Friday, December 27, 2013

അസ്വാഭാവിക ഉപമകളിൽ ഒരു കാലാവസ്ഥാവിവരണം

  •  
മരിച്ചുപോയ ഒരാളിന്റെ
കൈയക്ഷരം പോലെ
ഈ രാത്രി

മറന്നുപോയ
ചില കാരണങ്ങൾ പോലെ
ഇവിടത്തെ ഈർപ്പം

അടിച്ചമർത്തപ്പെട്ട ഒന്നിന്റെ
അക്കങ്ങളിലുള്ള തെളിവുപോലെ
താപനിലയുടെ ഈ സംഖ്യ

നിശ്ശബ്ദതയുടെ
നാഡിമിടിപ്പുപോലെ
മഴയ്ക്കുള്ള സാധ്യത

അല്ലേ ?

സങ്കീര്‍ണ്ണമായൊരു
സന്ദര്‍ഭത്തിന്റെ
സാരാംശം
സരളമായൊരു
ഉപമയെ
കാത്തിരിക്കുന്നു

കാത്തിരുന്ന്‍
കാത്തിരുന്ന്‍
കാത്തിരുന്നതെന്തിനെന്ന്‍
മറന്നുപോകുന്നു

സാരമില്ല,
അല്ലേ?

Tuesday, December 17, 2013

ഒരു സായാഹ്നത്തിന്റെ ചിത്രകഥ

പകലറുതി
നടപ്പാത

ആകാശത്തിലും
അന്തരീക്ഷത്തിലും
ഭൂമിയിലും
മഞ്ഞ, നീല, ചുവപ്പ് നിറങ്ങളുടെ
മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ

പാതയോരത്തെ
പേരറിയാത്ത ചെടിയുടെ
പച്ചയിലയിൽ
ആരോ തുപ്പിയിട്ട് പോയ
തുപ്പൽതുള്ളി
ചാഞ്ഞുവീഴുന്ന വെളിച്ചത്തിൽ
തൂങ്ങിനിന്ന് തിളങ്ങുന്നത് കണ്ട്
നടന്നുവരുന്ന ഒരാൾക്ക്
മനുഷ്യർ
ജീവിതങ്ങൾ
നിലനിൽപ്പുകൾ
എന്നീ വാക്കുകൾ തോന്നുന്നു

തോന്നലുകളെക്കാളും
വാക്കുകളേക്കാളും
തിരക്കുള്ളതുകൊണ്ടാവാം,
സമയം
ഇതിന്റെയൊക്കെ മുകളിലൂടെ
കറുത്ത നിറത്തിന്റെ
ബ്രഷ് സ്ട്രോക്കുപോലെ
വേഗത്തിൽ കടന്നുപോകുന്നു

ഇരുട്ടാവുന്നു
രാത്രിയാവുന്നു

ഉംകാരം

സംഘികളും ജിന്‍ഗോയിസ്റ്റുകളും
പറഞ്ഞുപുളകംകൊള്ളുന്നതുപോലെ
ലോകത്തിന്റെ നിലനില്‍പ്പിന്‍റെ
പശ്ചാത്തല സംഗീതം
ഓം എന്നൊന്നുമല്ല

 ഉം എന്നാണ്

മറ്റെയാള്‍ എന്നോട്
ഉം എന്ന്‍
പറയുമ്പോഴോ ടൈപ്പ് ചെയ്യുമ്പോഴോ
ഞാന്‍ ഉദ്ദേശിച്ചത് മുഴുവന്‍
മനസ്സിലായിട്ടാവണമെന്നില്ല എന്ന്‍
എനിക്ക് മനസ്സിലാവുന്നുണ്ട്

ഞാന്‍ മറ്റെയാളോട്
ഉം എന്ന്‍
പറയുമ്പോഴോ ടൈപ്പ് ചെയ്യുമ്പോഴോ
അയാള്‍ ഉദ്ദേശിച്ചത് മുഴുവന്‍
മനസ്സിലായിട്ടാവണമെന്നില്ല എന്ന്‍
അയാള്‍ക്ക് മനസ്സിലാവുന്നുണ്ട്

ഞാനോ മറ്റെയാളോ
ഉദ്ദേശിച്ചതിലുമധികം
അയാള്‍ക്കോ എനിക്കോ
മനസ്സിലായിട്ടുണ്ടെന്ന സാധ്യത
നമുക്ക് രണ്ടുപേര്‍ക്കും
മനസ്സിലായില്ലെങ്കിലും
നിലനില്‍ക്കുന്നുമുണ്ട്

അങ്ങനെയങ്ങനെ
ഉം ഉം ഉം എന്ന്‍
വിവക്ഷകളുടെ
വിസ്തീര്‍ണ്ണത്തിലേക്ക്‌
നമ്മള്‍
സാധ്യതകളുടെ ഇലാസ്തികത
കടത്തിവിടുന്നു

