Thursday, December 24, 2009

വെളിച്ചത്തിന്റെ അക്വേറിയം

കുട്ടിക്കാലത്തെ വീട്ടിൽ
അടുക്കളയുടെ മേൽക്കൂരയിലുണ്ടായിരുന്നു
ഓടുമാറ്റി ചില്ലുവെച്ച ആകാശജാലകം.

പൊടിയും പുകയും തങ്ങിപ്പൊങ്ങി നീന്തുന്ന
വെളിച്ചത്തിന്റെ ഒരു അക്വേറിയത്തെ
അടുക്കളയിലേക്കിറക്കിവെയ്ക്കുമായിരുന്നു
വെയിലുള്ള നേരങ്ങളിലത്.

അന്തംവിട്ടതിനെ
നോക്കി നിന്നിരുന്നതിന്റെ
ഓർമ്മകളിലെവിടെയോ
തങ്ങിപ്പൊങ്ങിയലയുന്നുണ്ട്
ഇപ്പോഴത്തെ ഒരു ഞാൻ.

ആരാവും നോക്കിനിൽക്കുന്നുണ്ടാവുക,
ഞാനുൾപ്പെടുന്ന
വെളിച്ചത്തിന്റെ അക്വേറിയത്തെ ?

Friday, December 04, 2009

കത്ത്

എത്രയും പ്രിയപ്പെട്ട
നിന്റെ ഏകാന്തതേ,

എനിക്ക് സുഖമെന്ന്
നീ കരുതുന്നു.

ഒരുവിധം നന്നായി പോകുന്നു
നിന്റെ അവിടത്തെ ജീവിതം.

അന്വേഷിച്ചതായി
അറിയിക്കരുതെന്ന്
എന്റെ ഏകാന്തത പറയുന്നു.

കത്ത് ചുരുക്കുന്നതുകൊണ്ട്
വേറെ വിശേഷങ്ങളൊന്നുമില്ല.

ശേഷം
അടുത്ത എഴുതായ്കയിൽ.

Thursday, November 26, 2009

പിന്നെയും ഓര്‍മ്മിച്ചു എന്ന്

വേറൊരിടത്തേക്കുള്ള
വഴി മറന്ന് കുഴയുമ്പോള്‍

പഴയ കൂട്ടുകാരന്റെ വീട്ടിലേക്കുള്ള
പണ്ടെങ്ങോ മറന്ന വഴി
ഓര്‍മ്മയിലേക്ക് വന്നു.

ഈ പരിസരത്തൊന്നുമല്ലാത്ത
ആ വഴിയെ ഇപ്പോള്‍
ഓര്‍മ്മവരാനെന്താവുമെന്ന്
തോന്നലുകള്‍ നീളുന്നു.

വളഞ്ഞുപിരിഞ്ഞ്
കുടുങ്ങിക്കുഴമറിഞ്ഞ
തോന്നല്‍ത്തെരുവില്‍ നിന്ന്
തെറ്റാതെ പുറത്തേക്ക്
വഴി നോക്കിയെടുക്കണമിനി.

പണ്ടത്തെ കൂട്ടുകാരന്‍ എന്നിലുടെയും
ഞാന്‍ അവനിലൂടെയും
നടന്ന് കടന്നതിന്റെ
അതേ ജന്മവാസന
സഹായിക്കുമായിരിക്കും.

Monday, October 12, 2009

ജിജ്ഞാസ

ഉണങ്ങാന്‍ ചിക്കിയിട്ട
ചുവന്ന മുളക്
മുറ്റത്ത്, വെയിലില്‍.

എത്രയുണങ്ങിയാലും
ആവിയാകാത്ത എരിവിനെ
കണ്ടുപഠിക്കാന്‍
മുറ്റത്തേക്കുറ്റുനോക്കുന്നു, വീട്.

ലോകം മുഴുവന്‍
വീടുകള്‍ ചിക്കിയിട്ട ദൈവമേ
കണ്ടുപഠിക്കുന്നുണ്ടോ നീ
ഈ ജിജ്ഞാസയെ?

