Wednesday, November 21, 2012

ഒന്ന് വേറെയൊന്നാണ് എന്നതിനെപ്പറ്റി എന്തൊക്കെയോ ആയി


(1) ഉദാഹരണമായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
ചൂണ്ടിക്കാണിക്കാം

(2) വിഷാദമൂകമായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
നെടുവീര്‍പ്പിടാം

(3) അടിസ്ഥാനപരമായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
കണ്ടെത്താവുന്നതാണ്

(4) ഈയിടെയായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയല്ലേ
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
ആശങ്കപ്പെടാം

(5) നീക്കുപോക്കായി

നീയും
നിന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധംതന്നെയാണ്
ഞാനും
എന്റെ വേദനയും തമ്മിലുള്ള
പൂട്ട് - താക്കോല്‍ ബന്ധമെന്ന്
പരസ്പരം അനുമോദിക്കാം.

Thursday, November 15, 2012

അല്ലാതെന്ത് ?


നിങ്ങള്‍ക്ക് സങ്കടം തോന്നുന്നു
സങ്കടം തോന്നുന്നല്ലോ എന്ന സങ്കടം
സങ്കടത്തെ പിന്തുടരുന്നു
(അല്ലാതെന്ത്?)

നിങ്ങള്‍ക്ക് സന്തോഷം തോന്നുന്നു
സന്തോഷം തോന്നുന്നല്ലോ എന്ന സന്തോഷം
സന്തോഷത്തിന്റെ തോളില്‍ കൈയിട്ട് വരുന്നു
(അല്ലാതെന്ത്?)

നിങ്ങള്‍ക്ക് മടുപ്പ് തോന്നുന്നു
മടുപ്പ് തോന്നുന്നല്ലോ എന്ന മടുപ്പ്
മടുപ്പിനോട് നിഴലായി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു
(അല്ലാതെന്ത്?)

പകതോന്നുന്നല്ലോ എന്ന പക
നാഡികളിലൂടെയിരമ്പുന്നവഴിക്ക് എതിരെവന്ന
സ്നേഹം തോന്നുന്നല്ലോ എന്ന സ്നേഹത്തെ
കണ്ണിറുക്കിക്കാണിച്ചതായി
തത്വചിന്ത തോന്നുന്നല്ലോ എന്ന തത്വചിന്ത
റിപ്പോര്‍ട്ട് ചെയ്യുന്നു
(അല്ലാതെന്ത്?)

അല്ലാതെന്ത്? അല്ലാതെന്ത്? അല്ലാതെന്ത്? അല്ലാതെന്ത്?
എന്നീ തോന്നലുകളിലൂടെ
നിങ്ങളെ നിങ്ങള്‍ക്ക് തോന്നിക്കൊണ്ടിരിക്കുന്നു
(അല്ലാതെന്ത്?)

Sunday, November 04, 2012

Subject: Hi

നീ
മരിച്ചെന്നറിഞ്ഞു.

ആഭ്യന്തര കലാപത്തില്‍ ,
വര്‍ഗ്ഗീയ ലഹളയില്‍ ,
തീവ്രവാദി ആക്രമണത്തില്‍ ,
തീവ്രവാദവിരുദ്ധ യുദ്ധത്തില്‍ ,
ദുരഭിമാനക്കൊലയില്‍ ,
സദാചാരം കോപിച്ച് ,
ഗവണ്‍‌മെന്റിനുവേണ്ടി ,
ഗവണ്‍‌മെന്റിനെതിരായി ,
ജനങ്ങള്‍ക്ക് വേണ്ടി ,
ജനങ്ങളാല്‍ ,
ഉപവാസം കിടന്ന് ,
ലാത്തിച്ചാര്‍ജ്ജ് വാങ്ങി ,

മരിച്ചെന്നറിഞ്ഞു.

നിന്റെ മൃതദേഹം കണ്ടുകിട്ടിയോ?
കാര്യമായ കേടുപാടുകള്‍ ഉണ്ടോ?
ചാനലില്‍ വരുമോ?
പത്രത്തില്‍ ഫോട്ടോ വരുമോ?

