Wednesday, December 13, 2006

ശബ്ദാതുരം

തേപ്പുപണി നടക്കുന്നിടത്ത്
സിമന്റ് ചട്ടിയില്‍ നിന്നുള്ള
അവസാനത്തെ
ചുരണ്ടിമാന്തിയെടുക്കല്‍
കേള്‍ക്കുമ്പോഴൊക്കെ
പൊള്ളുന്ന ഇക്കിളി പോലെ
എന്തോ ഒന്നില്‍ നിന്ന്
ഞാന്‍ ചെവിപൊത്തി
ഒഴിഞ്ഞ് മാറുന്നു.

ഏങ്കോണിച്ചും
മുഴച്ചും കുഴിഞ്ഞുമുള്ള
എന്റെ നില്പിനെ
വാക്ക് തേച്ച് ഞാന്‍
മിനുസമാക്കുമ്പോഴാകുമോ
ജീവിതം
ചിലപ്പോഴൊക്കെ
എന്റെയരികില്‍ നിന്നും
ഓടിമാറുന്നത്?

27 comments:

ടി.പി.വിനോദ് said...

ശബ്ദാതുരം

സു | Su said...

ആയിരിക്കും.

വരികള്‍ പതിവുപോലെ :)

സുല്‍ |Sul said...

നല്ല ചിന്തകള്‍.

-സുല്‍

വിഷ്ണു പ്രസാദ് said...

രോചകവും അരോചകവുമായ ശബ്ദങ്ങളും ആപേക്ഷികമാവണം.ജന്മവാസനകളെ നാമെങ്ങനെ തള്ളും?

മുസ്തഫ|musthapha said...

നല്ല ഉപമയും വരികളും


എന്തോ, ചില സമയങ്ങളില്‍ മാത്രമേ ആ ശബ്ദം അരോചകമായി തോന്നറുള്ളൂ. ജീവിതത്തിന്‍റെ കാര്യവും അതു പോലെ തന്നെയായിരിക്കാം, ഒരു പക്ഷെ.

കണ്ണൂസ്‌ said...

Alla ലാപുട,

Cement chattiyile aathura shabdam niranju ninnathinte avasaanatthe thariyum kaiviTunnavante rodanamaane. Vaakkukal konT, jeevitham thEcchu minukkunnavan onnum kaiviTunnillallO. kootticherkkunnallE uLLu.

Nalla chintha. pakshE kavithakk Sakthi kuRanja pOle oru thOnnal.

ടി.പി.വിനോദ് said...

സൂവേച്ചി,സുല്‍,വിഷ്ണുമാഷ്,അഗ്രജന്‍: നന്ദി :)

കണ്ണൂസേ,ആതുരമായതിന്റെ ശബ്ദമല്ല ഞാന്‍ വിചാരിച്ചത്; ശബ്ദംകൊണ്ട് ആതുരമാവുന്ന ചിലതിനെയൊക്കെയാണ്.അതു convey ചെയ്തില്ലെങ്കില്‍ എഴുത്തിന്റെ ബലഹീനത തന്നെ തീര്‍ച്ചയായും..:)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ലാപുടയുടെ ഓരോ കവിതയ്ക്കും അഭിപ്രായം പറയുക പ്രയാസമാണ്‌. ഒരേ അച്ചിലിട്ട്‌ കുറേ വാക്കുകള്‍ ചേര്‍ത്ത്‌ അഭിനന്ദിക്കുക പ്രയാസം. ഈ കവിതയില്‍ മനുഷ്യ മനസ്സിന്റെയും ജീവിതത്തിന്റെയും 'ചെത്തിത്തേപ്പുകള്‍' തെളിയുന്നു. കൊള്ളാം സ്നേഹിതാ

ഡാലി said...

സിമന്റ് ചട്ടിയിലെ ചുരണ്ടി മാന്തലിന്റെ ശബ്ദം, പല്ലുകള്‍ക്കിടയില്‍ വലിച്ചൂരുന്ന മിഠായി കടലാസിലും, ഇരമ്പി നില്‍ക്കുന്ന ബസ്സിലിരിക്കുമ്പോഴും കടന്നു വരുന്നു.

പക്ഷേ വാക്കുകള്‍ ചേര്‍ത്ത തേച്ച് മിനുക്കിയ ജീവിതം, അലങ്കരിച്ച് വിളമ്പിയ ഭക്ഷണം ഭക്ഷണത്തിനോടുള്ള ആസക്സ്തി കൂട്ടുന്നത് പോലെ, എന്നില്‍ ജീവിതാസക്തി കൂട്ടുന്നു.

umbachy said...