Friday, September 11, 2009

അനുശീലനം

ഉറക്കത്തിന്‍ കോണിലൊരു
കുഴി കുത്തിവെയ്ക്കാം.

ഏതു ചെറുചുവടിലും
ഒടിഞ്ഞുവീഴുന്നത്ര
നേര്‍പ്പിച്ച നിനവുകള്‍
കുഴിവായില്‍ പാകണം.

ഉച്ചവെയിലോലകള്‍
നീ കൊണ്ടുപോരില്ലേ?

പാതിരകിളച്ചിരുള്‍മണ്ണെടുത്ത്
തൂവിയേക്കാം ഞാനതിനുമേലെ.

നമ്മളെക്കുറിച്ചുള്ള
സ്വപ്നത്തില്‍ വീഴ്‌ത്തണം
ജീവിതം ചൊവ്വിനു
പഠിപ്പിക്കാന്‍ നമ്മളെ.


(തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്)

Friday, September 04, 2009

ഏറ്റുപറയുന്നു

മണ്‍‌മറഞ്ഞൊരു
മണല്‍ ഘടികാരത്തിന്റെ
ഗതികിട്ടാത്ത പ്രേതമുണ്ട്
ഒഴിയാബാധയായി
എവിടെയും കൂടെ .

നേരവും കാലവും നോക്കാതെ
ഉള്ളിലേക്കൊരു വലിഞ്ഞുകേറല്‍
അതിന്റെ ചിട്ട തെറ്റാത്ത പതിവ്.

ഒന്നുവേറൊന്നില്‍ നിന്ന്
അടര്‍ന്ന് വേര്‍പെട്ട്
വീണുനിറയാന്‍ തുടങ്ങുമന്നേരം
ആലോചനകള്‍, പ്രതീക്ഷകള്‍
വികാരങ്ങള്‍, പ്രതിരോധങ്ങള്‍....

ഒഴിഞ്ഞിടം തിരികെനിറയ്ക്കാനൊരു
തിരിച്ചുവെയ്പുണ്ട്, അട്ടിമറിയുണ്ടെന്ന്
അടിക്കടി വിശ്വസിക്കുന്നതും
തെറ്റിദ്ധരിക്കരുത്,
അതിന്റെ ബാധോപദ്രവം.

(ഇപ്പോള്‍ പ്രചാരത്തിലില്ലാത്ത വിധത്തില്‍
സമയം പോക്കുന്നവര്‍
ഇതില്‍ക്കൂടുതലെന്ത് ഏറ്റുപറയാനാണ് ?)

Thursday, August 27, 2009

സ്കൂപ്പ്

പൊത്തായി തുടങ്ങി
മാളമായി വളര്‍ന്ന്
ഗുഹയായി പന്തലിച്ച്
തുരങ്കമായി തീര്‍പ്പാവുന്ന
അനാശാസ്യ മരാമത്ത്
ഇപ്പോഴും തുടരുന്നു;

ഇങ്ങനെയായാല്‍ മതിയോ
എന്ന ചോദ്യത്തില്‍ നിന്ന്
എങ്ങനെയായാലെന്താ
എന്ന ഉത്തരത്തിലേക്ക്,

എല്ലാ സ്വപ്നങ്ങളും ലംഘിച്ച്.

Friday, August 21, 2009

വിജനവാങ്മൂലം

ആള്‍പ്പെരുമാറ്റവും
വണ്ടിയോട്ടങ്ങളും
തീര്‍ന്നുകഴിഞ്ഞിട്ടും
ഊഴമിട്ട് നിറം മാറുന്ന
ട്രാഫിക് സിഗ്നലെഴുന്ന
പാതിരാനിരത്താണ്
ഉള്ളിന്റെയുമുള്ളില്‍.

