Thursday, October 05, 2006

ആംഗ്യങ്ങള്‍

പരാജയപ്പെടുന്നതുകൊണ്ട്
പാവനമായിത്തീരുന്ന
രണ്ടു കാര്യങ്ങളില്‍
ഒന്നാമത്തേത് പ്രണയവും
രണ്ടാമത്തേത് കവിതയുമാവണം.

സാഫല്യത്തെക്കുറിച്ചുള്ള
പഴയസ്വപ്നങ്ങള്‍ കൊണ്ട്
മലിനമാക്കപ്പെട്ട ഒരു ശരീരത്തില്‍
ഏറെ നാള്‍ വിങ്ങിപ്പൊട്ടുവാന്‍
രണ്ടിനും കഴിയുകയില്ല.

രാത്രിവണ്ടിയെ കാത്ത്
ഉരുക്കുപാളത്തില്‍
ഇരുട്ടിലേക്ക് മിടിക്കുന്ന
ഒരു കഴുത്തും,

വാക്കുകളുടെ പെരുംകല്ലുകള്‍
അരയില്‍ കെട്ടിവെച്ച്
ഭാഷയുടെ
തണുത്ത ആഴത്തിലേക്ക്
കൂപ്പുകുത്തുന്ന ഒരു കവിതയും

വിടുതലിനെക്കുറിച്ച്
പുതിയതെന്തോ പറയുന്നത്
അതുകൊണ്ടാവണം.

29 comments:

ലാപുട said...

ആംഗ്യങ്ങള്‍

Thiramozhi said...

ഹൃദ്യമായ കവിത. അഭിനന്ദനം.
(സ്വകാര്യം:ലാപുട എന്നാല്‍ വിനോദ് എന്നാണോ?)

sunil krishnan said...

ലാപ്പുടന്‍ മാഷേ ... നല്ല കവിത. ഇഷ്ടമായി.

തറവാടി said...

കവിത വളരെ ഇഷ്ടമായി

വല്യമ്മായി said...

സാഫല്യത്തോടെ പരിശുദ്ധ പ്രണയം നശിക്കുന്നു എന്നാണോ

ഗന്ധര്‍വ്വന്‍ said...

ലാപുടയുടെയുടെ കവിതക്ക്‌ അടിവരയിട്ടേ പറ്റു മക്കളെ.
പരാജയപ്പെട്ട പ്രണയം ഒരു ജീവിതകാലം മുഴുവന്‍ നീളുന്ന ദുരന്തം. അല്ലെങ്കില്‍ ഇരുളിലേക്ക്‌ നീട്ടിപിടിച്ച ഉരുക്കുപാളത്തിലെ കഴുത്ത്‌.

പരാജയപ്പെടുന്ന കവിത ഭാഷയുടെ ആഴത്തിലേക്ക്‌ ശ്വാസം മുട്ടി താഴുന്നു. അരയില്‍ പൊങ്ങാതിരിക്കാനായി കെട്ടിയ ഭാവനയുടെ പ്രതിഭയുടെ ഭാരം.

ലാപുട ഒരു കവിയാണ്‌. ഈ കവിത്വം ആര്‍ജ്ജിച്ചതല്ല. ജന്മനാല്‍ രക്തത്തിലുള്ള പ്രതിഭയുടെ ബഹിര്‍സ്പുരണം.
കവിത ചന്ദശാസ്ത്രാനുസൃതമായി എഴുതുന്ന പദ്യമല്ലെന്നും
ഹൃദയത്തൊട്‌ നേരിട്ട്‌ സംവദിക്കുന്നതാണെന്നും കാട്ടിത്തരുന്നു ഇയാള്‍.

സങ്കുചിത മനസ്കന്‍ said...

പീപീആറ് മാഷേ,
ആ നിഗമനം ശരി തന്നെ.

ഗന്ധറ്വന്‍ജീ,
വളരെ നല്ല നിരീക്ഷണം.

ലാപുട,
എനിക്കിഷ്ടപ്പെട്ടു.

റോബി said...

പ്രണയം നമ്മള്‍ ഏറ്റവും തീവ്രമായി ജീവിക്കുന്നത്‌ പ്രണയനഷ്ടത്തിന്റെ ഭീതിയിലാണ്‌.

പക്ഷെ പ്രണയം നഷ്ടപ്പെടുന്നതെവിടെയാണ്‌...? പ്രണയസാഫല്യത്തിലല്ലെ?
കവിത പരാജയപ്പെടുന്നത്‌ എവിടെയാണ്‌...? അതു സ്വീകരിക്കപ്പെടുമ്പോഴാണോ...?