സമയത്തിന്‍റെ
സ്ഥലത്തിന്‍റെ
അനുഭവങ്ങളെ
വേര്‍ തിരിക്കുന്ന
ഒരു രചന ഉള്ളീല്‍ വിരിഞ്ഞു വരുന്നുണ്ട്.

അപ്പോഴാണ്
ഇതും തൊട്ടു മുന്പുള്ളതും വായിച്ചത്

എനിക്കു പണി എളുപ്പമുള്ളതായി
വൈകാതെ പൊസ്റ്റും,
വായിക്കണേ.

ഉപ്പ എപ്പൊഴും
സ്ഥലങ്ങള്‍ ഓര്‍ മ്മിക്കുന്നു
ഉമ്മ സമയങ്ങളും
വീട്ടില്‍ നിന്നാണ്
എനിക്കീ തോന്നല്‍ വീണു കിട്ടിയത്.

സമയം പിന്നിട്ട്
പ്രായവും
സ്ഥലങ്ങള്‍ പിന്നിട്ട്
പാകവും
നേടുന്നുണ്ടോ നാം?

Anonymous said...

ലാപുട, പതിവു പോലെ മനോഹരം!
ആദ്യവരികള്‍ വായിച്ചപ്പോള്‍ മനസ്സില്‍ കടന്നു വന്നതു ക്ഷയരോഗിയുടെ കാറല്‍, നിസ്സഹായനായവന്റെ ഗദ്‌ഗദം, ഭയന്നോടുന്നവന്റെ ഏങ്ങല്‍... ഇതൊക്കെയാണു്‌.
രണ്ടാം വായനയില്‍, അറവു മാടിന്റെ ജീവനെടുത്ത ശേഷമുള്ള അറവുകാരന്റെ മനസ്സു്‌ പോലൊക്കെ തോന്നി..

Inji Pennu said...

ഞാന്‍ എന്നും വന്നു നോക്കും പുതിയതു വല്ലതുമുണ്ടോയെന്ന്. ആദ്യം ആളെന്തിയേ എന്ന് ചോദിക്കാമെന്ന് കരുതി. പിന്നെ കരുതി താങ്കളെപ്പോലുള്ളവരോട് പോസ്റ്റെന്തിയേ എന്ന് ചോദിക്കുന്നത് തന്നെ ഭയങ്ക്ര ബോറാണ്. വരണ്ട സമയത്ത് വരും....

പക്ഷെ ഇത് എന്തോ എനിക്കിഷ്ടപ്പെട്ടില്ല. ആ രണ്ടിന്റേയും കമ്പാരിസണില്‍ ഒരു ഭംഗിയുമില്ലാത്ത പോലെ എനിക്ക് തോന്നുന്നു. വിവരമില്ലാമ്യാണെന്റെ...സാധാരണ താങ്കളുടെ വായിക്കുമ്പൊ ഒരു ഷോക്കിങ്ങ് റിയലിസേഷന്‍ കിട്ടറുണ്ട്.അത് കിട്ടില്ലാ ഇത്തവണ. എന്നോട് പരിഭവം ഒന്നും തോന്നരുത്. ഞാന്‍ എന്റെ വിവരമില്ലായ്മ വിളമ്പാന്‍ വളരെ മിടുക്കിയാണ് :)

അനംഗാരി said...

ഇഞ്ചിയുടെ വിവരമില്ലായ്മയല്ല. ഇഞ്ചി പറഞ്ഞത് നേരാണ്. വരികള്‍ക്ക് പഴയ ഭംഗിയും താളവും ഇല്ല ലാപുടേ.

K.V Manikantan said...

വായനക്കാരോട് ഒരപേക്ഷ,
ഒരു നല്ല സൃഷ്ടിക്കു ശേഷം, അയാളുടെ സൃഷ്ടി അതിനേക്കാള്‍ ഉന്നതിയില്‍ നില്‍ക്കണമെന്ന് കരുതരുതേ....

ഒരു കലാകാരന്റെ ഏറ്റവും വലിയ ശത്രു അയാളുടെ ഏറ്റവും നല്ല സൃഷ്ടിയാണ്.

ലാ‍പുട,
കവിതയിലെ രണ്ടാമത്തെ ഖണ്ഡവും തന്റെ ഫോട്ടോയും യോജിച്ചു പോകുന്നു.

ഓടോ: വല്യമായി ഒരു ഹൈക്കു എഴുതിയിരിക്കുന്നു. ജന്മദിനത്തില്‍!