ആരെങ്കിലും
വന്നിരുന്നെങ്കിലെന്ന്
പോയിരുന്നെങ്കിലെന്ന്
പ്രതീക്ഷിക്കുന്നതായി തോന്നിപ്പിക്കുന്ന
വിജനതയാണതിന്റെ ഭൂപടം.

അതേപ്പറ്റി
ഡയറിക്കുറിപ്പായി എഴുതിവെയ്ക്കട്ടേ?
യാത്രാവിവരണമായി വായിച്ചോളുമോ?


( ഹരിതകം.കോമില്‍ പ്രസിദ്ധീകരിച്ചത്)

Friday, July 31, 2009

പരാതി

പതുങ്ങിമറഞ്ഞിരിപ്പിന്റെ
തൊട്ടരികിലെമ്പാടും

കനത്ത കാലൊച്ചകള്‍
നടുക്കമായ് കേള്‍ക്കവേ,

പുറത്തുവിട്ടാലൊച്ച-
യൊറ്റുമെന്നോര്‍ത്തിട്ട്

ഏറ്റവും ഗോപ്യമായ്
ഉള്ളിന്റെയുള്ളിലേക്ക-
മര്‍ത്തിച്ചുരുക്കുന്ന
ശ്വാസങ്ങളെപ്പോലെ

ഇപ്പോഴുള്ള ലോകത്തെപ്പറ്റി
അതേ ലോകത്തിനു തന്നെ
പണ്ടുണ്ടായിരുന്ന പരാതികള്‍.

Wednesday, July 29, 2009

ജീവിതം കൊണ്ട് ഘടകക്രിയ ചെയ്യപ്പെട്ട മരണങ്ങള്‍“If you can talk brilliantly about a problem, it can create the consoling illusion that it has been mastered.” - Stanley Kubrick

മരണത്തിലേക്ക് പൂര്‍ത്തിയാവുന്ന ഒരു പ്രക്രിയയാണ് ജീവിതം എന്ന യുക്തിയോട് മനസ്സുചേര്‍ക്കുകയാണെങ്കില്‍ നമുക്ക് ബോധ്യമാവുന്ന ഒരു തലകീഴ് സത്യമുണ്ട് - ജീവിച്ചിരിക്കുന്നു എന്നു പറയുന്നതിനു ബദലായി മരിച്ചുകൊണ്ടിരിക്കുന്നു എന്ന പ്രസ്താവം നുണയാവുന്നില്ല എന്ന അനിവാര്യത. മരണം ജീവിതത്തിന്റെയോ അല്ലെങ്കില്‍ ജീവിതം മരണത്തിന്റെയോ ഏകക (unit) മായി ഉപയോഗിച്ചുള്ള അളന്നുകളികളുടെ രസാവഹവും അതേസമയം ഭീതിദവുമായ കൌതുകങ്ങളിലേക്ക് ഈ അനിവാര്യതയില്‍ നിന്ന് വഴികളനേകം നീണ്ടു പിരിയുന്നത് അറിയാനാവും നമുക്കപ്പോള്‍.

പ്രൈമറി സ്കൂളിലെ കണക്കുക്ലാസുകളില്‍ നമ്മള്‍ പരിചയിച്ചിട്ടുള്ള ഘടകക്രിയ എന്ന ഗണിതസൂത്രത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ആസൂത്രണത്തെ ‘ഡില്‍ഡോ; ആറുമരണങ്ങളുടെ പള്‍പ്‌ഫിക്ഷന്‍ പാഠപുസ്തക’ ത്തിന്റെ ആവിഷ്ക്കാരത്തിലേക്ക് ദേവദാസ് വിളക്കിച്ചേര്‍ത്തിട്ടുണ്ട് എന്ന് എന്റെ വായനയ്ക്ക് തോന്നുന്നു. മരണമാണിവിടെ വിഭജിക്കപ്പെടുന്നത്, ജീവിതത്തിന്റെ പെരുക്കപ്പട്ടികയില്‍നിന്നാവുന്നു ഘടകങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നത്.

