Tuesday, September 19, 2006

ലൈബ്രറി

വായിക്കപ്പെടാതെ
തിരിച്ചെത്തുന്നവയില്‍ നിന്ന്
മുളപൊട്ടി വേരിട്ട്
പടര്‍ന്നു നിറയുന്നത്
വേഗങ്ങളെയും
വെളിച്ചങ്ങളെയും
തണുപ്പിച്ചു മാത്രം
അകത്തുകടത്തുന്ന
ഒരു കാടു തന്നെയാവണം.
അല്ലെങ്കിലെന്തുകൊണ്ടാണ്
വാക്കുകള്‍ മാത്രം
അടുക്കിവെച്ച ഒരിടത്ത്
ഇത്രമാത്രം നിശബ്ദത?

24 comments:

ടി.പി.വിനോദ് said...

ലൈബ്രറി

Rasheed Chalil said...

ചിത്രവും മനോഹരമായ അടിക്കുറിപ്പും

സു | Su said...

നിശ്ശബ്ദത സംവേദിക്കുന്നു. വാക്കുകള്‍ ഒരുപാടുള്ളപ്പോള്‍ ഏത് പുറത്തെടുക്കണം എന്ന ആലോചനയില്‍ മൌനം നിര്‍ബ്ബന്ധിതമായി വന്ന് ചേരുന്നു. പുസ്തകങ്ങളുടെ മനസ്സും മനുഷ്യന്റെ മനസ്സും ഒത്തുചേരുന്നിടത്ത് വാക്കുകള്‍ അപ്രസക്തമാവുന്നു.

ലൈബ്രറി നന്നായി.

വേണു venu said...

വായിക്കപ്പെട്ടു തിരിച്ചെത്തുന്നവയില്‍ നിന്ന് വാക്കുകള്‍ മാത്രം അടുക്കിവെച്ച എല്ലായിടത്തും നിശബ്ദതയല്ലേ.മുറുക്കി അടയ്ക്കപ്പേട്ട മദ്യക്കുപ്പിക്കുള്ളിലേ മൌനം പോലെ.ശരിയാണോ ലാപുടാ.
മനോഹരമായിരിക്കുന്നു.
വേണു.

Unknown said...

ലാപുടാ,

മനോഹരം. ഒരിടവേളയ്ക്ക് ശേഷം സജീവമായതില്‍ സന്തോഷം.

ലിഡിയ said...

മൌനം ആയിരം നാവ് കൊണ്ട് പറയുന്ന കഥകളാണ് ആ നിശബ്ദത.

-പാര്‍വതി

ഡാലി said...

വാചാലമായ മൌനം.

മുസ്തഫ|musthapha said...

മനോഹരമായിരിക്കുന്നു ലാപുട.
താങ്കളെ കാണാറില്ലല്ലോ [തനിമലയാളത്തിലും പിന്മൊഴിയിലും] എവിടെ പോയി എന്ന് കരുതിയിരിക്കുകയായിരുന്നു

വല്യമ്മായി said...

പതിവു പോലെ മനോഹരം

Sudhir KK said...

നല്ല കവിത. അവസാനത്തെ 4 വരികള്‍ അതി സുന്ദരം. ലൈബ്രറിയിലെ തണുപ്പും നിശബ്ദതയും തൊട്ടറിഞ്ഞ പോലെ. പഴയ പുസ്തകങ്ങളുടെ മണമാണ് ലൈബ്രറിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത്.

“മൌനത്തിന്റെ മഴയത്താകണം
പുതുമണ്ണിന്റെ മണം നിറഞ്ഞത്”

ഓടോ: പോസ്റ്റില്‍ ചിത്രത്തിന്റെ ആസ്പക്ട് റേഷ്യോ ആകെ കുളമായല്ലോ ലാപുടേ? അതോ മനഃപൂര്‍വം അങ്ങനെ ചെയ്തതോ?

InjiPennu said...

എന്ത് നല്ല ചിന്തകളാണ് താങ്കളുടേത്? വളരെ നല്ല കാച്ചിക്കുറിക്കിയ ചിന്തകള്‍...ഒരു ജീ‍നിയസ് ട്ടച്ച്..

Adithyan said...

ലാപുടാ, ഇവനും കലക്കി :)

ബാബു said...

ലാപുടേ, കവിത നന്നായിരിക്കുന്നു. പക്ഷേ,

നിശ്ശബ്ദതയോ?

പൈങ്കിളിക്കൊഞ്ചല്‍മുതല്‍
കേസരിഗര്‍ജ്ജനംവരെ.
വിളികളുടെ ഒരാരവം കേട്ട്‌
എങ്ങോട്ടുതിരിയണമെന്നറിയാതെ
ഒരു പകച്ചുനില്‍പ്പ്‌!