ഉംകാരമാണ്
കിടു

എന്നെപ്പറ്റി നിങ്ങൾക്കുള്ള ധാരണകളെക്കുറിച്ചുള്ള എന്റെ ധാരണകൾ പ്രകാരം പ്രവർത്തനക്ഷമമാവാനിടയുള്ള ഭാഷാസൂത്രങ്ങളായ ഉപമ, രൂപകം, ഉൽപ്രേക്ഷ എന്നിവകളിലേതെങ്കിലുമൊക്കെ ഉപയോഗപ്പെടുത്തി ഇപ്പോൾ എനിക്ക് തോന്നുന്നതും ഭാവിയിൽ നമുക്കാർക്കും മനസ്സിലാവാതെപോകാനിടയുള്ളതുമായ ഒരു കാര്യത്തെ അതേപടി ആവിഷ്ക്കരിക്കാൻ ശ്രമിക്കുന്നതിൽ പുതുതായൊന്നുമില്ല എന്ന് തോന്നിയിട്ടും ചോദ്യമെന്നോ ആഹ്വാനമെന്നോ തീർപ്പാക്കാൻ പറ്റാത്തതിനാൽ ഈ രൂപത്തിൽ മഹത്തരമായേക്കാനിടയുണ്ടെന്ന് ഊഹിച്ചിട്ടും എഴുതിയ കവിത

ഇങ്ങനെയൊക്കെ ആയാൽ മതിയോ ?

അതീവ കൃത്രിമ കവിതകള്‍ - ഒന്നാം ലക്കം

വാര്‍ത്തകളില്‍ നിന്ന് ഹൈക്കുകള്‍

 (മാതൃഭൂമി പത്രത്തിന്റെ 05-12-13 ലെ കണ്ണൂര്‍ എഡിഷനില്‍ നിന്ന് ഉണ്ടാക്കിയെടുത്തവ. റെസിപ്പിക്ക് ഫോട്ടോ കാണുക.ഓരോ വാർത്തയിൽ നിന്നും ഒരു ഹൈക്കു. അതാത് വാർത്തകളിൽ നിന്ന് എടുത്തിട്ടുള്ള വാക്കുകൾ / വാചകങ്ങൾ മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നു )






1
പരിധി
പരിഹരിക്കാനാണ്
അറിയിക്കുക

2
ഇപ്പോഴത്തെ
പ്രതീക്ഷ
ലക്ഷ്യമിടുന്നത്

3
അടിയന്തരമായി
പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ
കൊണ്ടുവരുന്നത്

4
കർശനമായി
കണക്കുകൂട്ടി
എലിയെപ്പേടിച്ച്

5
പശ്ചാത്തലത്തിൽ
തുടർച്ചയായാണ്
അതൃപ്തി

6
കൈമാറി
നൽകുകയായിരുന്നു
ക്രമക്കേട്

7
പൊട്ടിത്തെറിയിലെത്തിയെന്നും
സ്വപ്നമാണെന്നും
ആഹ്വാനം ചെയ്തു

8
വധം
മാറ്റമില്ല
സാരമില്ല

9
വഴിമാറി
കാത്തുനിന്നു
സവിശേഷത

Wednesday, December 04, 2013

പ്രോംപ്‌റ്റിംഗ്

ആളുകള്‍
ആകാശത്തേക്ക് നോക്കുമ്പോള്‍
കാണുന്നത്
പടുകൂറ്റനൊരു മേഘം
സരളസാവകാശതാളത്തില്‍
അടര്‍ന്നകന്ന്
രണ്ടായി നീങ്ങുന്നതിന്റെ
ശാന്തഗംഭീര
നാടകീയ ദൃശ്യം.

എന്റെ മനസ്സിന്
മറഞ്ഞിരുന്ന് ഞാനും

നിന്റെ മനസ്സിന്
മറഞ്ഞിരുന്ന് നീയുമാണ്

വിഭജനത്തിന്റെ ഈ രംഗം
പ്രോംപ്റ്റ് ചെയ്യുന്നതെന്ന്

നമുക്ക് മാത്രമറിയാം.

Saturday, October 19, 2013

ആഹാരം പോലെ സംഗീതമുണ്ടാവണേ എന്ന്

മുളകിട്ട് വറുത്ത
പോത്തിറച്ചിക്കഷണങ്ങള്‍
മനുഷ്യനെ രുചിയിലും
രുചിയെ മനുഷ്യനിലും
വിലയം പ്രാപിപ്പിക്കുന്ന
അദ്വൈത പ്രതിഭാസത്തിന്
കീര്‍ത്തനങ്ങളുണ്ടാവണേ

കുരുമുളകിട്ട് കുറുക്കിയ
പന്നിയിറച്ചിയില്‍ നിന്ന്
നാവ് സ്വര്‍ഗത്തിലേക്ക്
രുചിമുകുളങ്ങള്‍ തുറക്കുന്ന
അത്ഭുതത്തിനാല്‍
പ്രാര്‍ത്ഥനാഗീതങ്ങളുണ്ടാവണേ

