Tuesday, December 19, 2006

ചിഹ്നങ്ങള്‍

പിറുപിറുപ്പ് പോലുമല്ലാത്ത
ചിലതിനെയൊക്കെ
ചോദ്യമാക്കുന്നതിന്റെ
സങ്കോചത്തിലാവണം
ചോദ്യചിഹ്നം
വളഞ്ഞ് കുനിഞ്ഞ്
തലതാഴ്ത്തിയിരിക്കുന്നത്.

എഴുതിത്തീരാത്ത
അതിശയങ്ങളുടെയും
വായിച്ച് തീരാഞ്ഞ
ക്ഷോഭങ്ങളുടെയും
ചൂടിലായിരിക്കും
ആശ്ചര്യചിഹ്നം
ഇതുപോലെ
ഉരുകിയുറ്റുന്നത്.

ഗര്‍ഭത്തിലെ
കുഞ്ഞെന്നപോലെ
അല്ലലേശാത്ത
ഒരു ധ്യാനത്തിലേക്ക്
ചുരുണ്ട് കിടക്കാന്‍
കഴിയുന്നത് കൊണ്ടാവും
വാക്പെരുക്കങ്ങളുടെ
അനുസ്യൂതിയിലും
അല്‍പവിരാമത്തിന്
ഭ്രാന്തെടുക്കാതിരിക്കുന്നത്.

ഭൂതകാലത്തിലെ
ഭാരമുള്ളവയെ
വാക്യങ്ങളിലേക്ക്
കെട്ടിത്തൂക്കി നിര്‍ത്തുമ്പോഴും
ഉദ്ധരണിയുടെ ചിഹ്നങ്ങള്‍
വര്‍ത്തമാനത്തിന്റെ
അര്‍ത്ഥങ്ങളോട്
പ്രാര്‍ത്ഥിക്കുകയാവും.

തീരുന്നില്ല ഒന്നും
എന്ന് പറയാനാവാത്തതിന്റെ
സങ്കീര്‍ണ്ണ വ്യഥയിലാവാം
പൂര്‍ണ്ണവിരാമചിഹ്നം
ചുരുങ്ങിച്ചുരുങ്ങി
ഇത്രയും ചെറുതായത്.

Wednesday, December 13, 2006

ശബ്ദാതുരം

തേപ്പുപണി നടക്കുന്നിടത്ത്
സിമന്റ് ചട്ടിയില്‍ നിന്നുള്ള
അവസാനത്തെ
ചുരണ്ടിമാന്തിയെടുക്കല്‍
കേള്‍ക്കുമ്പോഴൊക്കെ
പൊള്ളുന്ന ഇക്കിളി പോലെ
എന്തോ ഒന്നില്‍ നിന്ന്
ഞാന്‍ ചെവിപൊത്തി
ഒഴിഞ്ഞ് മാറുന്നു.

ഏങ്കോണിച്ചും
മുഴച്ചും കുഴിഞ്ഞുമുള്ള
എന്റെ നില്പിനെ
വാക്ക് തേച്ച് ഞാന്‍
മിനുസമാക്കുമ്പോഴാകുമോ
ജീവിതം
ചിലപ്പോഴൊക്കെ
എന്റെയരികില്‍ നിന്നും
ഓടിമാറുന്നത്?