അതാണ്‌ എന്റെ അനുഭവം!

അനംഗാരി said...

ഗ്രന്ഥശാലയിലെ വാക്കുകള്‍ ഒരു വിപ്ലവത്തിനു മുന്‍‌പുള്ള നീണ്ട് ചര്‍ച്ചയിലാകുന്നു.
നീണ്ട സംവാദങ്ങള്‍ക്കൊടുവില്‍ മൌനത്തിന്റെ
തോട് പൊട്ടിച്ച് അവ പുറത്തു വരും...
ഒരു വിപ്ലവം സൃഷ്ടിക്കും.

പുലികേശി രണ്ട് said...

കഞ്ചാവിന്റെ പുക ചിന്തയെന്ന ഗാന്ധാരിയെ അസ്വസ്ഥയായ ഗര്‍‌ഭവതിയാക്കുന്നു.അവള്‍ പെറ്റ നൂറല്ല ആയിരം വാക്കുകള്‍ അരാജകത്വത്തിന്റെ കരിം‌കൊടിയേന്തി പേനത്തുമ്പില്‍ നിന്ന് പേജിലേക്ക് നീന്തിയിറങ്ങുന്നു,പതിനെട്ടാം യുദ്ധത്തിനു പകരം ചോദിക്കാന്‍ വന്ന കൌരവരെപ്പോലെ.ഗ്രാമീണരുടെ ഗോത്രസ്വപ്നങ്ങളില്‍ അപ്പോള്‍ വിപ്ലവത്തിന്റെ സൂര്യനാണുദിക്കുന്നത്,ചാവേര്‍ മേഘങ്ങള്‍ രക്തത്തിന്റെ മഴയാണു പെയ്യുന്നത്,ചെളിയില്‍ പൂഴ്ത്തപ്പെട്ടവരുടെ പ്രേതങ്ങളാണു മഴവില്ലു തൂക്കുന്നത്.
(ആര്‍‌ക്കും മനസ്സിലാകാത്ത കമന്റുകളാണ് ഇവിടത്തെ സ്പെഷ്യല്‍ എന്നു തോന്നിയതിനാല്‍ ഇതാ ഈ വലതുപക്ഷക്കാര്‍ന്റെ ഒരു അര്‍‌ച്ചന കൂടി)

Raghavan P K said...

ചിന്തിപ്പിക്കുന്ന ഒന്നു രണ്ട് വരികള്‍!
ആ ഫോട്ടോ കാണിക്കുന്നത് ഏത് ലൈബ്രറിയാ‍ാണു?

Unknown said...

രണ്ടാം നമ്പര്‍ പുലികേശീ,

:-)
ഫലിതം രസിച്ചു.

Roby said...

ലാപൂട്ടയുടെ കവിതകള്‍ക്ക്‌ ഒരു പൊതുസ്വഭാവമുള്ളതായി തോന്നിയിട്ടുണ്ട്‌. ഒരു കടങ്കഥയുടെ ശൈലി. തലക്കെട്ടിന്റെ വിശദീകരണമാണ്‌ ശരീരം എന്നു തോന്നും. കവിതയെ ഇങ്ങനെ വായിക്കണോ(ഇങ്ങനെയാണോ വായിക്കേണ്ടത്‌) എന്നറിയില്ല...വെറുതെ ഒരു കൗതുകം പറഞ്ഞു എന്നു മാത്രം...നന്നായിരിക്കുന്നു. ദിവസം ഒന്നു വച്ചെങ്കിലും എഴുതരുതോ...?

ടി.പി.വിനോദ് said...

കമന്റിയ എല്ലാവര്‍ക്കും നന്ദി...

ഇത്തിരീ, “ചിത്രവും മനോഹരമായ അടിക്കുറിപ്പും“ .. ഞാനൊരു കവിത എന്ന ഉദ്ദേശത്തില്‍ ചെയ്തതാണ്...കുഴപ്പം എന്റേതു തന്നെ ആയ്യിരിക്കും അല്ലേ...?

സൂ നന്ദി...ഇഷ്ടമായി നിശബ്ദതയുടെ പിന്നാ‍മ്പുറങ്ങളെ അടയാളപ്പെടുത്തിയത്....

വേണു മാഷെ...നന്ദി നിങളുടെ വായനയ്ക്ക്...
“അടയ്ക്കപ്പേട്ട മദ്യക്കുപ്പിക്കുള്ളിലേ മൌനം “ സങ്കീര്‍ ണ്ണമായ ഒരു സാധ്യത തന്നെ.....

ദില്‍ബൂ ...സന്തോഷം പിന്നെയും വിരുന്നു വന്നതില്‍

നന്ദി പാര്‍വ്വതി...ഇനിയും ഈ വഴി വരിക...

