Tuesday, August 22, 2006

ഓര്‍മ്മ


ഓര്‍മ്മ
നിരോധിക്കപ്പെട്ട
ഒരു നാണയമാകുന്നു.

പഴയ സ്വപ്നങ്ങളുടെ
അധോലോകത്ത് നിന്നും
ഈ ലോഹക്കഷണങ്ങളുമായി
പിടിയിലാകുന്നവര്‍
വര്‍ത്തമാനകാലത്തിലേക്ക്
നാടുകടത്തപ്പെടുന്നു.

23 comments:

വല്യമ്മായി said...

പതിവ് പോലെ മനോഹരം

കണ്ണൂസ്‌ said...

ഓര്‍മ്മ ഒരു പരിചയപത്രം കൂടിയാണ്‌
നിറമില്ലാത്ത സ്വപ്നങ്ങളുടെ അധോലോകത്തു നിന്ന്
വര്‍ത്തമാനത്തിലേക്കുള്ള പാസ്‌പോര്‍ട്ട്‌.

സ്നേഹിതന്‍ said...

ഓര്‍മ്മകളുടെ കിലുകിലുക്കത്തില്‍ നിരോധിക്കപ്പെട്ടതും അല്ലാത്തതുമായ പല നാണയത്തുട്ടുകളും.
'ഓര്‍മ്മ' നന്നായിരിയ്ക്കുന്നു.

സിദ്ധാര്‍ത്ഥന്‍ said...

ലാപുടയുടെ നിരീക്ഷണങ്ങള്‍ വായിക്കാന്‍ വൈകിയതില്‍ പശ്ഛാത്തപിച്ചു.

നീ നീയെന്നു കരുതുന്നതു് നിന്റെ ഓര്‍മ്മകളെയാണെന്നാണു് രജനീഷ് പറയുന്നതു്. ഓര്‍മ്മകളുടെ അന്വേഷണം അതിനാല്‍ ആത്മാന്വേഷണമാകുന്നു. അതിന്റെ നിര്‍വചനങ്ങള്‍ ആത്മാവിന്റെ നിര്‍വചനങ്ങളും.
‘നോട്ടങ്ങള്‍’ വളരെ നന്നായി

അരവിന്ദ് :: aravind said...

നന്നായിരിക്കുന്നു.

ഡാലി said...

ഓര്‍മ്മയുടെ നാണയം നഷ്ടപ്പെട്ടവര്‍ ഭൂതകാലത്തിന്റെ സുഖസുഷുപ്തിയിലും?

Anonymous said...

സുന്ദരമാക്കിയിരിക്കുന്നു, പതിവുപോലെ

സുമാത്ര said...

എങ്കില്‍ മറവി അനുവദിക്കപ്പെട്ട മറ്റൊരു നാണയം ആണ്. രണ്ടു നാണയങ്ങളും വേണ്ടതു പോലെ കൈകാര്യം ചെയ്താല്‍ പല ബുദ്ദിമുട്ടുകളും ഒഴിവാക്കാമെന്നെനിക്കു തോന്നുന്നു.

Unknown said...

വര്‍ത്തമാന കാല പേക്കൂത്തുകളില്‍ നിന്ന് ഓര്‍മ്മകളുടെ അധോലോകത്ത് അഭയം തേടാന്‍ കഴിഞ്ഞെങ്കില്‍. ഇങ്ങിനി വരാത്ത വണ്ണം അവിടെ കഴിയാന്‍ പറ്റിയിരുന്നെങ്കില്‍...

ലാപുട,
ഒരുപാട് ഇഷ്ടമായി.

ടി.പി.വിനോദ് said...

വല്യമ്മായീ..നന്ദി ആ നല്ലവാക്കുകള്‍ക്ക്...

കണ്ണൂസേ...എന്നിട്ടും ഓര്‍മ്മകള്‍ ഒരു ബാധ്യതയും അസൌകര്യവുമായി കാണുവാന്‍ നമ്മെ പഠിപ്പിക്കുന്നു പുതിയ അതിജീവനത്തിന്റെ ഭ്രാന്ത വേഗങ്ങള്‍...അല്ലേ?

