Friday, December 28, 2007

പരസ്യവിപണനം

ഏകാന്തതയിലേക്കുള്ള എളുപ്പവഴികള്‍
എന്ന പേരില്‍ ഞാനെഴുതിയ
ഉപയോഗപ്രദമായ ഈ കൈപ്പുസ്തകം
ആദായവിലയില്‍ സ്വന്തമാക്കാനുള്ള
അസുലഭ അവസരത്തിലേക്ക്
മാന്യയാത്രക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

വെറുതെയൊന്ന്
തുറന്നുനോക്കണം സുഹൃത്തേ
തരക്കേടില്ല, പ്രയോജനപ്പെടും
എന്ന് ബോധ്യപ്പെട്ടാല്‍മാത്രം
കാശ് മുടക്കിയാല്‍ മതി.

അല്ലെങ്കിലും
ആരാണുള്ളത് സഹോദരീ
ഏകാന്തതയിലേക്ക്
എങ്ങനെ പോകണം
എങ്ങനെ വരണം എന്ന്
ഒരിക്കലെങ്കിലും വഴിമുട്ടാത്തവര്‍ ?

എകാന്തതയിലേക്ക്
ഇതിലുള്ള വിവരങ്ങള്‍
രസകരമല്ലെങ്കില്‍
തുറന്നുപറയണം സഹൃദയരേ

ഇതിനു തൊട്ടുമുന്‍പ്
ഏകാന്തതയിലെ അന്യായങ്ങള്‍
എന്ന പേരില്‍ ഞാനെഴുതിയ
അപസര്‍പ്പകനോവലിന്റെ
ഏതാനും ചില കോപ്പികള്‍
നിങ്ങള്‍ക്കുവേണ്ടിയാകണം
ഇപ്പൊഴുമെന്റെ കയ്യില്‍
‍ബാക്കിനില്‍ക്കുന്നത്.

Wednesday, December 19, 2007

സന്ധി

നീ ഒന്നും പറയണ്ട.

പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത
എന്തെങ്കിലും പ്രശ്നം

നമുക്കിടയിലുണ്ടെന്ന്

നീ എത്ര വാദിച്ചാലും
ഞാന്‍ സമ്മതിച്ചുതരില്ല.

Thursday, December 13, 2007

വിരസത

എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍

തിലോത്തമ തീയറ്ററിനകത്ത്
നൂണ്‍ഷോയ്ക്കുള്ള ഇരുട്ട്
പതിവുപോലെ പ്രവേശിച്ച നേരം

താലൂക്കാപ്പീസില്‍
പി.പി. ഹരിദാസിന്റെ
അപേക്ഷയുള്ള ഫയലിനെ
ക്ലാര വര്‍ഗ്ഗീസ്
മടക്കിവെച്ച മാത്രയില്‍

പന്ത്രണ്ട് അമ്പതിന്
പുറപ്പെടേണ്ടിയിരുന്ന
ജെ.കെ. ട്രാവത്സ്
ഉടന്‍ സ്റ്റാന്‍ഡുവിടണമെന്ന്
ബസ്‌സ്റ്റാന്‍ഡിലെ ഉച്ചഭാഷിണി
കര്‍ക്കശപ്പെട്ടപ്പോള്‍

നിര്‍ണ്ണായകവും
ചരിത്രപ്രസക്തവുമായ
ഒരു അട്ടിമറിയിലൂടെ
വിരസതയ്ക്ക്
അന്നും
വിശന്നു തുടങ്ങി.

Monday, December 10, 2007

അറിയിപ്പ്

[പാട്ട് നില്‍ക്കുന്നു....]

ഒരു പ്രത്യേക അറിയിപ്പ്,

ഭക്ഷണക്കമ്മിറ്റിയുടെ
മേല്‍നോട്ടം വഹിക്കുന്ന
ശ്രീമാന്‍ പ്രത്യയശാസ്ത്രത്തെ
കുറച്ചു കൂടുതല്‍ നേരമായി
കാണാനില്ലെന്ന്
സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നു.

അദ്ദേഹം
സമ്മേളന നഗരിയിലോ
സമീപപ്രദേശങ്ങളിലോ
എവിടെയെങ്കിലുമുണ്ടെങ്കില്‍
എത്രയും പെട്ടെന്ന്
സംഘാടകസമിതി ഓഫീസുമായി
ബന്ധപ്പെടണമെന്ന്
വീണ്ടും വീണ്ടും അറിയിക്കുന്നു,
അഭ്യര്‍ത്ഥിക്കുന്നു.

മറ്റുപ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തകര്‍
‍ഇദ്ദേഹത്തെ കാണുന്നപക്ഷം
ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍
‍സംഘാടക സമിതി
കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.

