Friday, September 29, 2006

കമ്മ്യൂണിസ്റ്റ് പച്ച

ഡ്രില്‍ പിരിയഡില്‍
കള്ളനും പോലീസും കളിച്ചിരുന്നപ്പോള്‍
‍പോലീസുകാരുടെ കയ്യിലെ
ലാത്തിയായിരുന്നു.

ഉണങ്ങിയ കമ്പെടുത്ത്‌
ഈര്‍ക്കില്‍ കൊണ്ടു തുളച്ച്‌
അറ്റം കത്തിച്ചു വലിച്ചതാവണം
ആദ്യത്തെ നിയമ ലംഘനം.

മുറിച്ചുവപ്പില്‍
ഇലച്ചാറുപിഴിഞ്ഞിറ്റിച്ചപ്പോള്‍
ഇറച്ചിയെ
പുകച്ചിലോടെ ഉണക്കിയിരുന്നു.

ഉഴുതിട്ട വയലില്‍
വളക്കൂറ് ‍ചേര്‍ക്കാന്‍
‍കെട്ടുകെട്ടായി
വന്നെത്തിയതോര്‍മയുണ്ട്.

കൂട്ടു വേണ്ടാത്ത കളികളും
ശരീരദോഷമില്ലാത്ത ശീലങ്ങളും
മുറിവുപറ്റാത്ത തൊലിയും
വഴിപോക്കര്‍ വിത്തിറക്കുന്ന വയലുകളും
വരാനുണ്ടെന്ന വെളിപാടിലാവണം
പണ്ടുള്ളവര്‍
‍പച്ചനിറത്തിലുള്ള
ഒരു പാവം ചെടിയെ
രാഷ്ട്രീയമായി
നാമകരണം ചെയ്തിട്ടുണ്ടാവുക.

( മാധ്യമം ആഴ്ച്ചപ്പതിപ്പ് 2005 മെയ് 13 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

35 comments:

ടി.പി.വിനോദ് said...

പഴയ ഒരു കവിത...മാധ്യമത്തില്‍ വന്നത്..

കരീം മാഷ്‌ said...

ഞങളാചെടിയെ കമ്മ്യൂണിസറ്റപ്പ എന്നു പറയും.ചിലര്‍ കമ്മ്യൂണിസ്‌റ്റു പച്ച എന്നും.
നല്ല കവിത.

ബാബു said...

ലാപുടയുടെ ഈ 'നീണ്ട' കവിത മറ്റു നുറുങ്ങു കവിതയെക്കാള്‍ കൂടുതല്‍ മനസ്സില്‍ തങ്ങുന്നു. നന്നായിട്ടുണ്ട്‌. എന്തോ, അനിത തമ്പിയുടെ 'ചരിത്ര'ത്തിനെ ഓര്‍മ്മിപ്പിച്ചു.

റീനി said...

ലാപുട, എനിക്ക്‌ ഈകവിത മനസ്സിലായി, തല അധികം പുകക്കേണ്ടിവന്നില്ല. എന്നാലും എനിക്ക്‌ ലാപുടയുടെ മറ്റു കവിതകളിലെ വാക്കുകളുടെ നില്‍പ്പ്പ്പും നൃത്തവും കാണാനാണിഷ്ട്ടം.

ഇവിടെ പറമ്പിലെ കളകള്‍ പിഴുതെറിയുമ്പോള്‍ കമൂണിസ്റ്റ്‌പച്ചയെ ഓര്‍ക്കാറുണ്ട്‌.

Aravishiva said...

കമ്യൂണിസ്റ്റ് പച്ചയിലെ കവിത സൂക്ഷ്മദര്‍ശിയായ ലാപുടയുടെ കണ്ണുകള്‍ കണ്ടെത്തുക തന്നെ ചെയ്തു.തനിയ്ക്കു ഭീഷണിയാകാവുന്ന എന്തിനേയും രാഷ്ട്രീയ വല്‍ക്കരിച്ച് ഒതുക്കിത്തീര്‍ക്കുന്ന ചിലരുടെ മനസ്സ് കമ്യൂണിസ്റ്റ് പച്ചയുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട് എന്നത് പുതിയ അറിവ്.