വേറെയെന്തുണ്ട് വിശേഷം?

എന്തൊക്കെയാണ് ഭാവിപരിപാടികള്‍ ?
ഇങ്ങനെയൊക്കെ ആയാല്‍ മതിയോ ?


(കെ.എ. ജയശീലന്റെ ‘ഗ്വാട്ടിമാലയില്‍ ഒരു കാല്’ എന്ന കവിതയ്ക്ക് സമര്‍പ്പണം)

Saturday, September 29, 2012

ചേരുംപടി ചേര്‍ക്കുക


                   I                                                             II

1) വേണ്ട വേണ്ട എന്ന് വിചാരിക്കുന്നു                         a) മഹത്തരം !

2) ഒന്നുകൂടി അതുതന്നെ വിചാരിക്കുന്നു                        b) മഹത്തരം !

3) പോട്ടെ, സാരമില്ല എന്ന് വിചാരിക്കുന്നു                  c) മഹത്തരം !

4) സാരമില്ല എന്നുതന്നെ വിചാരിക്കുന്നു                     d) മഹത്തരം !

5) ചരിത്രം ഉണ്ടാകുന്നു                                            e) മഹത്തരം !

6) ഉണ്ടായിക്കോട്ടേ, അല്ലേ ?                                   f) മഹത്തരം !

Wednesday, September 05, 2012

ഹൊ !


(1)
കടലാസ് ചുരുട്ടി
ചെവിയോട് ചേര്‍ക്കുമ്പോള്‍
ഒറ്റയ്ക്ക് കേള്‍ക്കാവുന്ന
ഇരമ്പം പോലെ

ഓര്‍മ്മ ചേരുന്നിടത്ത്
മനസ്സില്‍ മുഴങ്ങുന്നു
കഴിഞ്ഞകാലം

(2)
ഇനിയൊരു കാലത്ത്
ആരെയുമറിയിക്കാതെ വന്ന്
ഇരമ്പിക്കോളണമെന്ന്
ഏറ്റവും പുതിയ ഈ നിമിഷത്തെയും
നമ്മള്‍ പ്രോഗ്രാം ചെയ്യുന്നു.

Thursday, August 30, 2012

അത്ഭുതസാക്ഷ്യം

ഈയിടെയായി
ഞാന്‍ മരിച്ചുപോയി

ഇക്കാണുന്നതിന്റെ
അങ്ങേയറ്റം വരെ
പാതയ്ക്കിരുപുറവുമുള്ള
പരസ്യപ്പലകകളില്‍ പലതിലുമായി
എനിക്കുള്ള അനുശോചനക്കുറിപ്പിന്റെ
വാക്കുകള്‍
ചിതറിനില്‍പ്പുണ്ടെന്ന്
തെരുവ്
എന്റെ തോളത്ത് തട്ടി

വിസ്മയകരം എന്ന്,
സംതൃപ്തി എന്ന്,
മറ്റെന്തിനെക്കാളും എന്ന്,
ആനന്ദത്തിന്റെ എന്ന്,
വിജയിക്കുവിന്‍ എന്ന്,
(പരിഹരിക്കുന്നു എന്നുപോലും)
വാക്കുകള്‍ , മേന്മകള്‍
എന്നെപ്പറ്റിയും ആവാമെന്ന്
കണ്ടുകണ്ട്
അത്ഭുതംകൊണ്ട്
ആത്മാവുപൊട്ടി
ഞാന്‍
ഒന്നുകൂടി മരിച്ചു.


Wednesday, August 22, 2012

അതേന്ന് ...

ഒന്നും പറയാനില്ല
എന്ന് പറയാനുള്ള
കവിത
സംഭവിച്ചുകൊണ്ടിരിക്കയാണ്

അതിലേയ്ക്ക്
പ്രതീക്ഷ എന്ന പദത്തിന്റെ
പ്രേതം
സ്വയം ഡൌണ്‍ലോഡാവുന്നു

വായിച്ച്
പേടിപ്പിച്ചിട്ടൊന്നും
ഒരു കാര്യവുമില്ല.

