Thursday, May 22, 2008

ഇടനാഴി

നില്‍പ്പോടുനില്‍പ്പായ
കെട്ടിടത്തിനുള്ളില്‍

നടപ്പുകള്‍ക്കു മാത്രമായി
വിള്ളലായി നില്‍ക്കും
ചില ഇടങ്ങള്‍-
ഇടനാഴികള്‍.

ഓരോ മനുഷ്യനും
ഒരു കെട്ടിടമാണെന്ന്
വിചാരിച്ചാലുമറിയാം,

അങ്ങോട്ടോ ഇങ്ങോട്ടോ
ഉള്ളില്‍ നിന്ന് ഉള്ളിലൂടെ
പോക്കുവരവനക്കങ്ങള്‍;

നില്‍പ്പോടുനില്‍പ്പിന്നകത്ത്
പുറത്തൊട്ടുമറിയാത്ത വിധത്തില്‍.

Sunday, April 20, 2008

ഒറ്റയ്ക്ക് കേള്‍ക്കുന്നത്

ഇയര്‍ഫോണിലേതോ
തബല പെയ്യുന്നു

കാതിലെ കാടുലച്ച്
പാട്ടുവീശുന്നു

ഒതുക്കത്തിലൊട്ടും
തുളുമ്പാതകത്തേക്ക്
തീര്‍ത്തും രഹസ്യമായ്
താളമിടിവെട്ടുന്നു

പുറമേയ്ക്ക് പകരാതെ
ഒറ്റയ്ക്ക് തീരുന്നു
തെളിവില്ലാതെത്രയോ
നനവുകാലങ്ങള്‍.

Sunday, March 30, 2008

ഒഴിവിടത്തെപ്പറ്റി പറഞ്ഞുനോക്കുന്നു

വല്ലാതെയങ്ങ്
ഇല്ലാതെയായിപ്പോയില്ലേ
നമ്മുടെ പറച്ചിലിലെ
പഴയൊരു പുളകം

പറഞ്ഞുവന്നാല്‍
ചെങ്കല്ല്
വെട്ടിത്തീര്‍ന്നിടത്തെ
കുഴി പോലെയായി

ഓര്‍ക്കാപ്പുറത്ത്
ഉണ്ടായതൊന്നുമല്ല
ചതുരത്തിലാഴത്തില്‍
നമ്മുടെയീ ഇല്ലായ്മ

എന്നാലും...
ഏത് പറച്ചിലും
കെട്ടിപ്പൊക്കാന്‍
ഉറപ്പുള്ളൊരു ഉറപ്പായിരുന്നു

എന്തു ചെയ്യാനാണ് ?
പറഞ്ഞുവന്നാല്‍
എല്ലാ ഉറപ്പും
ഇങ്ങനെയൊക്കെത്തന്നെ

അളന്നു മുറിഞ്ഞ്
ലോറികേറിപ്പോയി
ഒടുക്കമൊടുക്കം
വല്ലാത്തൊരു വിടവ്.

Monday, March 17, 2008

ക്യൂ

എന്തെങ്കിലും
തിരിച്ചുപിടിക്കാനുള്ള
ക്യൂവിലാണെന്ന്
വെറുതെ വിചാരിക്കുക.

നേരായിട്ടും കാണുമന്നേരം
മുന്നിലും പിന്നിലും
നീ തന്നെ
നിരനില്‍ക്കുന്നത്.

മുന്നില്‍ നിന്ന് നീയൊഴിഞ്ഞ്
നിരനീളം കുറയുമ്പോള്‍
‍നിന്റെയൊരൂഴത്തിന്
പുതുശ്വാസം വരുന്നത്.

എപ്പൊഴെത്തുമോയെന്ന്
പിന്നിലെ നീയാകെ-
യങ്കലാപ്പാവുമ്പോള്‍,

ഒട്ടുമുന്നില്‍ നിന്നുമൂറിയൂറി
ഉറിയുടെ പഴംചിരി
നീയേ ചിരിപ്പത്.

വെറുതെ വിചാരിക്ക്
നീയവിടെ നില്‍ക്ക്
ഞാനിവിടെ നില്‍ക്കുന്നു.

ഊഴം വരുന്നേരം
നേരിട്ടുകാണാം.

Tuesday, February 19, 2008

ഈര്‍ച്ച എന്ന ഉപമയില്‍

മരക്കഷണത്തില്‍
ഈര്‍ച്ചവാളുപായുന്ന
ഒച്ച പോലതിന്‍
ഉരിയാട്ടുപെരുക്കങ്ങള്‍.

