Sunday, December 28, 2008

പുസ്തകം - പ്രകാശനം

സുഹൃത്തുക്കളേ,
എന്റെ കവിതകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കപ്പെടുന്നു. ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍’ എന്ന പേരില്‍ ബുക്ക് റിപ്പബ്ലിക്ക് ആണ് പുസ്തകം പുറത്തിറക്കുന്നത്.

ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട മുപ്പതോളം മലയാളികള്‍ ചേര്‍ന്ന് രൂപംകൊടുത്ത പരീക്ഷണ സംരംഭമാണ് ബുക്ക് റിപ്പബ്ലിക്. ഒരു സമാന്തര പ്രസാധന-വിതരണ സംവിധാനം ഉണ്ടാക്കുകയും അതു വഴി മലയാള പുസ്തകലോകത്തില്‍ നവീനവും സര്‍ഗാത്മകവുമായ സാന്നിധ്യമാവുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

പുസ്തകത്തില്‍ 49 കവിതകള്‍ ആണ് ഉള്ളത്. 35 എണ്ണം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തവയാണ്. പുസ്തകമാവാനുള്ള അവസരം എന്റെ കവിതകള്‍ക്ക് ലഭിച്ചതിനെപ്പറ്റിയുള്ള ഏത് ആലോചനയിലും നിറയുന്നത് ഈ ബ്ലോഗ് വായിക്കാറുള്ളവരോടും ഇവിടെ എന്നോട് സംവദിക്കാറുള്ളവരോടുമുള്ള കടപ്പാടാണ്. നന്ദി, ഓരോ വരവിനും വായനയ്ക്കും വിനിമയങ്ങള്‍ക്കും.

പുസ്തകത്തിന്റെ ഒരു കോപ്പി എല്ലാവരും വാങ്ങണമെന്നും കവിതയില്‍ താത്പര്യമുള്ള സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ജനുവരി 10 ആം തിയതി ഏറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച് ഈ പുസ്തകത്തിന്റെ പ്രകാശനം നടത്തപ്പെടുന്നു. ഈ പോസ്റ്റ് ഓരോരുത്തര്‍ക്കും ഉള്ള വ്യക്തിപരമായ ക്ഷണമായി കണക്കാക്കണമെന്നും പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണം എന്നും ആഗ്രഹിക്കുന്നു.

പുസ്തകത്തെക്കുറിച്ച് ചില വിശദാംശങ്ങള്‍;

പേര് : നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍
പഠനം : ഡോ. സോമന്‍ കടലൂര്‍
കവര്‍, ലേ ഔട്ട് : ഉന്മേഷ് ദസ്തക്കിര്‍
ടൈപ്പ് സെറ്റിംഗ് : ശ്രീനി ശ്രീധരന്‍


പുസ്തകത്തിന്റെ കോപ്പി ബുക്ക് ചെയ്യുവാന്‍ ഇവിടം സന്ദര്‍ശിക്കുക.


സസ്നേഹം

ടി.പി. വിനോദ്

Sunday, December 07, 2008

മുനമ്പ്

ആത്മാവിന്റെ മുനമ്പ്
എന്ന് വിളിക്കാമോ

ക്ഷീണം കൊണ്ട്
ഉറങ്ങിപ്പോകും മുന്‍പ്
പിറ്റേന്നത്തെയോ
അന്നത്തെയോ
പകലിനെക്കുറിച്ച്
പാതി ബോധത്തില്‍
പൂര്‍ത്തിയാകാതെ പോകുന്ന
വീണ്ടുവിചാരത്തിനെ?

ശരീരം
തുഴഞ്ഞുതാണ്ടിയെത്തുന്നത്
എന്ന് വ്യംഗ്യമുണ്ടാവുമോ
അതിന് ?

Friday, November 28, 2008

സുഷിരകാണ്ഡം

നരകത്തില്‍ നിന്ന്
സ്വര്‍ഗ്ഗത്തിലേക്ക്
ഒളിഞ്ഞുനോക്കാനുള്ള
കിഴുത്തയില്‍
കരടായിക്കിടക്കുകയാണ്
ഒരു നഷ്ടബോധം.

ഇപ്പുറത്തുനിന്നോ
അപ്പുറത്തുനിന്നോ
സഹികെട്ട്
ഞാന്‍ തന്നെ
ഊക്കിലൊന്നൂതുമ്പോള്‍

അങ്ങോട്ടേക്കോ
ഇങ്ങോട്ടേക്കോ
തെറിച്ച് ചേര്‍ന്ന്
പുണ്യമോ പാപമോ
ആകാനാണതിന്റെ
രഹസ്യ പദ്ധതി.