അത് തിന്നരുത്
ഇത് തിന്നരുത്
തിന്നാലും തൂറിയാലും
സ്വയംഭോഗം ചെയ്യരുത്
എന്നൊക്കെ അനുശാസിക്കുന്നവര്‍ക്ക്
ഏത് സംഗീതം കേട്ടാലും
വയറിളക്കമുണ്ടാവണേ

കുലുക്കിക്കുത്ത്

നിന്നെപ്പറ്റി എഴുതി
(നിനക്കും) മടുത്തിട്ടുണ്ടാവും

ഇന്ന്
സ്വപ്നത്തെപ്പറ്റിയും
തവളയെപ്പറ്റിയുമാണ്
എഴുതുന്നത്

സ്വപ്നത്തില്‍ തവളയെ കണ്ടു
എന്നെഴുതുമ്പോള്‍
സ്വപ്നം = ഒരു സ്ഥലം എന്ന്
ധ്വനിപ്പിക്കപ്പെടുന്നു

തവളയെ സ്വപ്നംകണ്ടു
എന്നാവുമ്പോള്‍
സ്വപ്നത്തിനൊരു
ക്രിയയുടെ പരിവേഷമുണ്ട്

തവള സ്വപ്നത്തില്‍ വന്നു
എന്നാലോചിക്കുമ്പോള്‍
തവള കര്‍ത്താവാണ്

തവള, സ്വപ്നം, കാഴ്ച
എന്നീ ചിഹ്നങ്ങള്‍ വെച്ച്
വ്യാകരണം
കുലുക്കിക്കുത്ത് നടത്തുകയാണ്

ഒന്നുവെച്ചാല്‍ രണ്ട്
രണ്ട് വെച്ചാല്‍ നാല് എന്ന്
ആഹ്വാനമുണ്ടാകുന്നു

ഞാന്‍
സ്വപ്നത്തില്‍
ഒരു മനസ്സ്
വെയ്ക്കുന്നു

സന്ദേഹം

സൌന്ദര്യത്തിന്റെ
പ്രമേയം
സന്ദേഹമല്ലേ ?

സാന്ദര്‍ഭികതയ്ക്കുള്ള തോറ്റങ്ങള്‍ -1

പൂവില്‍ നിന്ന്‍
അടര്‍ത്തിയെടുത്ത പോലെ
മൃദുലവും മനോഹരവും
പ്രസന്നവും പ്രസാദാത്മകവും
നവോന്മേഷഭരിതവുമായ
പ്രഭാതങ്ങളേ
എന്ന്‍
പണ്ടെപ്പോഴത്തേയോ
ചില പ്രഭാതങ്ങളെ
ഇപ്പോള്‍ ഓര്‍മ്മിപ്പിച്ച
മനസ്സേ

മനസ്സിന്റെ
ഔദാര്യമേ

ജീവിതമേ
മരണമേ

ഇന്ദ്രിയങ്ങളുടെ ചേരുവയില്‍

മണങ്ങള്‍
വായുവില്‍ പടരുന്നത്
മൂക്ക് എന്നതുപോലെ
വിഷാദം
വിവേകത്തില്‍ പടരുന്നത്
അറിയിച്ചുതരാന്‍
ഒരു ഇന്ദ്രിയമുണ്ടാവണം,

മനുഷ്യര്‍
ആ ഇന്ദ്രിയത്തോടെ
ജനിക്കുന്നകാലത്ത്
ഒന്നുകൂടി പിറക്കണം,

ഈയെഴുതിയിരിക്കുന്നതിന്റെ
അന്നത്തെ ഫലിതമൂല്യം
അറിയുവാനെങ്കിലും.

Saturday, September 21, 2013

എന്തെന്നാല്‍


മിടിപ്പുകള്‍
അനക്കങ്ങള്‍
നീക്കങ്ങള്‍
സ്ഥാനാന്തരങ്ങള്‍
സംഭവങ്ങള്‍
സങ്കല്‍പ്പങ്ങള്‍
എന്നിങ്ങനെ
ജീവിതം
സമയത്തിലൂടെ
വിപുലപ്പെടുന്നതുപോലെ

ഓര്‍മ്മ
എന്തില്‍നിന്നെങ്കിലും
എന്തിലേക്കെങ്കിലും
എന്തെങ്കിലുമാവുന്നുണ്ടോ എന്ന്
തിട്ടപ്പെടുത്താന്‍
അടയാളം വെച്ചതാണ്

ഇത്

ഇവിടെ

ഭാഷയില്‍ നിന്നുള്ള നീന്തല്‍‌ പാഠങ്ങള്‍ -1

പാട്ടുപോലെ
സ്വാഭാവികവും
പ്രാര്‍ത്ഥനപോലെ
ആത്മാര്‍ത്ഥവുമായ
നിര്‍മമതയുടെ
പൊങ്ങുതടിയില്‍
അള്ളിപ്പിടിച്ച്
ചില വാക്കുകള്‍ക്ക്
മറവിയെ
മുറിച്ചുനീന്താനാവും,
ഓര്‍മ്മപറ്റാനാവും.

