Tuesday, May 01, 2007

സൂചന

വെളിച്ചം
ഏഴുവരികളില്‍
ഇരുട്ടിനെക്കുറിച്ച്
ഒരു സൂചന.

കാഴ്ചകള്‍
നിഴലിനെക്കുറിച്ച്
നിറങ്ങളില്‍ പടുത്ത
സൂചനകള്‍.

വെളിച്ചം കൊണ്ട്
കാണാനാവാത്ത
ഇരുട്ടുപോലെ,

നിറം തേച്ച്
ചിത്രമാക്കാനാവാത്ത
നിഴലുപോലെ

അസാധ്യതകളുടെ
വിരസവ്യംഗ്യം
ജീവിതം.

34 comments:

ടി.പി.വിനോദ് said...

സൂചന - പുതിയ പോസ്റ്റ്

കെ.പി said...

വെളിച്ചം കൊണ്ട്
കാണാനാവാത്ത
ഇരുട്ടുമ്

നിറം തേച്ച്
ചിത്രമാക്കാനാവാത്ത
നിഴലുമ്‌

അസാധ്യതകള്‍ നന്നായി..

അഭയാര്‍ത്ഥി said...

സാധിതമായതിനെ കാംക്ഷിക്കുക ജീവിതത്തില്‍ എന്നൊരു സൂചന എനിക്കുതരാനാകും.
നമ്മുടെ അഭീഷ്ടങ്ങള്‍ ജീവിതത്തിന്നെ അടിച്ചേല്‍പ്പിക്കാനായില്ലെങ്കില്‍
ജീവിതം നമുക്കെന്ത്‌ ദാനം തരുന്നുവൊ അതെടുത്ത്‌
സൂചനകളില്ലാതെ കടന്നുവരുന്ന കോമാളിയെ ഓര്‍ക്കാതെ
ജീവിക്കുക.

സൂചനകളില്ലാതെ കൊറിയയില്‍ നിന്ന്‌ ഇടക്കിടെ ഡിജിറ്റല്‍ ആക്കപ്പെടുന്ന കവിതയുടെ വരവ്‌ സന്തോഷമേകുന്നു.

Pramod.KM said...

സൂചന.ലാപുടത്വത്തിന്റെ സൂചനകള്‍ ഉള്ള കവിത.
ഉപമകള്‍ അനുപമം.;)

വേണു venu said...

അസാധ്യതകളുടെ
വിരസവ്യംഗ്യം
ജീവിതം.
സൂചനകള്‍‍ എന്തെല്ലാം സുചനകള്‍‍ നല്‍കുന്നു ലാപുടെ.
ഹൃദ്യം.:)

കണ്ണൂസ്‌ said...

ശരിക്കും അങ്ങിനെയാണോ? വെളിച്ചം അടിച്ചാലും നിറം ചേര്‍ത്താലുമൊക്കെ വഴങ്ങിത്തരുന്ന ഒരു അസാധ്യതയില്ലേ ജീവിതത്തിന്‌ തുണയായി? "പ്രതീക്ഷ" എന്ന് പേരുള്ള ഒരു സൂചന?

ഇത്തിരിവെട്ടം said...

ലാപുടാ... :)
കണ്ണൂസ് അത് എന്റേയും അഭിപ്രായം.

ടി.പി.വിനോദ് said...

കെ.പി, നന്ദി..അസാധ്യതയുടെ അടയാളങ്ങള്‍ നിങ്ങളോട് സംവദിച്ചുവെന്നറിയുന്നതില്‍‍ സന്തോഷം..:)

പ്രമോദേ, വേണൂജീ, നന്ദി, സന്തോഷം...:)

ഗന്ധര്‍വ്വരേ,കണ്ണൂസേ, ഇത്തിരീ, വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.
പ്രകാശോന്മുഖമായ, പ്രസരിപ്പുള്ള,പ്രതീക്ഷകളില്‍ വിശ്വാസമുള്ള ജീവിതദര്‍ശനത്തോട് യോജിപ്പുണ്ട്‍.ഒരുപക്ഷേ ഏറ്റവും കാര്യക്ഷമവും ലാവണ്യപൂര്‍ണ്ണവുമാണ് അത്...:)

പക്ഷേ അത്തരം ഏകമുഖ ദര്‍ശനങ്ങളെ ഒന്നു തിരുത്തി വായിക്കുന്ന തരം തലകീഴായ നോട്ടങ്ങള്‍ അവയെ ആത്യന്തികമായി വിപുലീകരിക്കില്ലേ?