[പാട്ട് തുടരുന്നു....]

Thursday, December 06, 2007

കാത്തിരിപ്പ്

പുറപ്പെട്ടുവെന്ന്
പറഞ്ഞിട്ട്
നേരം കുറേയായല്ലോ?

എവിടെയെത്തി ഇപ്പോ?

ഞാനിവിടെ
ബസ്‌സ്റ്റോപ്പില്‍ നിന്ന്
മുടിഞ്ഞ വെയിലുതിന്നുന്നു

വൈകുന്നുവെന്നറിഞ്ഞാല്‍
പറയേണ്ടായിരുന്നോ?

ഹലോ....

ചതി എന്നുതന്നല്ലേ
ബസ്സിന്റെ പേര് പറഞ്ഞത്?

അതേപേരിലിതുവഴി
നാലഞ്ചു ബസ്സുപോയെന്നേ

അതിലൊന്നിലും
കാണാത്തോണ്ടല്ലേ
വിളിച്ചോണ്ടിരിക്കുന്നേ

ചൂടാവല്ലേ നീ...

Monday, November 12, 2007

കൊതിയെഴുത്ത്

വാള്‍ത്തലപ്പില്‍
വന്നിരിക്കുന്ന
കൊതുകുപോലെ
ഒരു കൊതി.

അടിക്കാന്‍ തുനിഞ്ഞാല്‍
ആഴത്തില്‍ മുറിവ്
എന്ന ഈണത്തില്‍
അതിന്റെ മൂളിപ്പാട്ടുകള്‍.

വന്നിരിക്കാന്‍ കണ്ടൊരിടം !
എന്ന് സന്തോഷത്തോടെ
എന്റെ പരിഭവം.

Friday, November 09, 2007

കരച്ചിലിനോട്

ഒന്നുമല്ലാത്ത ഒരു ദിവസം
ഒരു ചിരിപോലുമില്ലാത്ത
സമയക്കാട്ടിനുള്ളില്‍‍
ഒളിച്ചുകാത്തിരുന്നല്ലോ നീ?

മിണ്ടാതിരിക്കുന്നത്
എങ്ങനെ നിന്നോട്?

ഉപ്പുകലര്‍ത്തി
നീരുനുരഞ്ഞ്
കണ്ണുതുളുമ്പിച്ച
രഹസ്യസമുദ്രമേ,

ഓര്‍ത്തടുക്കിയതെല്ലാം
അഴിച്ചുലര്‍ത്തിയ,
പരത്തിപ്പറത്തിയ
കാറ്റുകറക്കമേ,

കാര്യമെന്തെന്നറിയാതെ
പൊടുന്നനെയൊരാള്‍
‍കരഞ്ഞുപോകുന്നതുകൊണ്ട്
ഒരുദിവസത്തിന്
ഒന്നും സംഭവിക്കില്ലെന്ന്
അറിയാമായിരിക്കുമല്ലേ
എനിക്കും നിനക്കും?

Friday, October 26, 2007

എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു

രുചി വേണ്ടിടത്തെല്ലാം
കൊഴകൊഴാന്ന്
കൂട്ട് നിന്നിട്ടുണ്ട്.

മരുന്നിന്റെ
മിക്കപാര്‍ട്ടിയിലും
അംഗത്വമുണ്ട്.

ഉണങ്ങിച്ചുളിയുന്ന
ചിലയിടമെല്ലാം
മിനുക്കി നിര്‍ത്താന്‍
ഉത്സാഹിച്ചിട്ടുമുണ്ട്.

പറയാനുള്ളത് അതല്ല.

ചതഞ്ഞ് പിരിഞ്ഞ്
ഉള്ളുചോര്‍ന്ന്
ഇങ്ങനെയൊക്കെയായി
എന്നുപറയുമ്പോഴേക്കും
അതില്‍ക്കേറി
തന്റെയൊന്നും
ഉണക്ക ജീവിതത്തെ
സങ്കല്‍പ്പിച്ചു കളയരുത്.

Wednesday, October 24, 2007

മറവിക്കുറിപ്പ്

ഒട്ടുമേയോര്‍ക്കുന്നില്ല-
    യന്നുനാം കാണുന്നതും
ഉള്ളേറിയുഷ്ണംനെയ്യും
    നോട്ടത്തില്‍ കോര്‍ക്കുന്നതും


മിണ്ടുന്ന മട്ടില്‍ തമ്മി-
    ലിണക്കം മീട്ടുന്നതും
തണുത്തോരീണത്തില്‍ നാ-
    മിളവേറ്റിരുന്നതും.


ഓര്‍മ്മയില്ലന്നാപ്പക-
    ലന്തികളലിഞ്ഞതും
ഊറിനിന്‍‌വെളിച്ചമെ-
    ന്നിരുട്ടത്തടിഞ്ഞതും.


