Thursday, December 24, 2009

വെളിച്ചത്തിന്റെ അക്വേറിയം

കുട്ടിക്കാലത്തെ വീട്ടിൽ
അടുക്കളയുടെ മേൽക്കൂരയിലുണ്ടായിരുന്നു
ഓടുമാറ്റി ചില്ലുവെച്ച ആകാശജാലകം.

പൊടിയും പുകയും തങ്ങിപ്പൊങ്ങി നീന്തുന്ന
വെളിച്ചത്തിന്റെ ഒരു അക്വേറിയത്തെ
അടുക്കളയിലേക്കിറക്കിവെയ്ക്കുമായിരുന്നു
വെയിലുള്ള നേരങ്ങളിലത്.

അന്തംവിട്ടതിനെ
നോക്കി നിന്നിരുന്നതിന്റെ
ഓർമ്മകളിലെവിടെയോ
തങ്ങിപ്പൊങ്ങിയലയുന്നുണ്ട്
ഇപ്പോഴത്തെ ഒരു ഞാൻ.

ആരാവും നോക്കിനിൽക്കുന്നുണ്ടാവുക,
ഞാനുൾപ്പെടുന്ന
വെളിച്ചത്തിന്റെ അക്വേറിയത്തെ ?

Friday, December 04, 2009

കത്ത്

എത്രയും പ്രിയപ്പെട്ട
നിന്റെ ഏകാന്തതേ,

എനിക്ക് സുഖമെന്ന്
നീ കരുതുന്നു.

ഒരുവിധം നന്നായി പോകുന്നു
നിന്റെ അവിടത്തെ ജീവിതം.

അന്വേഷിച്ചതായി
അറിയിക്കരുതെന്ന്
എന്റെ ഏകാന്തത പറയുന്നു.

കത്ത് ചുരുക്കുന്നതുകൊണ്ട്
വേറെ വിശേഷങ്ങളൊന്നുമില്ല.

ശേഷം
അടുത്ത എഴുതായ്കയിൽ.