Tuesday, August 08, 2006

പ്രിസം


സമയത്തിന്റെ
ത്രികോണങ്ങള്‍ തുളച്ച്,
മൌനത്തിന്റെ
സ്ഫടിക സാന്ദ്രതയിലൂടെ
കടന്നു പോവുന്നതുകൊണ്ടാവണം
ചില സങ്കടങ്ങള്‍
ഓര്‍മ്മയിലേക്ക്
നിറങ്ങളായി വേര്‍തിരിയുന്നത്.

26 comments:

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ചിത്രം കണ്ടിട്ട്‌ ഒന്നും പുടികിട്ടുന്നില്ലല്ലോ എന്റെ ലാപുഡേ....

അനോമണി said...

ബിജോയേ..

ഒന്നു സൂക്ഷിച്ച് നോക്കൂ. വേര്‍തിരിയുന്ന വര്‍ണ്ണങളുടെ ഒരു ഇഫക്ട് അതിനില്ലേ??

ലാപുഡേ..
അസ്തിയില്‍ തട്ടി പ്രതിദ്വനിക്കുന്ന വരികല്‍ ..
വരികല്‍ക്ക് ഒരു പ്രത്യേക പ്രഭാവം. നന്നായിരിക്കുന്നു.

ഉമേഷ്::Umesh said...

നന്നായിട്ടുണ്ടു്.

Sudhir KK said...

ലാപുഡയുടെ ചിത്രങ്ങള്‍ തന്നെയാണോ? വളരെ നന്നായിട്ടുണ്ടല്ലൊ. കവിതകളും നന്നാവുന്നുണ്ട്. സ്ഫടികത്തിന്റെ ത്രികോണങ്ങള്‍ എന്നു പറഞ്ഞത് മനസിലായില്ല, പക്ഷേ. (വായനക്കാരന് എഴുത്തുകാരന്‍ വിശദീകരിച്ചു തരുന്നത് ചളം ഏര്‍പ്പാടാണെങ്കിലും. “ആസ്വാദകനാണ് കലയുടെ യഥാര്‍ത്ഥ സൃഷ്ടാവ്” എന്നല്ലേ പ്രമാണം)‌

ടി.പി.വിനോദ് said...

ബിജോയ്, അനോമണീ, ഉമേഷ് ജീ, നന്ദി...

അനോമണീ, ഏറെ പ്രചോദിപ്പിക്കുന്നു താങ്കളുടെ ജാഗ്രത....

ടി.പി.വിനോദ് said...

കൂമന്‍സേ,

ചിത്രങ്ങള്‍ ലാപുഡയുടേതല്ല കേട്ടോ.....(ഗൂഗിളില്‍ നിന്നു തപ്പിയെടുക്കുന്നവയാണേ.....)

കവിതയെപറ്റിയുള്ള ഏറ്റവും മോശം വായന കവിയുടേതായിരിക്കുമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

ഏന്നാലും ചോദിച്ച സ്ഥിതിക്കു പറയട്ടെ....

കവിതയുടെ പേര് ‘പ്രിസം‘ എന്നാണെന്നു ശ്രദ്ധിച്ചൂ കാണുമല്ലോ? പ്രിസം ശരിക്കും ത്രികോണവും സ്ഫടികവുമല്ലെ..?

പ്രോത്സാഹനത്തിനു ലാപുഡയുടെ അകമഴിഞ്ഞ നന്ദി....

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ഇത് ടി.പി.വിനോദ് മാഷല്ലേ?
നല്ല കവിതകള്‍.

ബാബു said...

രസകരമായ വീക്ഷണം. മനഃശാസ്ത്രജ്ഞന്മാര്‍ ശ്രദ്ധിക്കൂ!

രാജ് said...

ലാപുഡ, ഇക്കുറിയും നന്നായെന്നു പറയുവാനായി വരുന്നു.

സുനില്‍, ബൂ‍ലോഗത്തില്‍ ഈയിടെയായി നല്ല കവിതകള്‍ കാണുവാന്‍ സാധിക്കുന്നു. സുനിലിതുവരെ ഒരു ബ്ലോഗ് തുടങ്ങിയില്ലെന്ന പരിഭവം അറിയിക്കുവാനായിരുന്നു ആ മുഖവുര.

nalan::നളന്‍ said...

കൊള്ളാം
മൌനത്തിന്റെ സാന്ദ്രത, ത്യജിച്ച വാക്കുകളുടേതായിരിക്കും

ടി.പി.വിനോദ് said...

അതെ സുനില്‍, ആ മഹാപാപി തന്നെ....
പിന്നെ...പെരിങ്ങോടര്‍ പറഞ്ഞതു പോലെ എപ്പോഴാണു സുനിലിന്റെ ബ്ലോഗ് വായിക്കാന്‍ പറ്റുക..?
പെരിങ്ങോടരെ, ബാബൂ, നളന്‍ മാഷെ,നന്ദി...വീണ്ടും ലാപുഡയെ സ് നേഹത്തോടെ നോക്കിയതിന്.....

myexperimentsandme said...