ഓര്‍ക്കാതെപോവുന്നില്ല-
    യോര്‍മ്മതന്നുടമ്പടി;
ഓര്‍മ്മതന്നോര്‍മ്മപോലും-
    മായ്ക്കുവാനോര്‍പ്പൂ നിത്യം.

Saturday, October 20, 2007

മൃഗശാല

വിശന്നു മുരളുന്ന
സിംഹത്തെ കാണുമ്പോള്‍
ഇരുമ്പിനെ കമ്പികളാക്കാമെന്നും
കമ്പിയെ അഴികളാക്കാമെന്നും
കണ്ടെത്തിയവരെ
നന്ദിയോടെ ഓര്‍ക്കും.

സ്വയംഭോഗം ചെയ്യുന്ന
കുരങ്ങുകള്‍ക്കുമുന്നില്‍
ആണ്‍കുട്ടികള്‍
‍പെണ്‍കുട്ടികളുടെ ദേഹത്തുതട്ടാതെ
ശ്രദ്ധാലുക്കളാകും.

പഴയ ചിത്രകഥകളുടെ
ഹരംനിറഞ്ഞ ഓര്‍മ്മകളുണര്‍ത്തി
ചെളിവെള്ളത്തില്‍
അനങ്ങാതെ പൊങ്ങിനില്‍ക്കും
മുതലകള്‍ .

അടര്‍ന്നു പോരാതെ
ആഞ്ഞുപിടിക്കുന്ന ഉടുമ്പുകളെ
ഭിത്തിയില്‍ മക്കള്‍ക്ക് കാണിച്ചുകൊടുക്കും.

ഒരു മൃഗശാലയെങ്കിലും വേണം
ഓരോ നഗരത്തിലും.

[ 2006 ജനുവരിയില്‍ മൂന്നാമിടം.കോമില്‍ പ്രസിദ്ധീകരിച്ചത്]

Wednesday, October 10, 2007

അങ്ങനെ

അങ്ങനെയുള്ളൊരു ജീവിതം
നയിച്ചുപോരുകയായിരുന്നു ഞാന്‍.

നിര്‍ത്ത് നിര്‍ത്ത്
നയിക്കാന്‍ നിന്റെ ജീവിതം
ജാഥയൊന്നുമായിരുന്നില്ലല്ലോ?

എങ്ങനെയോ ജീവിതം
തള്ളിനീക്കുകയായിരുന്നു ഞാന്‍.

ഓ പിന്നേ
തള്ളാന്‍ പോയിട്ട്
ഊതിപ്പറത്താനുള്ള
കനം പോലുമില്ലായിരുന്നെന്ന്
ആര്‍ക്കാണറിയാത്തത്?

ജീവിതം അങ്ങനെയൊക്കെ
മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

ഏയ്, അതും ശരിയാവില്ലെന്നേ
ഉരുണ്ടിരിക്കുന്ന ഈ ലോകത്തില്‍
എന്ത് മുന്നോട്ടും പിന്നോട്ടും?

ജീവിതം പോലൊന്നിലെങ്ങനെയോ
ഏര്‍പ്പെട്ടിരിക്കയായിരുന്നു ഞാന്‍.

ഏര്‍പ്പാടെന്നൊക്കെ പറഞ്ഞ്
വലിയ തിരക്കിലായിരുന്നെന്ന്
വെറുതെ തെറ്റിദ്ധരിപ്പിക്കല്ലേ

ഞാനെന്റെ ജീവിതമങ്ങനെ
മരിച്ചുകൊണ്ടിരിക്കയായിരുന്നു

ഹ! ഇപ്പോഴല്ലേ ശരിയായത്
ശരിക്കുമങ്ങോട്ട് ശരിയായത്
അങ്ങനെ വഴിക്ക് വാ....

Friday, September 21, 2007

സ്വപ്നം

ഉറക്കത്തിന്റെ പിരിയഡില്‍
ടൈംടേബിള്‍ തെറ്റിച്ച്
കയറിവന്നു.

കൂര്‍ക്കംവലിയുടെ
കലപിലയോട്
ഡെസ്കില്‍ വടിയടിച്ച്
കര്‍ക്കശപ്പെട്ടു.

ബ്ലാക് ബോര്‍ഡില്‍
ബാക്കി നിന്ന വീട്ടുകണക്കുകള്‍
ഏതോ ഒരു വെളിച്ചം കൊണ്ട്
തൂത്ത് കളഞ്ഞു.

പാഠം പറഞ്ഞ്
പകുതിയാവുമ്പൊഴേക്കും
കുഴപ്പം തുടങ്ങി.