സ് നേഹിതാ...സ് നേഹത്തിന്റെ ഭരണഘടനയിലെങ്കിലും ഓര്‍മ നിരോധിക്കപ്പെടതിരിക്കാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം...

സിദ്ധാറ്ത്ഥാ...നന്ദി..കവിത വായിച്ചതിനും ഓഷൊയെ പങ്കു വെച്ചതിനും...ഇനിയും ഈ വഴി വരിക...

വീണ്ടും വന്നതിനു നന്ദി അരവിന്ദ്...ഇനിയും വരിക ലാപുടയിലേക്ക്...

നന്ദി ഡാലി...

നന്ദി സുനിലേ...സുനില്‍ എന്താണു ബ്ലോഗ് തുടങ്ങാത്തത്...?

നന്ദി സുമാത്ര...ഇവിടെ വന്നതിനും ഇത്രയും കുറിച്ചതിനും...

സ് നേഹം നിറഞ്ഞ വായനകള്‍ക്കു വീണ്ടും നന്ദി ദില്‍ബാസുരാ....

ബാബു said...

മനക്കോട്ടകളെന്ന കള്ളനാണയങ്ങളോ?

വീണ്ടും നല്ല ഒരു കവിത! ദെന്താ അവിടെ കവിത ഫാക്ടറിയോ? അതോ കൊറിയന്‍ കാലാവസ്തയോ?

റീനി said...

നല്ല കവിത!! മെടഞ്ഞെടുക്കുവാന്‍ ഉപയോഗിച്ച വാക്കുകളും വളരെ ഇഷ്ടമായി.

മാഷെ, ഓര്‍മ്മകള്‍ നിരോധിക്കപ്പെട്ട നാണയങ്ങള്‍ ആണെങ്കില്‍ ജിവിതം അവനിര്‍മ്മിക്കുന്ന ഫാക്ടറിയാണോ?

വളയം said...

ആക്രിക്കടയിലെ കൂമ്പാരങ്ങളില്‍
ഓട്ടവീണ്, ഞളുങ്ങിയ പിച്ചളപ്പാത്രം
തിരയുന്നവര്‍ നാം.....

അനംഗാരി said...

ഓര്‍മ്മകള്‍ ഒരു തീവണ്ടിപോലെയാണു. വിയര്‍പ്പും, ദുര്‍ഗന്ധവും, മുല്ലപ്പൂവിന്റെ സുഗന്ധവും ഇഴുകിപരക്കുന്ന കംപാര്‍ട്ടുമെന്റുകള്‍. ആരൊക്കെയോ എവിടേക്കോ....ഒടുവില്‍ വര്‍ത്തമാനത്തിലേക്ക് വന്നു നില്‍ക്കുമ്പോള്‍ കൈവീശി യാത്ര പറയുന്നു..

Adithyan said...

ലാപുട, നന്നായിരിക്കുന്നു.

ഓര്‍മ്മകള്‍ക്ക് സുഗന്ധം ആയിരുന്നു ഇതു വരെ. ഇനി കിലുക്കവും ഉണ്ടാവും.

സ്വപ്നങ്ങളുടേ അധോലോകം എനിക്ക് വര്‍ത്തമാനത്തെക്കാള്‍ പ്രിയങ്കരം.

“നീ നീയെന്നു കരുതുന്നതു് നിന്റെ ഓര്‍മ്മകളെയാണ്” - വളരെ നന്ദി സിദ്ധാര്‍ത്ഥാ.

രാജ് said...

ഓര്‍മ്മ വളരെ ഇഷ്ടപ്പെട്ട വാക്കാണെന്നു തോന്നുന്നുവല്ലോ, എഴുതിയ ഏഴില്‍ അഞ്ചിലും ഓര്‍മ്മ എന്ന വാക്കു് ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു (എന്നു പറഞ്ഞു് അതൊന്നും എനിക്കിഷ്ടമായില്ലെന്നര്‍ത്ഥമില്ലാട്ടോ, എല്ലാം നന്നായിരുന്നു.)