Wednesday, November 26, 2008

അറിവിന്റെ ആകൃതിയുള്ള ചോദ്യം

സങ്കീര്‍ണ്ണമായ
മനസ്സുള്ള ആളാണ്.

ഒരിക്കല്‍,
ഇട്ടിരിക്കുന്ന ഷര്‍ട്ട്
പുതിയതാണോ എന്ന് ചോദിച്ചപ്പോള്‍
സെല്ലുലോസ്, കാര്‍‌ബണ്‍,
ഹൈഡ്രജന്‍, ഓക്സിജന്‍
പഴയതേത് പുതിയതേതെന്ന്
മറുപടി ചോദിച്ചു.

ആത്മീയ സമ്മേളനത്തില്‍
മൈക്കിരന്നുവാങ്ങി
നിങ്ങളെല്ലാം മരിച്ചവരല്ലെന്ന് എന്താണുറപ്പ്?
പരലോകത്തില്‍,
നരകത്തിലല്ല, സ്വര്‍ഗ്ഗത്തിലല്ല
ഈ സമ്മേളനം നടക്കുന്നതെന്ന്
ഉറപ്പുള്ളവരാരുണ്ടെന്ന് ആരാഞ്ഞു.

കാമുകനൊടൊത്ത്
ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്ന
സുന്ദരിയോട്
അറിയാമോ,
നീയിപ്പോള്‍ നുണയുന്ന മധുരം
എത്ര ന്യൂറോണുകളുടെ
അശ്രാന്തപരിശ്രമമെന്ന്
ഇടപെട്ട ശേഷം
തല്ല് വാങ്ങിക്കൂട്ടി.

വെളിവിന്റെ
എല്ലാ പഞ്ഞിത്തുണ്ടുകളെയും
ഇങ്ങനെയിങ്ങനെ
നൂലായ് പിരിച്ചെടുത്ത്
നൂലാമാലയായി
ഉലര്‍ത്തിക്കലര്‍ത്തിയിടും.

ഇലക്ട്രോണുകളെപ്പറ്റി
സംസാരിക്കാന്‍
കമ്പ്യൂട്ടറുകള്‍ തോറും
കറങ്ങി നടപ്പുണ്ടെന്ന് കേട്ടു.
അവിചാരിതമായി ചിലനേരത്ത്
നിങ്ങളുടെ സിസ്റ്റം
സ്തംഭിച്ചുപോവുന്നതാണ്
സാഹചര്യത്തെളിവ്.

Thursday, August 28, 2008

എന്തുകൊണ്ട് ?

എന്തുകൊണ്ടാണിത്ര
തുറിച്ചുനോക്കുന്നതെന്നതിന്
കണ്ണുകൊണ്ട്
എന്നൊരുത്തരം
എപ്പോഴും നിലനില്‍ക്കുന്നു,

എന്തുകൊണ്ടാണ്
ജീവിക്കുന്നതെന്ന ചോദ്യത്തിന്
ശരീരം കൊണ്ട്
എന്ന ഉത്തരം
പെട്ടെന്ന് മനസ്സിലാവുന്നിടത്ത്
പ്രത്യേകിച്ചും.

Thursday, August 21, 2008

മടക്കവിവരണം

ഈ നേരത്തിത്
എവിടെ പോയതാണെന്ന്
കുശലം, സംശയം.

ഇതുവരെ വന്നതെന്ന്
ഒരാളെ കാണാനുണ്ടായിരുന്നെന്ന്
മറുപടി, വിശദീകരണം‍.

എവിടെയും
പോയതായിരുന്നില്ല
ഒരാളിനെയും
കാണാനുമുണ്ടായിരുന്നില്ല

ചോദ്യത്തിലെ ആകാംക്ഷ
വല്ലാതെയങ്ങ് കൂര്‍ത്തത്
ഒട്ടുംതന്നെ പിടിച്ചില്ല
അത്ര തന്നെ..

അല്ലെങ്കിലും പറഞ്ഞതപ്പാടെ
മുഴുവനായും കളവെന്ന്
തെളിയിക്കാനൊന്നും പറ്റില്ലല്ലൊ

വേറെയാരെയും കണ്ടിട്ടല്ലെങ്കിലും
അവനവനെയെങ്കിലും
കണ്ടിട്ടാവില്ലേ മടങ്ങുന്നുണ്ടാവുക?