ഡാലി, മൌനം നിഷ്കാസിതരുടെ ഭരണഘടനയാണ്....(?)

അഗ്രജാ, വല്ല്യമ്മായി.. ഒരുപാടു നന്ദി

കൂമന്‍സേ നന്ദി....കാട്, ലൈബ്രറി എന്നി സ്ഥലങ്ങളിലാണു അകാരണമായ (?) ഒരു നിശബ്ദത നമ്മളിലേക്കു പടര്‍ന്നെത്തുന്നതായി എനിക്കു തോന്നിയിട്ടുള്ളത്..അതിനെ എഴുതാനുള്ള ഉദ്യമമായിരുന്നു ഇത്...പിന്നെ ഫോട്ടോയുടെ കാര്യം...അതു ഞാനെടുത്തതല്ല കെട്ടോ...പ്രിവ്യു നോക്കുമ്പോള്‍ കുഴപ്പമുണ്ടായിരുന്നില്ല...പോസ്റ്റ് ആയി വന്നപ്പോള്‍ ഇങ്ങനെ ആ‍യി..സാങ്കേതിക നിരക്ഷരത തന്നെയാവണം കാരണം...

ഇഞ്ചിപ്പെണ്ണേ, ആദിത്യാ, ബാബു നന്ദി... വീണ്ടും വരുമല്ലോ...?

അനംഗാരീ..വാക്കുകളില്‍ നിന്നു ഇനിയും വിപ്ലവങ്ങള്‍ ഉണ്ടാകുമെന്ന്...അങ്ങനെയാവട്ടെ അല്ലേ...?

പുലികേശി രണ്ട്, ഇവിടെ വന്നതിനു നന്ദി...

രാഘവേട്ടാ, നല്ല വാക്കുകള്‍ക്കു നന്ദി...അതു ഏതു ഗ്രന്ഥാലയമാണെന്നു അറിയില്ല....

റോബീ, ഒരുപാട് സൂചനകളും പാഠങ്ങളും കിട്ടുന്നു നിന്റെ കമന്റില്‍ നിന്ന്...എഴുത്തിന്റെ രസതന്ത്രത്തെ നീ സൂക്ഷ്മമായി പിന്തുടരുന്നു...നന്ദി ..വളരെ നന്ദി....

Unknown said...

മൌനമാണ് ഏറ്റവും വലിയ വാചാലത,
ആയിരം വാക്കുകള്‍ കൊണ്ട് പറയാനാവാത്തത് ഒരൊറ്റ നിമിഷത്തെ മൌനം കൊണ്ട് പറയാം, പറഞ്ഞിട്ടുണ്ട്,
തുളുബിത്തെറിക്കുന്നതിനെ മുഴുവന്‍ ഒരൊറ്റസമയത്ത് സംവേദിപ്പിക്കാന്‍ ഭാഷ‍ക്കുള്ള പരിമിതിയാവണം,അല്ലെങ്കില്‍
അതിനെ ഉള്‍കൊള്ളാനുളള കേള്‍വിക്കാരന്റെ അശക്തിയാവണം ലൈബ്രറിയുടെ മൊനം, ആ തൊന്നല്‍,

ഒരിക്കല്‍കൂടി നന്നായിരിക്കുന്നു,
നന്ദി.

-അബ്ദു-

അനോമണി said...

കൂടുതല്‍ തവണ വായിച്ച് എന്തെങ്കിലും എഴുതാം എന്ന് ആദ്യവായന. ഒന്നും എഴുതാതിരിക്കുക എന്ന് കൂടുതല്‍ വായന. ആ നിശബ്ദതയ്ക്ക് ഭംഗം വരുത്താതിരിക്കാനായിരിക്കും !

ഗോപകുമാര്‍ said...

നന്നായിരിക്കുന്നു ലാപുട.... പരസ്പരം എല്ലാം അറിയാവുന്നവര്‍ക്കിടയില്‍ മൌനം വീര്‍പ്പുമുട്ടല്‍ ഉണ്ടാക്കുന്നു....

രാജേഷ് ആർ. വർമ്മ said...

ഭക്ഷിക്കപ്പെടുന്ന വിത്തുകള്‍ പൊടിപ്പും മരവും കാടുമാകുന്നില്ല. അതുപോലെ വായിക്കപ്പെടാത്ത വാക്കുകളാണ്‌ പെറ്റുപെരുകുന്നതെന്ന സങ്കല്‍പം ഹൃദ്യമായിരിക്കുന്നു.

uttopian said...

യഥാർത്ഥത്തിൽ , വായനശാലയിൽ മൗനമല്ലേ , നിശബ്ദതയെക്കാൾ കൂടുതൽ ?