റെയാവും

എന്നെക്കാണാനില്ല എന്ന
എന്റെ ആവലാതി ഓര്‍മ്മവന്നു

ഇതേ നോട്ടീസ് നിങ്ങളോട്
എന്നിലൂടെ ഒന്നും
പറയുന്നില്ലെന്ന്
വിചാരിക്കാനാവുന്നില്ല

ഒരുപക്ഷേ, കാണ്മാനില്ല എന്നുമാത്രം
മനസ്സിലാവുകയും പ്രതികരിക്കുകയും ചെയ്യുന്ന
ഒരു ഘടാഘടിയന്‍ തലച്ചോറാണ് ലോകം,
അതിലേക്ക് മിടിക്കുന്ന നാഡീകോശങ്ങളാണ്
ഓരോ നിമിഷങ്ങളും എന്നൊക്കെയാണ്

കുറച്ച്

കുറച്ച് ദൂരെനിന്നാണ്
എന്നതിലെ
കുറച്ച് - ന് ഉള്ള
സ്വാതന്ത്ര്യത്തിലേക്കാണ്
ജീവിക്കേണ്ടത്

കുറച്ച് പാടാണെന്നറിയാം
എന്നാലും ...

വാക്കും ഞാനും

ദാ നോക്ക് എന്ന്‍
കരയുന്ന കൈക്കുഞ്ഞിന്
ആകാശത്തെ ചന്ദ്രനെയോ
റോഡിലോടുന്ന കാറിനെയോ
മ്യാവൂവിനെയോ ഭൌ ഭൌവിനെയോ
ചൂണ്ടിക്കാണിച്ചുകൊടുക്കുന്നപോലെ

ചില വാക്കുകള്‍ക്ക്
ഞാന്‍
ഉള്ളിലെ ആള്‍ത്തിരക്ക്
കാണിച്ചുകൊടുക്കുന്നു

മറ്റെല്ലാം മറന്ന്
വാക്ക് അപ്പോള്‍
ഒരു കൌതുകത്തിലേര്‍പ്പെടുന്നു

മാറ്റിവെയ്ക്കപ്പെട്ട
കരച്ചിലിന് പിന്നീട്
കാലത്തോടൊപ്പം
രഹസ്യമായി പ്രായമാവുന്നു

ΔxΔp ≥ h/4π*

ആവശ്യത്തിലധികം
വാതിലുകളുള്ള
ഒരു ചുവരാണ്
എന്റെ സ്നേഹം

വാതിലുകളോരോന്നും
അകത്തുനിന്നോ

പുറത്തുനിന്നോ
ആർക്കുവേണമെങ്കിലും
തുറക്കാവുന്ന വിധത്തിൽ
പൂട്ടുകളില്ലാതെ
നിർമ്മിക്കപ്പെട്ടിരിക്കുന്നു

അകത്താര്
പുറത്താര്
എപ്പോൾ
എവിടെ
എങ്ങോട്ട്
എത്ര വേഗത്തിൽ
എന്നീ ആശയങ്ങളുടെ
സാംഗത്യത്തെ

അത്
അനുനിമിഷം
റദ്ദ് ചെയ്യുന്നു

അതിന് സ്തുതി

                                                          * Uncertainty Principle ന്റെ സൂത്രവാക്യം

നല്ലതല്ലേ ?

'നിന്നെപ്പൊലൊരുത്തൻ എന്തെങ്കിലും
വിചാരിച്ചിട്ടോ വിചാരിക്കാതിരുന്നിട്ടോ
പറഞ്ഞിട്ടോ പറയാതിരുന്നിട്ടോ
എഴുതിയിട്ടോ എഴുതാതിരുന്നിട്ടോ
പ്രസിദ്ധീകരിച്ചിട്ടോ പ്രസിദ്ധീകരിക്കാതിരുന്നിട്ടോ
ഇവിടെ ഒരു ചുക്കും സംഭവിക്കുകയില്ല'

'ഒരു സംശയം,
ഈ ചുക്ക് ഒരു വസ്തുവല്ലേ ?
അതെങ്ങനെയാണ്‌ സംഭവിക്കുക ?'

'അത് ഞാൻ ആലങ്കാരികമായി
പറഞ്ഞതാണ്. '

'ഓ, അപ്പോൾ ആലങ്കാരികമായി
ചിലതൊക്കെ സംഭവിക്കുന്നുണ്ടല്ലേ?
അത് നല്ലതല്ലേ?'

