വിശന്നു മുരളുന്ന
സിംഹത്തെ കാണുമ്പോള്‍
ഇരുമ്പിനെ കമ്പികളാക്കാമെന്നും
കമ്പിയെ അഴികളാക്കാമെന്നും
കണ്ടെത്തിയവരെ
നന്ദിയോടെ ഓര്‍ക്കും.
സ്വയംഭോഗം ചെയ്യുന്ന
കുരങ്ങുകള്‍ക്കുമുന്നില്‍
ആണ്‍കുട്ടികള്‍
പെണ്‍കുട്ടികളുടെ ദേഹത്തുതട്ടാതെ
ശ്രദ്ധാലുക്കളാകും.
പഴയ ചിത്രകഥകളുടെ
ഹരംനിറഞ്ഞ ഓര്‍മ്മകളുണര്‍ത്തി
ചെളിവെള്ളത്തില്‍
അനങ്ങാതെ പൊങ്ങിനില്ക്കും
മുതലകള്‍ .
അടര്‍ന്നു പോരാതെ
ആഞ്ഞുപിടിക്കുന്ന ഉടുമ്പുകളെ
ഭിത്തിയില്‍ മക്കള്‍ക്ക് കാണിച്ചുകൊടുക്കും.
ഒരു മൃഗശാലയെങ്കിലും വേണം
ഓരോ നഗരത്തിലും.
[ 2006 ജനുവരിയില്‍ മൂന്നാമിടം.കോമില് പ്രസിദ്ധീകരിച്ചത്]
25 comments:
അതെ... ഒരു മൃഗശാല എങ്കിലും വേണം!
:)
മൃഗങ്ങള്‍ നല്ല അധ്യാപകര്‍...
നമിച്ചു :)
അവസാനം കലക്കി :-)
മനോഹരം.
എങ്കിലേ നഗരത്തിലെ മനുഷ്യശാലയെക്കുറിച്ച് ഇങ്ങനെ ഓര്‍മ്മിക്കാനും ഓര്‍മ്മിപ്പിക്കാനും കഴിയു.നല്ലൊരു കവിയും കൂടി വേണം.:)
നന്നായിരിക്കുന്നു
ലാപുടാ,
ഇതൊക്കെ കാണിച്ചു തരാനും നല്ലൊരു കവി വേണം.
നല്ല കവിത.:)
ശരിയാണ് ലാപുട, കാണല്‍ അല്ല കാട്ടിക്കൊടുക്കലും കാണാനായി നില്‍ക്കലും ആണ് മൃഗശാല. ഞാന്‍ ആദ്യമായി പോയപ്പോള്‍ കാട്ടിത്തന്നത് അഛന്. ഞാന്‍ എന്റെ മകള്‍ക്ക് കാട്ടിക്കൊടുത്തപ്പോള്‍ ഓര്‍മ്മയില്‍ കണ്ടതും അതു തന്നെ!
നല്ല കവിത.
മൃഗശാല നഗരത്തില്‍ മാത്രം മതിയോ? ഗ്രാമത്തിലുള്ളവര്‍ ഉള്ളിലെ സിംഹത്തെമെരുക്കാനും കാമത്തെ ഒതുക്കാനും പൊങ്ങിക്കിടക്കാനും പൂണ്ടടക്കം പിടിക്കാനും അറിയാവുന്നവരാണെന്നോ അല്ലെന്നോ..?
:)
അസ്സലായി.
ഞാനിവിടെ വരും,
വായിക്കും
ഒന്നും മിണ്ടാതെ പോകും
കാരണം കമന്റിടാന്‍ “ നന്നായിട്ട്ണ്ട്, ഇഷ്ടായി “ ഇങ്ങനെ പഴകിത്തേഞ്ഞ വാക്കുകളേ എന്റേലുള്ളു
ഇത്തവണ
ഒന്നും മിണ്ടാണ്ട് പോവാന്‍ പറ്റ്ണില്ല
പ്രമോദിന്റെ കമന്റിനടിയില് ഒരൊപ്പ്
ശ്രീ, അതെ, വേണം...നന്ദി.
ക്രിസ്വിന്, സന്ദര്‍ശനത്തിനും കംന്റിനും നന്ദി.
പ്രമോദേ...:)
സിമി, ആകെ കലങ്ങിയതല്ലേ നമ്മുടെ വാഴ്വു നോട്ടങ്ങള്‍...നന്ദി..