ആറുമരണങ്ങള്‍, അവയുടെ പത്രവാര്‍ത്തകള്‍, വാര്‍ത്തകളോട് യോജിച്ചും വിയോജിച്ചും അതാത് മരണങ്ങളുടെ ‘ഉടമകള്‍‘ നടത്തുന്ന ആത്മഭാഷണങ്ങള്‍, പാഠപുസ്തകത്തിലെന്നപോലെ പാഠങ്ങള്‍ക്കൊടുവില്‍ അഭ്യാസങ്ങള്‍, പരിശീലനപ്രശ്നങ്ങള്‍, അനുബന്ധങ്ങള്‍ - ഇത്രയും കാര്യങ്ങളുടെ കലര്‍ത്തിവെയ്പ്പാകുന്നു ഈ പുസ്തകത്തിന്റെ പ്രത്യക്ഷ പ്രകൃതം.

മേലെക്കുറിച്ച മൂന്ന് ഖണ്ഡികകളെയും സ്റ്റാന്‍ലി കുബ്രിക്കിന്റെ ഉദ്ധരണിയെയും ഘടിപ്പിക്കുന്ന അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പൂരിപ്പിക്കുന്ന ഒട്ടനവധി തിരിച്ചറിവുസാധ്യതകളെ ഉത്പാദിപ്പിക്കുന്നുണ്ട് ഡില്‍ഡോയുടെ വായനാനുഭവം.

ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത് പുസ്തകം- ‘ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം‘ എന്ന ദേവദാസ് വി.എം. ന്റെ നോവല്‍ 8 ആഗസ്റ്റ് 2009 രാവിലെ 10 മണിക്ക് തൃശൂരില്‍ കേരളസാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രകാശിപ്പിക്കപ്പെടുന്നു. മലയാള ഭാഷയെയും അതിലുള്ള സാഹിത്യത്തെയും സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് മേതില്‍ രാധാകൃഷ്ണനും കവര്‍ഡിസന്‍ ചെയ്തിരിക്കുന്നത് ഉന്മേഷ് ദസ്തക്കിറുമാണ്. 65 രൂപയാണ് ഒരു കോപ്പിയുടെ വില. പുസ്തകത്തിന്റെ കോപ്പികള്‍ ഇവിടെ നിന്നും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

Monday, July 06, 2009

ചൂല്

ഇളകിപ്പൊളിഞ്ഞ്
ഉപയോഗത്തിന് പറ്റാത്ത പരുവത്തില്‍
പഴഞ്ചനൊരു ചൂല്
വഴിയരികിലെ ചവറുകൂനയില്‍.

പഴകിയ ചില
ആത്മവിശ്വാസങ്ങള്‍
മനസ്സിനുള്ളില്‍
മടുപ്പുകൂനയിലെന്നപോലെ

താന്‍ പുറത്താക്കിയവയിലേക്ക്
താന്‍ വെടിപ്പാക്കിയിടത്തുനിന്നും
വലിച്ചെറിയപ്പെട്ട വിധത്തില്‍.


(ഹരിതകം.കോമില്‍ പ്രസിദ്ധീകരിച്ചത്)

Thursday, June 04, 2009

നമ്മള്‍

കുടഞ്ഞിട്ട് തപ്പിനോക്ക്,
വേറെയെവിടെയും
പോകാനിടയില്ല.

അല്ലെങ്കിലും
ആരെടുത്തുമാറ്റാനാണ് ?

ഓര്‍ക്കുന്നേ ഇല്ലേ,
എവിടെ വെച്ചതെന്ന്?

ഇനിയൊരുപക്ഷേ
എന്റെപക്കലാണോ ഉള്ളത്?

നിനക്കുതരാന്‍
എടുത്തുവെച്ചതായി
ഞാനോര്‍ക്കുന്നില്ല.

എനിക്കുതരാന്‍
മാറ്റിവെച്ചതായി
നിന്റെ ഓര്‍മ്മയിലുണ്ടോ?

ഇല്ലെങ്കില്‍ പോട്ടെ, വിട്ടുകള.