Kiranz..!! said...

സങ്കുചിതന്‍ ആദ്യം പറഞ്ഞത് ശരിതന്നെ..!
പക്ഷേ കലാകാരന്റെ ഏറ്റവും നല്ല സൃഷ്ടി ശത്രു മാത്രല്ല,അയാളുടെ അടിവേരു കൂടിയല്ലേ ?

ടി.പി.വിനോദ് said...

ഡാലീ, നന്ദി..ജീവിതത്തോടുള്ള നിങ്ങളുടെ സമീപനം വളരെ പ്രസാദാത്മകമാണ്.

ഉമ്പാച്ചീ, ഞാനതു വായിക്കാന്‍ കാത്തിരിക്കുന്നു.

നവന്‍ ഈ വരികള്‍ നിങ്ങളോട് സംവദിക്കുന്നുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

ഇഞ്ചീ,ഒരു പരിഭവവുമില്ല. കവിത നിങ്ങള്‍ക്ക് എങ്ങനെ അനുഭവപ്പെട്ടുവെന്ന് ഏറ്റവും കൃത്യമായി പറയാവുന്നത് നിങ്ങള്‍ക്ക് മാത്രം.നിരാശപ്പെടുത്തിയ ഒരു വായനാനുഭവത്തെ ചൂണ്ടിക്കാണിച്ചതിന് നന്ദി..പിന്നെ എന്റെ എഴുത്തിനെപ്പറ്റി ഞാന്‍ തന്നെ പറയുന്നതിലെ വൃത്തികേടിനെ തല്‍കാലം അറിയില്ലെന്നു നടിച്ച് ഈ കവിതയില്‍ ഞാന്‍ എങ്ങനെയാണ് പണിയെടുത്തത് എന്നു പറഞ്ഞോട്ടെ(അതിനു വലിയ പ്രസക്തിയൊന്നും ഇല്ലെങ്കിലും). സിമന്റ് ചട്ടിയില്‍ കത്തി ഉരയുമ്പോള്‍ ഉള്ള ശബ്ദം അസ്വസ്ഥതയുടെ പാരമ്യത്തോളമെത്തുന്ന ഒരു അകാല്പനികതയാണ്.ജീവിതത്തെ അതുമായി ബന്ധിപ്പിച്ചെഴുതുമ്പോള്‍ കാല്പനികമായ എല്ലാ ഭാവുകത്വസാധ്യതകളേയും ബോധപൂര്‍വം തടയണം എന്നു വിചാരിച്ചിരുന്നു. കാല്പനികതയുടെ ആ അഭാവമാവണം ഭംഗികേടായി നിങ്ങള്‍ക്ക് തോന്നിയത്.:)

അനംഗാരീ, നന്ദി. വായനക്കും കമന്റിനും. എന്റെ എഴുത്ത് മാറുന്നുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്...

സങ്കുചിതാ:നന്ദി
ഓ.ടോ:ഒരു എഴുത്തുകാരന്റെ ഗതികേടുകളെ ഏറ്റവും നന്നായി അറിയുന്നത് ഒരു എഡിറ്റര്‍ക്ക് തന്നെ...:-)

കിരണ്‍സ്, നിങ്ങള്‍ പറഞ്ഞതിലും സത്യമൂണ്ട്..:)

Paul said...

ലാപുട,
സങ്കു പറഞ്ഞത് നേരാ... ആദ്യവായനയില്‍ എന്റെയും മനസ്സില്‍ വന്നത് പ്രൊഫൈല്‍ ചിത്രം തന്നെ!!

കാല്പനികതയുടെ അഭാവം ഭംഗികേടായി തോന്നുമോ? മലയാളിയ്ക്ക് കാല്പനികതയുടെ അസുഖം ഇത്തിരി കൂടുതലാണെന്ന് മഹേഷ് ഒരിക്കല്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു.

Inji Pennu said...

ലാപുഡാ മാഷേ,
ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ ചിരിക്കരുത്..
പ്ലീസ്.പക്ഷെ ചോദിക്കാണ്ടിരിക്കാന്‍ പറ്റണില്ല്യ. ഈ കാല്പനികതേടെ അര്‍ത്ഥം എന്തുവാ? അതിന്റെ അര്‍ത്ഥം വേറൊരു കട്ടി മലയാളത്തില്‍ പറയരുത്..ഇംഗ്ല്ലീഷില്‍ അതെന്തുവാ? മാഷ് പറയണത് മനസ്സിലാക്കിയെടുക്കാന്‍ ശ്രമിക്കുവായിരുന്നു. പക്ഷെ കാല്പനികതയില്‍ ഞാന്‍ ഉടക്കി നിക്കുവാ :) സോറി.. മണ്ടത്തരം ചോദിക്കുന്നതിന്..ഉമേഷേട്ടന്‍ ഇവിടെ ഇല്ലാണ്ട് പോയൊ അതോണ്ടാ..