സൈദ്ധാന്തിക യുക്തികളില്‍ നിന്നല്ലാതെ വൈകാരികയുക്തികളില്‍ നിന്നുകൊണ്ടാണ് ഞാന്‍
എഴുതുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. ദാര്‍ശനീകരണ ശ്രമം എന്നതിനേക്കാള്‍ ഞാന്‍ അനുഭവിക്കുന്നതരം ജീവിതത്തില്‍ നിന്ന് അതേ ജീവിതത്തിലേക്കുള്ള സാധൂകരണ സാധ്യതയായാണ് എഴുത്തിന്റെ കൌതുകത്തിലേക്ക് കവിത എന്നെ കൊതിപ്പിക്കുന്നത്.[എന്നെക്കുറിച്ചുള്ള എന്റെ വായന പലതരത്തിലും biased ആയിരിക്കുമെന്ന് സമ്മതിക്കുന്നു :)]

അനോമണി said...

കണ്ണൂസ്..

ഇങ്ങനെ ഒരു ചര്‍ച്ച കവിതയ്ക്ക് കീഴെ, കവിയെ കഴ്ച്ചക്കാരനാക്കി (?!!) നടത്തുന്നതിന്റെ സാംഗത്യം അറിയില്ല, എങ്കിലും പറയട്ടെ..
സാഹിത്യത്തിനും ശാസ്ത്രത്തിനുമുള്ള മനോഹരമായ സാദൃശ്യം അനന്തമായ സാധ്യതകളെ നിരാസത്തിന്റെ ലാഞ്ഛനപോലുമില്ലാതെ അംഗീകരിക്കുന്നു എന്നിടത്താണ്. “ദൈവത്തിന്റെ പകിടകളിയില്‍“ പിടിച്ച് തന്റെ പ്രതിഭയ്ക്ക് പൂര്‍ണ്ണവിരാമമിട്ട ഐന്‍സ്റ്റീന്റെ മണ്ടത്തരം നമുക്ക് ഒഴിവാക്കാവുന്നതാണെന്ന് തോന്നുന്നു.

അനോമണി said...

ഓ...ലാപ്പുട അപ്പോഴേക്കും നയം വ്യക്തമാക്കിയല്ലേ..
കവിത നന്നയിരിക്കുന്നു.

ഏറനാടന്‍ said...

ലാപുട ശരിയാണ്‌. വെള്ളത്തില്‍ വരച്ച വര പോലെയുമല്ലേ ജീവിതം, അല്ലെങ്കില്‍ വായുനിറച്ച വര്‍ണ്ണ ബലൂണ്‍ പോലെ..

കണ്ണൂസ്‌ said...

അനോമണി, കവിതയുടെ ദര്‍ശനത്തിന്റേയും ഭാഷയുടേയും ഒക്കെ ഉടമസ്ഥന്‍ ആത്യന്തികമായി കവി തന്നെ. "ഇങ്ങനെ ആയിക്കൂടെ?" എന്ന വായനക്കാരന്റെ ചോദ്യം, ഒരു വ്യത്യസ്ത വീക്ഷണകോണ്‍ മാത്രമായി കണ്ടാല്‍ മതി. ലാപുട തന്നെ സൂചിപ്പിച്ച പോലെ, പല വായനക്കാരുടെ ഏകമുഖ കാഴ്ച്ചകള്‍ ചിലപ്പോള്‍ കവിക്ക്‌ അടുത്ത കവിതയില്‍ ഒരു ബഹുമുഖ ദര്‍ശനം സൃഷ്ടിക്കാന്‍ സഹായകമായേക്കും എന്ന് മാത്രം.

ഗുപ്തന്‍ said...

വിനോദ് .. സാധ്യതകള്‍ അസാധ്യതകളുടെ വ്യംഗ്യങ്ങളാണ്. എപ്പോഴും വിരസമെന്ന് ഞാന്‍ എളുപ്പം സമ്മതിക്കില്ലെങ്കിലും.

വരികളിലെ പലപ്പോഴും വിഭ്രമിപ്പിക്കുന്ന ദര്‍ശനസാന്ദ്രത താങ്കളുടെ ശക്തിയാണ്. അഭിനന്ദനങ്ങള്‍.

ഈ കവിതയും വിരുന്നുപോലെയുള്ള താങ്കളുടെ മറ്റു രചനകളും ബ്ലോഗില്‍ ഒതുങ്ങരുത് എന്ന് ഒരഭ്യര്‍ത്ഥനയുണ്ട്. ബ്ലോഗ്ഗ് മൂന്നാം കിട മാധ്യമമായതുകൊണ്ടല്ല. അനുവാചകരുടെ പരിമിതികള്‍ കൊണ്ട്. ഒരു പുസ്തകം എളുപ്പത്തില്‍ കയ്യിലൊതുങ്ങും എന്നത് കൊണ്ട്.

