Tuesday, February 19, 2008

ഈര്‍ച്ച എന്ന ഉപമയില്‍

മരക്കഷണത്തില്‍
ഈര്‍ച്ചവാളുപായുന്ന
ഒച്ച പോലതിന്‍
ഉരിയാട്ടുപെരുക്കങ്ങള്‍.

ഇടക്കൊന്ന് നിര്‍ത്തിയ
ഈര്‍ച്ചപ്പണി പോലെ
മുറിഞ്ഞതിന്റെയും
മുറിയാനുള്ളതിന്റെയും
അതിര്‍ത്തിയില്‍
അതിന്റെ ഇടവേളകള്‍.

മുറിയുമ്പോള്‍ മാത്രം
മരത്തില്‍ നിന്ന്
പുറത്തുവരാന്‍ കാത്തിരുന്ന
മരപ്പൊടിയുടെ
നനവുമണം പോലെ
അതിന്റെ
സ്‌മൃതിഗന്ധങ്ങള്‍.

രണ്ടാവാനുള്ളതിന്‍
നേര‍ത്തിലൂടെത്ര
മൂര്‍ച്ചകള്‍ നിരങ്ങീല
നമ്മളില്‍ നീളത്തില്‍ ?

Saturday, February 09, 2008

വിവര്‍ത്തനം

മുറിയിലേക്ക്
തിരിച്ചുവരുന്ന വഴി.

പാതിരാത്രി നേരം.

പലരോടൊന്നിച്ച്
പലപ്പോഴായി
കയറിയിട്ടുള്ള
മദ്യശാലയുടെ കെട്ടിടം.

അതിനുള്ളില്‍ നിന്നും
പുറത്തേക്ക് കവിയുന്നു
ഇരുണ്ട വെളിച്ചത്തിനുമേലെ
ഒച്ചകള്‍ കൊണ്ട്
ലഹരികളുടെ കൊത്തുപണികള്‍.

ഏങ്ങിക്കലങ്ങിയൊരൊച്ച
ഒറ്റയ്ക്കുയരുന്നതുകേട്ടാണ്
നോക്കിപ്പോയത്...
ബാറിന്റെ ചവിട്ടുപടികളിലൊന്നില്‍
കുന്തിച്ചിരിപ്പുണ്ടായിരുന്നു, അയാള്‍
ഏങ്ങലിലുലഞ്ഞ്
എന്തിനോ കരഞ്ഞ്

ആദ്യമായല്ല ഇമ്മട്ടിലൊന്ന്
കാണാനിടയായതെങ്കിലും
എന്തിനോ അപ്പോള്‍
ചെന്നു നോക്കാന്‍ തോന്നി.

അടുത്തെത്തിയതും
എഴുന്നേറ്റ് നിന്ന്
ചുമലില്‍ കൈവെച്ചു.

പേര് കിം മ്യോംഗ് ഹൊ എന്നും
ടാക്സി ഡ്രൈവറെന്നും പറഞ്ഞു.

കരയുന്നുണ്ടായിരുന്നു
നെഞ്ചുതടവുന്നുണ്ടായിരുന്നു
കണ്ണുതിരുമ്മുന്നുമുണ്ടായിരുന്നു.

സോജുവിന്റേയും
സിഗരറ്റിന്റേയും
മണം തെറിപ്പിച്ച്
കരച്ചിലിനൊപ്പം
തുരുതുരാ പലതും
പറഞ്ഞുകൊണ്ടിരുന്നു ;
എനിക്കറിഞ്ഞുകൂടാത്ത
അയാളുടെ ഭാഷയില്‍,
മലയാളത്തിനറിയാത്തത്ര
നീളുകയും കുറുകുകയും
മൂര്‍ച്ചയാവുകയും
മുരളുകയും ചെയ്യുന്ന
അതിന്റെ ശബ്ദങ്ങളില്‍.

ലോകത്തിലെ എല്ലാ മനുഷ്യരും
പാവങ്ങളാണ്
എന്നൊന്നുമായിരിക്കില്ല
പറഞ്ഞിരുന്നത്.
എന്നിട്ടും
അങ്ങനെയെന്തോ ആണ്
എനിക്ക് മനസ്സിലായത്.