Monday, June 01, 2015

മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ

മറവിയുടെ
പൊറുതിയില്ലാത്തവര്‍
മുറിവുകളെപ്പറ്റി
ജീവിച്ചുകൊണ്ടിരിക്കുന്നു.

മുറിവുകള്‍ എന്നാണ്
മുറിവുകളെ എന്നാണ്
മുറിവുകളേ എന്നുമാണ്

ഓരോ മുറിവും
ഒരു ജീവിയാണ്.
അതേറ്റയാളില്‍
അയാളല്ലാതെ ജീവിക്കുന്ന
മറ്റൊരു ജീവി,

ഏറ്റയാളും
ഏല്‍പ്പിച്ചയാളും
ചേര്‍ന്ന് രൂപപ്പെട്ട
ജനിതകമുള്ളത്.

ഒന്നിലധികം

എല്ലാം
വിഭജിക്കപ്പെട്ടിരിക്കുന്നു

ഉദാഹരണത്തിന് / വെറും ഹരണത്തിന് ,

വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ്
മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍

മനസ്സിലായിട്ട്
പേടിക്കുന്നവര്‍ / ഹരം പിടിക്കുന്നവര്‍

മനസ്സിലാവാഞ്ഞിട്ട്
ബോറടിക്കുന്നവര്‍ / കെറുവിക്കുന്നവര്‍

ആ വിഷം കുടിച്ച്
ജീവിക്കുന്നവര്‍ / മരിക്കുന്നവര്‍

എന്നിങ്ങനെ / എന്നങ്ങനെ
വിഭജിതം / വിയോജിതം
വിഷാദലിപ്തം / വിശ്വാകാരം

പലനിലകളില്‍

മുന്തിയ ഇനം
അമിട്ടുകള്‍ പോലെ
പലനിലകളിലേക്ക്
ഉയര്‍ന്ന് വളര്‍ന്ന്
പൊട്ടിത്തെറിക്കുന്ന
അഭാവങ്ങളുണ്ട്,
ആത്മഹത്യകളുണ്ട്,
അവഗണനകളുമുണ്ട്

അല്ലെങ്കില്‍

കാട് തുടങ്ങുന്നതിന്റെ
അതിര്‍ത്തിയിലൊരിടത്തെ
വിദൂരഗ്രാമങ്ങളിലൊന്നില്‍
വൈദ്യുതിയെത്തിക്കാനുള്ള
സന്നദ്ധപ്രവര്‍ത്തനത്തിന്
ഇറങ്ങിത്തിരിച്ചൊരാളാണ്
നിങ്ങള്‍

അല്ലെങ്കില്‍
തന്റെ അലച്ചിലുകളുടെ
ക്ഷീണങ്ങളിലൊന്നില്‍
വഴിയരികില്‍ കാറ്റിലാടുന്ന
കണ്ണാന്തളിപ്പൂക്കളെ
നോക്കിനിന്നപ്പോള്‍
നഗരത്തിലെ
ത്രസിപ്പിക്കുന്ന ഏകാന്തതയുടെ
നാഡിമിടിപ്പിനെപ്പോലെയൊന്നിനെ
അയാള്‍ക്ക്
ഓര്‍മ്മ വന്ന
ആ നിമിഷമാണ്
നിങ്ങള്‍

നോക്കൂ,
നിങ്ങള്‍ വേറൊരാളാണ്
വേറൊരു ജീവിയാണ്
വേറൊരു സ്ഥലമാണ്
വേറൊരു വികാരമാണ്
എന്നൊക്കെ പറയുന്നതിന് പകരം
നിങ്ങള്‍ ഒരു നിമിഷമാണ്,
സന്ദര്‍ഭമാണ് എന്നൊക്കെ
പറയുകയാണിവിടെ

നിങ്ങള്‍ ഇതൊന്നും
വിശ്വസിക്കാനോ
അംഗീകരിക്കാണോ പോകുന്നില്ലെന്ന്
നിങ്ങളെക്കാളും നന്നായി
എനിക്കറിയാം,
ഞാന്‍ തര്‍ക്കിക്കുന്നില്ല

ഇതൊന്നും ഇങ്ങനെയൊന്നും
അല്ലെങ്കില്‍ത്തന്നെയും
പ്രത്യേകിച്ചൊന്നുമില്ലല്ലോ അല്ലേ ?

വെല്ലുവിളിക്കുന്നു.

നിറങ്ങളുടെ
തുരങ്കങ്ങളിലൂടെ
ചെറിയ ചെറിയ
ചലനങ്ങള്‍ വിതച്ച്
ചിത്രം
കടന്നുകളയുന്നു.

എനിക്കറിയാം
അതിനെങ്ങോട്ടാണ്
പോകേണ്ടതെന്ന്.

ഇല്ലെന്ന്
തെളിയിക്കാമോ ?