വല്യമ്മായി said...

വെളിച്ചം ഇരുട്ടിനെ കുറിച്ചുള്ള സൂചന ആകുന്നത് പോലെ കാഴ്ച നിഴലില്ല എന്നതിന്റെ സൂചനയാണോ? അവസാനത്തെ തീരുമാനത്തിലും കണ്ണൂസിനോട് യോജിക്കുന്നു.ഒരു ബസ്സ് കിട്ടിയില്ല എന്നു കരുതി യാത്ര തന്നെ വേണ്ടെന്ന് വെക്കണോ,തര്‍ക്കത്തിനല്ല വ്യത്യസ്തമായ ഒരു ജിവിത വീക്ഷണം സൂചിപ്പിച്ചെന്ന് മാത്രം.

കവിതയെന്നല്ല ഏതൊരു കൃതിയും പ്രസിദ്ധീകരണ‍ശേഷം വായനാക്കാരുടേതു കൂടിയല്ലേ?
കവി ഉദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ അര്‍ത്ഥതലങ്ങള്‍ വായനക്കാര്‍ക്ക് കാണാന്‍ കഴിയുമ്പോള്‍ തന്നെയാണ് കവിത മഹത്തരമാകുന്നത്.

മുസ്തഫ|musthapha said...

ലാപുട, കവിത നന്നായിരിക്കുന്നു... ഒപ്പം കണ്ണൂസിന്‍റെ മറുചിന്തയും.

സാജന്‍| SAJAN said...

ലാപുട മനോഹര വരികള്‍...
അഭിനന്ദനങ്ങള്‍!!

ടി.പി.വിനോദ് said...

അനോമണീ, ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും സുന്ദരമായ ആ സമാനതയെ സൂചിപ്പിച്ചതിന് നന്ദി...:)

ഏറനാടാ, നന്ദി..:) അതെ, നിങ്ങള്‍ പറയുന്ന നശ്വരത ഗഹനമായ ഒരു ശരിയാണ്.അല്ലെങ്കില്‍ അത് ശരിയിലേക്കുള്ള സാധ്യതകളില്‍ പ്രമുഖമായ ഒന്നാണ്....:)

കണ്ണുസ്, തീര്‍ച്ചയായും താങ്കളുടെ കമന്റ് ഏറെ പ്രസക്തിയുള്ള വീക്ഷണകോണില്‍ നിന്നാണ് .ഈ കവിതയ്കുള്ളത്രയും സാധുത അതിനുമുണ്ട്. അനോമണിയും മറിച്ച് ചിന്തിച്ചിരിക്കില്ലെന്ന് വിചാരിക്കുന്നു.

മനൂ, നന്ദി :)ശരിയാണ്. പുസ്തകത്തിലെ കവിത വായിക്കുമ്പോ കിട്ടുന്ന അനുഭവത്തിന് സമാനതകളില്ല.പക്ഷേ ഇതര മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗിന് മാത്രം സാധ്യമായ interactive സ്വഭാവം നമ്മളെയൊക്കെ ഇതിനോട് കൂടുതല്‍ സ്നേഹമുള്ളവരാക്കുന്നുണ്ട്.അല്ലേ...?

വല്യമ്മായീ, ഒരു സംശയവും വേണ്ട വായനക്കാരന്റേതു തന്നെയാണ് കവിത.എഴുതിക്കഴിഞ്ഞ് വായനയ്ക്ക് വേണ്ടി വെച്ചിരിക്കുന്ന ഒരിടത്ത് അതിന്റെ പാഠനിര്‍മ്മിതിയില്‍ എഴുത്തുകാരന് നിയന്ത്രണങ്ങളോ ദിശാനിറ്ണ്ണയങ്ങളോ ഇല്ല തന്നെ...

അഗ്രജന്‍, സാജന്‍, നന്ദി..വായനയ്ക്കും കമന്റിനും..:)

അനോമണി said...