പറയാനുള്ളവയെല്ലാം
ഓര്‍മ്മയുണ്ടെങ്കിലും
പറഞ്ഞുതീര്‍ന്നതെത്രയെന്ന്
മറന്നു മറന്നേ പോവുന്നു.

നില്‍പ്പ് പന്തിയല്ലെന്ന് കണ്ട്
ക്ലാസ് മതിയാക്കി.

സംസാരിക്കുന്നവരുടെ
പേരെഴുതിവെയ്ക്കാന്‍
ഇരുട്ടിനോട് പറഞ്ഞ്
മടങ്ങിപ്പോയി.

പകലിന്റെ സ്റ്റാഫ് റൂമില്‍
ഇരുന്നിരുന്നുറങ്ങുന്നുണ്ടാവും
ഇപ്പോള്‍.

Saturday, August 18, 2007

പതിവ്

പോകുന്നവഴിയില്‍
പതിവായി കാണുന്ന
പാറക്കല്ലില്‍ നിന്ന്
അതിന്റെ
വിശദമായ നിശ്ചലത
എന്നിലേക്ക്
കയറിവരുന്നു.

നടപ്പുനീളുന്ന
ദൂരത്തിലേക്കെല്ലാം
നിശ്ചലത
എന്നോടൊപ്പം
എന്റെ കാലുകളില്‍
സഞ്ചരിക്കും.

ഇളകിപ്പറന്ന്
അങ്ങുമിങ്ങുമാകാവുന്ന
ചിലതിന്റെയെല്ലാം മേലെ
മനസ്സിനുള്ളില്‍
അമര്‍ന്നിരുന്ന്
കരുതലാവുന്നുണ്ടാവും
അതിന്റെ കനം.

തൊട്ടുരുമ്മി
അരിച്ചുകേറിയതിനെ
ഇക്കിളികോച്ചരുതെന്ന്
പറഞ്ഞാല്‍ കേള്‍ക്കില്ല
എന്റെ ഓര്‍മ്മപ്പായലുകള്‍.

മടങ്ങിവരുന്ന വഴിയില്‍
അതേയിടമെത്തുമ്പോള്‍
എന്നില്‍നിന്നത്
തിരിച്ചിറങ്ങും.

ഒരു ദിവസത്തിന്റെ കൂടി
പഴക്കം കൂടിയ
നിശ്ചലതയായി
നാളെയെന്നെ കാത്തിരിക്കും.

പോകുന്ന വഴിയില്‍
പതിവായി കാണുന്ന
പാറക്കല്ലില്‍.

Saturday, July 14, 2007

വഴുക്ക്

സംഭവിക്കുന്നതെന്തെന്ന്
അറിയാനിടതരാതെ
കാര്യങ്ങള്‍
ഒന്നില്‍നിന്നൊന്നിലേക്ക്
തെന്നിവീണുകൊണ്ടിരിക്കുന്നു.

ഞാന്‍ നിന്നെ നോക്കുമ്പോഴും
നീ എന്നെ നോക്കുമ്പോഴും
നോട്ടങ്ങള്‍
കാഴ്ചയുടെ വരമ്പില്‍ നിന്ന്
നമ്മുടേതല്ലാത്ത
വയലുകളിലേക്ക് വഴുക്കുന്നു.

പത്രത്തിലേക്ക്
നോക്കിയിരിക്കുമ്പോള്‍
വാര്‍ത്തയില്‍നിന്ന് വഴുതി
വായന
ചരിത്രത്തിനു പുറത്താവുന്നു.

കണ്ടുമുട്ടുന്നവര്‍
കുശലം ചോദിക്കുമ്പോള്‍
കുന്നായ്മയെക്കുറിച്ചുള്ള
കരുതലുകളിലേക്ക്
കേള്‍വിക്ക്
കാലുവഴുക്കുന്നു.

വാതിലടച്ച്
പുറത്തോട്ട് കാലുവെയ്ക്കുമ്പോള്‍
ഉള്ളില്‍നിന്നൊരു ഗ്രാമം
നഗര‍ത്തിലേക്ക്
മലര്‍ന്നടിക്കുന്നു.
വാതില്‍ തുറന്ന്
അകത്തോട്ട് കയറുമ്പോള്‍
നഗരം
ഗ്രാമത്തിലേക്ക്
വിരലൂന്നി നടക്കുന്നു.

നിന്നിടത്ത്
നില്‍ക്കാനാവാതെ
നിന്നിട്ടില്ലാത്തിടത്ത്
നിരങ്ങിയെത്താനുമാവാതെ
ജീവിതം
സമയത്തിനുമേലെ
വഴുവഴുക്കുന്നു.

ദൈവത്തിന്റെ മിനുസത്തില്‍
കാലുറക്കാതെ
സ്വര്‍ഗ്ഗം നരകത്തിലേക്കും
നരകം സ്വര്‍ഗ്ഗത്തിലേക്കും
തലതല്ലി വീഴുന്നു.