പകരം

(എന്റെ)
സങ്കടങ്ങളില്‍ നിന്ന്
കടലുകള്‍ കരയുന്നു

(എന്റെ)
ആഹ്ലാദങ്ങളെ ഉപജീവിച്ച്
ഉച്ചവെയില്‍ തിളയ്ക്കുന്നു

(എന്റെ)
സ്വച്ഛതകളുടെ സ്ഥായിയില്‍
ആകാശത്ത്
മേഘങ്ങള്‍ മേയുന്നു

(എന്റെ)
പിരിമുറുക്കങ്ങളില്‍ നിന്ന് പഠിച്ച്
അന്തരീക്ഷത്തില്‍
ചുഴലിക്കാറ്റുകള്‍ പതുങ്ങിയിരിക്കുന്നു

ഞാന്‍
എനിക്കുപകരം
ഈ പ്രപഞ്ചമാകുന്നു.

self-portrait

അരുചികളുടെ
ഘടനയെ
വരയാനുള്ള
ഉദ്യമമായിരുന്നു.

നാം, നമ്മുടെ, നമ്മളിലൂടെ etc.

വികസ്വരമായൊരു
വിയോജിപ്പിൽ
പഴയ നമ്മൾക്കും
പുതിയ നമ്മൾക്കുമുള്ള
പൌരത്വത്തിനെയാണ്
നമ്മുടെ യുക്തി എന്ന് വിളിക്കുന്നത്

നിങ്ങള്‍ വിചാരിക്കുന്നതുപോലെ അല്ല

ഒട്ടും ഉറക്കം വരാത്ത
നട്ടപ്പാതിരനേരങ്ങളില്‍
ഞാനറിയാതെ ഞാന്‍
ഇരുട്ടിന്റെ ഡി.എന്‍.എ. ആവുന്നു

ഇന്നത്തെ ഇരുട്ടിന്
നാളത്തെ ഇരുട്ടിലേക്കെത്തിക്കാനുള്ള
സ്വൈര്യക്കേടുകളുടെ രാസസംഘാതമായി
ഞാന്‍ സംവിധാനം ചെയ്യപ്പെടുന്നു

വരാനുള്ള ഇരുട്ടുകള്‍
എങ്ങനെ വളരണമെന്ന്
എങ്ങനെ പെരുമാറണമെന്ന്
തീര്‍പ്പുകള്‍ , തീരുമാനങ്ങള്‍
എന്നിലൂടെ ഒളിച്ചുകടത്തപ്പെടുന്നു

ഇരുളില്‍ നിന്ന് ഇരുളിലേക്കുള്ള
ചെറിയ തുരങ്കം മാത്രമായ
വെളിച്ചത്തില്‍ , പകലില്‍
നിങ്ങള്‍ കാണുന്ന/കണ്ടില്ലെന്ന് നടിക്കുന്ന
ഞാനും എന്റെ അപ്രസക്തിയും
അതിഗംഭീരവും അതീവരഹസ്യവുമായ
എന്റെ ദൌത്യത്തിന്റെ
കരുതിക്കൂട്ടിയുള്ള പ്രച്ഛന്നവേഷങ്ങള്‍ മാത്രം.

എങ്കില്‍

എല്ലാ ആശംസകളും
ഒരുതരത്തിലുള്ള
നിര്‍ദ്ദേശങ്ങളാണെന്നതുപോലെ

എല്ലാ വാചകങ്ങളും
ഒരുതരത്തിലുള്ള
കവിതയാകുമെന്നത് ശരിയാണെങ്കില്‍

എനിക്ക്
നമ്മളോടുള്ള സ്നേഹവും
ഒരുതരത്തിലുള്ള സ്നേഹമാണ്

Friday, July 05, 2013

---- എന്നാല്‍ ---- ന്റെ ---- എന്ന് ---- ല്‍ തന്നെ

കവിത അതാണ് ഇതാണ് എന്നൊക്കെ തോന്നുന്നതും ആ തോന്നലിനെ എഴുതണമെന്ന് തോന്നുന്നതും എഴുതിയത് കവിതയാണെന്ന് തോന്നുന്നതും പലകാലങ്ങളിലുള്ള പതിവാകയാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന സമയം ഗണ്യമായ അളവിലുള്ളതെന്ന് ബോധ്യം തോന്നുകയും ഭാവിയില്‍ മേല്‍പ്പറഞ്ഞ സമയനഷ്ടം ഒഴിവാക്കാന്‍ ഇപ്പോഴുള്ള സമയം ഉപയോഗിച്ച് ഉപായങ്ങള്‍ ഉണ്ടാക്കാവുന്നതാണെന്ന് തോന്നുകയും അതിലേക്കായി വരുംകാലപ്രാബല്യത്തോടെ, അക്ഷരമാലാക്രമത്തില്‍ കവിത അതാണ് ഇതാണ് എന്നൊക്കെ സ്വയം തോന്നിപ്പിക്കുകയും ചെയ്തവിധം താഴെ പറയും വിധം :

(കവിത എന്ന് ഓരോ വരിയുടെയും തുടക്കത്തില്‍ ചേര്‍ത്തുവായിക്കാന്‍ താല്‍പ്പര്യം)

