Friday, September 21, 2007

സ്വപ്നം

ഉറക്കത്തിന്റെ പിരിയഡില്‍
ടൈംടേബിള്‍ തെറ്റിച്ച്
കയറിവന്നു.

കൂര്‍ക്കംവലിയുടെ
കലപിലയോട്
ഡെസ്കില്‍ വടിയടിച്ച്
കര്‍ക്കശപ്പെട്ടു.

ബ്ലാക് ബോര്‍ഡില്‍
ബാക്കി നിന്ന വീട്ടുകണക്കുകള്‍
ഏതോ ഒരു വെളിച്ചം കൊണ്ട്
തൂത്ത് കളഞ്ഞു.

പാഠം പറഞ്ഞ്
പകുതിയാവുമ്പൊഴേക്കും
കുഴപ്പം തുടങ്ങി.

പറയാനുള്ളവയെല്ലാം
ഓര്‍മ്മയുണ്ടെങ്കിലും
പറഞ്ഞുതീര്‍ന്നതെത്രയെന്ന്
മറന്നു മറന്നേ പോവുന്നു.

നില്‍പ്പ് പന്തിയല്ലെന്ന് കണ്ട്
ക്ലാസ് മതിയാക്കി.

സംസാരിക്കുന്നവരുടെ
പേരെഴുതിവെയ്ക്കാന്‍
ഇരുട്ടിനോട് പറഞ്ഞ്
മടങ്ങിപ്പോയി.

പകലിന്റെ സ്റ്റാഫ് റൂമില്‍
ഇരുന്നിരുന്നുറങ്ങുന്നുണ്ടാവും
ഇപ്പോള്‍.

20 comments:

ശ്രീ said...

ഒരു സ്വപ്നത്തിനെ അക്ഷരങ്ങളിലാക്കി ആവിഷ്കരിച്ചിരിക്കുന്നു... മനോഹരമായിത്തന്നെ!

ചില സ്വപ്നങ്ങള്‍‌ ചില സൂചനകളാണെന്ന് വായിച്ചിട്ടുണ്ട്. അവ നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നതായി അറിവില്ല.
:)

വിഷ്ണു പ്രസാദ് said...

സ്വപ്നമേ...
മാഷേ...

കുഞ്ഞന്‍ said...

പാവം മാഷ്...

പ്രൈമറി സ്കൂളായത് നന്നായി.... പേരെഴുതി വയ്ക്കാന്‍ മോണിട്ടര്‍ ഉണ്ടല്ലോ..

ഇഷ്ടപ്പെട്ടു...:)

simy nazareth said...

മനോഹരം! പുഞ്ചിരിപ്പിച്ചു.

വേണു venu said...

എനിക്കീ കവിത ഇഷ്ടമായി വിനോദേ.:)

Pramod.KM said...

ബ്ലാക്ക് ബോര്‍ഡിലെ കണക്കുകള്‍ തല്‍ക്കാലത്തേങ്കിലും മായ്ക്കുവാന്‍ വെളിച്ചവുമായി എന്നും വരട്ടെ സ്വപ്നം:)

സു | Su said...

:) മനസ്സിന്റെ, ബ്ലാക്ബോര്‍ഡിലെഴുതിവെച്ച പ്രിയമുള്ള സ്വപ്നങ്ങള്‍, മായ്ക്കാന്‍ വന്ന സ്വപ്നമാണെങ്കിലോ?

വെള്ളെഴുത്ത് said...

ചിന്തയില്‍ ‘സ്ക്രൂ’ വായിച്ചാണ് ആദ്യം തറഞ്ഞിരുന്നു പോയത്. ടി പി യുടെ രീതിയ്ക്ക് അനുകര്‍ത്താക്കളുണ്ട്. ...അനുഭവങ്ങള്‍ ഇവിടെ ഓര്‍ത്തെടുക്കപ്പെടുകയല്ല. ആദേശം ചെയ്യപ്പെടുകയാണ്‍`..അതും അചേതനങ്ങളിലേയ്ക്ക്.. വിഷ്ണു, ടി പി അനില്‍, (ടി പി കുഞ്ഞിരാമന്‍ നായരെന്നും പറയും!) വിനോദ് ....പുതിയ കവിതയുടെ വഴികള്‍ക്ക് ഒരു അന്വേഷണം ആവശ്യമാണ്. ബുദ്ധിയും സഹൃദയത്വവും ഒത്തിണങ്ങിയ പുതിയ പ്രവാചകര്‍ ഇവിടെ ഉദിക്കണം.

കെ.പി റഷീദ് said...

ഇഷ്ടപ്പെട്ടു...:)

ടി.പി.വിനോദ് said...

