സംഭവിക്കുന്നതെന്തെന്ന്
അറിയാനിടതരാതെ
കാര്യങ്ങള്‍
ഒന്നില്‍നിന്നൊന്നിലേക്ക്
തെന്നിവീണുകൊണ്ടിരിക്കുന്നു.
ഞാന്‍ നിന്നെ നോക്കുമ്പോഴും
നീ എന്നെ നോക്കുമ്പോഴും
നോട്ടങ്ങള്‍
കാഴ്ചയുടെ വരമ്പില്‍ നിന്ന്
നമ്മുടേതല്ലാത്ത
വയലുകളിലേക്ക് വഴുക്കുന്നു.
പത്രത്തിലേക്ക്
നോക്കിയിരിക്കുമ്പോള്‍
വാര്‍ത്തയില്‍നിന്ന് വഴുതി
വായന
ചരിത്രത്തിനു പുറത്താവുന്നു.
കണ്ടുമുട്ടുന്നവര്‍
കുശലം ചോദിക്കുമ്പോള്‍
കുന്നായ്മയെക്കുറിച്ചുള്ള
കരുതലുകളിലേക്ക്
കേള്‍വിക്ക്
കാലുവഴുക്കുന്നു.
വാതിലടച്ച്
പുറത്തോട്ട് കാലുവെയ്ക്കുമ്പോള്‍
ഉള്ളില്‍നിന്നൊരു ഗ്രാമം
നഗരത്തിലേക്ക്
മലര്‍ന്നടിക്കുന്നു.
വാതില്‍ തുറന്ന്
അകത്തോട്ട് കയറുമ്പോള്‍
നഗരം
ഗ്രാമത്തിലേക്ക്
വിരലൂന്നി നടക്കുന്നു.
നിന്നിടത്ത്
നില്ക്കാനാവാതെ
നിന്നിട്ടില്ലാത്തിടത്ത്
നിരങ്ങിയെത്താനുമാവാതെ
ജീവിതം
സമയത്തിനുമേലെ
വഴുവഴുക്കുന്നു.
ദൈവത്തിന്റെ മിനുസത്തില്‍
കാലുറക്കാതെ
സ്വര്‍ഗ്ഗം നരകത്തിലേക്കും
നരകം സ്വര്‍ഗ്ഗത്തിലേക്കും
തലതല്ലി വീഴുന്നു.
'വഴുക്ക്
ഒരു വിനിമയമാണ് ;
പ്രപഞ്ചത്തെക്കുറിച്ച്
വേഗത്തിന്റെ ചിഹ്നങ്ങളില്‍
ഭൂഗുരുത്വം തരുന്ന
അമ്പരപ്പിക്കുന്ന അര്‍ത്ഥങ്ങള്‍’
എന്ന ദര്‍ശനത്തിനു പോലും
ചിരിയിലേക്ക് വഴുതി
പല്ലുപോവുന്നു.
(ഈ കവിത മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്)
33 comments:
കവിതകൊണ്ട് നിഘണ്ടു പൂര്ത്തിയാക്കുന്നവന്.
വഴുതല് നന്നായിട്ടുണ്ട്.വഴുക്കിനും എന്താഴം...!
ഓരോന്നിനും ഓരായിരം അര്‍ത്ഥം കൊടുക്കാവുന്നത്,
ഇഷ്ടമായി...
വളരെ, വളരെ.
എത്ര ലാര്‍ജ് അടിച്ചു മാഷേ.................കാലു നിലത്തുറക്കുന്നില്ല. വല്ലത്ത വഴുക്കല്‍. വല്ല അത്യന്തധുനിക വഴുക്കലുമാണോ...............ഒന്നും മനസ്സിലാകുന്നില്ല.........
കരീം മാഷേ ഇതിന്റെയൊക്കെ അര്‍ത്ഥം ഒന്നു പറഞു തരാമോ പ്ലീസ്..................കപ്പലണ്ടി മിട്ടയി വാങിത്തരാം...........................
വഴുക്ക് നന്നായിട്ടുണ്ട്. വഴുക്ക് എന്നതും മനോഹരമാണെന്ന് ലാപുട കാണിച്ചു.
നഗരത്തില്‍ വഴുക്കിവീഴുന്ന ഗ്രാമീണതയെയും, വഴുക്കാതിരിയ്ക്കാന്‍ ഗ്രാമത്തിലേയ്ക്ക് ശ്രദ്ധയോടെ വിരലൂന്നിനടക്കുന്ന നാഗരികതയേയും കൊണ്ടുനടക്കുന്ന ഇരട്ടവ്യക്തിത്ത്വക്കാരായ ഓരോരുത്തരുടേയും കവിത.
