Friday, January 09, 2015

തിരുത്ത്

വീട്ടില്‍ തിരിച്ചെത്തി
വാതില്‍ തുറന്നപ്പോള്‍

അടക്കാന്‍ മറന്ന
ജനാലയിലൂടെ
അകത്തുവന്നിരിപ്പുണ്ട്
ഒരു പൂമ്പാറ്റ

അല്ലല്ല,
തുറന്നുവെച്ച
ജനാലയിലൂടെ
അകത്തുവന്നതാണ്
പൂമ്പാറ്റയെന്ന്

പൊടുന്നനെയതിന്റെ
പറക്കം
എന്റെ മറവിയെ
സൌന്ദര്യത്തിലേക്ക്
ചെറുതായൊന്ന്
തിരുത്തിക്കളഞ്ഞു

Bio-data

എന്റെ
ആനന്ദമളക്കാനുള്ള
യന്ത്രമാണ്
ഞാന്‍

എന്റെ
സങ്കടങ്ങളെ സമാഹരിക്കുന്ന
സാങ്കേതികവിദ്യയുമാണ്
ഞാന്‍

എന്റെ
പരാജയങ്ങള്‍ക്ക്
പ്രവര്‍ത്തിക്കാനാവശ്യമായ
ഇന്ധനവും
ഞാന്‍

ഇതൊക്കെ കണ്ട്
ജീവനില്ലാത്തതേ എന്ന്
എന്നെ ശകാരിക്കാന്‍
വേറൊരു ഞാനുണ്ടെന്ന്
എന്റെ മനസ്സ് പറയുന്നു

തല്‍ക്കാലം
ഞാനത് വിശ്വസിക്കുന്നു.

സാഹിത്യകുതുകികള്‍ക്ക് വ്യത്യസ്തതയെപ്പറ്റി ഒരു self-help കവിത

വ്യത്യസ്തതയാര്‍ന്ന ജീവിതം
അത്രക്ക് ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല

ചെറിയ ചില വ്യത്യസ്തതകളെ
ചിലനേരങ്ങളിലെങ്കിലും
നിങ്ങളുടെ ജീവിതത്തില്‍
പങ്കെടുക്കാനനുവദിച്ചാല്‍ മതി

ഉദാഹരണമായി ഇതുതന്നെ നോക്കൂ:
ഞാന്‍ എന്റെ ഫോണില്‍
രാവിലെയുണരാന്‍ അലാറം വെയ്ക്കുന്നത്
5:37, 6:12, 7:03 എന്നൊക്കെയാണ്,
അലാറം അടിക്കുമ്പോള്‍
കുറച്ചുകൂടി കഴിയട്ടേ എന്ന് സ്നൂസ് ചെയ്യുന്നത്
13 മിനുട്ട്, 22 മിനുട്ട് എന്നൊക്കെയുമാണ്.

നിങ്ങള്‍ ജീവിക്കുന്ന സമയമേഖലയില്‍
ആരും പ്രത്യേകിച്ച് ഗൌനിക്കാനിടയില്ലാത്ത
5:37 നെയോ 6:12 നെയോ
നിങ്ങളുടെ ചേതമില്ലാത്ത ഒരു പരിഗണന
പ്രധാനപ്പെട്ട ഒന്നാക്കുന്നതെങ്ങനെയെന്ന് നോക്കൂ

ഇത് നിങ്ങളെ
തികച്ചും മൌലികമായൊരു കാര്യം ചെയ്യുന്ന
വ്യതിരിക്ത വ്യക്തിത്വമാക്കുന്നതായി
നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ ?

ശരിക്കും എഴുത്തുകാരൊക്കെ
ഇങ്ങനെയൊക്കെത്തന്നെയല്ലേ ചെയ്യേണ്ടത് ?

ആയിരക്കണക്കിന് നിമിഷങ്ങളില്‍ നിന്ന്
ആരും മനസ്സിലെടുക്കാത്ത ഒരു നിമിഷത്തെ
എന്തിനെന്ന് കൃത്യമായറിയാത്ത കാരണങ്ങളാല്‍
പ്രധാനപ്പെട്ട എന്തിനോ വേണ്ടി തിരഞ്ഞെടുക്കുന്ന
ഈ കിറുക്കിലെ കൃത്യത പോലെയൊക്കെ..

ഉ(ൾ)ഭയം

എന്തെങ്കിലുമോർമ്മവരുമ്പോൾ
വേദനിക്കുമല്ലോയെന്നും
എന്തെങ്കിലും വേദനിക്കുമ്പോൾ
ഓർമ്മവരുമല്ലോയെന്നും
പേടിച്ച് പേടിച്ചാണ് ...

ആയതിനാല്‍

1
സ്നേഹം
മരണത്തിന്‍റെ
ഇന്ദ്രിയമാണ്

2
മനസ്സ്
നശ്വരതയുടെ
കീബോര്‍ഡാണ്

3
ജീവിതം
ജീവിതത്തിന്‍റെ
റണ്ണര്‍ അപ്പാണ്

4
1, 2, 3 എന്നിവ
സത്യവും നുണയുമാണ്

തിരക്ക്

എത്രയെത്ര
നിശ്ചലതകളില്‍
പങ്കെടുക്കേണ്ടതിന്റെ
തിരക്കുണ്ട്,
ഓരോ നിമിഷത്തിനും

മൂന്ന്‍ പൌരതന്ത്ര ഹൈക്കുകള്‍

1
ഗാന്ധി
പ്രതിമ
നിശ്ചലത

2
സൌദി അറേബ്യ
ഉത്തര കൊറിയ
സംഘിരാജ്യം

3
ജ്യോതിഷം
ഹോമിയോപ്പതി
സദാചാരം

ഇനി

കരയാന്‍ വിങ്ങിനില്‍ക്കുന്ന
ഒരാളിനെ
കെട്ടിപ്പിടിക്കുന്നപോലെ
ഈയെഴുതിവരുന്നതിനെ
നീ
മനസ്സിലാക്കണം
ഒറ്റയ്ക്കല്ല എന്നുംകൂടി
അതിന്റെ അര്‍ത്ഥത്തിലേക്ക്
ചേരുന്നുണ്ടാവട്ടെ

ആ....?

ആശകളുടെ ആകൃതിയാണോ
ആശയങ്ങളുടെ ആകൃതി ?

ആനന്ദത്തിന്റെ ആവൃത്തിയാണോ
ആത്മാവിന്റെ ആവൃത്തി ?

ആത്മനിന്ദയുടെ ആഴമാണോ
ആത്മവിശ്വാസത്തിന്റെ ആഴം ?

ആളുകളുടെ ആക്രാന്തമാണോ
ആൾദൈവത്തിന്റെ ആക്രാന്തം ?

ആരാന്റെ ആഘോഷമാണോ
ആരുടെയെങ്കിലും ആഘോഷം ?

ആ................ ആ.................. ?
ആ................ ആ.................. ?
ആ................ ആ..................
ആ................ ആ.................. ?

ഉള്ള(ന/ട)ക്കം

എന്നില്‍
നീ

മണ്ണില്‍
വേരെന്നപോലെ
സഞ്ചാരം

പ്രയാണമെന്നോ
നൃത്തമെന്നോ വിളിക്കാവുന്ന
സന്നിഗ്ദ്ധതയില്‍

വളരുന്നതിന്‍റെയും
പുളയുന്നതിന്റെയും
സമാഹാരം