Friday, December 28, 2007

പരസ്യവിപണനം

ഏകാന്തതയിലേക്കുള്ള എളുപ്പവഴികള്‍
എന്ന പേരില്‍ ഞാനെഴുതിയ
ഉപയോഗപ്രദമായ ഈ കൈപ്പുസ്തകം
ആദായവിലയില്‍ സ്വന്തമാക്കാനുള്ള
അസുലഭ അവസരത്തിലേക്ക്
മാന്യയാത്രക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

വെറുതെയൊന്ന്
തുറന്നുനോക്കണം സുഹൃത്തേ
തരക്കേടില്ല, പ്രയോജനപ്പെടും
എന്ന് ബോധ്യപ്പെട്ടാല്‍മാത്രം
കാശ് മുടക്കിയാല്‍ മതി.

അല്ലെങ്കിലും
ആരാണുള്ളത് സഹോദരീ
ഏകാന്തതയിലേക്ക്
എങ്ങനെ പോകണം
എങ്ങനെ വരണം എന്ന്
ഒരിക്കലെങ്കിലും വഴിമുട്ടാത്തവര്‍ ?

എകാന്തതയിലേക്ക്
ഇതിലുള്ള വിവരങ്ങള്‍
രസകരമല്ലെങ്കില്‍
തുറന്നുപറയണം സഹൃദയരേ

ഇതിനു തൊട്ടുമുന്‍പ്
ഏകാന്തതയിലെ അന്യായങ്ങള്‍
എന്ന പേരില്‍ ഞാനെഴുതിയ
അപസര്‍പ്പകനോവലിന്റെ
ഏതാനും ചില കോപ്പികള്‍
നിങ്ങള്‍ക്കുവേണ്ടിയാകണം
ഇപ്പൊഴുമെന്റെ കയ്യില്‍
‍ബാക്കിനില്‍ക്കുന്നത്.

Wednesday, December 19, 2007

സന്ധി

നീ ഒന്നും പറയണ്ട.

പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത
എന്തെങ്കിലും പ്രശ്നം

നമുക്കിടയിലുണ്ടെന്ന്

നീ എത്ര വാദിച്ചാലും
ഞാന്‍ സമ്മതിച്ചുതരില്ല.

Thursday, December 13, 2007

വിരസത

എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍

തിലോത്തമ തീയറ്ററിനകത്ത്
നൂണ്‍ഷോയ്ക്കുള്ള ഇരുട്ട്
പതിവുപോലെ പ്രവേശിച്ച നേരം

താലൂക്കാപ്പീസില്‍
പി.പി. ഹരിദാസിന്റെ
അപേക്ഷയുള്ള ഫയലിനെ
ക്ലാര വര്‍ഗ്ഗീസ്
മടക്കിവെച്ച മാത്രയില്‍

പന്ത്രണ്ട് അമ്പതിന്
പുറപ്പെടേണ്ടിയിരുന്ന
ജെ.കെ. ട്രാവത്സ്
ഉടന്‍ സ്റ്റാന്‍ഡുവിടണമെന്ന്
ബസ്‌സ്റ്റാന്‍ഡിലെ ഉച്ചഭാഷിണി
കര്‍ക്കശപ്പെട്ടപ്പോള്‍

നിര്‍ണ്ണായകവും
ചരിത്രപ്രസക്തവുമായ
ഒരു അട്ടിമറിയിലൂടെ
വിരസതയ്ക്ക്
അന്നും
വിശന്നു തുടങ്ങി.

Monday, December 10, 2007

അറിയിപ്പ്

[പാട്ട് നില്‍ക്കുന്നു....]

ഒരു പ്രത്യേക അറിയിപ്പ്,

ഭക്ഷണക്കമ്മിറ്റിയുടെ
മേല്‍നോട്ടം വഹിക്കുന്ന
ശ്രീമാന്‍ പ്രത്യയശാസ്ത്രത്തെ
കുറച്ചു കൂടുതല്‍ നേരമായി
കാണാനില്ലെന്ന്
സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നു.

അദ്ദേഹം
സമ്മേളന നഗരിയിലോ
സമീപപ്രദേശങ്ങളിലോ
എവിടെയെങ്കിലുമുണ്ടെങ്കില്‍
എത്രയും പെട്ടെന്ന്
സംഘാടകസമിതി ഓഫീസുമായി
ബന്ധപ്പെടണമെന്ന്
വീണ്ടും വീണ്ടും അറിയിക്കുന്നു,
അഭ്യര്‍ത്ഥിക്കുന്നു.

മറ്റുപ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തകര്‍
‍ഇദ്ദേഹത്തെ കാണുന്നപക്ഷം
ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍
‍സംഘാടക സമിതി
കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.

[പാട്ട് തുടരുന്നു....]

Thursday, December 06, 2007

കാത്തിരിപ്പ്

പുറപ്പെട്ടുവെന്ന്
പറഞ്ഞിട്ട്
നേരം കുറേയായല്ലോ?

എവിടെയെത്തി ഇപ്പോ?

ഞാനിവിടെ
ബസ്‌സ്റ്റോപ്പില്‍ നിന്ന്
മുടിഞ്ഞ വെയിലുതിന്നുന്നു

വൈകുന്നുവെന്നറിഞ്ഞാല്‍
പറയേണ്ടായിരുന്നോ?

ഹലോ....

ചതി എന്നുതന്നല്ലേ
ബസ്സിന്റെ പേര് പറഞ്ഞത്?

അതേപേരിലിതുവഴി
നാലഞ്ചു ബസ്സുപോയെന്നേ

അതിലൊന്നിലും
കാണാത്തോണ്ടല്ലേ
വിളിച്ചോണ്ടിരിക്കുന്നേ

ചൂടാവല്ലേ നീ...