കവിത

അസൂയയുടെ അലകടലാണ്
ആത്മാവിന്റെ ആശുപത്രിയാണ്
ഇണക്കത്തിന്റെ ഇമ്പമാണ്
ഈര്‍ഷ്യയുടെ ഇരമ്പമാണ്
ഉഭയജീവിതത്തിന്റെ ഉല്‍‌പ്രേരകമാണ്
ഊരുനോട്ടത്തിന്റെ ഊര്‍ജ്ജമാണ്
ഋണബോധത്തിന്റെ ഋണബാധ്യതയാണ്
എതിര്‍പ്പുകളുടെ എക്കല്‍മണ്ണാണ്
ഏകാന്തതയുടെ ഏമ്പക്കമാണ്
ഐച്ഛികമായ ഐതിഹാസികതയാണ്
ഒറ്റയാവലിന്റെ ഒസ്യത്താണ്
ഓര്‍മ്മയുടെ ഓര്‍ക്കസ്ട്രയാണ്
ഔന്നത്യത്തിന്റെ ഔട്ട്‌സോഴ്സിങ്ങാണ്
അംശങ്ങളുടേയും അംശങ്ങളാണ്
അഃ എന്നതിലെ അഃ പോലുമാണ്

കനവുകളുടെ കമ്പ്യൂട്ടറാണ്
ഖേദത്തിന്റെ ഖേല്‍‌രത്നയാണ്
ഗൂഢഭാവങ്ങളുടെ ഗതികോര്‍ജ്ജമാണ്
ഘടാഘടിയന്‍ ഘനസാന്ദ്രതയാണ്
ങും ങും എന്നതിലെ ങാ ങാ എന്ന ഒളിച്ചിരിപ്പാണ്

ചരിത്രത്തിന്റെ ചിയര്‍ഗേളാണ്
ഛെ എന്നതിന്റെ ഛേദമാണ്
ജ്വലനങ്ങളുടെ ജാലവിദ്യയാണ്
ഝടുതിയിലെ ഝടുതിയാണ്
ഞാനിലെ ഞങ്ങളാണ്

ടൈംപീസിലെ ടിക്‍ടികിന്റെ അര്‍ത്ഥമാണ്
ഠ വട്ടത്തിലെ ഠോ ആണ്
ഡെസ്പറേഷന്റെ ഡയഗ്രമാണ്
ഢും ഢും എന്ന് പെരുമ്പറയും
ണിം ണിം എന്ന് മണിയും
മുഴങ്ങുന്നതിതിനുവേണ്ടിയാണ്

തിരസ്ക്കാരത്തിന്റെ തീരുവയാണ്
ഥ യില്‍ തുടങ്ങുന്ന ഒരു വാക്കുണ്ടാവുമെങ്കില്‍ അതാണ്
ദൈവങ്ങളുടെ ദയനീയതയാണ്
ധൈര്യത്തിന്റെ ധമനിയാണ്
നിരാസത്തിന്റെ നീതിബോധമാണ്

പരിഹാരമില്ലാത്ത പരാക്രമമാണ്
ഫലമില്ലാത്ത ഫിലോസഫിയാണ്
ബഹളങ്ങളില്‍നിന്നുള്ള ബൈപ്പാസാണ്
ഭീതിയുടെ ഭരണഘടനയാണ്
മരണത്തിന്റെ മാനറിസമാണ്

യുദ്ധങ്ങളും യോദ്ധാക്കളുമാണ്
രഹസ്യങ്ങളുടെ രസനിരപ്പാണ്
ലൈലാകങ്ങളുടെ ലയനൃത്തമാണ്
വേദനകളുടെ വയറിംഗാണ്
ശങ്കകളുടെ ശമ്പളമാണ്
ഷോപീസായി വെച്ച ഷഡ്ഡിയാണ്
സമയത്തിന്റെ സിക്താണ്ഡമാണ്
ഹലാക്കിന്റെ ഹാലിളക്കമാണ്
ളാക്കാട്ടൂരും ളാഹയുമാണ്
ഴാ എന്ന് മദ്യം നാവിനോട് ചെയ്യുന്നതാണ്
റഗുലര്‍ലി ഇറഗുലറാണ്
ക്ഷാമകാലത്തെ ക്ഷേമാന്വേഷണമാണ്

Friday, June 07, 2013

ഭാവിയിലേക്ക് തിരിച്ചുവരാമെന്ന്

ഇന്നോളമുള്ള
ഇതിവൃത്തങ്ങളില്‍ നിന്ന്
ഇടവേളയെടുക്കണം

ഞാനെവിടെ, ഞാനെവിടെ,
എന്നെക്കാണാനില്ലല്ലോ എന്ന്
എന്നെക്കൊണ്ടെങ്കിലും
പരിഭ്രമിപ്പിക്കണം

എന്നിട്ട്

ഇല്ലാതാവുന്നതില്‍നിന്ന്
കഷ്ടിച്ച് രക്ഷപ്പെട്ടമട്ടില്‍
കിതപ്പോടെ ഒരു തിരിച്ചുവരവുണ്ട്,

ഇങ്ങനെയെങ്കിലും
ഇപ്പോള്‍
ഇവിടെ
ഉണ്ടല്ലോ എന്ന്

ആത്മ(ഗതാ)ഗതത്തിലൂടെ.