ഇഷ്ടപ്പെട്ടു.
ശരിയാണല്ലോ!
പത്രത്തിലേക്ക്
നോക്കിയിരിക്കുമ്പോള്‍
വാര്‍ത്തയില്‍നിന്ന് വഴുതി
വായന
ചരിത്രത്തിനു പുറത്താവുന്നു.
ഇതു മാത്രം മറ്റുള്ളവയോട് ഒത്തു പോകാതെ ‘വഴുക്കി’നില്ക്കുന്നു എന്നൊരു തോന്നല്‍.
കവിത വളരെ ഇഷ്ട്മായി...
വഴുക്കല്‍ മലയാള കവിതയില്‍ പുതിയ വായന...
നാസ്സര്‍ കൂടാളി
“വഴുക്ക്“
വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലും ഒരു മുന്‍ കരുതല്‍.. എന്തിനാണെന്നറിയുമോ???
വഴുക്കി വീഴാതിരിക്കാന്‍...
നല്ല കവിത... അഭിനന്ദനങ്ങള്‍.
ഇന്നാളൊരു കവിതവായിച്ച് കൂട്ടുകാര്‍ക്ക് അയച്ച് കൊടുത്തു തലവാചകം “വഴുക്കി പോയ ഒരു കവിത”
ഇന്ന് ഒരെണ്ണം അയക്കണം “വഴുക്കാതെ വഴങ്ങുന്ന വഴുക്ക്”
പെരിങ്ങ്സ്, താങ്ക്സ്...:)
വിഷ്ണുമാഷേ, സന്തോഷം, നന്ദി..
കരീം മാഷേ, ഇഷ്ടമായെന്നറിയുന്നതില്‍ വളരെ സന്തോഷം.
സുവേച്ചി, നന്ദി..
പുള്ളി,നഗരത്തിന്റെയും ഗ്രാമത്തിന്റെയും ദ്വന്ദ്വങ്ങളെ എഴുതിയഭാഗം എത്രമാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യും എന്ന് എനിക്ക് ശങ്കയുണ്ടായിരുന്നു.നിങ്ങള്‍ അത് എന്നെ ആഹ്ലാദിപ്പിക്കുംവിധം കൃത്യമായി വായിച്ചു.നന്ദി..
സന്തോഷ് മാഷേ, നന്ദി. എഴുതിക്കഴിഞ്ഞ് അപ്പോ തന്നെ പോസ്റ്റ് ചെയ്തതാണ് ഈ കവിത.ആ ഭാഗം മുഴച്ചുനില്‍ക്കുന്നുണ്ടോ എന്ന് എനിക്ക് ഇപ്പോ വായിച്ചാ മനസ്സിലാവില്ല.എഴുത്തിന്റെ ആ baised state തീര്‍ന്ന് കഴിയുമ്പോ മനസ്സിലാവുമായിരിക്കും...:)
നാസര്‍, നന്ദി, സന്തോഷം..
കിച്ചു, നന്ദി..
ഡാലി, നന്ദി.[കൂട്ടുകാരി കയ്യകലത്തുള്ള ആളാണെങ്കില്‍ എന്റെ കവിതയൊക്കെ കൊടുക്കുമ്പോ സൂക്ഷിക്കുന്നത് നന്നായിരിക്കും...:)]
ഉറുമ്പ്/ant, താങ്കളുടെ കമന്റിലെ പരിഹാസത്തെ അര്‍ഹിക്കുന്ന അനാദരവോടെ തള്ളിക്കളയുന്നു. അതിലെ വിമര്‍ശനത്തെ സഗൌരവം സ്വീകരിക്കുന്നു.കവിത ദുര്‍ഗ്രഹമാക്കാന്‍ മന:പൂര്‍വ്വമായ ശ്രമങ്ങളൊന്നും ഞാന്‍ നടത്താറില്ലെന്ന് മാത്രം പറഞ്ഞോട്ടെ. മനസ്സിലാവുന്നതും മനസ്സിലാകാത്തതുമൊക്കെ വായിക്കുന്നവരുടെ വായനാശീലം, മനോവേഗത തുടങ്ങി ഒരുപാട് കാര്യങ്ങളെ ആശ്രയിക്കുന്ന തികച്ചും ആപേക്ഷികമായ കാര്യങ്ങളാണ്. അതില്‍ സാര്‍വ്വലൌകികമായ സ്വീകാര്യത വരുത്താന്‍ എനിക്കാവുമെന്ന് തോന്നുന്നില്ല[അതെന്റെ പോരായ്മയായിരിക്കാം].
