Monday, October 23, 2006

അഭാവങ്ങള്‍

വൈകി മാത്രം
അറിയുന്ന
ചില വേദനകളുണ്ട്.

മരിച്ചുപോയ ഒരാളുടെ
മേല്‍വിലാസത്തിലേക്കെത്തുന്ന
വിനിമയങ്ങള്‍ പോലെ
അവയിലേക്കെത്തുന്ന
വാക്കുകള്‍
ഭൂതത്തിന്റെയോ
വര്‍ത്തമാനത്തിന്റെയോ
ഭാവിയുടെ പോലുമോ അല്ലാത്ത
അഭാവങ്ങളിലേക്ക്
നിഷ്ക്കാസിതമാവുന്നു.

Thursday, October 05, 2006

ആംഗ്യങ്ങള്‍

പരാജയപ്പെടുന്നതുകൊണ്ട്
പാവനമായിത്തീരുന്ന
രണ്ടു കാര്യങ്ങളില്‍
ഒന്നാമത്തേത് പ്രണയവും
രണ്ടാമത്തേത് കവിതയുമാവണം.

സാഫല്യത്തെക്കുറിച്ചുള്ള
പഴയസ്വപ്നങ്ങള്‍ കൊണ്ട്
മലിനമാക്കപ്പെട്ട ഒരു ശരീരത്തില്‍
ഏറെ നാള്‍ വിങ്ങിപ്പൊട്ടുവാന്‍
രണ്ടിനും കഴിയുകയില്ല.

രാത്രിവണ്ടിയെ കാത്ത്
ഉരുക്കുപാളത്തില്‍
ഇരുട്ടിലേക്ക് മിടിക്കുന്ന
ഒരു കഴുത്തും,

വാക്കുകളുടെ പെരുംകല്ലുകള്‍
അരയില്‍ കെട്ടിവെച്ച്
ഭാഷയുടെ
തണുത്ത ആഴത്തിലേക്ക്
കൂപ്പുകുത്തുന്ന ഒരു കവിതയും

വിടുതലിനെക്കുറിച്ച്
പുതിയതെന്തോ പറയുന്നത്
അതുകൊണ്ടാവണം.