ഇടക്കൊന്ന് നിര്‍ത്തിയ
ഈര്‍ച്ചപ്പണി പോലെ
മുറിഞ്ഞതിന്റെയും
മുറിയാനുള്ളതിന്റെയും
അതിര്‍ത്തിയില്‍
അതിന്റെ ഇടവേളകള്‍.

മുറിയുമ്പോള്‍ മാത്രം
മരത്തില്‍ നിന്ന്
പുറത്തുവരാന്‍ കാത്തിരുന്ന
മരപ്പൊടിയുടെ
നനവുമണം പോലെ
അതിന്റെ
സ്‌മൃതിഗന്ധങ്ങള്‍.

രണ്ടാവാനുള്ളതിന്‍
നേര‍ത്തിലൂടെത്ര
മൂര്‍ച്ചകള്‍ നിരങ്ങീല
നമ്മളില്‍ നീളത്തില്‍ ?

Saturday, February 09, 2008

വിവര്‍ത്തനം

മുറിയിലേക്ക്
തിരിച്ചുവരുന്ന വഴി.

പാതിരാത്രി നേരം.

പലരോടൊന്നിച്ച്
പലപ്പോഴായി
കയറിയിട്ടുള്ള
മദ്യശാലയുടെ കെട്ടിടം.

അതിനുള്ളില്‍ നിന്നും
പുറത്തേക്ക് കവിയുന്നു
ഇരുണ്ട വെളിച്ചത്തിനുമേലെ
ഒച്ചകള്‍ കൊണ്ട്
ലഹരികളുടെ കൊത്തുപണികള്‍.

ഏങ്ങിക്കലങ്ങിയൊരൊച്ച
ഒറ്റയ്ക്കുയരുന്നതുകേട്ടാണ്
നോക്കിപ്പോയത്...
ബാറിന്റെ ചവിട്ടുപടികളിലൊന്നില്‍
കുന്തിച്ചിരിപ്പുണ്ടായിരുന്നു, അയാള്‍
ഏങ്ങലിലുലഞ്ഞ്
എന്തിനോ കരഞ്ഞ്

ആദ്യമായല്ല ഇമ്മട്ടിലൊന്ന്
കാണാനിടയായതെങ്കിലും
എന്തിനോ അപ്പോള്‍
ചെന്നു നോക്കാന്‍ തോന്നി.

അടുത്തെത്തിയതും
എഴുന്നേറ്റ് നിന്ന്
ചുമലില്‍ കൈവെച്ചു.

പേര് കിം മ്യോംഗ് ഹൊ എന്നും
ടാക്സി ഡ്രൈവറെന്നും പറഞ്ഞു.

കരയുന്നുണ്ടായിരുന്നു
നെഞ്ചുതടവുന്നുണ്ടായിരുന്നു
കണ്ണുതിരുമ്മുന്നുമുണ്ടായിരുന്നു.

സോജുവിന്റേയും
സിഗരറ്റിന്റേയും
മണം തെറിപ്പിച്ച്
കരച്ചിലിനൊപ്പം
തുരുതുരാ പലതും
പറഞ്ഞുകൊണ്ടിരുന്നു ;
എനിക്കറിഞ്ഞുകൂടാത്ത
അയാളുടെ ഭാഷയില്‍,
മലയാളത്തിനറിയാത്തത്ര
നീളുകയും കുറുകുകയും
മൂര്‍ച്ചയാവുകയും
മുരളുകയും ചെയ്യുന്ന
അതിന്റെ ശബ്ദങ്ങളില്‍.

ലോകത്തിലെ എല്ലാ മനുഷ്യരും
പാവങ്ങളാണ്
എന്നൊന്നുമായിരിക്കില്ല
പറഞ്ഞിരുന്നത്.
എന്നിട്ടും
അങ്ങനെയെന്തോ ആണ്
എനിക്ക് മനസ്സിലായത്.

Monday, January 28, 2008

താമസം

വിസ്തരിച്ച് പറഞ്ഞാല്‍
ഓര്‍ത്തിരിക്കില്ലെന്നറിയാം.

ചുരുക്കിപ്പറയാന്‍ ശ്രമിക്കാം.

എത്ര ചുരുക്കിപ്പറഞ്ഞാലും
രണ്ടെണ്ണമെങ്കിലുമുണ്ട്
പാര്‍പ്പിടം,
മേല്‍‌വിലാസം.

ഉറങ്ങുമ്പോള്‍
ഇരുട്ടത്തൊന്ന്,
ഉറങ്ങിത്തീരുമ്പോള്‍
അതേയിടത്തു തന്നെ
വെട്ടത്ത് വേറൊന്ന്.

Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.