Tuesday, May 29, 2007

കേട്ടെഴുത്ത്

വാക്കുകള്‍
എവിടുന്നെന്നില്ലാതെ
അടര്‍ത്തിയെടുത്ത്
ഓരോന്നായി
ടീച്ചര്‍ ചോദ്യങ്ങളാക്കും.

ഒച്ചയില്‍ നിന്ന്
അക്ഷരങ്ങളിലേക്ക്
കല്ലുപെന്‍സില്‍
വരഞ്ഞെത്തണമായിരുന്നു
ഞങ്ങളെല്ലാം.

സങ്കടം എന്ന വാക്ക്
കേട്ട് തീരുന്നതിനുമുമ്പ്
ഓടിനുമേലെ
ചരലുചൊരിഞ്ഞപോലെ
കാതടച്ചുപെയ്തതോര്‍മ്മയുണ്ട്
പൊടുന്നനെയൊരു
പ്രാന്തത്തി മഴ.

കേട്ടുതീരാഞ്ഞ്,
എഴുതിയെത്താഞ്ഞ്
തെറ്റിപ്പോവുന്നുണ്ട്
സങ്കടം കഴിഞ്ഞുവരുന്ന
വാക്കുകള്‍
ഇപ്പോഴുമെനിക്ക്.

Sunday, May 20, 2007

പ്രണയാനന്തരം

പ്രണയം നമ്മുടെ ഓരോവാക്കുകള്‍ക്കും
ഒരര്‍ത്ഥത്തെയെങ്കിലും
ഉണ്ടാക്കിത്തരുമെന്ന് നീ പറഞ്ഞത്
ഇപ്പോഴും സത്യമാണെന്ന്
ഞാന്‍ കളവുപറയുന്നു.

അന്നായിരുന്നെങ്കില്‍
വിരഹത്തില്‍നിന്നേറ്റ
പരിക്കില്‍ നിന്നെന്ന്
പ്രണയപൂര്‍വ്വം
അവകാശപ്പെടുമായിരുന്ന‍
പുകച്ചിലില്‍ ഞാന്‍
മൂന്നുമണിയായിട്ടും
ഉറങ്ങാതിരിക്കുകയും
പന്ത്രണ്ടുമണിയായിട്ടും
ഉണരാതിരിക്കുകയും ചെയ്യുന്നു.

പ്രണയം
സമയത്തിന്റെ മാത്രം
ഫോട്ടോ എടുക്കാവുന്ന
ഒരു ക്യാമറയാണെന്ന്
ഞാന്‍ നിനക്ക്
അവസാനത്തെ ഇ-മെയില്‍
അയക്കുന്നു.

ദിനോസറുകളെക്കാളും
പഴക്കമുള്ള ഒരുത്തന്‍
അതിന്റെ യന്ത്രമര്‍മ്മങ്ങളില്‍ ഞെക്കി
വെള്ളിവെളിച്ചം
വിസര്‍ജ്ജിക്കുന്നുവെന്ന്
നീ എപ്പോഴാണ് മറുപടി അയക്കുക?

മറുപടിയില്‍ ‍ദയവായി
ഒറ്റവരികവിത പോലും
എഴുതാതിരിക്കുക.
പ്രണയത്തിന്റെ ഇരുമ്പാണി
മന്ത്രപുരസ്സരം അടിച്ചുകേറ്റേണ്ട
പാലമരങ്ങളുടെ
വിത്തുകളാകുന്നു, കവിതകള്‍.

പ്രണയഭംഗങ്ങളാകട്ടെ
അഴിമുഖങ്ങള്‍
സമതലങ്ങള്‍
പര്‍വ്വതങ്ങള്‍
എന്നിവപോലെ
മനുഷ്യരുടേതല്ലാത്ത
ഒരു ബഹുവചനപദവും.

Tuesday, May 01, 2007

സൂചന

വെളിച്ചം
ഏഴുവരികളില്‍
ഇരുട്ടിനെക്കുറിച്ച്
ഒരു സൂചന.

കാഴ്ചകള്‍
നിഴലിനെക്കുറിച്ച്
നിറങ്ങളില്‍ പടുത്ത
സൂചനകള്‍.

വെളിച്ചം കൊണ്ട്
കാണാനാവാത്ത
ഇരുട്ടുപോലെ,

നിറം തേച്ച്
ചിത്രമാക്കാനാവാത്ത
നിഴലുപോലെ

അസാധ്യതകളുടെ
വിരസവ്യംഗ്യം
ജീവിതം.