Monday, June 11, 2012

മറ്റെന്തുംപോലെ അല്ലെന്ന് ഉദാഹരണസഹിതം

മറ്റെന്തിനുമുള്ള
ശ്രമം പോലെയല്ല
സംവേദനത്തിനുള്ള
ഒരു ശ്രമം.

എന്തെന്നാല്‍

മറ്റേത് ശ്രമത്തെപ്പറ്റിയും
സംവേദനത്തിനുള്ള
ഒരു ശ്രമം സാധ്യമാണ്.

ഉദാഹരണമായി,
കഷ്ടപ്പാടുമാത്രമുള്ളതെന്ന്
തോന്നിപ്പിക്കുന്ന
ഒരു ജീവിതത്തിനെ
ഇഞ്ചിഞ്ചായി ജീവിക്കുന്നു
എന്ന് പറയാനുള്ള
ശ്രമത്തിനെ പരിഗണിക്കുക.


Monday, March 19, 2012

സഹവാസം

നീ
(എല്ലാവരെയും പോലെ)
ഒരു വിലാപകാവ്യമാകുന്നു,
ഒരു പുസ്തകത്തില്‍
അച്ചടിച്ച് വന്നിരിക്കുന്നു.

അതിന്റെ താളുകളില്‍
താഴേയറ്റത്തിന്റെ നടുക്ക്
ഒറ്റയ്ക്ക് കാണപ്പെടുന്ന
പേജ് നമ്പറുകളാണ്
ഞാന്‍.

ആയതിനാല്‍ ,
ഞാന്‍ എന്നാല്‍
പലതായി ചിതറിയ
ഒറ്റസംഖ്യകളും
ഇരട്ടസംഖ്യകളും
എന്നുവരുന്നു.

അവയെ
നീ എന്ന ആവശ്യത്തിനുവേണ്ടി
ആരോഹണക്രമത്തില്‍
ആരോ പെറുക്കിവെച്ചിരിക്കുന്നു
എന്നുവരുന്നു.

ഏറ്റവും പ്രധാനമായി,
നിന്റെ അര്‍ത്ഥങ്ങളും
എന്റെ നില്‍പ്പുകളും തമ്മില്‍
പ്രത്യേകിച്ചൊരു ബന്ധവുമില്ല
എന്നുവരുന്നു.

അതായത്,
മുപ്പത്തൊമ്പതാം പേജിലായിരിക്കുന്നതിനുപകരം
അമ്പത്തൊന്നാം പേജിലായിരുന്നെങ്കിലും
ലോകത്തെക്കുറിച്ച്
ലോകത്തില്‍ നിന്ന്
ലോകത്തിനുവേണ്ടിയുള്ള
നിന്റെ രൂപകങ്ങള്‍ക്ക്
എന്നെക്കൂട്ടി വായിക്കാതെ തന്നെ
എന്തെങ്കിലും അര്‍ത്ഥമുണ്ടാകുമെന്ന്
വന്നുകൊണ്ടിരിക്കുന്നു.Sunday, February 26, 2012

സ്നേഹതന്ത്രം

ഭൂമുഖത്ത്
ആകെമൊത്തമുള്ള
സ്നേഹത്തിന്റെ
3/4 ഭാഗത്തിന്റെ 69%
ചായകുടിക്കുന്നവര്‍ക്ക്
കാപ്പികുടിക്കുന്നവരോടുള്ള
സ്നേഹമാണെന്ന പഠനം
പുറത്തുവരാനൊരുങ്ങിയിരിക്കുന്നു.

സംഭ്രമജനകമായ ഈ വിവരം
പുറത്തുവരുന്നതോടുകൂടി
ലോകത്തിന്റെ
ത്രികാലങ്ങളുടേയും മുഖഛായ
മുച്ചൂടും മാറുമെന്നുറപ്പാണ്.

