Thursday, October 16, 2014

കഥാർസിസ്

ബാബ്‌രി മസ്ജിദ് പൊളിച്ചതിൽപ്പിന്നെ
ഹിന്ദു കൂടുതൽ ഹിന്ദുവും
മുസ്ലീം കൂടുതൽ മുസ്ലീമുമായതുപോലെ
എന്നൊരു മൂന്നുവരി ഉപമ
കുറേനേരമായി മനസ്സിൽ അലമ്പുണ്ടാക്കുന്നു.

എവിടെയെഴുതണമെന്നോ
എന്തിനെഴുതണമെന്നോ
ആളുകളെന്തുവിചാരിക്കുമെന്നോ
ഒരെത്തുംപിടിയും കിട്ടുന്നില്ല.

പ്രിയപ്പെട്ടവളേ,
ആ മൂന്നുവരി കമന്റായെഴുതാൻ പറ്റിയ
ഒരു കവിതയെഴുതി ഫേസ്ബുക്കിലിട്ട്
എന്നെ രക്ഷിക്കില്ലേ ?

ആഴത്തിന്റെ ഊഴം

പച്ചിലകൾ കുലുക്കിയും
ഉണക്കയിലകൾ വീഴ്ത്തിയും
ഇപ്പോഴിതുവഴി പോയ്ക്കഴിഞ്ഞ
കാറ്റിനെ
മരം എന്നതുപോലെ
നമുക്ക്
നമ്മളെ മറന്നാലോ ?

നിൽക്ക്, നമുക്ക്
ആ മരത്തിന്റെ
വേരുകളോട്
ചോദിച്ചുനോക്കാം.

Sunday, October 12, 2014

Martin Niemöller ന്റെ വിഖ്യാത കവിതയുടെ ഒരു Adaptation

ഇപ്പോൾ ഒരുത്തർ മദ്യം നിരോധിച്ചു.
ഞാൻ ഒന്നും മിണ്ടാൻ പോയില്ല. കാരണം-
മദ്യവിരുദ്ധതയ്ക്ക് നല്ല മാന്യത കണക്കാക്കപ്പെടുന്നുണ്ട്

കുറച്ച് കഴിയുമ്പോൾ മറ്റവർ ബീഫ് നിരോധിക്കും.
ഞാൻ ഒന്നും മിണ്ടാൻ പോവുന്നില്ല. കാരണം-
മാംസഭക്ഷണം ശരീരത്തിന് നന്നല്ലെന്ന്
പാരമ്പര്യവൈദ്യക്കാരും യോഗാഭ്യാസക്കാരും പറയാറുണ്ട്.

പെണ്ണുങ്ങൾ പാശ്ചാത്യവസ്ത്രമിടുന്നത് നിരോധിച്ചേക്കും.
ഞാൻ മിണ്ടേണ്ട കാര്യമില്ല. കാരണം-
പെണ്ണൊരുമ്പെട്ടാൽ കുഴപ്പമാണെന്ന്
സീരയലിലും കോമഡിയിലുമെല്ലാം നമ്മൾ കാണുന്നതല്ലേ?

ഭിന്നമതക്കാർ തമ്മിൽ പ്രേമിക്കുന്നതിന് നിരോധനം വരും.
ഞാനെന്തിന് മിണ്ടണം ? കാരണം-
പ്രേമമൊക്കെ സിനിമയിലേ പാടുള്ളൂ എന്ന് ആർക്കാണറിയാത്തത് ?

അവസാനം...., ഏയ് ഇല്ല,
എന്നെയൊന്നും ആരും നിരോധിക്കില്ല
ഞാൻ നിലവിലുള്ളതായി എനിക്കുപോലും അറിയില്ല. പിന്നെയല്ലേ.. ?