(മോശം)(നല്ല)(എണ്ണങ്ങള്‍ )

(മോശം) ആശയങ്ങള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട്
(നല്ല) ആശയങ്ങള്‍ക്ക് പോഷകാഹാരക്കുറവുണ്ടാകുമോ ?
(മോശം) വികാരങ്ങള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട്
(നല്ല) വികാരങ്ങള്‍ക്ക് വോള്‍ട്ടേജ് കുറയുമോ ?
(മോശം) പ്രണയങ്ങള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട്
(നല്ല) പ്രണയങ്ങള്‍ക്ക് ഓക്സിജന്‍ തികയില്ലേ ?
(മോശം) ഓര്‍മ്മകള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട്
(നല്ല) ഓര്‍മ്മകള്‍ക്ക് ഗുണനിലവാരമുണ്ടാകില്ലേ ?
(മോശം) ജീവിതങ്ങള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട്
(നല്ല) ജീവിതങ്ങള്‍ക്ക് പ്രശ്നമുണ്ടാകുമായിരിക്കുമല്ലേ ? 

[(മോശം) കവിതകള്‍ എണ്ണത്തില്‍ കൂടുന്നതുകൊണ്ട്
(നല്ല) കവി(ത)കള്‍ക്ക് പ്രയാസമുണ്ടാകുമെന്ന ഈണത്തിലും വായിക്കാം]

Friday, May 24, 2013

ജീവിതഗന്ധി മഹാകാവ്യം-സ്ഥിതിവിവരം സഹിതം

ജീവിതം
ജീവിതത്തെ
ജീവിതം കൊണ്ട്
ജീവിതമായി
ജീവിക്കുന്നു

[വാക്കുകള്‍തോറും, വരികള്‍തോറും, വിശദാംശങ്ങളിലെമ്പാടും കര്‍ത്താവും കര്‍മ്മവും ക്രിയയുമായി ജീവിതം (മാത്രം) നിറഞ്ഞുനില്‍ക്കുന്നതായി ഇതിലും മികച്ച ഒരു കവിത ഇതിനുമുന്‍പും ഇനിയൊരിക്കലും ഉണ്ടാവുക സാധ്യമല്ല]

നിര്‍വ്വചിക്കുന്നു

എനിക്ക് എന്നെപ്പറ്റിയുള്ള
പരാതിതന്നെയാവണം
മറ്റുള്ളവര്‍ക്ക്
എന്നോടുമുണ്ടാവേണ്ടതെന്ന
നിഷ്ക്കര്‍ഷയാണ്
നിസ്വാര്‍ത്ഥതയ്ക്കുള്ള
എന്റെ നിര്‍വ്വചനം

ഉദാഹരണത്തിന്,
എനിക്ക് എന്നെപ്പറ്റി
കാശിനുകൊള്ളാത്തവനെന്ന
പരാതിയുണ്ടെങ്കില്‍
മറ്റുള്ളവര്‍ക്കും എന്നെപ്പറ്റി
കാശിനുകൊള്ളാത്തവനെന്ന്
അച്ചട്ടായും തോന്നുവാന്‍
ഞാന്‍ ബദ്ധശ്രദ്ധനായിരിക്കണം.

മടിയന്‍ എന്ന
ഉപരിപ്ലവമായ പദമുപയോഗിച്ചാണ്
നിങ്ങള്‍ക്കിപ്പോഴെന്നെ
നിര്‍വ്വചിക്കാന്‍ തോന്നുന്നതെന്ന്
ഊഹിക്കുമ്പോള്‍
നിങ്ങളോടെനിക്ക്
സഹതാപം തോന്നുന്നു.

എന്നോട്
നിങ്ങള്‍ക്കിപ്പോള്‍ തോന്നുന്നതും
സഹതാപം തന്നെയല്ലേ ?
അദ്ദാണ് ....

പറ്റില്ല എന്ന

പറ്റില്ല എന്ന
നമ്മുടെ നിഷ്ഠയില്‍
ലോകം
കണ്ണാടി നോക്കുന്നു,

ഇന്നലത്തെപ്പോലെ
ഇന്നുമെന്ന്
ഉറപ്പുവരുത്തുന്നു,
ഊറിച്ചിരിക്കുന്നു.

(നിര്‍‌)ബന്ധം

നിര്‍ബന്ധമാണെങ്കില്‍
കാറ്റില്‍‌പറക്കുന്ന
ഒഴിഞ്ഞ പ്ലാസ്റ്റിക്ക്‍ കൂടുകളോട്
ഭൂഗുരുത്വം ചെയ്തതുപോലെ
എന്തെങ്കിലും ചെയ്തോളൂ ..