Unknown said...

എന്നിട്ടും അച്ചുകൂടം
നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
നിരോധിക്കപ്പെടുന്തോറും
കൂടുതല്‍ ആവേശത്തോടെ
നാണയങ്ങള്‍
കൈക്കലാക്കപ്പെടുന്നു.

പെരിങ്ങോടാ, ചില വാക്കുകള്‍ ബാധപോലെയാണു.
വിട്ടുപോകാന്‍ കൂട്ടാക്കാതെ ചുറ്റിത്തിരിയുന്ന ബാധ.

ലാപുടയുടെ കവിതകള്‍ വായിച്ചു.
നന്നായിട്ടുണ്ട്.

nalan::നളന്‍ said...

ലാപുട,
ഇഷ്ടപ്പെട്ടു, പ്രത്യേകിച്ചും നാടുകടത്തലായിപ്പറഞ്ഞത്,
സൌന്ദര്യവും സത്യവുമൊക്കെ ഇങ്ങനെയാണു തോന്നിയിട്ടുള്ളത്, ഒരു നിമിഷത്തെ വിങ്ങലിനൊടുവില്‍ നാടുകടത്തപ്പെടുന്നത് അതില്ലാത്ത ലോകത്തേക്കാണെന്നു തോന്നിയിട്ടുണ്ട്. ബാക്കിവരുന്ന ഇരുട്ടില്‍ അസ്വസ്ഥത, ഒരു പക്ഷെ അതോര്‍മ്മിപ്പിക്കുവാന്‍ വേണ്ടിമാത്രമായിരിക്കും അറിയാതെയൊരു വിങ്ങല്‍. (ഓ. ടി ആയോ)

ടി.പി.വിനോദ് said...

ബാബൂ, നന്ദി...തോന്നലുകളെ അക്ഷരങ്ങളാക്കനുള്ള ധൈര്യം നിങ്ങളുടെയൊക്കെ സ്നേഹത്തില്‍ നിന്നു എന്നിലേക്കു നിറഞ്ഞു കൊണ്ടിരിക്കുന്നതിനാലാവണം എഴുതിക്കൊണ്ടിരിക്കാന്‍ എനിക്കു തോന്നുന്നത്...

റീനീ, ഓര്‍മകള്‍ തന്നെയാണ് നമ്മുടെ ഏറ്റവും വിലപിടിച്ച ഉത്പന്നങ്ങള്‍ എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം..എങ്കിലും...

വളയമേ നിങ്ങളുടെ വാക്കുകള്‍ ഓര്‍മ്മയുടെ പുതിയ ഒരു തലത്തെ ഓര്‍മ്മിപ്പിക്കുന്നു...

കുടിയന്‍ സാറെ, തീവണ്ടിയുടെ ആ ഉപമ ഏറെ ഇഷ്ടപ്പെട്ടു....

നന്ദി ആദിത്യാ...അതെ ഓര്‍മയുടെ ആ ലോഹ സ്വരങ്ങള്‍ നമ്മുടെ എല്ലാ മിണ്ടലുകളുടെയും പശ്ചാത്തലമായിരുന്നെങ്കില്‍...

പെരിങ്ങോടരേ...അതെ ശരിയാണ് ഓര്‍മ്മ എന്ന വാക്കു ഈയിടെയായി എന്റെ കൂടെ തന്നെയുണ്ട്..മുന്‍പു പലപ്പോഴും പല വാക്കുകളും ഒരു ഒബ് സെഷനായി കൂടെ നില്‍ക്കുമായിരുന്നു..ഒരു പ്രാവശ്യം പുതിയ കവിത എഴുതിയിട്ടുണ്ടെന്നു ഒരു കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ , അതില്‍ ‘ചോര്‍ച്ച’ ഇല്ലെങ്കില്‍ മാത്രം അതു വായിക്കുമെന്നു അവന്‍ നിബന്ധന വെച്ചു...ചോര്‍ച്ച ആയിരുന്നു അന്നത്തെ ഒബ് സെഷന്‍... എന്തുകൊണ്ടാണ് ഇതെന്നു ആലോചിക്കാന്‍ എന്തുകൊണ്ടോ ഇഷ്ടം തോന്നിയിട്ടില്ല....

