Thursday, January 25, 2007

കഥാര്‍സിസ്

മഴയുടെ വരികളിലെന്നപോലെ
ലിപികള്‍ക്കിടയില്‍
തണുപ്പ് കട്ട പിടിച്ച്
കവിതകള്‍
കാറ്റ് കാത്തിരിക്കാറുണ്ട്.
എന്നാലും
ഇനി വരുമെന്ന് പറഞ്ഞ്
ഒരു കവിതയും
പെയ്തു തീരാറില്ല.

ആശുപത്രി വരാന്തയിലെന്ന പോലെ
ചിരിയിലേക്കോ കരച്ചിലിലേക്കോ
തുറക്കുന്നതെന്നറിയാത്ത
വാതിലുകള്‍ക്ക് മുന്നില്‍
മൌനങ്ങള്‍
വെന്ത കാലില്‍ നടക്കാറുണ്ട്
ഓരോ കവിതയിലും.
എന്നിട്ടും
വരാന്‍ വൈകുന്നതെന്തെന്ന്
വാതിലു ചാരാതെ
ഒരു കവിയും
വെളിച്ചം കാത്തിരിക്കുന്നില്ല.

ചിലപ്പോഴൊക്കെ
ഭൂകമ്പത്തില്‍ തകര്‍ന്ന
ജയിലില്‍ നിന്നെന്നപോലെ
ശരീരത്തില്‍ നിന്ന് സ്വതന്ത്രരായ
ആത്മാവുകള്‍
നിയമങ്ങളെ കൊഞ്ഞനം കുത്താറുണ്ട്,
കവിതകളില്‍.
എങ്കിലും
ജീവിതമോ കവിതയോ
ആദ്യമുണ്ടായതെന്നറിയുവാന്‍
ഒരു വായനക്കാരനും
പരോളിലിറങ്ങുന്നില്ല.

(പാഠം മാസികയില്‍ 2003 ല്‍ പ്രസിദ്ധീകരിച്ചത്)