തീര്‍ച്ചയായും പുതിയ ഒരു ആശയ സാധ്യത സ്വാഗതം ചെയ്യപ്പെടേണ്ടത് തന്നെയാണു്. വല്യമ്മായി പറഞ്ഞതുപോലെ കവിയുടെ അപ്രമാദത്വമൊന്നും കവിതയ്ക്ക് ഇക്കാലത്ത് വേണമെന്നും തോന്നുന്നില്ല. മനുഷ്യ ചിന്തയിലും സാഹിത്യത്തിലും “പ്രതീക്ഷ” പോലുള്ള ആശയങ്ങള്‍ക്ക് ജീവിതവുമായി സാമ്പ്രദായികമായ ഒരു ബന്ധം കല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. പുതിയ ജീവിതത്തിന്റെ യാന്ത്രികതയില്‍ ‘സന്തോഷം‘, ‘പ്രതീക്ഷ‘, ‘സുഖം’ തുടങ്ങിയവയുടെ സാമ്പ്രദായിക അര്‍ത്ഥത്തിന് മാറ്റ് ഒന്നുകുറവാണു് എന്നാണ് തോന്നിയിട്ടുള്ളത്. ഒരു മാ‍റ്റത്തിനു ആരെങ്കിലും വിക്ഷേപിക്കുന്ന ധൂര്‍ത്തായല്ല ഞാന്‍ അതിനെകുറിച്ച് പറഞ്ഞുവരുന്നത്. ‘ഖസാക്കില്‍’ രവി സര്‍പ്പ ദംശനമേറ്റ് ‘സുഖകരമായ’ എന്തിലോ ഒന്നിലേക്ക് ലയിക്കുന്നത് മലയാളി അര്‍ത്ഥ ശങ്കയില്ലാതെ വായിച്ചെടുത്തത് അതുകൊണ്ടാണ് എന്നുതോന്നുന്നു. ലാപുടയുടെ കവിത ഇത്തരത്തില്‍ ഒരു അപനിര്‍മ്മാണമായാണ് വായിച്ചത്. അതുകൊണ്ടുതന്നെ കണ്ണൂസിന്റെ അഭിപ്രായം ഒരു ദൂരക്കാഴ്ച്ചയാണോ എന്ന് തോന്നി, അത്രമാത്രം.
കണ്ണൂസിന്റെ ‘കമെന്റ്സ്’ പലയിടങ്ങളിലും(പ്ലാച്ചിമടയെ കുറിച്ചും മറ്റും) കണ്ട് എഴുതണം, പരിചയപ്പെടണം എന്ന് കരുതിയിട്ടുണ്ട്. അത് ഇവിടെവെച്ചായതില്‍ സന്തോഷം.

ഗുപ്തന്‍ said...

ഒരു പുനര്‍വായനയില്‍

കാഴ്ചകള്‍
നിഴലിനെക്കുറിച്ച്
നിറങ്ങളില്‍ പടുത്ത
സൂചനകള്‍

എന്നത് ഏകവചനത്തില്‍ തന്നെയായിരുന്നു നല്ലതെന്ന് തോന്നി. (കാഴ്ച.... സൂചന)

വാക്കിന്റെ വ്യംഗ്യത്തില്‍ കവിക്ക് അപ്രമാദിത്വം ഇല്ലെങ്കിലും വാക്കുകളില്‍ കവിക്ക് അപ്രമാദിത്വം ഉണ്ടെന്നാണെന്റെ വിശ്വാസം. അതുകൊണ്ടുതന്നെ തീര്‍ച്ചയായും വിനോദിന്റെ ബഹുവചനപ്രയോഗത്തിന് ഒരു കാരണമുണ്ടാവും എന്ന് വിചാരിക്കുന്നു. എന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ വിനോദ്?

ടി.പി.വിനോദ് said...

മനൂ, നിഴലിനെ സൂചിതകമാക്കുംവിധം നിറം കലര്‍ന്ന സൂചകങ്ങളാകുന്ന കാഴ്ചകള്‍ അകത്തോട്ടുള്ളതായാലും പുറത്തോട്ടുള്ളതായാലും അനേകമുണ്ടല്ലോ...കാഴ്ചകളുടെ ആ ബഹുത്വം തന്നെയാണ് ആ ബഹുവചനത്തിന്റെയും logical reference..:)

സു | Su said...

സൂചന നന്നായി :)

അപ്പു ആദ്യാക്ഷരി said...

എനിക്ക് ആദ്യം മനസ്സിലായില്ലായിരുന്നു. പിന്നീട് ഇത്തിരിവെട്ടം വിശദീകരിച്ചുതന്നു. ഒന്നുകൂടിവായിച്ചപ്പോള്‍ മനസ്സിലായി. സൂചന നന്നായി ലാപുടേ.

qw_er_ty

പരാജിതന്‍ said...