പരാജയപ്പെട്ടവന്റെ, പരാജയപ്പെടുന്നവന്റെ, പരാജയപ്പെടാനാഗ്രഹിക്കുന്നവന്റെ വാക്കാണോ കവിത?

ഒച്ച്‌ said...

പ്രണയം ഒത്തുതീര്‍ക്കപ്പെട്ട ദുരന്തമാണ്‌...
വേദന കനത്ത സൗന്ദര്യം...

nalan::നളന്‍ said...

കവിത സ്വീകരിക്കപ്പെടുമ്പോഴും ഒരു പക്ഷെ പരാജയപ്പെടുന്നത് കവിയായിരിക്കാം.
അനുഭവത്തിന്റെ അവസാനം കുറിയ്ക്കപ്പെടുമ്പോളാവണം അതു പരാജയമാവുന്നത്

നല്ല കവിത മാഷെ

അരവിശിവ. said...

ലാപുടയുടെ ഈ കവിതയും മനോഹരമായി...കവിതയെക്കുറിച്ചുള്ള വിവരണം നന്നായിഷ്ടപ്പെട്ടു....

“വാക്കുകളുടെ പെരുംകല്ലുകള്‍
അരയില്‍ കെട്ടിവെച്ച്
ഭാഷയുടെ
തണുത്ത ആഴത്തിലേക്ക്
കൂപ്പുകുത്തുന്ന ഒരു കവിതയും“

കവിതയെക്കുറിച്ച് മനോഹരമായൊരു കവിത ഇതിനു മുന്‍പ് വായിച്ചുവോ എന്ന് സംശയം.....

ലാപുട said...

പി.പി.ആര്‍ മാഷേ നന്ദി ആ നല്ല വാക്കുകള്‍ക്ക്.. (ലാപുട എന്ന വാക്ക് എനിക്കു കിട്ടിയത് ഗളിവറുടെ യാത്രകളില്‍ നിന്നാണ്.
ഗളിവര്‍‍ ആദ്യം പോയ സ്ഥലം ഇത്തിരിക്കുഞ്ഞന്മാരുടെതായിരുന്നു.
രണ്ടാമതു പോയത് അതിവലിപ്പക്കാരുടെ ദ്വീപില്‍...മൂന്നാമതു പോയ സ്ഥലമാണ് ലാപുട.അവിടെ ഗളിവര്‍ കണ്ടതു വിചിത്രമായ ശാസ്ത്ര പരീക്ഷണങ്ങളായിരുന്നു..കുമ്പളങ്ങയില്‍ നിന്നും സൂര്യപ്രകാശമുണ്ടാക്കുന്നതായിരുന്നു ഒരു പരീക്ഷണം...കുമ്പളങ്ങ ഉണ്ടാവണമെങ്കില്‍ സൂര്യപ്രകാശം വേണമെന്ന്‍ അവര്‍ക്കറിയാം..എന്തുകൊണ്ടു തിരിച്ചുള്ള പരിപാടി നടക്കില്ല എന്ന അവരുടെ യുക്തി അവര്‍ക്ക് അതിജീവനത്തിന്റെ ഉപാധിയായിരുന്നു. പ്രത്യേകിചും കുറച്ചുനാള്‍ കഴിയുമ്പോള്‍ സൂര്യപ്രകാശത്തിനു ക്ഷാമമുണ്ടാകുമെന്നു അവര്‍ കണ്ടെത്തിയിട്ടുള്ള സ്ഥിതിക്ക്..മൊത്തത്തില്‍ ലാപുട യുക്തിരാഹിത്യത്തിന്റെ ഒരു റിപ്പബ്ലിക്ക് ആകുന്നു...)

നന്ദി സുനിലേ...ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..

നന്ദി തറവാടി...

വല്ല്യമ്മായി, പ്രണയം സഫലമാകുന്നതെങ്ങനെയെന്നതിനെക്കുറിച്ച് നമുക്കുള്ളത് വളരെ പഴയ ഉത്തരങ്ങള്‍ മാത്രമാണെന്ന് എനിക്ക് തോന്നി....

നന്ദി ഗന്ധര്‍വ്വരേ...സ്നേഹം കുത്തിയൊഴുകുന്ന ഈ വായിച്ചെടുപ്പുകള്‍ക്ക്...

നന്ദി സങ്കുചിതന്‍ മാഷേ...

റോബി എനിക്കു തോന്നുന്നു, ചില കവിതകളെങ്കിലും പരാജയപ്പെടുന്നത്(അങ്ങനെയൊന്നുണ്ടെങ്കില്‍) അത് എഴുതപ്പെടുമ്പോളാണ്...ഏതോ ചില നൈരന്തര്യങ്ങളെ കൊന്നുകൊണ്ടാണ് അത് ഉള്ളില്‍ നിന്നും പുറത്തേക്ക് വരുന്നത്...അല്ലേ.?

