Friday, September 29, 2006

കമ്മ്യൂണിസ്റ്റ് പച്ച

ഡ്രില്‍ പിരിയഡില്‍
കള്ളനും പോലീസും കളിച്ചിരുന്നപ്പോള്‍
‍പോലീസുകാരുടെ കയ്യിലെ
ലാത്തിയായിരുന്നു.

ഉണങ്ങിയ കമ്പെടുത്ത്‌
ഈര്‍ക്കില്‍ കൊണ്ടു തുളച്ച്‌
അറ്റം കത്തിച്ചു വലിച്ചതാവണം
ആദ്യത്തെ നിയമ ലംഘനം.

മുറിച്ചുവപ്പില്‍
ഇലച്ചാറുപിഴിഞ്ഞിറ്റിച്ചപ്പോള്‍
ഇറച്ചിയെ
പുകച്ചിലോടെ ഉണക്കിയിരുന്നു.

ഉഴുതിട്ട വയലില്‍
വളക്കൂറ് ‍ചേര്‍ക്കാന്‍
‍കെട്ടുകെട്ടായി
വന്നെത്തിയതോര്‍മയുണ്ട്.

കൂട്ടു വേണ്ടാത്ത കളികളും
ശരീരദോഷമില്ലാത്ത ശീലങ്ങളും
മുറിവുപറ്റാത്ത തൊലിയും
വഴിപോക്കര്‍ വിത്തിറക്കുന്ന വയലുകളും
വരാനുണ്ടെന്ന വെളിപാടിലാവണം
പണ്ടുള്ളവര്‍
‍പച്ചനിറത്തിലുള്ള
ഒരു പാവം ചെടിയെ
രാഷ്ട്രീയമായി
നാമകരണം ചെയ്തിട്ടുണ്ടാവുക.

( മാധ്യമം ആഴ്ച്ചപ്പതിപ്പ് 2005 മെയ് 13 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Saturday, September 23, 2006

അന്ധവിശ്വാസത്തിന്റെ അഞ്ചു കവിതകള്‍

(1)

ഇലത്തുമ്പില്‍
തുളുമ്പി വിറച്ചുള്ള
നില്‍പ്പിനെപ്പറ്റി
ഭാരമുള്ള ഒരു ഉപമ
ആര്‍ക്കെങ്കിലും
തോന്നുമ്പോഴാണ്
മഞ്ഞുതുള്ളി
താഴേക്കു വീഴുന്നത്.

(2)

തണുപ്പിന്റെ
ചില്ലുനൂലുകള്‍
സംഗീതമാവുന്നതു കേട്ട്
ആരെങ്കിലും
അതേ ഈണത്തില്‍
മൂളിനോക്കുമ്പോഴാണ്
ആകാശം മഴയെ
മേഘങ്ങളിലേക്ക്
പിന്‍വലിക്കുന്നത്.

(3)

കാറ്റിലലിഞ്ഞ
കരച്ചിലുകള്‍
വന്നു തൊടുമ്പോഴാണ്
മുളങ്കാട്ടില്‍ നിന്ന്
ഭാഷയിലില്ലാത്ത
ഞരക്കങ്ങളുണ്ടാകുന്നത്.

(4)

മണ്‍മറഞ്ഞവരുടെ
പറഞ്ഞുതീരാത്ത
വാക്കുകള്‍ മണത്താണ്
വേരുകള്‍
വളഞ്ഞു തിരിഞ്ഞ്
വിചിത്ര ലിപികളാവുന്നത്

(5)

ഉറക്കത്തിന്റെ ഭൂപടം
വൃത്തത്തിലായതു കൊണ്ടാണ്
സ്വപ്നങ്ങളിലെ ഓട്ടം
ഓടിയാലും ഓടിയാലും
തീര്‍ന്നു കിട്ടാത്തത്.

(ഈ കവിത കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചു)

Tuesday, September 19, 2006

ലൈബ്രറി

വായിക്കപ്പെടാതെ
തിരിച്ചെത്തുന്നവയില്‍ നിന്ന്
മുളപൊട്ടി വേരിട്ട്
പടര്‍ന്നു നിറയുന്നത്
വേഗങ്ങളെയും
വെളിച്ചങ്ങളെയും
തണുപ്പിച്ചു മാത്രം
അകത്തുകടത്തുന്ന
ഒരു കാടു തന്നെയാവണം.
അല്ലെങ്കിലെന്തുകൊണ്ടാണ്
വാക്കുകള്‍ മാത്രം
അടുക്കിവെച്ച ഒരിടത്ത്
ഇത്രമാത്രം നിശബ്ദത?