ഇത്തവണയും പ്രതീക്ഷ തെറ്റിയില്ല. ഇതെന്തിന്റെ സൂചനയാണ്?

ടി.പി.വിനോദ് said...

സൂവേച്ചി,അപ്പു, നന്ദി....:)

പരാജിതാ,നന്ദി. പ്രതീക്ഷയുടെ പ്രാസം കവിതയ്ക്ക് നല്ല സൂചനകള്‍ തരുമെന്ന് ആശിക്കുന്നു...:)

വിശാഖ് ശങ്കര്‍ said...

ഈ കവിതയെക്കുറിച്ച് ഒരു പോസ്റ്റ് ചെയ്തുകൊണ്ട് വിനിമയങ്ങള്‍ എന്ന പേരില്‍ ഒരു പുതിയ ബ്ലോഗ് തുടങ്ങണം എന്നു കരുതിയതാണ്.ഇതുവരെ കഴിഞ്ഞില്ല.ഇന്നിപ്പൊ ഈ കവിത നാലാം തവണ വായിക്കുമ്പോള്‍ പോസ്റ്റിന്റെ കാര്യം ഞാന്‍ കാലത്തിനു വിടുന്നു..
ഈ കവിത നന്നായി എന്നു മാത്രം പറയട്ടെ..

കുറുമാന്‍ said...

ഇതില്‍ നിന്നുമെനിക്കൊരു സൂചന കിട്ടി :)

ടി.പി.വിനോദ് said...

വിശാഖ്, നന്ദി..ബ്ലോഗ് തുടങ്ങുന്ന കാര്യം കാലത്തിനു വിടേണ്ട...ഈ കവിതയില്‍ നിന്നു തന്നെ തുടങ്ങണമെന്നില്ല...കവിതാ വായനകളുടെ ഒരു ബ്ലോഗ് തീര്‍ച്ചയായും നമുക്ക് ആവശ്യമുണ്ട്..വൈകാതെ തുടങ്ങൂ...:)

കുറുമാഷേ, നന്ദി, സന്തോഷം.....:)

വല്യമ്മായി said...

കവിതാസ്വാദനത്തിനെ കുറിച്ചൊരു ബ്ലോഗ് എന്‍റേയും ഒരു സ്വപ്നമാണ്.പുതിയ കവിതകള്‍ മാത്രമല്ല.രാമചന്ദ്രന്‍‍ മാഷ് വീണപൂവിനെ കുറിച്ച് എഴുതിയതു പോലേയും ഉള്‍പ്പെടുത്തണം.

nalan::നളന്‍ said...

കാഴ്ചകള്‍
നിഴലിനെക്കുറിച്ച്
നിറങ്ങളില്‍ പടുത്ത
സൂചനകള്‍.


ലാപുട! ഇതൊരുപാടിഷ്ടമായി...

നൈമിഷികമായ സന്തോഷത്തിലും
കണ്ണുനീര്‍ പൊടിയുന്നത്
നൈമിഷികയ്ക്കപ്പുറമുള്ള ദുഖ്:ത്തിന്റെ സൂചന ?

സൌന്ദര്യത്തിന്റെ അഘാതം
സമ്മാനിച്ചു പൊക്കുന്ന വിങ്ങലിലും
അതേ നൈമിഷികതയുടെ സൂചനയല്ലേ ?

വിഷ്ണു പ്രസാദ് said...

അസാധ്യതകളുടെ വിരസവ്യംഗ്യം ജീവിതം എന്ന് ഇത്ര വേഗം നീ കണ്ടെത്തിയോ?
കവിത നിന്റേതു തന്നെ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Kavithyane pathyam alle?
Kalakkunnunde keto :)

[ nardnahc hsemus ] said...

പുതിയ "സൂചന" വളരെ നന്ന്,
എല്ലാ പോസ്റ്റും കണ്ടു..
മുന്‍പേ എത്തിപെടാഞ്ഞതിലുള്ള ദു:ഖം
ഈ പോസ്റ്റിന്റെ കടയ്ക്കല്‍ കാലുപൊക്കി....

ശ്‌ ശ്‌ ശൂൂ...

കെ.പി റഷീദ് said...

എടാ
ഇത്രയും
ഇടം ഉണ്ടായിരുന്നോ
വാക്കുകള്‍ക്ക്‌`?

ടി.പി.വിനോദ് said...

നളന്‍മാഷ്, വിഷ്ണുമാഷ്, വഴിപോക്കന്‍,സുമേഷ് ചന്ദ്രന്‍, റഷീദ് , സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി...:)

qw_er_ty