നന്ദി ഒച്ച്...

നന്ദി നളന്‍ മാഷേ..വീണ്ടും ഇവിടെയെത്തിയതിനും അഭിനന്ദിച്ചതിനും...

നന്ദി അരവിശിവ...

വിഷ്ണു പ്രസാദ് said...

നല്ല കവിത.

മഴത്തുള്ളി said...

ലാപുട : കവിത വളരെ ഇഷ്ടപ്പെട്ടു. അതുപോലെതന്നെ ലാപുടയുടെ വിവരണവും. ചെറിയ ഒരൂഹം മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും വിശദമായി മനസ്സിലായതിപ്പോഴാണ്.

ജ്യോതിര്‍മയി said...

ലാപുട,
ഓരോരോ അക്ഷരം കൊണ്ടും ഒരു വാക്കുകൊണ്ടും കുഞ്ഞുവാക്യം കൊണ്ടും ഒക്കെ കവിതരചിക്കുന്ന താങ്കള്‍, താങ്കളെ ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്കുവേണ്ടിയാണോ കവിതവിളമ്പുന്നതിലെ പിശുക്കത്തം(?) കുറേശ്ശെയായി മാറ്റിവെയ്ക്കുന്നത്‌?

അങ്ങനെ കരുതാനാണിഷ്ടം. ധാരാളം വിളമ്പൂ.
മായം ചേര്‍ക്കേണ്ടിവരില്ല, ഈ ഭാവനാസമ്പന്നന്‌, ഈ കവിയ്ക്ക്‌.

ചാക്കോച്ചി said...

വാക്കുകളുടെ ഭാരത്താല്‍ ഭാഷയില്‍ മുങ്ങി മരിക്കുന്ന കവിത... അതു കവിതയുടെ പരാജയമാണോ? റോബിയുടെ സംശയം എനിക്കുമുണ്ട്‌!
പക്ഷേ ലാപുടാനേ, നിങ്ങളുടെ വരികളുണ്ടല്ലോ, തീവ്രം, ശരിക്കും haunt ചെയ്യുന്നു. നന്ദി, ഇവ ഞങ്ങളുമായി പങ്കു വെയ്ക്കുന്നതിന്‌.

(സ്വകാര്യം വീണ്ടും) ഞാന്‍ LAPUDA യെ ഒരു അനാഗ്രാമിലിട്ട്‌ അരച്ചു കലക്കി വല്ല DAvid PAUL ഓ ABDULLA യോ മറ്റോ ആയിരിക്കുമെന്ന്‌ ഊഹിച്ചൂഹിച്ചിരിക്കുമ്പൊഴാ ഈ യുക്തിരാഹിത്യത്തിന്റെ കിഷ്കിന്ധയിലെ റിപബ്ലിക്കിന്റെ വരവ്‌!!

Anonymous said...

എനിക്ക് മുന്‍പ് 16 പേര്‍ എനിക്കൊന്നും പറയാന്‍ വയ്ക്കാതെ എല്ലാം പറഞ്ഞു തീര്‍ത്തു. ഒരു നിരുപകന്‍റെ പരാജയമെന്ന് തോന്നുന്നു. കവിത നന്നായിയെന്ന് മാത്രം.

ആര്‍ദ്രം...... said...

നല്ല കവിത.
ഇഷ്ടമായി. മറ്റ് കവിതകളെപ്പോലെതന്നെ.

ഗന്ധര്‍വന്റ്റെ വാക്കുകളാണ് സത്യം.
ലാപുട യെ നോട്ട് ചെയ്തിരിക്കുന്നു.

നെഞ്ജില്‍ എരിയുന്ന കവിതകള്‍ ഒന്നൊന്നായി ബ്ലോഗീലേക്ക് പകര്‍ത്തുക.

അഗ്രജന്‍ said...

ലാപുട... വളരെ നല്ല കവിത.
ശരിക്കും ഹൃദ്യം.

ഗന്ധര്‍വ്വരുടെ അവസാനത്തെ ഖണ്ഡികയിലെ രണ്ട് വരികള്‍ ഞാന്‍ കടമെടുത്തോട്ടെ...!
‘ലപുട ഒരു കവിയാണ്, ഈ കവിത്വം ആര്‍ജ്ജിച്ചതല്ല’

ദില്‍ബാസുരന്‍ said...