നല്ല വരികളും നല്ല പടവും. പാമേഴ്‌സിന്റെയൊക്കെ സര്‍ട്ടിഫിക്കറ്റിന്റെയും അപ്പുറത്തുള്ള ആളാണെന്ന് തോന്നുന്നു :)

നല്ല ചിത്രം-ഒന്നുകൂടി.

Anonymous said...

ലാപുഡേ...പ്രിസം എന്നു പറഞ്ഞിരുന്നത് ശ്രദ്ധിച്ചിരുന്നു. ഞാന്‍ പറയാന്‍ ശ്രമിച്ചത് സമയത്തിന്റെ ത്രികോണങ്ങള്‍ എന്നു വായിച്ചിട്ട് ഭാവം പിടി കിട്ടിയിട്ടില്ല എന്നാണ്. ആരാണെഴുതിയതെന്നറിയില്ല: ഡോ. ലീലാവതിയോ കെ.പി. അപ്പനൊ മറ്റൊ, വാക്കുകളെ വ്യവഹാര ഭാഷയുടെ യാന്ത്രികതയില്‍ നിന്ന് അവ പ്രതിനിധാനം ചെയ്യുന്നവയുടെ ആത്മാവിലേക്ക് കൊണ്ടു വരുകയാണ് കലാകാരന്‍ ചെയ്യുക എന്ന്. അതിനാലാണോ ‘മൌനത്തിന്റെ സ്ഫടിക സാന്ദ്രത’ എന്നതില്‍ കവിത തുടിക്കുന്നതും ‘സമയത്തിന്റെ ത്രികോണങ്ങള്‍’ എന്നത് സ്പര്‍ശിക്കാതെയും ഇരിക്കുന്നത്. സമയത്തെ പറ്റി ചിന്തിക്കുമ്പോള്‍ എന്തോ ത്രികോണം ചേരാത്ത പോലെ. പക്ഷേ ഈ വായന വെറും വ്യക്തി നിഷ്ഠവുമാണ്. വായനക്കാരന്റെ സ്വത്വമാണ് അവന്റെ/അവളുടെ മനസില്‍ അര്‍ഥങ്ങള്‍ സൃഷ്ടിക്കുന്നത്. അതിനാല്‍ ഓരോ വായനക്കാരിക്കും ഓരോ കവിത അല്ലേ? അധികം പ്രസംഗിക്കുന്നില്ല. വീണ്ടും വരും

ടി.പി.വിനോദ് said...

നന്ദി വക്കാരീ...ചിത്രം ലാപുഡ വരച്ചതല്ല കെട്ടോ......
പാമേഴ്‌സിന്റെയൊക്കെ സര്‍ട്ടിഫിക്കറ്റിന്റെയും അപ്പുറത്തുള്ള ...എന്നൊക്കെ പറഞ്ഞു പാവം ലാപുഡയെ കളിയാക്കരുതേ.....

ടി.പി.വിനോദ് said...

വീണ്ടും വന്നതിനു നന്ദി കൂമന്‍സേ.....കൂമന്‍സ് പറഞ്ഞതു ശരിയായിരിക്കാം..‘സമയത്തിന്റെ ത്രികോണങ്ങള്‍’എന്നതില്‍ കവിതയുടെ കൌണ്ട് കുറവാകാനാണു സാധ്യത...എന്നാലും സമയം ചെറിയ തോതില്‍ ഒരു ത്രികോണം തന്നയല്ലെ....ഭൂതം,വര്‍ത്തമാനം,ഭാവി എന്നീ മൂലകളോടു കൂടി......? ഞാന്‍ തന്നെ ഇങനെയൊക്കെ പറയുന്നതില്‍ അഹംകാരത്തിന്റെ ഡോസ് കൂടുതലാണെന്ന് അറിയാം...ക്ഷമിക്കുമല്ലൊ?

Adithyan said...

യാതൊരു അഹങ്കാരോം ഇല്ല :)
എനിക്കൊക്കെ മനസിലാവണേല്‍ ഇങ്ങനെയൊക്കെ പറഞ്ഞു തരണം...

താങ്ക്സ് ഇണ്ട് :)

Anonymous said...

"എന്നാലും സമയം ചെറിയ തോതില്‍ ഒരു ത്രികോണം തന്നയല്ലെ....ഭൂതം,വര്‍ത്തമാനം,ഭാവി എന്നീ മൂലകളോടു കൂടി......? "

അതു ശരിയാണല്ലോ... അതൊരു പുതിയ തലം തന്നെ.

viswaprabha വിശ്വപ്രഭ said...