ശ്രീ, നന്ദി സ്വപ്നത്തെ വായിച്ചുവല്ലൊ...

വിഷ്ണുമാഷേ...:)

കുഞ്ഞന്‍,നന്ദി..നമ്മള്‍ തന്നെ നമ്മുടെ മോണിട്ടര്‍ ആവുന്നത് സ്വപ്നങ്ങളിലാവും അല്ലേ?

സിമി, നന്ദി, സന്തോഷം.

വേണുമാഷേ കവിത ഇഷ്ടമായി എന്നറിയുന്നതില്‍ ആഹ്ലാദം..നന്ദി

പ്രമോദേ, വെളിവുള്ള വെളിച്ചങ്ങളെ നമുക്ക് കാത്തിരിക്കാം..

സൂവേച്ചി,സ്വപ്നങ്ങള്‍ മായ്കാന്‍ വരുന്ന സ്വപ്നമോ?ഈ കവിതയെക്കാള്‍ സുന്ദരമായ കിറുക്ക് തന്നെ അത്...:)നന്ദി...

വെള്ളെഴുത്ത്, സന്ദര്‍ശനത്തിനു നന്ദി.സ്ക്രൂ ഓര്‍ത്തിരിക്കുന്നുവെന്നറിഞ്ഞതില്‍ അതിയായ സന്തോഷം. വിഷ്ണുമാഷിനെയും അനിലേട്ടനെയുമൊക്കെ എന്നെക്കാള്‍ വലിയ കവികളായാണ് ഞാന്‍ വായിക്കുന്നത്. ആത്മാവില്‍ നിറയെ കവിത ഉള്ളവരാണ് അവര്‍. എഴുത്ത് അവര്‍ക്ക് സെറിബ്രല്‍ അല്ല ഒട്ടും..

റഷീദേ, താങ്ക്സ്...:)

'ങ്യാഹഹാ...!' said...

മനോഹരം!

Sanal Kumar Sasidharan said...

പ്രത്യേകിച്ചൊന്നും തരാതെപോയ താങ്കളുടെ വളരെ വളരെ അപൂര്‍വം കവിതകളില്‍ ഒന്ന്.

Roby said...

ഇതാണല്ലേ ആ സ്വപ്നം...
കൊള്ളാം...നല്ലൊരു കടങ്കഥ...
കൂടെ കുറച്ചു ഗൃഹാതുരതയും, വിഷാദവും...
നിഴലില്‍ ഒരു നിസ്സംഗത..
ഒരു കവിതയെ objective ആയി എങ്ങനെ വായിക്കമെന്നു നോക്കുകയായിരുന്നു.

asdfasdf asfdasdf said...

രസായിട്ടുണ്ട് കവിത.

വിശാഖ് ശങ്കര്‍ said...

മറവി എന്നതും ഒരു തുടര്‍ച്ചയാണ്.എവിടെ നിന്നും തുടങ്ങി അവസാനിച്ചു എന്നറിഞ്ഞാലേ ഓര്‍മ്മയുടെ തുടര്‍ച്ച സാധ്യമാവൂ..തൂടര്‍ച്ചയുടെ ഈ വിപരീതങ്ങളെ യോജിപ്പിക്കുന്നു പതിവുപോലെ ഈ കവിതയും.എന്നാലീ ‘പതിവ്’ അല്പം “സെറിബ്രല്‍” ആയാലും തീരെ മടുപ്പിക്കുന്നുമില്ല..

സഹോധരന്‍ said...

Bhai.... well the swapnam ; it seems to be a modulated or remoulded idea of the 'Vazhukkal' well it is my personal vision... any ways it really got to the need and aim of the poem... perfectly composed.....
Well how r u???
no news from u.......
no e mails not in y messemger....
busy????

ഫസല്‍ ബിനാലി.. said...

ആസ്വദിച്ചു..... നന്നയിട്ടുണ്ട്

ഉപാസന || Upasana said...

നന്നായിട്ടുണ്ട്...
കലക്കന്‍ എന്നൊന്നും പറയുന്നില്ല.
:)
ഉപാസന

ടി.പി.വിനോദ് said...

ങ്യാഹഹ, സനാതനന്‍, റോബി, കുട്ടന്‍ മേനോന്‍, വിശാഖ്, സഹോദരന്‍, ഫസല്‍, എന്റെ ഉപാസന ,വായനയ്ക്കും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി.

MOIDEEN ANGADIMUGAR said...

കവിത വായിച്ച് മനോഹരമായ ഒരു ‘സ്വപ്നം‘
കണ്ടു.ടൈംടേബിൾ തെറ്റിയിട്ടും ഓർമ്മയിൽ ബാക്കിനിൽ‌പ്പുണ്ടിപ്പോഴും.