ലാപുടേ എന്നത്തേയും പോലെ കവിത നന്നയെന്ന വെറും വാക്കിന്റെ ആവശ്യമില്ലെന്നു തന്നെ കരുതുന്നു....
സ്നേഹപൂര്‍വ്വം.

Roby said...

കഥയോ കവിതയോ എന്തുമാകട്ടെ, വായിയ്ക്കുന്നത്‌ എന്തിനെന്ന്‌ ഒരിക്കല്‍ നമ്മള്‍ സംസാരിച്ചിരുന്നു. വായന സാര്‍ത്‌ഥകമാകുന്നത്‌ ഒരു നിമിഷത്തെ ecstasy യിലാണ്‌. ecstasy എന്നതാണോ അതിനു യോജിച്ച വാക്ക്‌...? നമ്മെ നാമല്ലാതാക്കുന്ന ഒരു നിമിഷം അല്ലെങ്കില്‍ നമുക്ക്‌ നാമാരാണെന്ന ഓര്‍മ്മപ്പെടുത്തലിന്റെ ഒരു നിമിഷം...അതിവിടെ സംഭവിക്കുന്നുണ്ട്‌....

ഒരു കുളിര്...ഇത്തിരി വേദന.

കണ്ണൂരാന്‍ - KANNURAN said...

ചിന്തിപ്പിക്കുന്ന കവിത...

ഞാന്‍ ഇരിങ്ങല്‍ said...

ആദ്യമായാണ് താങ്കളുടെ കവിതയ്ക്ക് കമന്‍റുന്നത്. കവിത ഇഷ്ടമായി.

ആനക്കൂടന്‍ said...

ഇഷ്ടമായി, പക്ഷെ, കഴിഞ്ഞ കവിതയുടെ അത്രയും ഇഷ്ടമായില്ല.

സു | Su said...

കവിത ഇഷ്ടമായി. അതിന് ആ പേര് വന്നതെങ്ങിനെ എന്ന് എപ്പോഴും ആലോചിക്കാറുണ്ട്. ലാപുട എഴുതിയതാവും കാരണം.

:)

ലിഡിയ said...

ചിന്തിക്കാത്തതിനെ പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കവിത,കടല്‍തീരത്തെ മണലിലും,വേലിത്തലപ്പത്തിന്റെ പച്ചപ്പിലും ഒക്കെ വാക്കുകളുണ്ടെന്ന് താങ്കള്‍ പറയുന്നു..

നന്നായിരിക്കുന്നു.

-പാര്‍വതി

K.V Manikantan said...

ലാപു,
ഞാന്‍ വീണ്ടും ധന്യനായി. ഈ കവിത മാധ്യമത്തില്‍ വായിച്ച് (മാഗസിന്‍ എനിക്കോറ്മ്മയില്ല) ഞാന്‍ അത്ഭുതപ്പെട്ടതോറ്ക്കുന്നു.

ലാപുടയുടെ കവിത മാധ്യമങ്ങളില്‍ ഞാന്‍ ഇതുവരെ കണ്ടിരുന്നില്ലല്ലോ എന്നായിരുന്നു എന്റെ സങ്കടം. പഴയ കവിതകളും (പ്രസിദ്ധീകരിച്ചത് ) ഇവിടെ ഇടാന്‍ അപേക്ഷ.

K.V Manikantan said...

റോബീ,
ecstasy അല്ല അതിനു യോജിച്ച വാക്ക്.
വേറേ എന്തോ വാക്കാണ്. അത് എന്താണെന്ന് എനിക്കുമറിയില്ല.

“ഇതാ ഞാന്‍ എഴുതേണ്ട വരികള്‍. ഇവന്‍ അടിച്ചുകൊണ്ടുപോയി എന്ന് നമുക്ക് തോന്നുന്ന ഒന്ന്” അതാണ് ആ വികാരം. അങ്ങനെ തോന്നുമ്പോളാണ് അത് വിജയിക്കുന്നത്. അപ്പോഴാണ് റോബി പറഞ്ഞ ആ വാക്ക് നമുക്ക് ആവശ്യമായി വരുന്നത്.