ഒരു കണക്കിന്
കണ്ടുകിട്ടിയാലാണ് കുഴപ്പം,
എനിക്കും നിനക്കും
വേണ്ടാതായ നമ്മളെ.

Friday, April 17, 2009

വാക്കുപോക്കുകള്‍

നൊടിനേരം വൈകിയതുകൊണ്ട്
തൊട്ടുമുന്നില്‍വെച്ച്
വിട്ടുപോയ ലിഫ്റ്റ് പോലെ

സമയത്തിനുച്ചരിക്കാത്ത
ചില വാക്കുകള്‍,
അവയുടെ വാതിലുകള്‍,

നമ്മളെ നിന്നിടത്ത് നിര്‍ത്തി
അടഞ്ഞുപോയ ശേഷം
നമ്മളെക്കൂടാതെയുള്ള
അവയുടെ ഉള്ളടക്കത്തോടെ
ഉയരത്തിലേക്കോ
ആഴത്തിലേക്കോ
സഞ്ചരിക്കുന്നു,
സാക്ഷാത്ക്കരിക്കുന്നു.

വാക്കിനൊപ്പം വിട്ടുപോയ
നമ്മുടെ സമയം
കാത്തിരിപ്പിലേക്ക്
പര്യായപ്പെടുകമാത്രം ചെയ്യുന്നു.

Wednesday, April 15, 2009

വോട്ട് ചെയ്യുമ്പോള്‍


ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍, സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :

 • കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.

 • ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.

 • ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.

 • 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.

 • വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.

 • പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.

 • പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.

 • സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.

 • ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.

 • തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.

 • ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.

 • കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.

 • സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

നമ്മുടെ വോട്ടുകള്‍ ഇടതുപക്ഷത്തിന്‌ എന്ന് ഉറപ്പാക്കൂ, പുതിയൊരു ഇന്ത്യയ്ക്കായി...


*Modified from PAG Bulletin പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

Wednesday, April 08, 2009

അകത്തിരിപ്പ്

വെള്ളരിക്കയില്‍
കവിത ഇരിപ്പുണ്ടോ എന്ന്
നോക്കിയിരിപ്പായിരുന്നു.

വരയന്‍പുലിയുടെ
തൊലിയുണ്ടായിട്ടും
തെറിച്ചുനില്‍പ്പില്ല
തരിമ്പും ശൌര്യം.

ഉള്ളിലാവും
ഉണ്മ, കവിത എന്ന്
ഊഹം മൂര്‍പ്പിച്ച്
പിളര്‍ന്നുനോക്കി പിന്നെ.

നനവില്‍ കുളിര്‍മ്മയില്‍
വരിയായി വിന്യസിച്ച്
ഹാ !
വിത്തുകളുടെ സൂക്ഷ്മസന്നാഹം,

ഉത്‌കണ്ഠകളെ നമ്മള്‍
ഉപമകളിലൊളിപ്പിക്കുന്നതിലും
ചാതുരിയില്‍, കവിതയില്‍.

Monday, March 16, 2009

ട്രൂ കോപ്പി

മേല്‍പ്പാലത്തില്‍ നിന്ന്
താഴേക്ക് നോക്കുമ്പോള്‍
നാല്‍ക്കവലയില്‍ ഒരുവശത്തിന്
ചുവപ്പ് സിഗ്നല്‍.

അണതിങ്ങി മുരളുന്നു,
വേഗങ്ങള്‍ വെളിച്ചങ്ങള്‍.

നോക്കിനില്‍ക്കുമ്പോള്‍ തന്നെ
സിഗ്നലില്‍ ചുവപ്പുമാറി പച്ച.

മഞ്ഞവെളിച്ചത്തിന്റെ ഒരു തിരമാല
നിരത്തിനെ
നിയന്ത്രിതവേഗത്തില്‍
സ്‌കാന്‍ ചെയ്യുന്നു.