ലാപുടാ,
കവിത വായനയിലേക്ക് എന്നെ ആകര്‍ഷിച്ചതിന് താങ്കളോട് ഞാന്‍ (സംഗീതത്തിലേക്ക് ആകര്‍ഷിച്ചതിന് ഏ.ആര്‍.റഹ്മാനോട് എന്ന പോലെ) കടപ്പെട്ടിരിക്കുന്നു.

അതിമനോഹരം ഈ കവിത! നന്ദി.

Ragesh said...

ആംഗ്യങ്ങള്‍

Nannayirikkunnu Lapuda.

Gandharvjiyude observation ethra krithyam.

വേണു venu said...

വാക്കുകളുടെ പെരുംകല്ലുകള്‍
അരയില്‍ കെട്ടിവെച്ച്
ഭാഷയുടെ
തണുത്ത ആഴത്തിലേക്ക്
കൂപ്പുകുത്തും തോറും ലാപുടയുടെ കവിതകള്‍ എന്നെ പുതുപുതു മാനങ്ങളിലേയ്ക്കു നയിക്കുന്നു.
വീണ്ടുമെന്‍റെ പൂച്ചെണ്ടുകള്‍.

ലാപുട said...

നന്ദി,വിഷ്ണുപ്രസാദ്..

മഴത്തുള്ളീ നന്ദി....ഇനിയും വരുമല്ലോ?

ജ്യോതിടീച്ചറെ ഏറെ നന്ദി ഈ പ്രോത്സാഹനത്തിന്...

ചാക്കോച്ചി, വളരെ സന്തോഷം വീണ്ടുമിവിടെ വിരുന്നായതിന്...(ആ കിഷ്കിന്ധ്യ എനിക്കങ്ങു പിടിച്ചു കേട്ടോ..)

കാളിയന്‍, നന്ദി....

ആര്‍ദ്രം, നന്ദി...ഇനിയുമീവഴി വരിക....

അഗ്രജാ കവിത ഇഷ്ടമായി എന്നറിയുന്നതില്‍ വളരെ സന്തോഷം...നന്ദി...

ദില്‍ബാസുരാ കവിതയിലേക്ക് ഞാനൊരു നിമിത്തമായെന്നറിയുന്നത് ഏറെ ആഹ്ലാദിപ്പിക്കുന്നു...നന്ദി...

നന്ദി രാഗേഷ്...

നന്ദി വേണുജീ...ആ പൂച്ചെണ്ടുകള്‍ക്ക്...

ഇത്തിരിവെട്ടം|Ithiri said...

ലാപുട ഇത് കാണാന്‍ ഒത്തിരി വൈകി. മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

salam kunnappally said...

superb!!

sunil krishnan said...

മാഷേ വീണ്ടും മുങ്ങിയോ?

ലാപുട said...

ഇത്തിരിവെട്ടമേ, സലാമേ നന്ദി...വായിച്ചതിനും അഭിപ്രായം എഴുതിയതിനും...

സുനിലേ, മുങ്ങിയിട്ടില്ല്യാട്ടോ... ഒരു ചെറിയ കുളിര് ബാക്കിനില്‍ക്കുന്നു :-))

ഞാന്‍ ഇരിങ്ങല്‍ said...

പ്രണയം എന്തോ ഒന്ന് നേടാന്‍ വേണ്ടിയാണെന്നും അത് നേടിയില്ലെങ്കില്‍ വിഫലവും നേടിയാന്‍ സഫലവും. അങ്ങിനെയാണൊ?
പ്രണയം പ്രണയിക്കാന്‍ വേണ്ടി മാത്രമാണെന്നും ദേഹിയെ സ്വീകരിക്കുന്നതോടെ ദിവ്യ പ്രണയം നഷ്ടമാകുന്നു വെന്നും ഞാന്‍ വിശ്വസിക്കുന്നു.

ലാപുട കവിത ഇഷ്ടമായി. പിന്നെ ലാപുട വിവരങ്ങളും.
സ്നേഹത്തോടെ
രാജു;

ഗോപന്‍ said...

നന്നായിരിക്കുന്നു ലാപുട... വളരെ താമസിച്ചുപോയി കാണാന്‍, ഒരു ചെറിയ ചതുരപ്പെട്ടിയിലൂടെ ലോകത്തെ ഒളിഞ്ഞുനോക്കിക്കൊണ്ടിരുന്ന ഒരു തണുത്ത പ്രഭാതത്തില്‍, പ്രണയവും കവിതയും അറിയതെ ഹ്രുദയത്തില്‍ ചെറിയ വിങ്ങലുകള്‍ ഉണ്ടാക്കുന്നു...

സബാഷ്... പുതിയ സ്രുഷ്ടികള്‍ക്കായുള്ള കാത്തിരിപ്പോടെ... അങ്ങകലെ നിന്നും...ഗോപന്‍..