Friday, February 26, 2010

പൈറസി

വെളിച്ചത്താലുണ്ടായിവരുന്ന
സ്വന്തം നിഴലുകളെയെല്ലാം
അതാത് സ്ഥലങ്ങളില്‍
അവശേഷിപ്പിച്ച് കടന്നുപോവുന്ന
വിശേഷപ്പെട്ട ഒരിനം ജീവികളെ
രൂപപ്പെടുത്തുകയായിരുന്നു ദൈവം.

പ്രസ്തുത സൃഷ്ടിക്ക് വേണ്ട
സാങ്കേതിക സങ്കീര്‍ണ്ണതയില്‍ ക്ഷീണിച്ച്
ദൈവമൊന്ന് നടുചായ്ക്കാന്‍ കിടന്നപ്പോഴാണ്
പാതിപൂര്‍ത്തിയായ
സാങ്കേതികവിദ്യയും കട്ടുതിന്ന്
മനുഷ്യനൊരാള്‍
ഭൂമിയിലേക്ക് കടന്നുകളഞ്ഞത്.

അര്‍ഹതപ്പെട്ട അനശ്വരത
നിഷേധിക്കപ്പെട്ടതിലുള്ള
നിഴലുകളുടെ അമര്‍ഷം
ഇപ്പോഴും തുടരുന്നു.

കണ്ടിട്ടില്ലേ,
നീണ്ടും കുറുകിയും
മെലിഞ്ഞും വീര്‍ത്തും
ഒടിഞ്ഞും വളഞ്ഞും
ഞാന്‍ നിന്റേതല്ല
നീയെന്റെ ആരുമല്ലെന്ന്
നിഴലുകള്‍ നമ്മളോട്
വിയോജിച്ചുകൊണ്ടിരിക്കുന്നത് ?

Thursday, February 25, 2010

സ്വാതന്ത്ര്യം

കാണാമറയത്ത് കൂട്ടിയിട്ട
പഴയ സാധനങ്ങളുടെ
ദ്രവിച്ച കൂമ്പാരം ഓര്‍മ്മവന്നു,

അതിലൊരിടത്ത് കണ്ട
തുരുമ്പിച്ച അഴികളും കൊളുത്തുമുള്ള
എലിക്കെണി ഓര്‍മ്മവന്നു,

അടഞ്ഞിരിക്കുന്ന അവസ്ഥയിലും
അതിനുള്ളില്‍ നിന്ന് പുറത്തേക്ക്
സ്വൈരസഞ്ചാരം നടത്തുന്ന
ചിതലുകളെ ഓര്‍മ്മവന്നു,

സ്വാതന്ത്ര്യം എന്ന വാക്ക്
പത്രത്തിലൊരു വാര്‍ത്തയില്‍
ഇന്ന് കണ്ടപ്പോള്‍ .

Wednesday, February 24, 2010

പോ(കു)ന്നു

പണ്ടും പിന്നെയും പോയിട്ടില്ലാത്ത
ഇടങ്ങളിലേക്ക്
സഞ്ചരിക്കുന്നുവെന്ന് വിചാരിക്കുന്നു.

പോകാവുന്നത്ര ദൂരം
പോയ്ക്കൊണ്ടിരിക്കുമെന്ന്
പറയുന്നില്ല
(ഭൂമി ഉരുണ്ടതായതുകൊണ്ട്
ചെറിയൊരു പ്രശ്നമുണ്ട്-
തുടങ്ങിയേടത്ത് തന്നെ
തിരിച്ചെത്തുമ്പോഴാണ്
പരമാവധി ദൂരം താണ്ടിയിട്ടുണ്ടാവുക).

അതേപ്പറ്റി തല്‍ക്കാലം
ആലോചിക്കുന്നില്ല.

ആരുമാരും പോയിട്ടില്ലാത്ത
ദിശയിലൂടെ
മുന്നിലുള്ളത് വകഞ്ഞ്
വഴിയുണ്ടാക്കിയാണ്
പോയ്ക്കൊണ്ടിരിക്കുന്നതെന്ന്
സങ്കല്‍പ്പിക്കുന്നു.

തിരിച്ചുവരുമെങ്കില്‍
വഴിതെറ്റാതിരിക്കണമെന്നുണ്ട്.

ഇതുവായിക്കാനെടുത്ത
നിങ്ങളുടെ സമയത്തില്‍
ഏത് വാക്കുകൊണ്ട്
എത്രയാഴത്തില്‍ കൊത്തിയാലാണ്
ഒരടയാളമുണ്ടാവുക?

Tuesday, February 23, 2010

പിന്നെയും മരച്ചുവട്ടില്‍

അതേ തണലെന്ന്
തോന്നലുണ്ടാവുമായിരിക്കും.

അതേ കാറ്റെന്നാവും
ഇലക്കിലുക്കം
കേള്‍വിയാകുന്നുണ്ടാവുക.

സാരമില്ല,

പൊഴിഞ്ഞുപോയവയുണ്ടെന്ന്
തളിര്‍ത്തുവന്നവയുണ്ടെന്നും
കണക്കിലെടുത്ത്
ഒന്നുകൂടെ
കാണാനും കേള്‍ക്കാനും തുനിഞ്ഞാല്‍

തറയിലമര്‍ന്ന്
കാത്തിരിപ്പുണ്ടാവും
സാദ്ധ്യമായതില്‍ വെച്ച്
ഏറ്റവും പുതിയ
നിഴല്‍ത്തിരുത്തുകള്‍ ,

അറിയാമോ എന്ന്
തിളക്കുന്നുണ്ടാവും
ഇനിയൊരിക്കല്‍ക്കൂടി ആവര്‍ത്തിക്കാത്ത
ഇലപ്പാട്ടിരമ്പക്കം.