കവിത വായിച്ചുവെങ്കില്‍ അതിനും അഭിപ്രായപ്രകടനത്തിനും നന്ദി.
(((കവിത വായിച്ചുവെങ്കില്‍ അതിനും അഭിപ്രായപ്രകടനത്തിനും നന്ദി.))
ലാപൂ, ലതു കലക്കി.
പെരിങ്ങോടന്റെ കമന്റ് ശരിയാണ്. പെരിങ്ങോടന് നല്ല അര്‍ത്ഥത്തില്‍ പറഞ്ഞതാണെന്നു വരുകിലും, ഞാന്‍ അത് വിമര്‍ശനപരമായി ഉപയോഗിക്കുന്നു. ഇടയ്ക്ക് ഓരോ കമ്മ്യൂണിസ്റ്റ് പച്ചയും അന്ധവിശ്വാസങ്ങള്‍ ശ്രേണീയും പോരട്ടെ.
കേള്‍വിയുടെയും,ദറ്ശനങ്ങളുടെയും,സറ്വ്വോപരി സമയത്തിന്റെയും വഴുക്കുകള്‍ നന്നായി പകറ്ത്തിയിരിക്കുന്നു:)
ആശംസകള്‍..
"നിരങ്ങിയെത്താനാവാതെ ജീവിതം സമയത്തിനുമേലെ വഴുവഴുക്കുന്നു" എന്നവരി മനസ്സില്‍നിന്നും വഴുക്കാതെ തറച്ചുനില്‍ക്കുന്നു.
നന്നായി മച്ചു..
“നിന്നിടത്ത്
നില്ക്കാനാവാതെ
നിന്നിട്ടില്ലാത്തിടത്ത്
നിരങ്ങിയെത്താനുമാവാതെ
ജീവിതം
സമയത്തിനുമേലെ
വഴുവഴുക്കുന്നു“
വിനോദ്, വളരെ നന്നായിട്ടുണ്ട് ഈ കവിത...
വഴുക്കിനെ ഒരു വഴിക്കാക്കി വെച്ചിരിക്കുന്നു :)
ഇത്തിരി ദര്‍ശനവും ഇത്തിരി കവിതയും.നന്നായി ഇഷ്ടപ്പെട്ടു ലാപുട.
വഴുക്കലെല്ലാം പുതുക്കാനുള്ള പ്രയാണങ്ങളാവാം
വഴുക്കലിന്റെ ഒരു ശക്തിയേ !!
അമ്മയുടെ വയറ്റില്‍ നിന്നായിരുന്നു, എന്റെ ആദ്യ വഴുക്ക്... അത് പിന്നെ എവിടെയും നിന്നില്ല... തെന്നി തെന്നി വഴുക്കി വഴുക്കി.. ഭൂമിയിലൂടധിദൂരം...
ഇനിയെവിടെങ്കിലും വഴുക്കിതെറിച്ചതങ്ങു തകര്‍ന്നു ചിതറും...
എഴുതിയാല്‍ തീരാത്തത്രയുള്ള വഴുക്കിന്റെ കവിത ഇത്രയാക്കി നിറുത്താന്‍ കവിയ്ക്കും കൈ വഴുക്കി അല്ലേ? .. നല്ല വിഷയം, ബിംബങ്ങള്‍!... :)
വഴി ഇതു തന്നെ,
ലാപുട.
നിന്റെ കവിതകള്‍ക്കൊപ്പം
എറെ നടന്ന ആ പഴയ ഓര്‍മയില്‍
തന്നെ ഈ പറച്ചില്.
കവിത എറെ സൂക്ഷ്മമായി.
ആകാശവും അതിരും മാറി.
ചിന്തയും നോട്ടവും മാറി.
ഇതു തന്നെ കവിതയുടെ ആ
വഴി. അടയാളം.
'വഴുക്ക്'
ഇതേ ദിശയില്‍ വാക്കിനെ
കൈ പിടിച്ചു നടത്തുന്നു.
വാക്കിന്റെ ദേശാടനങ്ങള്‍
കഴിഞ്ഞെത്തുന്ന
പുതിയ പിറവികള്‍
കാതോര്‍ക്കുന്നു.
ശ്രദ്ധിക്കാന്‍ പോലും മറന്നുപോകുന്ന സാധാരണതകളിലേക്ക് ചുഴിഞ്ഞുനോക്കുന്ന ആ കുഴല്‍ക്കണ്ണാടി ഒന്നു കടം തരുമോ ....