നഗരരാത്രി അതിന്റെ
ഫോട്ടോകോപ്പികളുടെ കൂട്ടത്തില്‍
ഒന്നിനെക്കൂടി എടുത്തുവെയ്ക്കുന്നു.

നാളെ പകല്‍ നിങ്ങളുടെ
മേശയിലെത്തുമ്പോള്‍
ശരിപ്പകര്‍പ്പെന്ന്
സാക്ഷ്യപ്പെടുത്താന്‍
ശങ്കിച്ചുനിന്നേക്കരുത്....

Tuesday, February 10, 2009

വൈകുന്നേരത്തെ പാര്‍ക്കില്‍

കുട്ടികള്‍ കളിക്കുന്ന
മുതിര്‍ന്നവര്‍ സൊറപറയുന്ന
വൈകുന്നേരത്തെ പാര്‍ക്കിലൊരിടത്ത്

ഇന്നലെ പെയ്തിട്ട്
ഇന്നും വറ്റാത്ത വെള്ളത്തില്‍
ഒരു കഷണം ആകാശം.

വെള്ളത്തിലെ ആകാശത്തില്‍
മേഘം നീന്തി നീങ്ങുന്നു.

കൈവിട്ട ഒരു കളിപ്പന്ത്
തെറിച്ചുതുള്ളി വരുന്നുണ്ട്.

ആകാശത്തേക്ക് വീഴുമോ പന്ത്?
വെള്ളത്തുള്ളികള്‍ക്കൊപ്പം
തെറിച്ചുപോകുമോ മേഘം?

ചെളിവെള്ളത്തില്‍ കളിച്ചതിന്
വഴക്കുകേള്‍ക്കുമോ കുട്ടി ?

Monday, February 09, 2009

മരവിപ്പുകളി

ഹൊ !
എന്റെ മരവിപ്പേ,
ആരെല്ലാം എങ്ങനെയെല്ലാം
മറന്നുപോയിട്ടും
മുടക്കമില്ലാതെ
ഇക്കുറിയും നീ.

ഒരു കോടതിയും
സ്റ്റേ ചെയ്യുന്നില്ലല്ലോ
നിന്റെ ഋതുവിനെ.

കാലം എന്ന ഇടപാടിനൊഴികെ
നിനക്കുമാത്രമാണര്‍ഹത,
കാലാതീതമെന്ന സ്ഥാനപ്പേരിന്.

നിന്റെ എക്കലടിഞ്ഞിടത്തുനിന്ന്
പിന്നെയും ഞാന്‍
പൊടിച്ചു പൊന്തുന്ന കളി
തുടങ്ങുകയല്ലേ എന്നാല്‍ ?

Thursday, January 29, 2009

പ്രതീക്ഷ ആസ്വദിക്കാന്‍ ഒരു പൊടിക്കൈ

പ്രതീക്ഷ
പകുതിതൊട്ട് കണ്ടുതുടങ്ങിയ
ഒരു സിനിമയാണെന്ന് ഉള്‍ക്കൊള്ളുക.

എന്താ കഥ? എന്ന ആകാംക്ഷ
ആ റീലുതൊട്ട് അസാധുവാകുന്നു.

ഫ്ലാഷ്‌ബാക്കിലാണോ
സ്വപ്നരംഗത്തിലാണോ
കാണുന്നതെന്നറിയാഞ്ഞ്
സന്ദേഹങ്ങളും ഉത്‌കണ്ഠകളും
ഉടനടി കാലഹരണപ്പെടും.

ആലോചിച്ച് നോക്കൂ,
മറ്റുള്ളവര്‍ക്ക് തീര്‍ന്നുപോയ
പരിണാമഗുപ്തിയില്‍ നിന്ന്
നിങ്ങള്‍ക്കുള്ളൊരു കൌതുകം
മുളച്ചുതുടങ്ങുന്നത്

എവിടംതൊട്ട് കാണണമെന്നുമാത്രം
ശ്രദ്ധിച്ചാല്‍ മതി,
പ്രതീക്ഷ എന്ന ചലച്ചിത്രം.