Anonymous said...
This comment has been removed by a blog administrator.
അനോമണി said...

ആര്‍ക്കും വേണ്ടാതാകുന്ന വേദനകളെ, നമ്മളില്‍ ആരുടേതൊക്കെയോ പേരില്‍ വിളിക്കപ്പെടുന്നത് എന്നായിരിക്കും.

ചെറിയ വാക്കുകളുടെ വലീയ രാഷ്ട്രീയം...
ഓര്‍മ്മപ്പെടുത്തിയതിനു നന്ദി.

രാജ് said...

ഇത് ശരിക്കും ബ്രില്യന്റായിട്ടുണ്ടു്.

അനംഗാരി said...

കവിത നന്നായി. പ്രത്യേകിച്ചും അവസാന ഖണ്ഡിക. അത് മനോഹരം. ആദ്യ ചില വരികളില്‍ എന്തോ ഒരു അസ്വസ്തത തോന്നായ്കയില്ല. എങ്കിലും പറയട്ടെ ആ കണ്ടുപിടിത്തവും, ഉപമയും അതി മനോഹരം.

sreeni sreedharan said...

ഇന്ന് വായിച്ചു തുടങ്ങിയതേയുള്ളൂ ലാപുടയുടെ ബ്ലൊഗ്,കവിത ഇഷ്ടപ്പെട്ടു; രണ്ട് മൂന്ന് തവണ വായിക്കേണ്ടി വന്നെങ്കിലും (ക്ഷമിക്കൂ...എന്‍റെ വിവരമില്ലായ്മ)

Anonymous said...
This comment has been removed by a blog administrator.
ഗൃഹാതുരം said...

ഇഷ്ടപ്പെട്ടു

ഡാലി said...

ഞാനോര്‍ക്കുന്നു, പച്ച നിറത്തിലുള്ള, മാലാഖയും പിശാചും കളിക്കാന്‍ ഞങ്ങള്‍ ഉപയോഗിച്ച, രൂക്ഷ ഗന്ധമുള്ള ഈ ചെടിയ്ക്ക് കമ്യൂണിസ്റ്റ് പച്ച എന്ന പേരു വരാന്‍ കാരണം അന്വേഷിച്ചു നടന്ന കുട്ടികാലം.

പിന്നിടാരോ പറഞ്ഞു, കമ്യൂണിസം കേരളത്തില്‍ പടര്‍ന്ന് പിടിച്ച പോലെയാണ് ഈ ചെടി ഇവിടെ പടര്‍ന്നു പിടിക്കുന്നത്. അതാണീപേര് എന്ന്.

അപ്പോള്‍ കമ്യൂണിസത്തിനു മുന്‍പു ഈ ചെടി ഇല്ലായിരുന്നൊ? ഉണ്ടായിരുന്നെങ്കില്‍ എന്തായിരുന്നു അന്നത്തെ പേര്?

ഉത്തരം കിട്ടിയില്ല. ഇപ്പോള്‍ മനസ്സിലായി എന്താണ് കാരണമെന്ന്. ഒരു തിരിച്ചറിവ് എനിക്കും.

പാപ്പാന്‍‌/mahout said...

[ഓടോ: 1950-കളില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ വന്നയിടയ്ക്ക്, വേറെവിടെയോ നിന്നു കേരളത്തിലേക്ക് അറിയാതെ ഇറക്കുമതി ചെയ്യപ്പെട്ട ഒരു കളയാണ് കമ്മ്യൂ. പച്ച. കമ്മ്യൂണിസം പോലെ നാട്ടിലെല്ലാം അതു പടര്‍‌ന്നതിനാല്‍ നാട്ടുകാരതിനു കമ്യൂണിസ്റ്റു പച്ചയെന്നു പേരിട്ടു. പിന്നീടൊരുകാലത്ത് ഐക്യമുന്നണി അധികാരത്തിലേറിയപ്പോള്‍ ഏതോ രസികന്‍ അതിനെ “ഐക്യമുന്നണിപ്പച്ച” എന്നു വിളിച്ചു; അതു ചുരുങ്ങി “ഐ. പ” യും അപ്പയുമൊക്കെയായി. ഇതാണ് ഇക്കാര്യത്തില്‍ എന്റെ അറിവ്. പണ്ട് എന്റെ അപ്പൂപ്പന്‍ പറഞ്ഞുതന്നതാണ്, സത്യമാവണമെന്നില്ല.]