(20 ലേറെ തവണ വായിച്ചിട്ടാണ് ഈ കമന്റ്...
മനസ്സിലാകാഞ്ഞിട്ടല്ല !!! )
നല്ല ഗ്രിപ്പുള്ള വഴുക്കാത്ത കവിത!
'വഴുക്ക്' ഒരു 'വല്ലാത്ത' വാക്കാണ്...വെറും കേള്‍വി കൊണ്ടു മാത്രം അത് അനുഭവം ഉളവാക്കുന്നു. ഇതിനു തുല്യമായ മറ്റൊരു വാക്ക് ഓര്‍മ്മ വരുന്നില്ല.
English ല്‍ Tranquility പോലെ.
ശ്രദ്ധയ്ക്ക് പിടി തരാതെ വക്കില്‍ വഴുതുന്നവയിലാണ് താങ്കളുടെ കവിത ഉടക്കുന്നത്...അരികുകള്‍ കാണാന്‍ ഞാനും പഠിക്കേണ്ടിയിരിക്കുന്നു.
വഴുതി വീണു
വഴുക്ക്
ഇതാ എന്റെ മുന്നില്‍...
നാളെ ഇറങ്ങുന്ന
മാധ്യമം വീക്കിലിയില്‍...
De maashe, oru mathiri pani kaaniyKaruth... paRanjekkaam !manushyane "vazhukkaan " vittitt chummaa irikkuvaanno?
evide aduththath???
ഒതുങ്ങിയെന്നു സമാധാനിക്കുമ്പോള്‍ കൈപ്പിടിയില്‍നിന്നും വഴുതിപ്പോയ ബ്രാലിനെ ഓര്‍മ്മവരുന്നു. മഴപുളയ്ക്കുന്ന ഏതു പാടത്താണാവോ ഇപ്പോള്‍ അവള്.
കവിതയോട് ചേര്‍ന്നു നില്ലാത്തവയെ ഓര്‍മ്മപ്പെടുത്തി നിന്റെ കവിത.
നന്ദി.
അന്ധമായ കാഴ്ചകളുടെ ദുസ്സ്വാതന്ത്ര്യമാണ് ലാപുടക്കവിതകളുടെ പ്രത്യേകത.കണ്ണുകളുടെ ചുവരുകള്‍ക്കുള്ളില്‍ ബിംബങ്ങളുടെ വയലുകള്‍ ഞെരുങ്ങിപ്പോകാത്തതും വാതിലടച്ച് പുറത്തേക്ക് കാല്‍വയ്ക്കുമ്പോള്‍മ്പോള്‍ ഒരു ഗ്രാമം തന്നെ നഗരത്തിലേക്ക് മലര്‍ന്നടിക്കുന്നതും ഈ ദുസ്വാതന്ത്ര്യത്താലാണ്.സൌന്ദര്യം എല്ലായ്പ്പോഴും അനുവദിക്കപ്പെട്ട അതിരുകള്‍ക്ക് പുറത്തേക്കുള്ള ഒളിനോട്ടങ്ങള്‍ക്ക് ഒരുള്‍പ്രേരണയാണെന്ന വസ്തുതകൂടി ചേര്‍ത്തുവായിക്കണം ഇതോടൊപ്പം.ഒച്ചകള്‍ കലരാതെ തന്നെ അര്‍ത്ഥങ്ങളുടെ പടയണി കാണാന്‍ കഴിയും ഈ കവിതകളില്‍.
ഒരു ചെറിയ വിമര്‍ശം കൂടി...
വാതിലടച്ച്
പുറത്തോട്ട് കാലുവെയ്ക്കുമ്പോള്‍
ഉള്ളില്‍നിന്നൊരു ഗ്രാമം
നഗരത്തിലേക്ക്
മലര്‍ന്നടിക്കുന്നു.
വാതില്‍ തുറന്ന്
അകത്തോട്ട് കയറുമ്പോള്‍
നഗരം
ഗ്രാമത്തിലേക്ക്
വിരലൂന്നി നടക്കുന്നു.
ഇതില്‍ വാതില്‍ തുറന്ന് അകത്തേക്ക് കയറുമ്പോള്‍ എന്നത് കവിതയെ ശിഥിലമാക്കുന്നില്ലേ എന്നു സംശയിക്കുന്നു.പുറത്തേക്ക് മലര്‍ന്നടിച്ച ഗ്രാമത്തിന്റെ ശക്തിയുണ്ടോ അകത്തേക്ക് വിരലൂന്നുന്ന ഗ്രാമത്തിന്.ആ വരികള്‍ വേണമായിരുന്നോ?.....
