Saturday, December 04, 2010

ഉമി

ഒരുവിധത്തിലല്ലെങ്കില്‍
മറ്റൊരുകാര്യത്തില്‍

പൊതിഞ്ഞുനിന്നിരുന്ന
എന്തെങ്കിലുമൊന്ന്
തന്റേതല്ലാതെ
താനല്ലാതെ
വേര്‍പെട്ടതിനെപ്പറ്റി

അല്ലെങ്കില്‍

വിളഞ്ഞുവളര്‍ന്നൊരടച്ചുറപ്പ്
ഇടിഞ്ഞുനുറുങ്ങുന്ന വേദനയിലൂടെ
പൊടിഞ്ഞടിഞ്ഞതിനെപ്പറ്റി

ശരീരഭാഷയിലുള്ള
വ്യംഗ്യങ്ങളാകയാല്‍

ഈ കവിതയുടെ തലക്കെട്ട്
ചേരാതിരിക്കില്ല
എത് ജീവിതത്തിനും.

Thursday, December 02, 2010

ഛയ്യ ഛയ്യ ഛയ്യാ..

പെരുമഴയത്ത്
ജനലുകളെല്ലാം ഷട്ടറിട്ട്
പട്ടണത്തിലേക്ക് പായുന്ന ബസ്സില്‍
തീവണ്ടിയോടുന്ന ശ്വാസമുള്ള
പാട്ട് കുലുങ്ങിത്തുടങ്ങി.

ആ തീവണ്ടിയിലിരിക്കുന്നവര്‍
ഈ മഴയുടെ ഇരമ്പം
കേട്ട് കാതുകുളിര്‍ക്കുന്നുണ്ട്.

തീവണ്ടിയുടെ
അടുത്ത സ്റ്റേഷനിലിറങ്ങാനുള്ള
ആരെങ്കിലുമൊക്കെ
ബസ്സിന്റെ അടുത്ത സ്റ്റോപ്പില്‍നിന്ന്
കയറണമെന്ന് കണക്കുകൂട്ടുന്നുണ്ട്.

തിക്കുതിരക്കിലൊളിച്ചുപതുങ്ങി
ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്ന
ആരുടേതെന്നില്ലാത്ത വിഭ്രാന്തിയാവട്ടെ,
തീവണ്ടി ചൂളം വിളിക്കുന്ന
കൃത്യം സമയത്ത് ചൂളമിട്ട്
ഒളിവ് തുടര്‍ന്നുകൊണ്ട്
ആഹ്ലാദിക്കുമായിരിക്കും.

Monday, November 29, 2010

സംശയം

നട്ടിന്റെ,
ബോള്‍ട്ടിന്റെ,
ഊരിയെടുക്കാവുന്നവയുടെ,
ഘടിപ്പിച്ചുവെയ്ക്കാവുന്നവയുടെയും മാത്രം
ആകെത്തുകയായി
സ്പെയര്‍പാര്‍ട്സ് കടക്കാരന്‍
ഏത് വണ്ടിയെയും കാണുന്നപോലെ

വികാരജീവികള്‍
ജീവിതത്തെ
ഒരു വികാരസമാഹാരമായി
കാണുന്നില്ലേ എന്ന്
ബലമായ സംശയമുണ്ട്.

സംശയം
ഒരു ആശയമാണോ
വികാരമാണോ എന്ന്
തീര്‍ച്ചയാക്കിയിട്ടുവേണം
അടുത്ത സംശയത്തിലേക്ക് കടക്കാന്‍.

Wednesday, May 05, 2010

അന്തര്‍വാഹിനി

പാളവണ്ടിയും ട്രൌസറും കീറി
ചന്തിയില്‍ ചരലുകള്‍
ചിന്തേരിട്ടതിന്റെ
നീറ്റലിനെയും പുകച്ചിലിനെയും
മറന്നേ പോയിരുന്നു.