ഇപ്പോൾ

പിന്നീടൊരുകാലത്ത്
ആത്മഗതങ്ങളുടെ
അധോലോകത്തിൽ

അനങ്ങിയാൽ
കാഞ്ചിവലിക്കേണ്ട സീനിൽ
എനിക്കെതിരെ
വന്നുപെടുന്നതിന് മുൻപ്

നിമിഷമേ,
ഇപ്പോഴത്തെ ഈ നിമിഷമേ,
എനിക്ക് വേണ്ടപ്പെടുവാൻ
നീ എന്തെങ്കിലും ചെയ്യ്.

ഓർമ്മ വന്നിട്ട്
വെറുതെ വിടണ്ടേ
അപ്പോൾ ?

Tuesday, January 14, 2014

മൂന്നുപേർ

മൂന്നുപേർ.

ഒന്നാമത്തെയാൾ
കദനങ്ങളുടെയൊരു
കണ്‍വെയർ ബെൽറ്റിൽ
എന്നെന്നേക്കുമായി
കെണിഞ്ഞുപോയതായി
തോന്നലുണ്ടാകുന്ന ദിവസങ്ങളിൽ
തലവേദന മൂർച്ഛിച്ച്
കമിഴ്ന്നുകിടന്ന്
കണ്ണടച്ച് പല്ലിറുമ്മും.

രണ്ടാമത്തെയാൾ
കദനങ്ങളുടെയൊരു
കണ്‍വെയർ ബെൽറ്റിൽ
എന്നെന്നേക്കുമായി
കെണിഞ്ഞുപോയതായി
തോന്നലുണ്ടാകുന്ന ദിവസങ്ങളിൽ
കാണുന്നതിനോടെല്ലാം കലികയറി
ചുവരിലാഞ്ഞിടിച്ച്
കൈവേദനിപ്പിച്ച്
വേദനയെപ്പറ്റി
ആലോചിക്കാൻ നോക്കും.

മൂന്നാമത്തെയാൾ
നിങ്ങളാണ്.
കദനങ്ങളുടെയൊരു
കണ്‍വെയർ ബെൽറ്റിൽ
എന്നെന്നേക്കുമായി
കെണിഞ്ഞുപോയതായി
തോന്നലുണ്ടാകുന്ന ദിവസങ്ങളിൽ
നിങ്ങൾ എന്താണ് ചെയ്യാറ് ?

കവിത വായിക്കാറുണ്ടോ ?

Monday, January 13, 2014

Lost and found

വീണുകിട്ടിയ
ഒന്നാണ്.

പുറത്ത്
സ്വപ്നങ്ങളുടെ ഭിത്തികളിൽ
പതിക്കാനുള്ള പരസ്യം
എന്നെഴുതിയിട്ടുണ്ട്.

തുറന്നപ്പോൾ

ജീവിതത്തെ സ്നേഹിക്കാനുള്ള
അസാധാരണകാരണങ്ങൾ
ആവശ്യമുണ്ട്,
അതിവിചിത്രങ്ങളായ ആഗ്രഹങ്ങൾക്ക്
മുൻഗണന
എന്നും കണ്ടു.

Friday, December 27, 2013

അസ്വാഭാവിക ഉപമകളിൽ ഒരു കാലാവസ്ഥാവിവരണം

  •  
മരിച്ചുപോയ ഒരാളിന്റെ
കൈയക്ഷരം പോലെ
ഈ രാത്രി

മറന്നുപോയ
ചില കാരണങ്ങൾ പോലെ
ഇവിടത്തെ ഈർപ്പം

അടിച്ചമർത്തപ്പെട്ട ഒന്നിന്റെ
അക്കങ്ങളിലുള്ള തെളിവുപോലെ
താപനിലയുടെ ഈ സംഖ്യ

നിശ്ശബ്ദതയുടെ
നാഡിമിടിപ്പുപോലെ
മഴയ്ക്കുള്ള സാധ്യത

അല്ലേ ?

സങ്കീര്‍ണ്ണമായൊരു
സന്ദര്‍ഭത്തിന്റെ
സാരാംശം
സരളമായൊരു
ഉപമയെ
കാത്തിരിക്കുന്നു

കാത്തിരുന്ന്‍
കാത്തിരുന്ന്‍
കാത്തിരുന്നതെന്തിനെന്ന്‍
മറന്നുപോകുന്നു

സാരമില്ല,
അല്ലേ?