ദില്‍ബാ, താങ്ക്സ്..:)
സനാതനന്, മനുഷ്യശാല എന്ന വായിച്ചെത്തല്‍ ഇഷ്ടമായി...നന്ദി.
ശെഫി, വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.
വേണൂജി, നന്ദി, വീണ്ടും...:)
കുമാര്‍ജീ, കാണിച്ചുകൊടുക്കലും കാണാനായി നില്‍പ്പും നഗരത്തിന്റെ രീതിശാസ്ത്രം...നന്ദി, വായനയ്കും കമന്റിനും.
വെള്ളെഴുത്ത്, നഗരത്തിനു പഠിക്കുന്ന ഗ്രാമങ്ങളല്ലേ ഉള്ളൂ നമുക്ക്...:)
മുരളി മേനോന്, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി...
ചോപ്പ്, പഴകിത്തേയുന്നില്ലല്ലോ കവിതയോട് നമുക്കുള്ള ഇഷ്ടം..അതു മതി അല്ലേ? നന്ദി..
ലാപുട ഇതും ഇഷ്ടായി!
ലാപുട,നന്നായിട്ടുണ്ട്.ബിംബസമൃദ്ധം ഈ രചന.
ലാപൂടാ,
ഇതെന്റെ കണ്ണു നിറയിച്ചു. വളരെ ഇഷ്ടമായി.
അതെ... ഒരു മൃഗശാല എങ്കിലും വേണം!
ഒരു ശാലയില്‍ ഒതുങ്ങുമോ ലാപുടാ, ഈ മൃഗങ്ങളെല്ലാം ?
മൃഗശാല!
സുഹൃത്തെ,
കവി കാലത്തിന്റെ കണ്ണാടിയാണ്, താങ്കള്‍ കവികളുടെ കണ്ണാടിയും.
ആശംസകളോടെ
സ്വന്തം
രജി മാഷ്.
നല്ല മൃഗശാല
;)
കമ്പികളും അഴികളും മുരളുന്ന സിംഹത്തിനു മാത്രമായാണോ നിര്‍മ്മിച്ചിരിക്കുന്നത് ? മുരളുന്ന മനുഷ്യ ജന്മങ്ങള് അഴികള്‍ക്ക് പിറകിലില്ലേ? സ്വയം ഭോഗവും സ്വവര്‍ഗഭോഗവും അഴികള്‍ സൃഷ്ടിക്കുന്നില്ലേ? പഴയ മങ്ങിയ ഓര്‍മ്മകളുടെ നിലയില്ലാക്കയത്തില്‍ പൊങ്ങുതടികളായ് കിടക്കുന്ന മുതലകളില്ലേ? തിരുത്താനാവാത്ത ദുശ്ശാഠ്യങ്ങളുമായി അടര്‍ന്നു പോരാതെ ആഞ്ഞുപിടിക്കുന്ന ഉടുമ്പുകളില്ലേ? അതേ , നമുക്ക് ഇരുമ്പഴികള്‍ വേണം ഓരോ നഗരത്തിലും.
വെള്ളെഴുത്ത് മാഷിന്റെ ബ്ലോഗില്‍ നിന്നുമാണ് ഇവിടെ എത്തിയത്...
മൃഗശാല നന്നായിരിക്കുന്നു മാഷേ...
:)
കാണരുത് മൃഗശാല ഏകനായ്
ഈ കവിത വായിച്ചിട്ട് പേടി ആകുന്നു ലാപുടാ. ഇവിടെ ഈ നഗരത്തിലും ഉണ്ട് മൃഗശാലകള്‍ . ഒന്നല്ല എത്രയോ ?
മനോഹരമായ കവിതകള്‍ നമ്മെ ആസ്വദിപ്പിക്കുന്നു. നല്ല കവിതകള്‍ നമ്മെ പിന്തുടരുന്നു. എന്നാരാ പറഞ്ഞത് ? . ആ? ഇപ്പോ ഞാന്‍ പറഞ്ഞു. എന്തായാലും ഈ കവിത മനസ്സില്‍ കയറിപ്പറ്റി.
സാജന്, സുരേഷ് ഐക്കര, റോബി, ശ്രീലാല്‍, ഇഞ്ചിപ്പെണ്ണ്, രജി മാഷ്, സാല്‍ജോ, ഹാരോള്‍ഡ്, സഹയാത്രികന്, വണ്‍ സോളോ, ശ്യാം. വായനയ്ക്കും കമന്റിനും നന്ദി, എല്ലാവര്ക്കും.
Post a Comment