ഈ വിജ്ഞാനമുത്ത്
നേരത്തേ വെളിപ്പെട്ടുവന്നിരുന്നെങ്കില്‍
ചരിത്രാതീതകാലവും
അടിമത്തവ്യവസ്ഥയും
വിപ്ലവങ്ങളും
ലോകമഹായുദ്ധങ്ങളും
ഐക്യരാഷ്ട്രസഭയുമൊന്നും
ഉണ്ടാവുകയേ ഇല്ലായിരുന്നു,
ചുരുങ്ങിയത് അവയൊന്നും
ഇപ്പോഴുള്ളതുപോലെ
ആവുകയേ ഇല്ലായിരുന്നു.

അല്ലെങ്കിലും
വേണ്ടത് വേണ്ടവിധത്തില്‍
വേണ്ടിടത്ത് വേണ്ടത്ര
ഇല്ലാതിരുന്നതിന്റെ
ദീര്‍ഘനിശ്വാസത്തിനെയാണല്ലോ
ലോകചരിത്രം എന്ന് നമ്മള്‍
വിളിച്ചുപോരുന്നത്.

ഇനിമേലില്‍ കാര്യങ്ങളുടെ
അലകും പിടിയും മാറും,
മാറിയേ പറ്റൂ.
സ്നേഹത്തിനെയാണ്
ഈ പഠനം
ഇന്നോളമില്ലാത്ത കൃത്യതയില്‍
ഇന്നോളമാരും കാണിച്ചിട്ടില്ലാത്ത
വിവേചനബുദ്ധിയില്‍
തരംതിരിച്ച് മനസ്സിലാക്കിയിരിക്കുന്നത്.

ഇനി എളുപ്പമാണ്,
സ്നേഹം ആര്‍ക്ക് ആരോട്
എപ്പോള്‍ തോന്നുമെന്ന് പ്രവചിക്കാന്‍,
ഒരാള്‍ക്ക് വേറൊരാളോട് തോന്നുന്നത്
സ്നേഹം തന്നെയോ എന്ന് പരിശോധിക്കാന്‍,
സര്‍വ്വോപരി,
സ്നേഹത്തിന്റെ
കടുപ്പം, നിറം, മണം എന്നിവയെപ്പറ്റി
പരസ്പരവിശ്വാസത്തിലൂന്നിയ
ഊഹാപോഹങ്ങളെ
ഉന്നംതെറ്റാതെ ഉത്തേജിപ്പിക്കാന്‍.

കാരണം,
ഇനിമുതല്‍
ചായ, കാപ്പി എന്നിവ
സ്നേഹത്തിന്റെ ഡി.എന്‍.എ
എന്നുതന്നെ പരിഗണിക്കപ്പെടും.

സ്ഥിരമായി
ചായയും കാപ്പിയും കുടിക്കാന്‍
വകുപ്പില്ലാത്തവര്‍
ഈ സുതാര്യസുന്ദരമായ
പാനീയലോകക്രമത്തിന്
വെളിയിലായിരിക്കുമെന്ന്
പ്രത്യേകിച്ച് വെളിപ്പെടുത്തേണ്ട
കാര്യമില്ലല്ലോ അല്ലേ ?

Saturday, February 25, 2012

സമ്മതിക്കില്ല !

എന്തിന്റെയെങ്കിലും
പ്രതീകമാവണമെന്ന്
തീരുമാനിച്ചുറച്ച്
രാവിലെ വീട്ടില്‍നിന്നിറങ്ങി.

എന്തുചെയ്തിട്ടും
എന്തുചെയ്യാതിരുന്നിട്ടും
എന്തെങ്കിലും ചെയ്യുമെന്ന്
പറഞ്ഞിട്ടെങ്കിലും
എന്തിന്റെയെങ്കിലും
പ്രതീകമാണെന്ന്
പറയിപ്പിക്കാന്‍
വാശിയില്‍ തന്നെ വെച്ചുപിടിച്ചു.