ജീവിതത്തിനടിയിലൂടെ
മുങ്ങിക്കപ്പലെന്നോണം
ചില വേദനകള്‍
നമ്മുടെ അതേ പാതയില്‍
നമ്മുടെ അതേ വേഗത്തില്‍
നമ്മോടൊപ്പം കാലം താണ്ടുമെന്ന്
തിട്ടം വന്നത്
ഇന്നത്തെ ദിവസമാണ്,

പരുപരുത്തൊരെന്നിലൂടെ
ഞാനെന്നെത്തന്നെ
വലിച്ചു നീങ്ങുകയാണല്ലോയെന്ന്
മനസ്സുമുറിഞ്ഞ ഇന്നത്തെ ദിവസം.

Wednesday, April 14, 2010

മൂര്‍ച്ച

നിലത്തു വീണ്
പൊളിഞ്ഞു ചിതറിയ
പളുങ്കുപാത്രത്തിന്റെ ചീളുകള്‍
പൊറുക്കിയെടുക്കുന്ന
അതേ സാവകാശത്തില്‍
അതേ ശ്രദ്ധയില്‍ ,

തൊട്ടുമുമ്പത്തെ ഒരു മാത്രയില്‍
ഇല്ലാതിരുന്നതിന്റെ
കുടിശ്ശിക തീര്‍ക്കാന്‍
നഷ്ടബോധം കൊണ്ട് ഗുണിച്ചെന്നോണം
ഇരട്ടിപ്പിച്ചെടുത്ത
അതേ സാവകാശത്തിലും
അതേ ശ്രദ്ധയിലും,

പൊറുക്കിയെടുക്കണമെന്നാവും,
പേടിയോടെ തൊടണമെന്നാവും,
ചില നിമിഷങ്ങള്‍ ,
അവയ്ക്കുള്ളിലൊളിച്ച മൂര്‍ച്ചകള്‍
ഓര്‍ക്കാപ്പുറത്ത്
കൈയില്‍ നിന്ന് കുതറുന്നത്.

Friday, February 26, 2010

പൈറസി

വെളിച്ചത്താലുണ്ടായിവരുന്ന
സ്വന്തം നിഴലുകളെയെല്ലാം
അതാത് സ്ഥലങ്ങളില്‍
അവശേഷിപ്പിച്ച് കടന്നുപോവുന്ന
വിശേഷപ്പെട്ട ഒരിനം ജീവികളെ
രൂപപ്പെടുത്തുകയായിരുന്നു ദൈവം.

പ്രസ്തുത സൃഷ്ടിക്ക് വേണ്ട
സാങ്കേതിക സങ്കീര്‍ണ്ണതയില്‍ ക്ഷീണിച്ച്
ദൈവമൊന്ന് നടുചായ്ക്കാന്‍ കിടന്നപ്പോഴാണ്
പാതിപൂര്‍ത്തിയായ
സാങ്കേതികവിദ്യയും കട്ടുതിന്ന്
മനുഷ്യനൊരാള്‍
ഭൂമിയിലേക്ക് കടന്നുകളഞ്ഞത്.

അര്‍ഹതപ്പെട്ട അനശ്വരത
നിഷേധിക്കപ്പെട്ടതിലുള്ള
നിഴലുകളുടെ അമര്‍ഷം
ഇപ്പോഴും തുടരുന്നു.

കണ്ടിട്ടില്ലേ,
നീണ്ടും കുറുകിയും
മെലിഞ്ഞും വീര്‍ത്തും
ഒടിഞ്ഞും വളഞ്ഞും
ഞാന്‍ നിന്റേതല്ല
നീയെന്റെ ആരുമല്ലെന്ന്
നിഴലുകള്‍ നമ്മളോട്
വിയോജിച്ചുകൊണ്ടിരിക്കുന്നത് ?

Thursday, February 25, 2010

സ്വാതന്ത്ര്യം

കാണാമറയത്ത് കൂട്ടിയിട്ട
പഴയ സാധനങ്ങളുടെ
ദ്രവിച്ച കൂമ്പാരം ഓര്‍മ്മവന്നു,

അതിലൊരിടത്ത് കണ്ട
തുരുമ്പിച്ച അഴികളും കൊളുത്തുമുള്ള
എലിക്കെണി ഓര്‍മ്മവന്നു,

അടഞ്ഞിരിക്കുന്ന അവസ്ഥയിലും
അതിനുള്ളില്‍ നിന്ന് പുറത്തേക്ക്
സ്വൈരസഞ്ചാരം നടത്തുന്ന
ചിതലുകളെ ഓര്‍മ്മവന്നു,

സ്വാതന്ത്ര്യം എന്ന വാക്ക്
പത്രത്തിലൊരു വാര്‍ത്തയില്‍
ഇന്ന് കണ്ടപ്പോള്‍ .