'വഴുക്ക്
ഒരു വിനിമയമാണ് ;
പ്രപഞ്ചത്തെക്കുറിച്ച്
വേഗത്തിന്റെ ചിഹ്നങ്ങളില്‍
ഭൂഗുരുത്വം തരുന്ന
അമ്പരപ്പിക്കുന്ന അര്‍ത്ഥങ്ങള്‍’
എന്ന ദര്‍ശനത്തിനു പോലും
ചിരിയിലേക്ക് വഴുതി
പല്ലുപോവുന്നു.

(ഈ കവിത മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്)

Friday, June 29, 2007

മൂന്ന് പ്രണയകവിതകള്‍



നിഘണ്ടു


അറിഞ്ഞുകൂടാത്ത
എന്നെത്തിരഞ്ഞ്
വാക്കായടുക്കിയ
നിന്നെത്തുറന്ന്
നോക്കുമായിരുന്നു
നിരന്തരം ഞാന്‍.



കടലാസ്

മുറിഞ്ഞരഞ്ഞ്
അമര്‍ന്നുപരന്ന്
ഉണങ്ങിവെളുത്തുഞാന്‍
കാത്തുകിടന്നത്
നിന്നെത്തന്നെ നീ
എഴുതിവെയ്കാനായിരുന്നു,
സത്യമായും !



വാക്ക്

ഒച്ച കലരുമ്പോള്‍
അര്‍ത്ഥമാവുന്ന
അതിശയമേ,
വ്യഥകളുടെ വാതിലില്‍
പ്രണയമായ് മുട്ടുന്നു
പിന്നെയും പിന്നെയും
പിന്നെയും നീ.

Tuesday, May 29, 2007

കേട്ടെഴുത്ത്

വാക്കുകള്‍
എവിടുന്നെന്നില്ലാതെ
അടര്‍ത്തിയെടുത്ത്
ഓരോന്നായി
ടീച്ചര്‍ ചോദ്യങ്ങളാക്കും.

ഒച്ചയില്‍ നിന്ന്
അക്ഷരങ്ങളിലേക്ക്
കല്ലുപെന്‍സില്‍
വരഞ്ഞെത്തണമായിരുന്നു
ഞങ്ങളെല്ലാം.

സങ്കടം എന്ന വാക്ക്
കേട്ട് തീരുന്നതിനുമുമ്പ്
ഓടിനുമേലെ
ചരലുചൊരിഞ്ഞപോലെ
കാതടച്ചുപെയ്തതോര്‍മ്മയുണ്ട്
പൊടുന്നനെയൊരു
പ്രാന്തത്തി മഴ.

കേട്ടുതീരാഞ്ഞ്,
എഴുതിയെത്താഞ്ഞ്
തെറ്റിപ്പോവുന്നുണ്ട്
സങ്കടം കഴിഞ്ഞുവരുന്ന
വാക്കുകള്‍
ഇപ്പോഴുമെനിക്ക്.

Sunday, May 20, 2007

പ്രണയാനന്തരം

പ്രണയം നമ്മുടെ ഓരോവാക്കുകള്‍ക്കും
ഒരര്‍ത്ഥത്തെയെങ്കിലും
ഉണ്ടാക്കിത്തരുമെന്ന് നീ പറഞ്ഞത്
ഇപ്പോഴും സത്യമാണെന്ന്
ഞാന്‍ കളവുപറയുന്നു.

അന്നായിരുന്നെങ്കില്‍
വിരഹത്തില്‍നിന്നേറ്റ
പരിക്കില്‍ നിന്നെന്ന്
പ്രണയപൂര്‍വ്വം
അവകാശപ്പെടുമായിരുന്ന‍
പുകച്ചിലില്‍ ഞാന്‍
മൂന്നുമണിയായിട്ടും
ഉറങ്ങാതിരിക്കുകയും
പന്ത്രണ്ടുമണിയായിട്ടും
ഉണരാതിരിക്കുകയും ചെയ്യുന്നു.

പ്രണയം
സമയത്തിന്റെ മാത്രം
ഫോട്ടോ എടുക്കാവുന്ന
ഒരു ക്യാമറയാണെന്ന്
ഞാന്‍ നിനക്ക്
അവസാനത്തെ ഇ-മെയില്‍
അയക്കുന്നു.

ദിനോസറുകളെക്കാളും
പഴക്കമുള്ള ഒരുത്തന്‍
അതിന്റെ യന്ത്രമര്‍മ്മങ്ങളില്‍ ഞെക്കി
വെള്ളിവെളിച്ചം
വിസര്‍ജ്ജിക്കുന്നുവെന്ന്
നീ എപ്പോഴാണ് മറുപടി അയക്കുക?