പ്രതീക്ഷിച്ചതിനെതിരായി
വാശിയുമാവേശവുമൊന്നും
മറ്റാര്‍ക്കുമത്ര രസിച്ചമട്ടില്ല.
ആരും കാര്യമായി സഹകരിച്ചില്ല.
ആളുകളും ആള്‍ക്കൂട്ടങ്ങളും
തെരുവുകളും ഭരണഘടനയുമൊക്കെ
മുഖം വക്രിച്ച്
നോക്കി,
നിരുല്‍‌സാഹപ്പെടുത്തി,
ശാസിച്ചു,
സൈഡാക്കി.

പ്രതീക്ഷിക്കാനിനി
ഒന്നുമില്ലെന്ന് മനസ്സിലായപ്പോള്‍
ഒന്നുമില്ലായ്മയുടെ പ്രതീകമാവാന്‍
ഒരു ശ്രമം നടത്തിനോക്കി.

വിട്ടുപിടി ആശാനേ,
മര്യാദയ്ക്ക്
ക്യൂവിന്റെ ഒടുക്കം ചെന്നുനില്‍ക്കെന്ന്
ഒറ്റത്തൊണ്ടയിലലറി,
ഇതിനുമുകളിലെഴുതിയ
എല്ലാവാക്കുകളും ചേര്‍ന്ന്.


Friday, February 24, 2012

വെളിച്ചത്തിന്റെ രണ്ട് കവിതകള്‍


ഫോട്ടോ

ഒറ്റയ്ക്കുള്ള
എന്റെ ഫോട്ടോ
നിന്റെ അഭാവങ്ങളുടെ
ഗ്രൂപ്പ് ഫോട്ടോ ആണ്.
അതിലുള്ള
ആരെയൊക്കെ
തിരിച്ചറിയുന്നുണ്ടെന്ന്
കാലമൊരുപാട് കഴിഞ്ഞ്
എനിക്ക് നിന്നോട് ചോദിക്കണം.


പിക്സല്‍

എന്നിലൂടെയും
നിന്നിലൂടെയും
ഒരേ വോള്‍ട്ടേജില്‍
ജീവിതം കടന്നുപോവുമ്പോള്‍
പ്രണയം എന്ന്
പ്രത്യക്ഷപ്പെടാനുള്ള
പിക്സലുകളായി
നമ്മുടെ ഏകാന്തതകള്‍
ഘടിപ്പിക്കപ്പെട്ടിരിക്കുന്നു.

Monday, February 20, 2012

കാര്യകാരണം

മുതിര്‍ന്നവരുടെ ഭാഷ
പഠിച്ചുതുടങ്ങിയിട്ടില്ലാത്ത
ചെറിയകുട്ടികള്‍
അവര്‍ പറഞ്ഞിട്ടും
നമുക്ക് മനസ്സിലാകാത്ത
കോടാനുകോടി കാരണങ്ങളാല്‍
ലോകത്തിന്റെ
ഓരോ നിമിഷത്തിലും
കരഞ്ഞുകയര്‍ക്കുന്നു,
ശാഠ്യം‌പിടിച്ച് കുതറുന്നു.

അങ്ങനെ

ലോകത്തിന്റെ
ഏതേതുനിമിഷത്തിലും
മനസ്സിലാക്കപ്പെടാത്ത
കാരണങ്ങളുടെ എണ്ണം
മനസ്സിലാക്കപ്പെട്ട
കാര്യങ്ങളുടെ എണ്ണത്തെ
കുതികുതിച്ച് പിന്തള്ളിക്കൊണ്ടിരിക്കുന്നു,

ഒരുപക്ഷേ,
ലോകത്തിന്
ഒറ്റയൊറ്റ മനുഷ്യജീവിതങ്ങളെക്കാള്‍
എത്രയധികം വേഗമുണ്ടോ
അത്രയുമധികം വേഗത്തില്‍ .