Wednesday, February 24, 2010

പോ(കു)ന്നു

പണ്ടും പിന്നെയും പോയിട്ടില്ലാത്ത
ഇടങ്ങളിലേക്ക്
സഞ്ചരിക്കുന്നുവെന്ന് വിചാരിക്കുന്നു.

പോകാവുന്നത്ര ദൂരം
പോയ്ക്കൊണ്ടിരിക്കുമെന്ന്
പറയുന്നില്ല
(ഭൂമി ഉരുണ്ടതായതുകൊണ്ട്
ചെറിയൊരു പ്രശ്നമുണ്ട്-
തുടങ്ങിയേടത്ത് തന്നെ
തിരിച്ചെത്തുമ്പോഴാണ്
പരമാവധി ദൂരം താണ്ടിയിട്ടുണ്ടാവുക).

അതേപ്പറ്റി തല്‍ക്കാലം
ആലോചിക്കുന്നില്ല.

ആരുമാരും പോയിട്ടില്ലാത്ത
ദിശയിലൂടെ
മുന്നിലുള്ളത് വകഞ്ഞ്
വഴിയുണ്ടാക്കിയാണ്
പോയ്ക്കൊണ്ടിരിക്കുന്നതെന്ന്
സങ്കല്‍പ്പിക്കുന്നു.

തിരിച്ചുവരുമെങ്കില്‍
വഴിതെറ്റാതിരിക്കണമെന്നുണ്ട്.

ഇതുവായിക്കാനെടുത്ത
നിങ്ങളുടെ സമയത്തില്‍
ഏത് വാക്കുകൊണ്ട്
എത്രയാഴത്തില്‍ കൊത്തിയാലാണ്
ഒരടയാളമുണ്ടാവുക?

Tuesday, February 23, 2010

പിന്നെയും മരച്ചുവട്ടില്‍

അതേ തണലെന്ന്
തോന്നലുണ്ടാവുമായിരിക്കും.

അതേ കാറ്റെന്നാവും
ഇലക്കിലുക്കം
കേള്‍വിയാകുന്നുണ്ടാവുക.

സാരമില്ല,

പൊഴിഞ്ഞുപോയവയുണ്ടെന്ന്
തളിര്‍ത്തുവന്നവയുണ്ടെന്നും
കണക്കിലെടുത്ത്
ഒന്നുകൂടെ
കാണാനും കേള്‍ക്കാനും തുനിഞ്ഞാല്‍

തറയിലമര്‍ന്ന്
കാത്തിരിപ്പുണ്ടാവും
സാദ്ധ്യമായതില്‍ വെച്ച്
ഏറ്റവും പുതിയ
നിഴല്‍ത്തിരുത്തുകള്‍ ,

അറിയാമോ എന്ന്
തിളക്കുന്നുണ്ടാവും
ഇനിയൊരിക്കല്‍ക്കൂടി ആവര്‍ത്തിക്കാത്ത
ഇലപ്പാട്ടിരമ്പക്കം.

Wednesday, January 06, 2010

തെറ്റാലി

കേട്ടുകൊണ്ടിരുന്ന
പാട്ടിൽ നിന്നൊരു
വാക്ക്‌ തെറിച്ചുവന്നു.

നമ്മളെ നമ്മൾ
പഗോഡ പണിതതിൻ
കൂട്ടത്തിലേറ്റം കനത്ത വാക്ക്‌.

എങ്ങുനിന്നോ
കേട്ടുതീരുന്നതിനിടയിൽ
നീ തൊടുത്തുവെച്ചതാണോ
ഇതേ പാട്ടിന്റെ തെറ്റാലിയിൽ
വലിച്ചുമുറുക്കിയിതിനെ ?