മരിച്ചുപോയി എന്ന അടിക്കുറിപ്പില്‍ താരതമ്യ തമാശകള്‍ *

ജപ്പാന്‍‌കാരനും
അമേരിക്കക്കാരനും
പാക്കിസ്ഥാന്‍‌കാരനും
ഇന്ത്യക്കാരനും
ഒന്നിച്ചൊരു വിമാനത്തില്‍
യാത്ര ചെയ്യുകയായിരുന്നു.

നിങ്ങളും ഞാനും ഊഹിച്ചപോലുള്ള
തമാശകളൊന്നും
വിമാനത്തില്‍‌വെച്ച് നടന്നില്ല.

വിമാനം നിലത്തിറങ്ങി
കാലം കടന്നുപോയി

ജപ്പാന്‍കാരന്‍
സുനാമിയില്‍പ്പെട്ട്
മരിച്ചുപോയി

അമേരിക്കക്കാരന്‍
ചിത്തരോഗിയുടെ കൂട്ടക്കൊലയില്‍
വെടിയേറ്റ്
മരിച്ചുപോയി

പാക്കിസ്ഥാന്‍‌കാരന്‍
അമേരിക്കന്‍ ബോംബിങ്ങില്‍
മരിച്ചുപോയി

ഇന്ത്യക്കാരന്‍
മാവോയിസ്റ്റെന്ന പേരില്‍
ലോക്കപ്പിലിടികൊണ്ട്
മരിച്ചുപോയി

തമാശയെക്കുറിച്ചുള്ള
നമ്മുടെ ഊഹം
മരിക്കാതെ നില്‍ക്കുന്നു.


* Miroslav Holub ന്റെ Textbook of a dead language എന്ന കവിതയ്ക്ക് സമര്‍പ്പണം

അല്ലേ ?

matter of time എന്നല്ലേ ?

സമയത്തിന്റെ ദ്രവ്യം എന്നല്ലേ?

സമയം ഉണ്ടാ(ക്കി) യിരിക്കുന്നത് എന്തുകൊണ്ടോ അത് എന്നല്ലേ ?

അപ്പോള്‍ , മരണം എന്നല്ലേ?
മരണം എന്നതുകൊണ്ടല്ലേ ?

etc. etc. ....

കെട്ടിടങ്ങൾക്കും
റോഡുകൾക്കും
ആളുകൾക്കും
പരസ്യപ്പലകകൾക്കും
യാത്രകൾക്കും
കാഴ്ചകൾക്കുമടിയിൽ,
അക്ഷരാർത്ഥത്തിലുള്ള
അധോലോകത്തിൽ,
അഴുക്കുചാലുകൾ
നഗരത്തിന്റെ
സിരാപടലം കോർക്കുന്നപോലെ,

എനിക്കടിയിൽ
ഞാൻ,
എന്റെ അധോതലഗതാഗതം
etc. etc. ...

Remix

പുതിയ ഏകാന്തത -
പഴയ ഏകാന്തതയുടെ
റീമിക്സ്

ഈണത്തില്‍
സാമ്യം

വേഗതയില്‍
വ്യത്യാസം

കൊള്ളാമല്ലോ എന്ന്
കൌതുകം

നശിപ്പിച്ചല്ലോ എന്ന്
നൊസ്റ്റാള്‍ജിയ

നശ്വരതയുടെ ട്രെയിലര്‍

നശ്വരത എന്ന്
പറയപ്പെടുന്ന (പറയപ്പെടാത്ത)
പ്രവൃത്തി / പദ്ധതിയെപ്പറ്റി
താഴെപ്പറയുന്ന വിധത്തില്‍
ആലോചിച്ചുനോക്കിയിട്ടുണ്ടോ ?

ഞാന്‍, നിങ്ങള്‍ ,
ഇവിടെ ടൈപ്പ് ചെയ്യപ്പെടുന്ന
ഈ വരികള്‍ എന്നിവ ചേര്‍ന്ന്
ഭാവിയില്‍ പൂര്‍ത്തിയാവുന്ന വിധത്തില്‍
ചുരുങ്ങിയത് 5 നശ്വരതകളെയെങ്കിലും
ആവിഷ്ക്കരിക്കുന്നുണ്ടെന്ന് ?

[1. എന്റെ നശ്വരത
2. നിങ്ങളുടെ നശ്വരത
3. എന്റെ എഴുത്തിന്റെ നശ്വരത
4. നിങ്ങളുടെ വായനയുടെ നശ്വരത
5. നമ്മുടെ ഭാഷയുടെ / യുക്തിയുടെ നശ്വരത]

ചുരുക്കത്തില്‍
വര്‍ത്തമാനം
ഭാവിയുടെ അസംസ്കൃതവസ്തുവാണെന്ന
ആശയ(ക്കുഴപ്പ)ത്തെ
ഉണ്ട് / ഇല്ല എന്ന് മിടിക്കുന്ന
ബൈനറിയില്‍
നശ്വരതയിലേക്ക് ഫീഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ?