എത്ര മൂര്‍ച്ചയില്‍
ആകാംക്ഷയുണ്ടായാല്‍
തുളച്ചുചോര്‍ത്താനാവും
ഇതില്‍ നിന്നൊരു കളവിനെ ?

Monday, August 11, 2008

കണ്ണാടിയില്‍

കണ്ണാടിയിലെ ഉള്ളടക്കം
ഒരര്‍ത്ഥത്തില്‍
ലളിതം, പ്രവചനീയം.

ഇങ്ങനെയാണോ
കാണപ്പെടാന്‍ പോകുന്നതെന്ന്
ഭാവിയിലേക്ക്
ഒരു തുറിച്ചുനോട്ടം,

ഇമ്മട്ടിലാണോ
ഇന്നലെയുമുണ്ടായിരുന്നതെന്ന്
ഭൂതത്തിലേക്ക്
ഒരു ഒളിഞ്ഞുനോട്ടം,

ഇതിലടങ്ങിയിട്ടില്ലാത്തതും
ആരെങ്കിലുമൊക്കെ
കാണുന്നുണ്ടാവുമെന്ന്
വര്‍ത്തമാനത്തിലേക്ക്
പരതിനോട്ടവുമുണ്ടാകും.

കണ്ണാടിയിലെ കാലം
നോട്ടം എന്ന അര്‍ത്ഥത്തില്‍
സങ്കീര്‍ണ്ണം? അവിചാരിതം?

Thursday, June 19, 2008

ആസൂത്രിതം

ഇനിയൊരുകാലം
എഴുതുവാനിടയുള്ള
പത്തോളം കവിതകളെപ്പറ്റി
ഇന്നത്തെ ദിവസം
കവി കണക്കുകൂട്ടുകയുണ്ടായി.

അവയിലൊരു നാലെണ്ണത്തില്‍
കാര്യകാരണ സഹിതം
സ്പഷ്ടമാക്കേണ്ട
ഇല്ലായ്മകളെങ്ങനെ
ഉണ്ടാക്കിയെടുക്കുമെന്ന്
തലവെന്ത് ചിന്തിച്ചിരുന്നു,

മരിച്ചുപോവുന്നവയെ
ജീവിച്ചിരുന്നുകൊണ്ട്
വിശദീകരിക്കാമെന്ന്
മൂന്നെണ്ണത്തിന് തികയുന്ന
ദാര്‍ശനിക നീക്കുപോക്കില്‍
പതിവുള്ളപോലെ
വാക്കാലുറപ്പായി,

ഇനിയൊരു രണ്ടെണ്ണത്തില്‍
മേലുകീഴുനോക്കാതെ
ഇഷ്ടികപോലടുക്കും
ഇഷ്ടങ്ങള്‍ നെടുനീളം

ബാക്കിവരുന്ന ഒന്നാണ്
അടുത്ത ഖണ്ഡത്തില്‍
അവസാനിക്കുന്നത്;

ഊഹങ്ങളുടെ ഒരു പട്ടികയെ
ഉണ്ടാക്കിയെടുക്കേണ്ട
ഇല്ലായ്മേ
ചത്താലും ജീവിക്കുന്ന
സിദ്ധാന്തമേ
എത്രയടുക്കിയാലും തെറിച്ചുനില്‍ക്കുന്ന
മുഴച്ചുനില്‍പ്പേ
എന്നിങ്ങനെ വിളിച്ച്, വിശ്വസിച്ച്....

Monday, June 09, 2008

പ്രതിഷേധം

ബ്ലോഗുടമകളുടെ അറിവോ സമ്മതമോ കൂടാതെ മലയാളം ബ്ലോഗുകളില്‍ നിന്ന് സൃഷ്ടികള്‍ കവര്‍ന്നതിനെതിരെ, മോഷണത്തെ ചോദ്യം ചെയ്തവരോട് അപമര്യാദയായി എഴുത്ത്കുത്ത് നടത്തിയതിനെതിരെ, മാഫിയാ സ്വഭാവമുള്ള അതിക്രമങ്ങളിലൂടെ ഇഞ്ചിപ്പെണ്ണിനോടും മലയാളം ബ്ലോഗ് സമൂഹത്തോട് പൊതുവിലും കാണിക്കുന്ന തെമ്മാടിത്തരത്തിനെതിരെ കേരള്‍സ്.കോമിനോട് ഈ ബ്ലോഗും പ്രതിഷേധിക്കുന്നു. സൈബര്‍ ഗുണ്ടായിസത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു.