മറുപടിയില്‍ ‍ദയവായി
ഒറ്റവരികവിത പോലും
എഴുതാതിരിക്കുക.
പ്രണയത്തിന്റെ ഇരുമ്പാണി
മന്ത്രപുരസ്സരം അടിച്ചുകേറ്റേണ്ട
പാലമരങ്ങളുടെ
വിത്തുകളാകുന്നു, കവിതകള്‍.

പ്രണയഭംഗങ്ങളാകട്ടെ
അഴിമുഖങ്ങള്‍
സമതലങ്ങള്‍
പര്‍വ്വതങ്ങള്‍
എന്നിവപോലെ
മനുഷ്യരുടേതല്ലാത്ത
ഒരു ബഹുവചനപദവും.

Tuesday, May 01, 2007

സൂചന

വെളിച്ചം
ഏഴുവരികളില്‍
ഇരുട്ടിനെക്കുറിച്ച്
ഒരു സൂചന.

കാഴ്ചകള്‍
നിഴലിനെക്കുറിച്ച്
നിറങ്ങളില്‍ പടുത്ത
സൂചനകള്‍.

വെളിച്ചം കൊണ്ട്
കാണാനാവാത്ത
ഇരുട്ടുപോലെ,

നിറം തേച്ച്
ചിത്രമാക്കാനാവാത്ത
നിഴലുപോലെ

അസാധ്യതകളുടെ
വിരസവ്യംഗ്യം
ജീവിതം.

Friday, April 13, 2007

ഭാരം

ഭാരത്തിന്റെ
എത്ര കഥകള്‍
ഓര്‍മ്മയുണ്ടെന്ന്
അപ്പൂപ്പന്‍ താടി
കരിങ്കല്ലിനോട്
ചോദിച്ചു.

അഴിഞ്ഞും അലഞ്ഞും
പാറിപ്പറന്നതിന്റെ
ഓര്‍മ്മകള്‍ക്ക്
എത്ര ഭാരമുണ്ടെന്ന്
കരിങ്കല്ല്
അപ്പൂപ്പന്‍ താടിയോട്
മറുചോദ്യമായി.

Sunday, April 01, 2007

വിരുന്ന്

ഉള്ളതില്‍വെച്ച്
ഏറ്റവും നല്ല
ഉടുപ്പുകൊളുത്തി
ഉടലിനെ ഒരുക്കുന്നുണ്ട്.

കാ‍ണുന്നവര്‍ക്ക്
പാതി ദുരൂഹമായ
സന്തോഷത്തില്‍
മുഖത്ത് ചിരിയുണ്ട്.

സമയത്തിനെന്തിത്ര
മടിപിടിക്കാനെന്ന്
ഇറങ്ങേണ്ട നേരത്തിനായി
ധൃതികൂട്ടുന്നുമുണ്ട്.

ജീവിതത്തില്‍ നിന്ന്
കവിതയിലേക്ക്
വിരുന്നുപോകുമ്പോള്‍
വാക്കിന്റെ
മടിശ്ശീലയിലുണ്ടാകുമോ
അടുത്ത തവണ
മറക്കില്ലെന്നേറ്റിരുന്ന
മധുരമായൊരര്‍ത്ഥം ?

Wednesday, March 21, 2007

ആംബുലന്‍സ്

മുറിവുകളെയും
പിടച്ചിലുകളെയും
പൊതിഞ്ഞെടുത്താവും
പാഞ്ഞുപോകുന്നത്.

ജീവിതത്തിലേക്കോ
ജീവിതത്തില്‍നിന്നോ ആവും
പതറി വിറച്ച്
തിടുക്കപ്പെടുന്നത്.

വിയര്‍ത്തോ
കിതച്ചോ
വഴിതിരഞ്ഞോ
തിരക്ക് നുഴയുന്ന
മനസ്സുകള്‍
ആംബുലന്‍സ്
എന്ന ഉപമയെങ്കിലും
അര്‍ഹിക്കുന്നുണ്ട്.

Monday, March 12, 2007

രണ്ടു ചാക്രിക കവിതകള്‍

തണുപ്പ്

എന്റെ ചൂടില്‍
ഞാന്‍ തന്നെ
വെട്ടിത്തിളച്ച്
എന്നിലേക്ക് തന്നെ
മറിഞ്ഞ് വീണ്
എനിക്കുതന്നെ
പൊള്ളുമ്പോള്‍
എന്നെത്തന്നെ തളിച്ച്
ഞാന്‍ തന്നെ
കെടുത്തുന്ന
അടുപ്പുകളെ
എന്റേതെന്ന് തന്നെ
ഞാന്‍ വിളിക്കണോ?