അളവ്

നിങ്ങളെ
കണ്ടില്ലെന്ന്‍ നടിക്കാനുള്ള
ലോകത്തിന്റെ
ശുഷ്കാന്തിയെ നോക്കുക.
ഉറ്റുനോക്കി
ഉറ്റുനോക്കിയതിനെ
അളന്നെടുക്കാന്‍
മനസ്സുവെയ്ക്കുക

അത്രയുമാണ്
നിങ്ങളുടെ
അകംജീവിതത്തിന്‍റെ
ആഴം,
അഴിവ്,
അഴക്,
ആശ്ചര്യങ്ങള്‍

തീരുമാനം

ഒരാള്‍
ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു

വിഷം വാങ്ങാന്‍
കീടനാശിനിക്കടയില്‍ ചെന്നു

ചെടികള്‍ക്കടിക്കുന്നതോ
ചുവരുകളിലടിക്കുന്നതോ വേണ്ടതെന്ന്
കടക്കാരന്‍ ചോദിച്ചു

അയാള്‍ ചെടികള്‍ക്കുള്ളത് വാങ്ങി
പുറത്തിറങ്ങി

അപ്പോള്‍
ഏതായാലും ഒരുപോലെന്നിരിക്കെ
എന്തിനാവും
ചെടികള്‍ക്കുള്ളത് തിരഞ്ഞെടുത്തതെന്ന്
അയാള്‍
ആലോചിച്ചതായി അറിയാം

ആത്മഹത്യ
പിന്നത്തേക്ക് മതിയെന്ന്‍
അയാള്‍ തീരുമാനിച്ചിട്ടുണ്ടാവുമോ ?

ടാബ്ലോ

എല്ലാവര്‍ക്കും
ഓരോരോ ജീവിതങ്ങളുണ്ട്
എന്ന വിഷയത്തിലുള്ള
ഒരു ടാബ്ലോ ആണ്
നമുക്ക് രണ്ടാള്‍ക്കും
അങ്ങോട്ടുമിങ്ങോട്ടുമുള്ള
ഇഷ്ടക്കേട്

വിരഹരസതന്ത്രം

നിന്‍റെ
അഭാവത്തിന്‍റെ
അണുകേന്ദ്രമാണ്
ഞാന്‍

അനുകരണം

തന്നെത്തന്നെ
അനുകരിക്കണമെങ്കിലും
അനുകരിക്കാതിരിക്കണമെങ്കിലും
അവനവന്‍റെ വിശദാംശങ്ങള്‍
അത്രമേല്‍ ഓര്‍മ്മയിലുണ്ടാവണം
ആളുകള്‍
തന്നെത്തന്നെയിങ്ങനെ
ആവര്‍ത്തിച്ച് ഹൃദിസ്ഥമാക്കുന്നത്
അതിനുവേണ്ടിയുമാവാം

ആയതിനാല്‍

1
സ്നേഹം
മരണത്തിന്‍റെ
ഇന്ദ്രിയമാണ്

2
മനസ്സ്
നശ്വരതയുടെ
കീബോര്‍ഡാണ്

3
ജീവിതം
ജീവിതത്തിന്‍റെ
റണ്ണര്‍ അപ്പാണ്

4
1, 2, 3 എന്നിവ
സത്യവും നുണയുമാണ്

ചുരുക്കത്തില്‍

രക്തരൂഷിതവും
ശബ്ദായമാനവുമായ
നിസ്സംഗത

കവിത

മൌനം
മെനയുന്ന
മാരക വിനിമയം

പുല്‍ക്കൊടികള്‍

ഒരു ദിവസം
കൊടുംകാടിനുള്ളിലെ
പുല്‍ക്കൊടി
പാര്‍ലമെന്‍റ് മുറ്റത്തെ
പുല്‍ക്കൊടിക്ക്
'ഈ നശിച്ച മനുഷ്യര്‍'
എന്നൊരു സന്ദേശം
മണ്ണിനടിയിലൂടെ
കൊടുത്തുവിട്ടു
മനുഷ്യര്‍ക്ക് അത്
റിക്ടര്‍ സ്കെയിലില്‍ മാത്രം
മനസ്സിലായി

പണ്ടുണ്ടായിരുന്ന ഒരു രാഷ്ട്രത്തെപ്പറ്റി 2514 ലെ യൂറോപ്പില്‍ ഒരു മുത്തശ്ശി പേരക്കുഞ്ഞിനോട് പറഞ്ഞ സാരോപദേശകഥ

