Saturday, May 31, 2014

പരിചയം

നന്നായി
പാട്ടുപാടുമായിരുന്നു.
ഇപ്പോളില്ല,
മരിച്ചുപോയി.
ഒറ്റയാവുന്നതിനെക്കുറിച്ചുള്ള
പാട്ടുകളായിരുന്നു ഇഷ്ടം

കാറ്റ്

പലതരം സന്ദര്‍ഭങ്ങളിലായി,
പലതരം പിഴവുകളിലായി,
പലതരം ഇച്ഛാംഭംഗങ്ങളിലായി
വീണുകിടന്നിരുന്ന തന്‍റെ
നെടുവീര്‍പ്പുകളെയെല്ലാം
അയാള്‍
തേടിയെടുത്ത്
അടുക്കിവെയ്ക്കാന്‍ തുടങ്ങി.

ഇലയനക്കിയോ പൊടിപറത്തിയോ
എന്തോ പറയാന്‍ വെമ്പുന്നല്ലോ എന്ന്‍
നിങ്ങളെക്കൊണ്ട് തോന്നിപ്പിച്ച്
ഇതുവഴി കടന്നുപോയ കാറ്റ്
അതില്‍നിന്നുണ്ടായതാണ്.

വിശ്വാസമായില്ലെങ്കില്‍
വേറെ ഒച്ചയൊന്നുമില്ലാത്ത
ഒരു മുറിയില്‍ ഒറ്റയ്ക്ക് അടച്ചിരുന്ന്
സ്വന്തം നിശ്വാസം കേട്ടു നോക്കൂ.

ഉറ്റുനോക്കുന്നതിന്റെ ഉപമ

വിളഞ്ഞ് പഴുത്ത്
മഞ്ഞയില്‍ തിളച്ച്
തുടുത്തുനില്‍ക്കുന്നൊരു
ചെറുനാരങ്ങയെ
ആകാവുന്നിടത്തോളം
അടുത്ത് നിന്ന്‍
ചുഴിഞ്ഞ് ചുഴിഞ്ഞ്
ഉറ്റുനോക്കുമ്പോളുള്ളപോലെ,

തൊട്ടൊന്നമര്‍ത്തിയാല്‍
പൊട്ടിത്തെറിക്കാന്‍
സര്‍വ്വസജ്ജമായി നില്‍ക്കുന്ന
അമ്ലവീര്യത്തിന്‍റെ
സൂക്ഷ്മസംഭരണികള്‍,
അവയുടെ
ചുറുക്ക്, ചുണ,
വാസന, വേഗത,
പ്രസരിപ്പ്, പോരിമ,
പുളി, നീറ്റല്‍ ....

പിന്നത്തേക്കെന്ന്
പണ്ടുനമ്മള്‍ മാറ്റിവെച്ച
നമ്മുടെ തന്നെ ജീവിതങ്ങളെ
ആകാവുന്നത്ര അടുത്ത് നിന്ന്‍
നമ്മള്‍ തന്നെ ഉറ്റുനോക്കുമ്പോള്‍

കുന്നുകള്‍

കുന്നുകള്‍:
അനാദികാലം തൊട്ട്
ആകാശം ഭൂമിയെ
ഉമ്മവെക്കുന്നതിന്‍റെ
തഴമ്പുകള്‍

കുന്നുകള്‍:
അനാദികാലം തൊട്ട്
ഭൂമി ആകാശത്തിനെ
അള്ളുവെയ്ക്കുന്നതിന്‍റെ
മൂര്‍ച്ചക്കൂര്‍പ്പുകള്‍

(ഒരു ജെ.സി.ബി. ഉടമയുടെ മഹാകാവ്യത്തില്‍ നിന്ന്‍ ചോര്‍ന്നുകിട്ടിയത്)

ഞാൻ

രാത്രിയുടെ
ദിവാസ്വപ്നമാണ്
പകൽ

ഞാൻ
ഇതുപോലെ എന്ന്
അതിൽ
വിചാരിക്കപ്പെടുന്നു