കടം

ഉറങ്ങുന്ന ഒരാളെ
സ്വപ്നംകാണാന്‍ വേണ്ടിയാണ്
അവനോട് കുറച്ച്
ഉറക്കം കടം വാങ്ങിയത്.

കടംവാങ്ങിയ ഉറക്കത്തില്‍
ഉറങ്ങുന്ന അവനെ
സ്വപ്നംകാണുന്ന ഞാന്‍
എങ്ങനെയായിരിക്കും
എപ്പോഴായിരിക്കും
അവന്റെ ഉറക്കത്തെ
മടക്കിക്കൊടുക്കുക?

Monday, March 05, 2007

പ്രതിഷേധക്കുറിപ്പ്

യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, ബ്ലോഗില്‍ നിന്നുള്ള ചില സൃഷ്ടികള്‍ രചയിതാക്കളുടെ അനുവാദം കൂടാതെ പ്രസിദ്ധീകരിക്കപ്പെട്ടതിലും, തന്‍മൂലം ഉണ്ടായ പ്രതിഷേധങ്ങള്‍ക്ക്‌ നേരേ യാഹൂ ഇന്ത്യ കാണിച്ച നിരുത്തരവാദപരമായ അലംഭാവത്തിലും, ഒരു ബ്ലോഗര്‍ എന്ന നിലയിലുള്ള എന്റെ പ്രതിഷേധം ഇതിനാല്‍ രേഖപ്പെടുത്തുന്നു.

I hereby register my protest against the content theft by Yahoo India in their Malayalam portal from some blog creations. Also, I protest against the indifference shown by Yahoo India in addressing and resolving the issues in a professional manner.

some realted links:

My protest against plagiarisation of Yahoo India! എന്റെ ...

My protest against plagiarisation of Yahoo I...

Protest against plagiarisation of Yahoo ! യാഹൂവിന്റെ ...

ഞങ്ങള് പ്രതിഷേധിക്കുന്നു (Bloggers Protest)

യാഹൂ ഇന്ത്യയുടെ മോഷണത്തിനെതിരെ ...

അകവും പുറവും - ബ്ലോഗ്കളവ് കാര്ട്ടൂണ് -2

My protest against plagiarisation of Yahoo India ...

ബ്ലോഗിലെ കളവ് - സമരപന്തലില് ഞാനും..

My protest against plagiarisation of Yahoo India ...

Dirty dirty games!

യാഹൂവിന്റെ ബ്ലോഗ് മോഷണം

പ്രതിഷേധിക്കാം അല്ലേ?

[ലിങ്കുകള്‍ക്ക് അതാത് ബ്ലോഗര്‍മാരോട് നന്ദി രേഖപ്പെടുത്തുന്നു. പ്രതിഷേധക്കുറിപ്പിലെ വാചകങ്ങള്‍ക്ക് കണ്ണൂസ്, സങ്കുചിതന്‍ എന്നിവരോട് കടപ്പാട്.]

Thursday, March 01, 2007

പ്രാര്‍ത്ഥനയുടെ അദ്ധ്യായം

അടഞ്ഞോ തുറന്നോ കിടക്കുന്ന
വാതിലിനടിയിലൂടെ
ഉറുമ്പുകള്‍
മുറിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു.

നനഞ്ഞോ ഉണങ്ങിയോ നില്‍ക്കുന്ന
ചുവരുകള്‍ക്കിടയില്‍
ചിലന്തികള്‍
വലനെയ്തുകൊണ്ടിരിക്കുന്നു.

മുലകളെയോ
നദിച്ചുഴിയെയോ
സ്വപ്നം കണ്ടുകൊണ്ട്
കട്ടിലില്‍ ഒരാള്‍ ഉറങ്ങിക്കൊണ്ടിരിക്കുന്നു.

ഇപ്പോള്‍ മുറിയിലുള്ളത്
സ്വപ്നങ്ങളെക്കൂടാതെ
ഉറുമ്പുകളും ചിലന്തികളും
ഉറങ്ങുന്ന ആളുമാണ്.

ഉറുമ്പുകള്‍ ഉറങ്ങാത്തതുകൊണ്ട്
സ്വപ്നങ്ങള്‍ കാണില്ലായിരിക്കും.
സംഭോഗത്തിനുശേഷം
ആണ്‍ചിലന്തിയെ പെണ്‍ചിലന്തി
തിന്നുന്നതുകൊണ്ട്
കാമം പുരണ്ട സ്വപങ്ങളുണ്ടായാല്‍
ചിലന്തികള്‍ക്ക്
ഉറങ്ങാന്‍ കഴിയില്ലായിരിക്കും.