Saturday, June 07, 2008

കാഴ്‌ചപ്പാതി

ചിന്തിച്ചു നീയിരിക്കുന്നതിന്റെ
ഫോട്ടോ ഞാനെടുക്കുന്നു.

അങ്ങനെത്തന്നെയിരിക്ക്
കാണാനൊരു
ഗൌരവമൊക്കെയുണ്ടെന്ന്
നിന്നോട് ഞാ‍നൊരു
പാതിനുണ പറയുന്നു.

ചിന്തിക്കുന്നു എന്ന പോസിലേക്ക്
നിന്നോട് നീ ഉള്ളില്‍
കുശുകുശുക്കുന്നതും
ഏതാണ്ടിതുതന്നെയാണോ?

എന്തായാലും

ഫോട്ടോ കാണുന്നവര്‍ക്ക്
ആവശ്യമുള്ള മിഴിവില്‍
അടങ്ങിയൊതുങ്ങണം
പാതിസത്യത്തിന്റെ
ഭാവി വിസ്തീര്‍ണ്ണം...

അനങ്ങാതിരിക്ക്,
കണ്ണ് ചിമ്മല്ലേ...

Thursday, May 22, 2008

ഇടനാഴി

നില്‍പ്പോടുനില്‍പ്പായ
കെട്ടിടത്തിനുള്ളില്‍

നടപ്പുകള്‍ക്കു മാത്രമായി
വിള്ളലായി നില്‍ക്കും
ചില ഇടങ്ങള്‍-
ഇടനാഴികള്‍.

ഓരോ മനുഷ്യനും
ഒരു കെട്ടിടമാണെന്ന്
വിചാരിച്ചാലുമറിയാം,

അങ്ങോട്ടോ ഇങ്ങോട്ടോ
ഉള്ളില്‍ നിന്ന് ഉള്ളിലൂടെ
പോക്കുവരവനക്കങ്ങള്‍;

നില്‍പ്പോടുനില്‍പ്പിന്നകത്ത്
പുറത്തൊട്ടുമറിയാത്ത വിധത്തില്‍.

Sunday, April 20, 2008

ഒറ്റയ്ക്ക് കേള്‍ക്കുന്നത്

ഇയര്‍ഫോണിലേതോ
തബല പെയ്യുന്നു

കാതിലെ കാടുലച്ച്
പാട്ടുവീശുന്നു

ഒതുക്കത്തിലൊട്ടും
തുളുമ്പാതകത്തേക്ക്
തീര്‍ത്തും രഹസ്യമായ്
താളമിടിവെട്ടുന്നു

പുറമേയ്ക്ക് പകരാതെ
ഒറ്റയ്ക്ക് തീരുന്നു
തെളിവില്ലാതെത്രയോ
നനവുകാലങ്ങള്‍.

Sunday, March 30, 2008

ഒഴിവിടത്തെപ്പറ്റി പറഞ്ഞുനോക്കുന്നു

വല്ലാതെയങ്ങ്
ഇല്ലാതെയായിപ്പോയില്ലേ
നമ്മുടെ പറച്ചിലിലെ
പഴയൊരു പുളകം

പറഞ്ഞുവന്നാല്‍
ചെങ്കല്ല്
വെട്ടിത്തീര്‍ന്നിടത്തെ
കുഴി പോലെയായി

ഓര്‍ക്കാപ്പുറത്ത്
ഉണ്ടായതൊന്നുമല്ല
ചതുരത്തിലാഴത്തില്‍
നമ്മുടെയീ ഇല്ലായ്മ

എന്നാലും...
ഏത് പറച്ചിലും
കെട്ടിപ്പൊക്കാന്‍
ഉറപ്പുള്ളൊരു ഉറപ്പായിരുന്നു

എന്തു ചെയ്യാനാണ് ?
പറഞ്ഞുവന്നാല്‍
എല്ലാ ഉറപ്പും
ഇങ്ങനെയൊക്കെത്തന്നെ

അളന്നു മുറിഞ്ഞ്
ലോറികേറിപ്പോയി
ഒടുക്കമൊടുക്കം
വല്ലാത്തൊരു വിടവ്.