1
നീയില്ലാതെ ഞാനില്ലെന്ന്
നാളെ ഒരാളോട്
പറയണമെന്നുറച്ചപ്പോള്‍
നെഞ്ചില്‍നിന്നൊരു തരിപ്പ്
തലയിലേക്ക് പടര്‍ന്നതിന്റെ
ഉള്ളനക്കം അടക്കിപ്പിടിച്ച്
ഒരു പെണ്‍കുട്ടി
വാതിലിന്നപ്പുറത്ത് ചുവന്നിരുളുന്ന
സന്ധ്യയിലേക്ക് നോക്കിനിന്നു

2
അതേ സന്ധ്യയില്‍
തെരുവോരത്തൊരാള്‍
ഇന്നത്തെപ്പോലെയാവില്ല നാളെയെന്ന്
തന്നോട് തന്നെ ധൈര്യപ്പെടുത്തി
അത്ര നന്നല്ലാത്ത
അന്നത്തെ വഴിവാണിഭം
പൂട്ടിക്കെട്ടി

3
കുളികഴിഞ്ഞ് മുടിയില്‍ വിരലോടിച്ച്
ടി.വി. നോക്കിയിരിക്കുന്ന
ഒരമ്മയ്ക്ക്
പത്രസമ്മേളനത്തില്‍ നുണപറയുന്ന
മന്ത്രിയെക്കണ്ടപ്പോള്‍
നാണമില്ലേ ഹേ
എന്ന്‍ തോന്നി

4
ഇന്നത്തെപ്പോലെ
നാളെയുമവന്‍ അടിക്കുമെങ്കില്‍
 ‍സ്ലോ ബൌണ്‍സറെറിഞ്ഞ്
ശരിപ്പെടുത്തണമെന്ന്
കളികഴിഞ്ഞ്  വിയര്‍ത്തുവരുന്ന
സ്കൂള്‍കുട്ടി കണക്കുകൂട്ടി

5
എന്നാല്‍
അതേ സന്ധ്യയില്‍
അതേ രാജ്യത്തിന്‍റെ
അതേ പരിസരങ്ങളില്‍ തന്നെ
തീട്ടത്തലയനായ വര്‍ഗ്ഗീയവാദി
തന്റെ ദൈവത്തെയോ
നേതാവിനെയോ
പുസ്തകത്തെയോ
ആരോ എവിടെയോ
വിമര്‍ശിച്ചിട്ടുണ്ടെന്ന് കേട്ട്
അയാളെ കൊല്ലാനും
ലഹളയുണ്ടാക്കാനുമായി
വീട്ടില്‍ നിന്നിറങ്ങി

സ്ഥിതിവിവരം

ഫാസിസത്തെ
പേടിയാണോ ?

അതെ

എത്ര പേടിയുണ്ട് ?

അതിനോടുള്ള
വെറുപ്പിന്‍റെയത്ര

അതെത്രയാണ് ?

ആറടി
എണ്‍പത്തിമൂന്ന് കിലോ
മുപ്പത്തഞ്ച് കൊല്ലം
ഒരു പ്രപഞ്ചം

അര്‍ത്ഥം

ഞാന്‍ എന്നോട്
പറഞ്ഞ/പറയുന്ന
വാക്കുകള്‍ക്കേ
എന്തെങ്കിലും
അര്‍ത്ഥമൊക്കെ ഉള്ളൂ

അല്ലാത്ത പറച്ചിലുകളും
വാക്കുകളും പാട്ടുകളുമെല്ലാം
എന്നോടുള്ള യുദ്ധത്തില്‍
ലോകം തോല്‍ക്കുന്നതിന്‍റെ
പശ്ചാത്തലസംഗീതം
മാത്രമാണ്

സാദ്ധ്യത

അപ്പോള്‍
എന്ത് തോന്നി ?

അവിടെ നടന്നതിനെപ്പറ്റി
മരിക്കുന്നതുവരെ
എഴുതണമെന്ന് തോന്നി.

അതൊന്നും
എഴുതി ആവിഷ്ക്കരിക്കുക
സാദ്ധ്യമല്ലെന്ന്
മനസ്സിലായതിനെപ്പറ്റിയാണോ ?

അതേ എന്ന്‍ തോന്നുന്നു.