എങ്കിലും

വിയര്‍ക്കുന്നതിന്റെയും
വേദനിക്കുന്നതിന്റെയും
സ്വപ്നം കാണുന്നതിന്റെയും ദൈവമേ,

ഇല്ലാത്ത ഉറക്കങ്ങളില്‍ നിന്ന്
ഇറങ്ങിനടന്ന്
ഉറുമ്പുകളുടെ സ്വപ്നങ്ങള്‍
ഒച്ചയില്ലാത്ത ഒരു സംഗീതത്തെ
തെറ്റിവരയ്ക്കുമ്പോള്‍
‍നീയതിനെ
മരണം എന്നുതന്നെയാണോ വിളിക്കുക?

ഭൂമിയിലെ അവസാനത്തെ
ചിലന്തിയുടെ ചുംബനത്തെ
നീ തന്നെയാണോ
പരിഭാഷപ്പെടുത്തുക?

ഉണര്‍ ന്നോ
ഉറങ്ങിയോ വേദനിക്കുന്ന
മുറി(വു)കളില്‍
എവിടെയിരുന്നാണ്
നീ മനുഷ്യരെ സ്വപ്നം കണ്ട് പേടിക്കുന്നത്?

മുറിയില്‍
ഇപ്പോഴുള്ളത്
മുറിയോ കവിതയോ
ഭാഷപോലുമോ അല്ലായിരിക്കട്ടെ.

(കലാകൌമുദിയില്‍ 2005-ല്‍ പ്രസിദ്ധീകരിച്ചത്)

Thursday, February 22, 2007

അപസര്‍പ്പകം

ഒരു ജീവിതത്തിന്റെ
നിശ്ശബ്ദത
അതിനെ
തൊട്ടുഴിഞ്ഞിരുന്നത്
വിരലടയാളമായി
ബാക്കിയുണ്ടാകും.

തിരകള്‍ കൊണ്ട്
മായ്ച്ചിട്ടും മായ്ച്ചിട്ടും
മാഞ്ഞുപോകാത്ത
കടലിന്റെ ഏകാന്തത പോലെ
അതിന്
ഓര്‍മ്മകളുടെ
കണ്ടാലറിയാവുന്ന
നിറങ്ങളുണ്ടാകും.

എടുത്തുമാറ്റാന്‍
മറന്നുപോയ
ഒരുപാട്
മണങ്ങളുണ്ടാകും,
അതിനെ
ഏതകല‍ത്തിലേക്കും
ഒറ്റുകൊടുക്കുന്നതായി...

പറയുമ്പോഴും
എഴുതുമ്പോഴും
ഓര്‍ത്തുനോക്കുമ്പോഴും
ഒരു വാക്ക്
കാലത്തിന്റെ
തൊണ്ടിമുതലാവുന്നത്
ഇങ്ങനെയൊക്കെയാണ്.

(ഈ കവിത 2007 നവംബറില്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു)

Thursday, January 25, 2007

കഥാര്‍സിസ്

മഴയുടെ വരികളിലെന്നപോലെ
ലിപികള്‍ക്കിടയില്‍
തണുപ്പ് കട്ട പിടിച്ച്
കവിതകള്‍
കാറ്റ് കാത്തിരിക്കാറുണ്ട്.
എന്നാലും
ഇനി വരുമെന്ന് പറഞ്ഞ്
ഒരു കവിതയും
പെയ്തു തീരാറില്ല.

ആശുപത്രി വരാന്തയിലെന്ന പോലെ
ചിരിയിലേക്കോ കരച്ചിലിലേക്കോ
തുറക്കുന്നതെന്നറിയാത്ത
വാതിലുകള്‍ക്ക് മുന്നില്‍
മൌനങ്ങള്‍
വെന്ത കാലില്‍ നടക്കാറുണ്ട്
ഓരോ കവിതയിലും.
എന്നിട്ടും
വരാന്‍ വൈകുന്നതെന്തെന്ന്
വാതിലു ചാരാതെ
ഒരു കവിയും
വെളിച്ചം കാത്തിരിക്കുന്നില്ല.

ചിലപ്പോഴൊക്കെ
ഭൂകമ്പത്തില്‍ തകര്‍ന്ന
ജയിലില്‍ നിന്നെന്നപോലെ
ശരീരത്തില്‍ നിന്ന് സ്വതന്ത്രരായ
ആത്മാവുകള്‍
നിയമങ്ങളെ കൊഞ്ഞനം കുത്താറുണ്ട്,
കവിതകളില്‍.
എങ്കിലും
ജീവിതമോ കവിതയോ
ആദ്യമുണ്ടായതെന്നറിയുവാന്‍
ഒരു വായനക്കാരനും
പരോളിലിറങ്ങുന്നില്ല.

(പാഠം മാസികയില്‍ 2003 ല്‍ പ്രസിദ്ധീകരിച്ചത്)