Monday, January 28, 2008

താമസം

വിസ്തരിച്ച് പറഞ്ഞാല്‍
ഓര്‍ത്തിരിക്കില്ലെന്നറിയാം.

ചുരുക്കിപ്പറയാന്‍ ശ്രമിക്കാം.

എത്ര ചുരുക്കിപ്പറഞ്ഞാലും
രണ്ടെണ്ണമെങ്കിലുമുണ്ട്
പാര്‍പ്പിടം,
മേല്‍‌വിലാസം.

ഉറങ്ങുമ്പോള്‍
ഇരുട്ടത്തൊന്ന്,
ഉറങ്ങിത്തീരുമ്പോള്‍
അതേയിടത്തു തന്നെ
വെട്ടത്ത് വേറൊന്ന്.

Thursday, January 24, 2008

കാണാതെയറിയുന്ന കലണ്ടറില്‍

ഏതു നോക്കിനെയും
വലിച്ചെടുത്ത് തൊടുന്ന
ഊക്കുള്ളൊരു കാന്തം-
നിന്റെ മിഴിവുള്ള ചിത്രം.

ചിത്രത്തിനു താഴെ
കറുപ്പിലും ചുവപ്പിലും
തീയ്യതികള്‍
തക്കം‌പാര്‍ത്തിരിക്കുന്നു.

ഏകാന്തതേ,
അന്തര്‍മുഖരുടെ
ദൈവമേ
സൂപ്പര്‍സ്റ്റാറേ
രാഷ്ട്രീയ നേതാവേ
അല്ലെങ്കില്‍
പ്രകൃതിദൃശ്യമേ

നീയില്ലായിരുന്നെങ്കില്‍
നിന്റെ പടമില്ലാതാണെങ്കില്‍
ആത്മഗതങ്ങളുടെ കലണ്ടര്‍
കാലം മാത്രം കാണിച്ച്
എന്തെല്ലാം വിശ്വസിപ്പിച്ചേനേ.

Thursday, January 17, 2008

പ്രേതാവിഷ്ടം

തലകീഴായി മറിഞ്ഞ്
ഭൂമിയിലേതല്ലാത്ത
സമയം പറയുന്ന
ടൈംപീസും

നെടുനീളത്തില്‍
നിലം‌പൊത്തി
ഒടിഞ്ഞുലഞ്ഞ പുസ്തകങ്ങളെ
ശര്‍ദ്ദിച്ചുകൊണ്ടിരുന്ന
അലമാരയും

വളഞ്ഞുമടങ്ങിയുറങ്ങുന്ന
ആളുകളില്‍ നിന്ന്
ശരീരമപ്പാടെ
ആവിയായ മട്ടില്‍
അങ്ങുമിങ്ങും കാണപ്പെട്ട
ഉടുപ്പുകളും

കുടിക്കാന്‍ വെച്ച വെള്ളം
മറിഞ്ഞ് പടര്‍ന്ന തറയും

വീണുപൊളിഞ്ഞ്
പേടിയെ പലരൂപത്തില്‍
പേടിപ്പെടുത്തും വിധം
പ്രതിഫലിപ്പിച്ച
കണ്ണാടിയും ചേര്‍ന്ന്

സ്വപ്നത്തിന്റെ നരകവെളിച്ചം
ഉറക്കത്തിന്റെ
കണ്ണില്‍ കുത്തിയപ്പോള്‍
ഭൂകമ്പത്തിലെന്നോണം
കുലുങ്ങിയുണര്‍ന്നു.

മുറിയിലെ വെളിച്ചത്തിന്റെ
സ്വിച്ച് കാണാതെ
തപ്പിത്തടഞ്ഞ്
കൈകാലുപിഴച്ച്
തൊട്ടതെല്ലാം വീഴിച്ച്
ഉഴറിയുലയുമ്പോള്‍

നോക്ക് വിഡ്ഢീ,
നിന്നെക്കൊണ്ട് ഞാനെന്റെ
ഫോട്ടോകോപ്പിയെടുപ്പിക്കുന്നത്
നോക്കി നീ കാണെന്ന്
പാതിയില്‍ പൊലിഞ്ഞ സ്വപ്നത്തിന്റെ
പ്രതികാരദാഹിയായ പ്രേതം.