“മൂന്നു കാലങ്ങളുടേയും ഭിത്തിയില്‍ തട്ടിയുടഞ്ഞ്
മൌനത്തിന്റെ സ്ഫടിക സാന്ദ്രതയിലൂടെ
കടന്നു പോവുന്നതുകൊണ്ടാവണം
ചില സങ്കടങ്ങള്‍
ഓര്‍മ്മയിലേക്ക്
നിറങ്ങളായി വേര്‍തിരിയുന്നത്.” :
അതല്ലെങ്കില്‍,
“കാലത്തിന്റെ മുക്കോണ്‍ ചുവരില്‍ തട്ടിയുടഞ്ഞ്..”

ഇങ്ങനെ ഒരാളുടെ കവിത മറ്റൊരാള്‍ ഉടച്ചുവാര്‍ക്കുന്നത് ശരിയല്ലെന്നറിയാം.
കണ്ടപ്പോള്‍ വെറുതെ എഴുതിയിടാന്‍ തോന്നി.
നല്ല concept ആണ്.

ബ്ലോഗുകളില്‍ വായനക്കാര്‍ക്ക് കൂടുതല്‍ ഇടപെടാന്‍ കഴിയുന്നു. പക്ഷേ എഴുതുന്നയാളുടെ സര്‍ഗ്ഗഭൂമി സ്വയം മറ്റുള്ളവര്‍ക്കു തുറന്നുകൊടുത്തു കാണിക്കേണ്ടി വരിക സങ്കടമാണ്.

ഒരു വഴി, അഭിപ്രായങ്ങള്‍ക്കൊക്കെ മൂഢമായ ഒരു നിശ്ശബ്ദത മാത്രം തിരിച്ചുകൊടുക്കല്‍ ‍ ആണ്.

വെറുതെ എന്റെ വക ഒരു പിടിയരി.

Anonymous said...

വിശ്വം: പ്രിസത്തിന് മൂന്നിലധികം കോണുകളില്ലേ?. മാത്രവുമല്ല പ്രകാശം രണ്ടു ചുവരുകളില്‍ തട്ടിയാല്‍ മതി നിറങ്ങളായി ചിതറാന്‍ .(ഒരു വലിയ ആരവം ഞാന്‍ കേട്ടു. ഓടട്ടെ:) )

ടി.പി.വിനോദ് said...

ആദിത്യാ, ആദ്യമായിട്ടാണു കെട്ടോ ഒരാള്‍ ലാപുഡയോട് അഹംകാരമില്ലെന്നു പറയുന്നത്...ആ നാക്കു പൊന്നായിരിക്കട്ടെ...

വിശ്വം,കവിത ഒരു റിപ്പബ്ലിക്കാണെന്നും കവി അതിന്റെ പരമാധികാരിയാണെന്നുമുള്ള വിശ്വാസമൊന്നും എനിക്കില്ല....ആകയാല്‍ എല്ലാ വിധത്തിലുള്ള അപനിര്‍മാണങ്ങള്‍ക്കും സുസ്വാഗതം.....

ബിന്ദു said...

വിശദീകരിച്ചപ്പോഴാണെനിക്കു മനസ്സിലായത്‌. നന്നായി. :)

കണ്ണൂസ്‌ said...

ലാപുഡ,

സുന്ദരമായിരിക്കുന്നു, എല്ലാ കവിതകളും. കൂടുതല്‍ അഭിപ്രായങ്ങള്‍ ഇവിടെയായതു കൊണ്ട്‌ എന്റെ അഭിപ്രായം ഇവിടെ ഇട്ടു എന്നേ ഉള്ളൂ.

ബൂലോഗം കവികളാലും സമ്പന്നമാവുന്നു.

വല്യമ്മായി said...

ചിന്തകളാല്‍ സമ്പന്നമായ വരികള്‍......

ടി.പി.വിനോദ് said...

ബിന്ദൂ, കണ്ണൂസ്, വല്ല്യമ്മായീ...
നന്ദി...
വീണ്ടും വരുമല്ലോ....?

Anonymous said...

സങ്കടങ്ങള്‍ ഓര്‍മ്മയിലേക്ക് നിറങ്ങളായും, ചില നേരത്ത് നിറങ്ങള്‍ ഓര്‍മ്മകളായി സങ്കടങ്ങളിലേയ്ക്കും...

നന്നായിട്ട് ണ്ട്. ഹരിതകത്തില്‍ കണ്ട്ട്ട്ണ്ട്. പിന്നെ ഇപ്പോ...
വീണ്ടും കാണാം.
സ്നേഹം

കാവലാന്‍ said...

അതെ..നല്ല ചിന്തകള്‍, വിശദീകരണം ,അഭിനന്ദനങ്ങള്‍.