ടി.പി.വിനോദ് said...

വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഓരോരുത്തര്‍ക്കും നന്ദി....ഇനിയും ഈ വാക്കടയാളങ്ങളില്‍ നോട്ടങ്ങളുമായെത്തുക...നന്ദി ഒരിക്കല്‍ കൂടി...

രാജേഷ് ആർ. വർമ്മ said...

2006ല്‍ എനിക്കു വരാന്‍ പോകുന്ന ആശയം കട്ടെടുത്ത്‌ 2005ല്‍ എഴുതുന്നതിനാണോ കവിത എന്നു പറയുന്നത്‌?

ഉള്ളതുപറഞ്ഞാല്‍, ലാ പുഡാ, മനോഹരമായിരിക്കുന്നു.

രാജേഷ് ആർ. വർമ്മ said...

പാപ്പാനേ,

അപ്പൂപ്പന്‍ അപ്പറഞ്ഞതില്‍പ്പാതി തപ്പാണെന്നൊരഭിപ്രായം. അപ്പയുടെ ഉല്‍പത്തി ഐ.പ.യില്‍ന്നല്ലെന്നു ശങ്ക.

നിഘണ്ടു: അപ്പ: ഒരുതരം പാഴ്ച്ചെടി, കടലാവണക്ക്‌, വേലിപ്പത്തല്‍.

പാപ്പാന്റെ അപ്പൂപ്പനും പാപ്പാനായിരുന്നോ? അന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നോ?
:-)

വേണു venu said...

ലാപുടാ,
കവിത വായിച്ചതിനു ശേഷം ഞാന്‍ കമ്മുണിസ്റ്റു പച്ചയെ ബഹുമാനത്തോടെ നോക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഭാവുകങ്ങള്‍.

പാപ്പാന്‍‌/mahout said...

രാജേഷേ, ഞാന്‍ മുന്‍‌കൂര്‍ ജാമ്യം എടുത്തിരുന്നല്ലോ :-) പണ്ടു വൈക്കത്തെ അമ്പലക്കടവില്‍ വച്ച് ബ്രഹ്മരക്ഷസ്സിനെക്കണ്ട കാര്യവും ഇതേ അപ്പൂപ്പനാണു പറഞ്ഞിട്ടുള്ളത് :-)

qw_er_ty

ആത്മകഥ said...

പ്രിയ ചങ്ങാതിമാരെ ഞാന്‍ വീണ്ടും എത്തിയിരിക്കുന്നു.. പുതിയ അദ്ധ്യായവുമായി.. വരിക വായിക്കുക കമന്റുക

ടി.പി.വിനോദ് said...

പാപ്പാന്‍ മാഷേ..ശരിയോ തെറ്റോ എന്നൊന്നും ഞാന്‍ ആലോചിക്കുന്നില്ല, കാരണം അതു രസികനൊരു ഉത്പത്തിക്കഥ തന്നെ...പിന്നെ ആ ബ്രഹ്മരക്ഷസ്സിനെ പറ്റി ബ്ലോഗില്‍ എഴുതണേ...

രാജേഷ്ജീ, ഇവിടെ കണ്ടതില്‍ വളരെ സന്തോഷം..ഇനിയും വരുമല്ലോ?

വേണൂജീ, കമ്മ്യ്യൂണിസം എന്ന വാക്കിന് മലയാളിക്ക് മുഖവുര ആവശ്യമില്ലാത്തത് നമ്മെ എത്രയൊക്കെ മുന്നോട്ട് ചലിപ്പിച്ചിരുന്നു അല്ലേ...?

