Friday, October 26, 2007

എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു

രുചി വേണ്ടിടത്തെല്ലാം
കൊഴകൊഴാന്ന്
കൂട്ട് നിന്നിട്ടുണ്ട്.

മരുന്നിന്റെ
മിക്കപാര്‍ട്ടിയിലും
അംഗത്വമുണ്ട്.

ഉണങ്ങിച്ചുളിയുന്ന
ചിലയിടമെല്ലാം
മിനുക്കി നിര്‍ത്താന്‍
ഉത്സാഹിച്ചിട്ടുമുണ്ട്.

പറയാനുള്ളത് അതല്ല.

ചതഞ്ഞ് പിരിഞ്ഞ്
ഉള്ളുചോര്‍ന്ന്
ഇങ്ങനെയൊക്കെയായി
എന്നുപറയുമ്പോഴേക്കും
അതില്‍ക്കേറി
തന്റെയൊന്നും
ഉണക്ക ജീവിതത്തെ
സങ്കല്‍പ്പിച്ചു കളയരുത്.

Wednesday, October 24, 2007

മറവിക്കുറിപ്പ്

ഒട്ടുമേയോര്‍ക്കുന്നില്ല-
    യന്നുനാം കാണുന്നതും
ഉള്ളേറിയുഷ്ണംനെയ്യും
    നോട്ടത്തില്‍ കോര്‍ക്കുന്നതും


മിണ്ടുന്ന മട്ടില്‍ തമ്മി-
    ലിണക്കം മീട്ടുന്നതും
തണുത്തോരീണത്തില്‍ നാ-
    മിളവേറ്റിരുന്നതും.


ഓര്‍മ്മയില്ലന്നാപ്പക-
    ലന്തികളലിഞ്ഞതും
ഊറിനിന്‍‌വെളിച്ചമെ-
    ന്നിരുട്ടത്തടിഞ്ഞതും.


ഓര്‍ക്കാതെപോവുന്നില്ല-
    യോര്‍മ്മതന്നുടമ്പടി;
ഓര്‍മ്മതന്നോര്‍മ്മപോലും-
    മായ്ക്കുവാനോര്‍പ്പൂ നിത്യം.

Saturday, October 20, 2007

മൃഗശാല

വിശന്നു മുരളുന്ന
സിംഹത്തെ കാണുമ്പോള്‍
ഇരുമ്പിനെ കമ്പികളാക്കാമെന്നും
കമ്പിയെ അഴികളാക്കാമെന്നും
കണ്ടെത്തിയവരെ
നന്ദിയോടെ ഓര്‍ക്കും.

സ്വയംഭോഗം ചെയ്യുന്ന
കുരങ്ങുകള്‍ക്കുമുന്നില്‍
ആണ്‍കുട്ടികള്‍
‍പെണ്‍കുട്ടികളുടെ ദേഹത്തുതട്ടാതെ
ശ്രദ്ധാലുക്കളാകും.

പഴയ ചിത്രകഥകളുടെ
ഹരംനിറഞ്ഞ ഓര്‍മ്മകളുണര്‍ത്തി
ചെളിവെള്ളത്തില്‍
അനങ്ങാതെ പൊങ്ങിനില്‍ക്കും
മുതലകള്‍ .

അടര്‍ന്നു പോരാതെ
ആഞ്ഞുപിടിക്കുന്ന ഉടുമ്പുകളെ
ഭിത്തിയില്‍ മക്കള്‍ക്ക് കാണിച്ചുകൊടുക്കും.

ഒരു മൃഗശാലയെങ്കിലും വേണം
ഓരോ നഗരത്തിലും.

[ 2006 ജനുവരിയില്‍ മൂന്നാമിടം.കോമില്‍ പ്രസിദ്ധീകരിച്ചത്]

Wednesday, October 10, 2007

അങ്ങനെ

അങ്ങനെയുള്ളൊരു ജീവിതം
നയിച്ചുപോരുകയായിരുന്നു ഞാന്‍.

നിര്‍ത്ത് നിര്‍ത്ത്
നയിക്കാന്‍ നിന്റെ ജീവിതം
ജാഥയൊന്നുമായിരുന്നില്ലല്ലോ?

എങ്ങനെയോ ജീവിതം
തള്ളിനീക്കുകയായിരുന്നു ഞാന്‍.

ഓ പിന്നേ
തള്ളാന്‍ പോയിട്ട്
ഊതിപ്പറത്താനുള്ള
കനം പോലുമില്ലായിരുന്നെന്ന്
ആര്‍ക്കാണറിയാത്തത്?

ജീവിതം അങ്ങനെയൊക്കെ
മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

ഏയ്, അതും ശരിയാവില്ലെന്നേ
ഉരുണ്ടിരിക്കുന്ന ഈ ലോകത്തില്‍
എന്ത് മുന്നോട്ടും പിന്നോട്ടും?

ജീവിതം പോലൊന്നിലെങ്ങനെയോ
ഏര്‍പ്പെട്ടിരിക്കയായിരുന്നു ഞാന്‍.

ഏര്‍പ്പാടെന്നൊക്കെ പറഞ്ഞ്
വലിയ തിരക്കിലായിരുന്നെന്ന്
വെറുതെ തെറ്റിദ്ധരിപ്പിക്കല്ലേ

ഞാനെന്റെ ജീവിതമങ്ങനെ
മരിച്ചുകൊണ്ടിരിക്കയായിരുന്നു

ഹ! ഇപ്പോഴല്ലേ ശരിയായത്
ശരിക്കുമങ്ങോട്ട് ശരിയായത്
അങ്ങനെ വഴിക്ക് വാ....