Monday, March 17, 2008

ക്യൂ

എന്തെങ്കിലും
തിരിച്ചുപിടിക്കാനുള്ള
ക്യൂവിലാണെന്ന്
വെറുതെ വിചാരിക്കുക.

നേരായിട്ടും കാണുമന്നേരം
മുന്നിലും പിന്നിലും
നീ തന്നെ
നിരനില്‍ക്കുന്നത്.

മുന്നില്‍ നിന്ന് നീയൊഴിഞ്ഞ്
നിരനീളം കുറയുമ്പോള്‍
‍നിന്റെയൊരൂഴത്തിന്
പുതുശ്വാസം വരുന്നത്.

എപ്പൊഴെത്തുമോയെന്ന്
പിന്നിലെ നീയാകെ-
യങ്കലാപ്പാവുമ്പോള്‍,

ഒട്ടുമുന്നില്‍ നിന്നുമൂറിയൂറി
ഉറിയുടെ പഴംചിരി
നീയേ ചിരിപ്പത്.

വെറുതെ വിചാരിക്ക്
നീയവിടെ നില്‍ക്ക്
ഞാനിവിടെ നില്‍ക്കുന്നു.

ഊഴം വരുന്നേരം
നേരിട്ടുകാണാം.

Tuesday, February 19, 2008

ഈര്‍ച്ച എന്ന ഉപമയില്‍

മരക്കഷണത്തില്‍
ഈര്‍ച്ചവാളുപായുന്ന
ഒച്ച പോലതിന്‍
ഉരിയാട്ടുപെരുക്കങ്ങള്‍.

ഇടക്കൊന്ന് നിര്‍ത്തിയ
ഈര്‍ച്ചപ്പണി പോലെ
മുറിഞ്ഞതിന്റെയും
മുറിയാനുള്ളതിന്റെയും
അതിര്‍ത്തിയില്‍
അതിന്റെ ഇടവേളകള്‍.

മുറിയുമ്പോള്‍ മാത്രം
മരത്തില്‍ നിന്ന്
പുറത്തുവരാന്‍ കാത്തിരുന്ന
മരപ്പൊടിയുടെ
നനവുമണം പോലെ
അതിന്റെ
സ്‌മൃതിഗന്ധങ്ങള്‍.

രണ്ടാവാനുള്ളതിന്‍
നേര‍ത്തിലൂടെത്ര
മൂര്‍ച്ചകള്‍ നിരങ്ങീല
നമ്മളില്‍ നീളത്തില്‍ ?

Saturday, February 09, 2008

വിവര്‍ത്തനം

മുറിയിലേക്ക്
തിരിച്ചുവരുന്ന വഴി.

പാതിരാത്രി നേരം.

പലരോടൊന്നിച്ച്
പലപ്പോഴായി
കയറിയിട്ടുള്ള
മദ്യശാലയുടെ കെട്ടിടം.

അതിനുള്ളില്‍ നിന്നും
പുറത്തേക്ക് കവിയുന്നു
ഇരുണ്ട വെളിച്ചത്തിനുമേലെ
ഒച്ചകള്‍ കൊണ്ട്
ലഹരികളുടെ കൊത്തുപണികള്‍.

ഏങ്ങിക്കലങ്ങിയൊരൊച്ച
ഒറ്റയ്ക്കുയരുന്നതുകേട്ടാണ്
നോക്കിപ്പോയത്...
ബാറിന്റെ ചവിട്ടുപടികളിലൊന്നില്‍
കുന്തിച്ചിരിപ്പുണ്ടായിരുന്നു, അയാള്‍
ഏങ്ങലിലുലഞ്ഞ്
എന്തിനോ കരഞ്ഞ്

ആദ്യമായല്ല ഇമ്മട്ടിലൊന്ന്
കാണാനിടയായതെങ്കിലും
എന്തിനോ അപ്പോള്‍
ചെന്നു നോക്കാന്‍ തോന്നി.

അടുത്തെത്തിയതും
എഴുന്നേറ്റ് നിന്ന്
ചുമലില്‍ കൈവെച്ചു.

പേര് കിം മ്യോംഗ് ഹൊ എന്നും
ടാക്സി ഡ്രൈവറെന്നും പറഞ്ഞു.

കരയുന്നുണ്ടായിരുന്നു
നെഞ്ചുതടവുന്നുണ്ടായിരുന്നു
കണ്ണുതിരുമ്മുന്നുമുണ്ടായിരുന്നു.