ഞാന്‍ ഇരിങ്ങല്‍ said...

പഴയതു പോലെ ഒന്നുകൂടെ വായിച്ചു.
‘കമ്മ്യൂണിസ്റ്റ് പച്ച’ ശരിക്കും അതിന്‍റെ അര്‍ത്ഥം ഉള്‍കൊണ്ടു തന്നെ താങ്കള്‍ എഴുതിയിരിക്കുന്നു. ഞാനൊക്കെ മുറിവുണങ്ങാന്‍ എത്രയോ തവണ ഇത് ഉപയോഗിച്ചിരിക്കുന്നു. അങ്ങിനെ എത്ര എത്ര നാട്ടുകൂട്ടങ്ങള്‍
കാടുകളിലും മറ്റും ഒളിച്ചു താമസിച്ച് ബ്രിട്ടനെതിരെ സമരം പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ് ചിന്താധാരകള്‍ തന്നെ ആയിരിക്കണം ഇതിന് ഇങ്ങനെ ഒരു പേര് നല്‍കിയത്. ഒരു മരുന്ന് അന്ന അവര്‍ക്ക് ആശുപത്രികളില്‍ പോകാന്‍ പറ്റുകയില്ലല്ലോ.
സ്നേഹത്തോടെ
രാജു

ഇഡ്ഡലിപ്രിയന്‍ said...

ഉണങ്ങിയ കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ ഉള്‍ഭാഗം മൊട്ടുസൂചികൊണ്ട്‌ കുത്തിക്കളഞ്ഞ്‌ സിഗരറ്റ്‌ വലിക്കുന്നത്‌ പോലെ അഭിനയിച്ചതോര്‍ത്തു പോയി... മനോഹരമായിരിക്കുന്നു കവിത ഒപ്പം ഒരു പാടു നന്ദി ഓര്‍മ്മകളെ ഉണര്‍ത്തിയതിന്‌.

Sudhir KK said...

ഈ കവിതയില്‍ വാക്കുകളുടെ പിശുക്ക് ലാപുടയുടെ മറ്റു കവിതകളോളമില്ല. ധ്യാനാത്മകമല്ല, പക്ഷേ ശക്തമായ അവതരണം. അവസാനവരികളില്‍ ഒന്നു രണ്ടു കൂരമ്പുകള്‍ സമൂഹത്തിന്റെ നേര്‍ക്കു തിരിച്ചു വച്ചിരിക്കുന്നു (അതോ എനിക്കു തോന്നിയതോ)“കൂട്ടുവേണ്ടാത്ത കളികള്‍”, “മുറിവു പറ്റാത്തതൊലി”, “വഴിപോക്കര്‍ വിത്തിറക്കുന്ന വയലുകള്‍” ഇതിലൊക്കെ ഒരു മുന. ഈ മുനകളാണ് ഈ കവിതയുടെ ശക്തി.

nerampokku said...

ലാപുടനേ ... കലക്കി . ബൂലൊഗ ത്തെ തലമൂത്ത ബ്ലോഗന്‍ മാര്‍ ഒക്കെ കമന്റ് പസ്സാക്കിയിട്ടുണ്ട്. അതിനപ്പുറം ഈ നേരമ്പോക്കന്‍ എന്തു കമന്റാനാണ്

ദിനേശന്‍ വരിക്കോളി said...

ഇതിനോടൊപ്പം ശ്രീ. അനില്‍കുമാറിന്‍റെകവിതയും ഞാന്‍ കൂട്ടിവായിക്കുന്നു... കമ്യൂണിസ്റ്റുപച്ചയ്ക്കിടയില്‍ .......

വി. ജയദേവ് said...

വിനോദമേ
എന്തുകൊണ്ടോ എനിക്ക് ഈ കവിത ഇഷ്ടമായില്ല
എന്ത് കൊണ്ടാവും എന്നാണു രണ്ടാമന്‍ ചോദിക്കുന്നത് .
ഞാന്‍: അത് തന്നെയാണ് ഞാനും ആലോചിക്കുന്നത്