യാത്രാമൊഴീ...നന്ദി ഇവിടെ വന്നതിനും..നല്ല വാക്കുകള്‍ പറഞ്ഞതിനും...

നളന്‍ മാഷേ...ഓ.ടി ഒന്നും അല്ലാ...കവിതയെക്കുറിച്ചും ഓര്‍മ്മയെക്കുറിച്ചുമാവുമ്പോള്‍ ഒരു വാക്കിനും പ്രസക്തിയില്ലാതാവുന്നില്ല..ഇഷ്ടമായി താങ്കളുടെ നിരീക്ഷണം...

ഉമേഷ്::Umesh said...

ലാപുഡേ,

കവിതകളൊക്കെ ഒന്നിനൊന്നു മെച്ചം. ഖലീല്‍ ജിബ്രാനെ ഓര്‍മ്മവരുന്നു.

എന്റെ കാലഹരണപ്പെട്ട ബ്ലോഗില്‍ ഇട്ട കമന്റു കണ്ടു. അതിലെ പോസ്റ്റുകളെല്ലാം എന്റെ ഇപ്പോഴത്തെ ബ്ലോഗില്‍ “പരിഭാഷകള്‍” എന്ന വിഭാഗത്തില്‍ ഇട്ടിട്ടുണ്ടു്. ഞാന്‍ താങ്കളുടെ കമന്റ് അവിടെ ചേര്‍ത്തിട്ടുണ്ടു്.

Sudhir KK said...

ഇതെന്താ ഒരു ചെറിയ യാത്ര പോയി തിരിച്ചെത്തുമ്പോഴേയ്ക്ക് ലാപുഡയുടെ പുതിയ കവിത!.

ഓര്‍മ്മയെ നാണയമായി കല്‍പ്പിച്ചത് മനോഹരമായി. ചില ഓര്‍മ്മകള്‍ നിരോധിക്കപ്പെട്ടത്. എങ്കിലും അമൂല്യം. ഏകാന്തതയില്‍ നമ്മളൊക്കെ ആ നാണയങ്ങള്‍ പെറുക്കി ആരും കാണാതെ എണ്ണി നോക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നു. അമൂല്യമെങ്കിലും ക്രയവിക്രയ മൂല്യം ഒട്ടുമില്ല. ആദ്യത്തെ മൂന്നു വരികളില്‍ കവിത മുറുകി നില്‍ക്കുന്നു.

ഓര്‍മ്മകളില്‍ നിരോധിക്കപ്പെട്ടതും നിരോധിക്കപ്പെടാത്തതും ഉണ്ടാവുമോ?

വാക്കുകള്‍ സൂക്ഷ്മമായി അടുക്കി വച്ചിരിക്കുന്നു. ‘...വര്‍ത്തമാനകാലത്തില്‍ നിന്ന്’ നാടുകടത്തപ്പെടുന്നു‘ എന്നും ഒരു പാഠഭേദമുണ്ടോ? (വാക്കുകളെ മാറ്റിയിട്ടു നോക്കുന്ന എന്റെ ദുഃശ്ശീലം കൊണ്ടാണ്..തെറ്റിദ്ധരിക്കല്ലേ)

Anonymous said...

ലാപുടയുടെ കവിതകള്‍ ഹൈക്കുകളെ ഓറ്മ്മിപ്പിക്കുന്നു.

നാല്ഞ്ച് വാക്കുകളില്‍ ഒരു പ്രപഞ്ചം!

benjamin said...

കൊള്ളാം നന്നായിട്ടുണ്ട് !!!!!!!!