സോജുവിന്റേയും
സിഗരറ്റിന്റേയും
മണം തെറിപ്പിച്ച്
കരച്ചിലിനൊപ്പം
തുരുതുരാ പലതും
പറഞ്ഞുകൊണ്ടിരുന്നു ;
എനിക്കറിഞ്ഞുകൂടാത്ത
അയാളുടെ ഭാഷയില്‍,
മലയാളത്തിനറിയാത്തത്ര
നീളുകയും കുറുകുകയും
മൂര്‍ച്ചയാവുകയും
മുരളുകയും ചെയ്യുന്ന
അതിന്റെ ശബ്ദങ്ങളില്‍.

ലോകത്തിലെ എല്ലാ മനുഷ്യരും
പാവങ്ങളാണ്
എന്നൊന്നുമായിരിക്കില്ല
പറഞ്ഞിരുന്നത്.
എന്നിട്ടും
അങ്ങനെയെന്തോ ആണ്
എനിക്ക് മനസ്സിലായത്.

Monday, January 28, 2008

താമസം

വിസ്തരിച്ച് പറഞ്ഞാല്‍
ഓര്‍ത്തിരിക്കില്ലെന്നറിയാം.

ചുരുക്കിപ്പറയാന്‍ ശ്രമിക്കാം.

എത്ര ചുരുക്കിപ്പറഞ്ഞാലും
രണ്ടെണ്ണമെങ്കിലുമുണ്ട്
പാര്‍പ്പിടം,
മേല്‍‌വിലാസം.

ഉറങ്ങുമ്പോള്‍
ഇരുട്ടത്തൊന്ന്,
ഉറങ്ങിത്തീരുമ്പോള്‍
അതേയിടത്തു തന്നെ
വെട്ടത്ത് വേറൊന്ന്.

Thursday, January 24, 2008

കാണാതെയറിയുന്ന കലണ്ടറില്‍

ഏതു നോക്കിനെയും
വലിച്ചെടുത്ത് തൊടുന്ന
ഊക്കുള്ളൊരു കാന്തം-
നിന്റെ മിഴിവുള്ള ചിത്രം.

ചിത്രത്തിനു താഴെ
കറുപ്പിലും ചുവപ്പിലും
തീയ്യതികള്‍
തക്കം‌പാര്‍ത്തിരിക്കുന്നു.

ഏകാന്തതേ,
അന്തര്‍മുഖരുടെ
ദൈവമേ
സൂപ്പര്‍സ്റ്റാറേ
രാഷ്ട്രീയ നേതാവേ
അല്ലെങ്കില്‍
പ്രകൃതിദൃശ്യമേ

നീയില്ലായിരുന്നെങ്കില്‍
നിന്റെ പടമില്ലാതാണെങ്കില്‍
ആത്മഗതങ്ങളുടെ കലണ്ടര്‍
കാലം മാത്രം കാണിച്ച്
എന്തെല്ലാം വിശ്വസിപ്പിച്ചേനേ.

Thursday, January 17, 2008

പ്രേതാവിഷ്ടം

തലകീഴായി മറിഞ്ഞ്
ഭൂമിയിലേതല്ലാത്ത
സമയം പറയുന്ന
ടൈംപീസും

നെടുനീളത്തില്‍
നിലം‌പൊത്തി
ഒടിഞ്ഞുലഞ്ഞ പുസ്തകങ്ങളെ
ശര്‍ദ്ദിച്ചുകൊണ്ടിരുന്ന
അലമാരയും

വളഞ്ഞുമടങ്ങിയുറങ്ങുന്ന
ആളുകളില്‍ നിന്ന്
ശരീരമപ്പാടെ
ആവിയായ മട്ടില്‍
അങ്ങുമിങ്ങും കാണപ്പെട്ട
ഉടുപ്പുകളും

കുടിക്കാന്‍ വെച്ച വെള്ളം
മറിഞ്ഞ് പടര്‍ന്ന തറയും

വീണുപൊളിഞ്ഞ്
പേടിയെ പലരൂപത്തില്‍
പേടിപ്പെടുത്തും വിധം
പ്രതിഫലിപ്പിച്ച
കണ്ണാടിയും ചേര്‍ന്ന്

സ്വപ്നത്തിന്റെ നരകവെളിച്ചം
ഉറക്കത്തിന്റെ
കണ്ണില്‍ കുത്തിയപ്പോള്‍
ഭൂകമ്പത്തിലെന്നോണം
കുലുങ്ങിയുണര്‍ന്നു.