രാത്രി പകലിനോട്

ഏറ്റവും മൂര്‍ച്ചയുള്ളവ
രാത്രിയുടെ അരികുകള്‍

ഓരോ പകലിനെയും അത്
പലതായി മുറിച്ചുവെയ്ക്കുന്നു

പലപല വലിപ്പങ്ങളില്‍
പലപല ചായ്‌വുകളില്‍
പലപല പടുതികളില്‍

അര്‍ത്ഥമുള്ളതെന്ന്
അര്‍ത്ഥമില്ലാത്തതെന്ന്
അര്‍ത്ഥം വേണ്ടാത്തതെന്നുമുള്ള
കഷണങ്ങളായി

മുറിച്ച്
മുറിച്ച്
തള്ളുന്നു

മടിക്കുറിപ്പ്

മടിയുടെ
മലിനമായ ആനന്ദം
മനസ്സിനെ
കുറ്റബോധങ്ങളുടെ
കാര്‍ണിവലാക്കുന്നു.
ഈ കോലാഹലത്തിനിടയില്‍,
വിചിത്രവേഷങ്ങളുടുത്ത്,
മുഖം‌മൂടികളിട്ട്,
തിരക്കിലൊളിച്ച്,
തുള്ളിയോടി നടക്കുന്നു
മനഃസാക്ഷി.

അറിയാത്ത

രാത്രി വഴിയിലൂടെ
അയാള്‍ നടക്കുമ്പോള്‍

അകലെയേതോ വലിയ
യന്ത്രമിരമ്പുന്നതിന്റെ ഒച്ച
കാതിലലച്ചെത്തുന്നു

എന്തുപണിയുന്നതെന്നോ
എവിടെ പണിയുന്നതെന്നോ
അറിയുന്നില്ലയാള്‍ക്കെങ്കിലും,
തൊട്ടുമുന്നില്‍ വഴിയിലുള്ള
പരിചയമുള്ളവയെക്കാളൊക്കെ
കനത്ത സാന്നിദ്ധ്യമാവുന്നു
ഒച്ച-മുഴക്കം-ഇരമ്പം,
അകലെനിന്ന്
അറിയാത്തതില്‍ നിന്ന്
അറിയാത്തൊരിടത്ത് നിന്ന്
അയാള്‍ക്ക് ചുറ്റും

രാത്രിയിലൂടെ
അയാള്‍ നടക്കുന്നപോലെ
ഒച്ചയിലൂടെയും
അയാള്‍ നടക്കുന്നു

ഒളിപ്പോര്

മനസ്സിന്
മനസ്സിന്റെ
ഒളിത്താവളമാവാന്‍
കഴിയുന്നുണ്ട്.
എന്റെ യുദ്ധത്തില്‍
തോല്‍ക്കാനതിന്
മനസ്സില്ലെന്ന് തോന്നുന്നു.

സെന്റ് സെവാഗ്

വീരേന്ദര്‍ സെവാഗിന്റെ
ഒന്നിനെയും കൂസാത്ത ഷോട്ടുകള്‍
കണ്ടുനില്‍ക്കുന്നവരെയും
കളിച്ചുനില്‍ക്കുന്നവരെയും
അസ്തപ്രജ്ഞരാക്കിക്കൊണ്ട്
ആരും ഒരിക്കലും
ഒട്ടും ഊഹിച്ചിട്ടില്ലാത്ത
വഴികളിലൂടെ, വിധങ്ങളിലൂടെ
കളിക്കുന്നതിന്റെയും
കളി കാണേണ്ടതിന്റെയും
ധാരണകളെ/മുന്‍‌വിധികളെ
തലങ്ങും വിലങ്ങും
അപ്രസക്തമാക്കുന്നതുപോലെ

പ്രണയിക്കുന്നവരുടെ
കണ്ണുകളിലുണ്ടാകുന്ന വെളിച്ചങ്ങള്‍
ലോകത്തിന്റെ പഴഞ്ചന്‍ വെളിച്ചങ്ങളെ
നോക്കുകുത്തികളാക്കുന്നു.

അയാള്‍ അതിര്‍ത്തി കടത്തിയ പന്ത്
എടുത്തുകൊണ്ടുവരികയും
അയാളുടെ ദാക്ഷിണ്യമില്ലാത്ത ഭാവനയിലേക്ക്
വീണ്ടും എറിഞ്ഞുകൊടുക്കുകയും
അയാള്‍ എന്തെങ്കിലും അബദ്ധം ചെയ്യുമെന്ന്
കാത്തിരിക്കുകയും ചെയ്യുന്ന
എതിര്‍ടീ‍മാവുകയാണ്
ലോകത്തിന്
പ്രണയത്തിനെതിരെ
ചെയ്യാനാവുന്നത്

പരിചയപ്പെടുന്നു

എവിടെ നിന്നാണ്?
- എന്റെ കുട്ടിക്കാലത്ത് നിന്ന്.
അതല്ല, ഏത് സ്ഥലമെന്നാണ്?
- കാലവും ഒരു സ്ഥലമാണ്,
നിങ്ങൾക്കറിയാഞ്ഞിട്ടാണ്.

Swing and a miss

വീശിയ ബാറ്റില്‍
കൊള്ളുകയേ ചെയ്യാതെ
പന്ത് പോയിക്കഴിഞ്ഞ്
ബാറ്റുചെയ്യുന്നയാള്‍
വായുവിലൊന്നുകൂടി
അതേ ചേലില്‍ വീശി
ഇങ്ങനെയായിരുന്നെന്ന്
വിശദീകരിക്കാന്‍
ശ്രമിക്കുന്നപോലെ
ജീവിക്കാതിരുന്ന ജീവിതം
ജീവിക്കുമായിരുന്നതിങ്ങനെയെന്ന്
വാക്കുകളുടെ വീശലുകള്‍
വാക്യങ്ങളില്‍