മഞ്ഞുമലയുടെ അടരുകള്‍ പരസ്പരം നോവിക്കാതെ വഴുതി നീങ്ങുന്നതുപോലെ, ഒരു കവിതയിലൂടെ, കാവ്യാനുഭവത്തിലൂടെ കടന്നു പോകുവാന്‍ ഇന്നവസരം കിട്ടി. ’ലാപുട’ എനിക്കൊരു വായനാ വിസ്മയമായിരുന്നു.
നിമീലിതനേത്രങ്ങള്‍ക്കുള്ളീല്‍ സ്വപ്നങ്ങളില്‍ നിന്നു സ്വപ്നങ്ങളിലേക്കു വഴുതി നീങ്ങുന്ന കണ്മണിയെ നിര്‍ന്നിമേഷനായി നോക്കിയിരിക്കുമ്പോള്‍ ഓരോരോ വഴുക്കലിനുമിടയില്‍ കവിതകള്‍ പിറവിയെടുത്തുകൊണ്ടേയിരിക്കുന്നു. അവയാണ് ജീവിതാനുഭവങ്ങളിലൂടെ വഴുതിയൊഴുകി പലതരത്തിലുള്ള കാവ്യപ്രവാഹങ്ങളായിത്തീരുന്നത്. സര്‍ഗ്ഗധനനായ ഓരോ കവിയും ഓരോ കാവ്യപ്രവാഹമാണ്. അങ്ങനെയൊരു പ്രവാഹമായി ലാപുട നമ്മുടെയുള്ളിലേക്കൊഴുകിയെത്തുമ്പോള്‍ അതിലാറാടി രസിക്കാനല്ലാതെ കരയിലിരുന്ന് കല്ലെടുത്തെറിയാന്‍ ഏതു സഹൃദയനാണ് കഴിയുക !
"കാഴ്ചയുടെ വരമ്പില്‍ നിന്ന്
നമ്മുടേതല്ലാത്ത
വയലുകളിലേക്ക് വഴുക്കുന്ന"-താണ് ജീവിതം. ഈ തിരിച്ചറിവിന്റെ തുരീയാവസ്ഥയില്‍ " ജീവിതം സമയത്തിനുമേലെ വഴുവഴുക്കു"-കയുമാണ്.
സൃഷ്ടിയിലേക്കു നയിക്കുന്ന ആനന്ദത്തിന്റെ വഴുവഴുപ്പില്‍ തുടങ്ങി പിറവിയും പുനസൃഷ്ടിയും കടന്ന്
അഗ്നിയിലുരുകുന്ന നെയ്യിന്റെ വഴുവഴുപ്പിലവസാനിക്കുന്നതിന്നിടയിലാണ്
"സംഭവിക്കുന്നതെന്തെന്ന്
അറിയാനിടതരാതെ
കാര്യങ്ങള്‍
ഒന്നില്‍നിന്നൊന്നിലേക്ക്
തെന്നിവീണുകൊണ്ടിരിക്കുന്ന"-ത്.
ലാപുട നമ്മളെ അനുഭവിപ്പിക്കുന്നതും അതുതന്നെയാണ്.
നാഗരികതയിലേക്ക് വഴുതി വീഴുമ്ബോള്‍ വഴുക്കാതിരിക്കാന്‍ റബ്ബ്ക്കോ ചെരുപ്പ് ഉപയൊഗിക്കുക....
പത്രത്തിലേക്ക്
നോക്കിയിരിക്കുമ്പോള്‍
വാര്‍ത്തയില്‍നിന്ന് വഴുതി
വായന
ചരിത്രത്തിനു പുറത്താവാതിരിക്കാന്‍ ജ്യോതിഷ്
ബ്രമ്ഹി ഒരു റ്റീസ്പൂണ്‍ ദിനം പ്രതി കഴിക്കുക.....
എന്തായാലും കവിത മനോഹരം ചിന്താജനകം
അടിപൊളി.... congrats.......
എന്ന്,
സ്വന്തം സഹോദരന്...
വായിച്ചവര്‍ക്കും കമന്റെഴുതിയവര്‍ക്കും ഒരുപാട് നന്ദി..
ലാപുട,
വളരെ നന്നായിരിക്കുന്നു കവിത..
ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള സംഗതികളുടെ വഴുക്കലിന്റെ ഈ അവതരണം വേറിട്ട ഒരു നല്ല അനുഭവമാകുന്നു..
ഒപ്പം ഒന്നാം വാര്‍ഷിക ആശംസകള്‍!!
qw_er_ty
Post a Comment