Friday, January 11, 2008

സത്യം പറയുന്നവരെക്കുറിച്ചുള്ള നുണകള്‍

മേല്‍പ്പറഞ്ഞതരം
രണ്ടു ചരിത്രസത്യങ്ങള്‍
‍പാഠപുസ്തകത്തിനകത്ത്
അന്യോന്യം കണ്ടുമുട്ടി.

എന്തുണ്ട് വിശേഷം?
ദാ ഇവിടെ വരെ.
നമ്മളെയൊക്കെ മറന്നോ?
ഇങ്ങനെയൊക്കെയങ്ങ് നീങ്ങുന്നു.
എന്നിങ്ങനെ
വെടിപ്പായ കുശലങ്ങള്‍ക്കൊടുവില്‍,

കാര്യങ്ങള്‍
നിനച്ചിരിക്കാത്തവണ്ണം
സൈദ്ധാന്തികവും
ഗൃഹാതുരവുമായതോടെ,

അടുത്ത പരീക്ഷയ്ക്കുമുന്‍പ്
അവിചാരിതമായി
തമ്മില്‍ വീണ്ടും കാണുമെന്ന്
തീരുമാനിച്ചുറച്ചു.

അവരവരുടെ
പേജുകളിലേക്ക്
ഊര്‍ജ്ജിത ചിത്തരായി
തിരിച്ചു നടന്നു.

Wednesday, January 09, 2008

വെയില്‍ നേരെയല്ലാതെ വീഴുന്ന ഇടങ്ങള്‍

പദപ്രശ്നത്തിലെ
കറുപ്പിച്ച കള്ളികള്‍ പോലെ

മരച്ചുവട്ടിലെ
വെട്ടം വീഴാവിടവുകളില്‍

ഈര്‍പ്പം

മറവിയില്‍
കാത്തിരിക്കും ,

ഉണങ്ങുവാനമാന്തിച്ച്
ആനുകാലികമല്ലാതെ.

Wednesday, January 02, 2008

ഹേമന്തത്തില്‍ ഒരു രാത്രികാല തിരക്കഥയില്‍

രാത്രി
വെളുത്ത ശലഭങ്ങളെ
താഴേക്ക്
പറത്തിക്കൊണ്ടിരുന്നു.

ഇരുട്ടിന്റെ
തണുത്ത
സ്ക്രീന്‍ സേവര്‍
മഞ്ഞ് മഞ്ഞ് എന്ന്
മിടിച്ചുകൊണ്ടിരുന്നു.

വളവുതിരിഞ്ഞ്
ഒറ്റയ്ക്കുവന്ന കാറിന്റെ
നെറ്റിവെളിച്ചം
വീശിയനങ്ങിയ നൊടിയില്‍

സേവ് ചെയ്തതല്ലാത്ത
തണുത്ത ദുരൂഹത
നീല ജാക്കറ്റിട്ട രൂപത്തില്‍
‍താനേ തുറന്നുവന്നു.

ചുണ്ണാമ്പ് ചോദിക്കരുത്
എന്റെ കയ്യിലില്ല എന്ന്
ക്ലിക്ക് ചെയ്തപ്പോഴേക്കും
കാറ് അകന്നുപോയി.

നീലജാക്കറ്റിട്ടൊരു
സാധാരണ പെണ്‍കുട്ടി
മരിച്ചവരും ശലഭങ്ങളും
ഉപയോഗിക്കാത്ത
റോഡിലൂടെ
കാലമര്‍ത്തി നടന്ന്
കടന്നുപോയി.