ഞാന്‍, നീ എന്നീ ഭാഷകളില്‍ ഒരു പാലത്തിന്റെ സംക്ഷിപ്ത ചരിത്രം

കൊന്നുകളയേണ്ടതുണ്ട്
എന്ന് നീ പറയുന്നു
              +
കൊന്നുകളയേണ്ടതുണ്ട്
എന്ന് ഞാന്‍ കേള്‍ക്കുന്നു
              +
കൊന്നുകളയേണ്ടതുണ്ട്
എന്ന് കേട്ടിട്ടും
ഞാന്‍ ഒന്നും മിണ്ടാതിരിക്കുന്നു
              +
കൊന്നുകളയേണ്ടതുണ്ടെന്ന
നിന്റെ പറച്ചിലിന്റെയറ്റത്തോട്
ഘടിപ്പിക്കപ്പെട്ട നിലയില്‍
അനക്കമറ്റ് അടിയുറച്ച്
എന്റെ നിശ്ശബ്ദത
ഒരു പാലമായി മാറുന്നു
             +
കൊല്ലാനും
കൊന്നവയെ കളയാനും
പാലത്തിലൂടെ
നീയും ഞാനും മറ്റുള്ളവരും
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു

നടപ്പുകള്‍

ഇവിടേക്ക് നോക്കൂ
ഇതിനുമുകളിലുള്ള വരികളിലേക്കും
ഇനി വരാനുള്ള 10 വരികളിലേക്കും
സൂക്ഷിച്ച് നോക്കൂ

ഒരിക്കലും പോയിട്ടില്ലാത്ത ഒരിടത്ത്
സ്വന്തം കാലടിപ്പാടുകള്‍
തിരിച്ചറിയുന്നതിന്റെ
അമ്പരപ്പ് തോന്നുന്നില്ലേ നിനക്ക് ?

ഇതേ അമ്പരപ്പ് എനിക്കും തോന്നി,
ഇതിലൂടെ നടന്നവഴിയിലിങ്ങോളം
ഞാന്‍ നിന്റെ കാല്പാടുകളാണ്
അവശേഷിപ്പിക്കുന്നതെന്ന്
മനസ്സിലാക്കിയപ്പോള്‍ .

സാംസ്ക്കാരിക വിമര്‍ശനം ആത്മകഥാരൂപത്തില്‍

ഞാനായിരിക്കുക എന്ന
കലാരൂപം
അനുവാചകരും
അവാര്‍ഡുകളുമില്ലാതെ
ക്ഷയിച്ചുകൊണ്ടിരിക്കുന്നു.

പുതിയ തലമുറ
ശരിയല്ല.

കൃത്യതയുടെ അത്ഭുതം

ഇപ്പോള്‍ പുറപ്പെട്ടാല്‍
അന്നത്തെ ദിവസം
കൃത്യമായി എത്തിച്ചേരുന്നത്ര
കൃത്യമായ അകലത്തില്‍
ആ ദിവസത്തെ ജീവിതം
കാത്തിരിക്കുന്നു !

in / as

ഇതിന്റെ
തലക്കെട്ടിലുള്ളപോലെ

ഒന്നുകില്‍
നീയും ഞാനും
നമ്മള്‍ എന്ന ‍ആശയത്തില്‍
പങ്കെടുക്കുന്നു

അല്ലെങ്കില്‍
നീയും ഞാനും ചേര്‍ന്ന്
നമ്മള്‍ എന്ന ആശയം
ഉണ്ടാകുന്നു

The അറിയിപ്പ്*

പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത
ഒരു ശുഭാപ്തിവിശ്വാസത്തിനെ
ആവശ്യമില്ലാത്ത
ആശയങ്ങളിലേക്കും
അപ്രസക്തമായ
അറിവുകളിലേക്കും
അലക്ഷ്യമായി ബ്രൌസ് ചെയ്ത്
നേരംപോക്കുന്നതിനിടയില്‍
തൊണ്ടിസഹിതം
പിടികൂടിയിരിക്കുന്നതായി
പൊതുജനസമക്ഷം
അറിയിക്കുന്നതില്‍
അതിയായ സന്തോഷമുണ്ട്

* രാജ്യസ്നേഹപ്രകാരമുള്ളത്

തിരിച്ച് + അറിവ്

വായിക്കുകയും
എഴുതുകയും
പറയുകയും
ഓര്‍ത്തുവെയ്ക്കുകയും
മറന്നുപോവുകയും ചെയ്ത
വാക്കുകള്‍ക്കെല്ലാം
മരണത്തെപ്പറ്റി
അറിയാമായിരുന്നെന്ന
തിരിച്ചറിവിനെയാണ്
ജീവിതം എന്ന് പറയുന്നത്.

ഭാഷാന്തരം

എന്തെന്നാല്‍
ഒരു ദിവസത്തിന്റെ
ജീവിതത്തെ
ഉറക്കം
അടുത്ത ദിവസത്തിലേക്ക്
വിവര്‍ത്തനം ചെയ്യുന്നു.

കണ്ടതും കാണാത്തതുമായ
സ്വപ്നങ്ങളായി
കവിത
നഷ്ടപ്പെട്ടുപോകുന്നു.