മുറിയിലെ വെളിച്ചത്തിന്റെ
സ്വിച്ച് കാണാതെ
തപ്പിത്തടഞ്ഞ്
കൈകാലുപിഴച്ച്
തൊട്ടതെല്ലാം വീഴിച്ച്
ഉഴറിയുലയുമ്പോള്‍

നോക്ക് വിഡ്ഢീ,
നിന്നെക്കൊണ്ട് ഞാനെന്റെ
ഫോട്ടോകോപ്പിയെടുപ്പിക്കുന്നത്
നോക്കി നീ കാണെന്ന്
പാതിയില്‍ പൊലിഞ്ഞ സ്വപ്നത്തിന്റെ
പ്രതികാരദാഹിയായ പ്രേതം.

Friday, January 11, 2008

സത്യം പറയുന്നവരെക്കുറിച്ചുള്ള നുണകള്‍

മേല്‍പ്പറഞ്ഞതരം
രണ്ടു ചരിത്രസത്യങ്ങള്‍
‍പാഠപുസ്തകത്തിനകത്ത്
അന്യോന്യം കണ്ടുമുട്ടി.

എന്തുണ്ട് വിശേഷം?
ദാ ഇവിടെ വരെ.
നമ്മളെയൊക്കെ മറന്നോ?
ഇങ്ങനെയൊക്കെയങ്ങ് നീങ്ങുന്നു.
എന്നിങ്ങനെ
വെടിപ്പായ കുശലങ്ങള്‍ക്കൊടുവില്‍,

കാര്യങ്ങള്‍
നിനച്ചിരിക്കാത്തവണ്ണം
സൈദ്ധാന്തികവും
ഗൃഹാതുരവുമായതോടെ,

അടുത്ത പരീക്ഷയ്ക്കുമുന്‍പ്
അവിചാരിതമായി
തമ്മില്‍ വീണ്ടും കാണുമെന്ന്
തീരുമാനിച്ചുറച്ചു.

അവരവരുടെ
പേജുകളിലേക്ക്
ഊര്‍ജ്ജിത ചിത്തരായി
തിരിച്ചു നടന്നു.

Wednesday, January 09, 2008

വെയില്‍ നേരെയല്ലാതെ വീഴുന്ന ഇടങ്ങള്‍

പദപ്രശ്നത്തിലെ
കറുപ്പിച്ച കള്ളികള്‍ പോലെ

മരച്ചുവട്ടിലെ
വെട്ടം വീഴാവിടവുകളില്‍

ഈര്‍പ്പം

മറവിയില്‍
കാത്തിരിക്കും ,

ഉണങ്ങുവാനമാന്തിച്ച്
ആനുകാലികമല്ലാതെ.

Wednesday, January 02, 2008

ഹേമന്തത്തില്‍ ഒരു രാത്രികാല തിരക്കഥയില്‍

രാത്രി
വെളുത്ത ശലഭങ്ങളെ
താഴേക്ക്
പറത്തിക്കൊണ്ടിരുന്നു.

ഇരുട്ടിന്റെ
തണുത്ത
സ്ക്രീന്‍ സേവര്‍
മഞ്ഞ് മഞ്ഞ് എന്ന്
മിടിച്ചുകൊണ്ടിരുന്നു.

വളവുതിരിഞ്ഞ്
ഒറ്റയ്ക്കുവന്ന കാറിന്റെ
നെറ്റിവെളിച്ചം
വീശിയനങ്ങിയ നൊടിയില്‍

സേവ് ചെയ്തതല്ലാത്ത
തണുത്ത ദുരൂഹത
നീല ജാക്കറ്റിട്ട രൂപത്തില്‍
‍താനേ തുറന്നുവന്നു.

ചുണ്ണാമ്പ് ചോദിക്കരുത്
എന്റെ കയ്യിലില്ല എന്ന്
ക്ലിക്ക് ചെയ്തപ്പോഴേക്കും
കാറ് അകന്നുപോയി.

നീലജാക്കറ്റിട്ടൊരു
സാധാരണ പെണ്‍കുട്ടി
മരിച്ചവരും ശലഭങ്ങളും
ഉപയോഗിക്കാത്ത
റോഡിലൂടെ
കാലമര്‍ത്തി നടന്ന്
കടന്നുപോയി.