അതുല്യ said...

ഇഞ്ചി പോയീന്നും പറഞ്ഞ്‌ ഞാന്‍ സമാധാനത്തില്‍ ഇരിയ്കായിരുന്നു. ഇപ്പോ പോവുമോ അല്ലാ ഇനി ഒരു 10 മിനിറ്റ്‌??

ടി.പി.വിനോദ് said...

പോള്‍: എനിക്കും ആ അസുഖമുണ്ടെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്...:)
മലയാള കവിതയെപറ്റി ജയമോഹന്‍ പണ്ടൊരിക്കല്‍ ഇതൊക്കെ ചേര്‍ത്തെഴുതിയത് ഒരിക്കല്‍ വിവാദമായിരുന്നു.ഓര്‍ക്കുന്നുണ്ടാവുമല്ലോ...?
(2000-ല്‍ ഭാഷാപോഷിണിയില്‍ എന്ന് എന്റെ ഓര്‍മ്മ)

ഇഞ്ചീ, romanticism ആണ് കാല്പനികതയ്ക്കുള്ള ഇംഗ്ലീഷ് വാക്ക് എന്നാണ് എന്റെ ധാരണ.(എന്റെ ആംഗലേയ ജ്ഞാനം അത്ര ആധികാരികമല്ല കേട്ടോ..!)

Peelikkutty!!!!! said...

ചെവിപൊത്തി ഒഴിഞ്ഞു മാറാതിരിക്കാനാ എനിക്കിഷ്ടം..

Sapna Anu B.George said...

ഈ ജീവിതത്തെ ഇത്ര ലാഘവത്തോടെ ചുരണ്ടിയെടുക്കാന്‍ പറ്റുന്നുണ്ടോ!! ഭാഗ്യവാന്‍!!!

Inji Pennu said...

ഓ, ഇപ്പൊ എനിക്ക് താങ്കള്‍ പറഞ്ഞത് മനസ്സിലായി. അല്ല ..അല്ല...കാല്പനികതയില്ലാഞ്ഞിട്ടല്ല. താങ്കളെ വായിക്കുമ്പൊ എനിക്കൊരു അകകണ്ണ് തുറക്കുന്ന അനുഭവം കിട്ടാറുണ്ട്. അതാണ് ഈ പോസ്റ്റില്‍ ഞാന്‍ മിസ്സ് ചെയ്തത്. ഇനി അതാണൊ ഈശ്വരാ ഈ കാല്പനികത? :)

എന്തായാലും എനിക്ക് വല്ല്യ വിവരമില്ലാന്ന് മനസ്സിലായില്ലെ,അതോണ്ട് ഈ അഭിപ്രായത്തിനും അതേ വില കല്‍പ്പിച്ചല്‍ മതി:)

ടി.പി.വിനോദ് said...

പീലിക്കുട്ടീ:ആ ഒച്ചയെ സഹിക്കുക? എനിക്കത് ആലോചിക്കാന്‍ പോലും വയ്യല്ലോ ? :)

സ്വപ്നം: ലാഘവം? അങ്ങനെ തോന്നിയോ? ചിലപ്പോഴൊക്കെ ലാഘവത്വം നിസ്സഹായതയോടുള്ള ഒരു പ്രതിരോധമായി എനിക്ക് തോന്നാറുണ്ട്.

ഇഞ്ചീ: വിവരമില്ല എന്നൊന്നും എനിക്ക് തോന്നീട്ടില്ല.ആര്‍ക്കെങ്കിലും അങ്ങനെ തോന്നുമെന്നും തോന്നുന്നില്ല :)നന്ദി, ആ കമന്റിനും ഈ ബ്ലോഗിനോടുള്ള താത്പര്യത്തിനും.

Aravishiva said...

ലാപുടേ,കുറേ നേരമിരുന്നിട്ടായാലും ലാപുടയുടെ വാക്കുകള്‍ക്കര്‍ത്ഥം കണ്ടെത്താന്‍ ശ്രമിയ്ക്കുകയായിരുന്നു...

മനസ്സിലായൈടത്തോളം ആസ്വദിച്ചു...

എന്റെ തല പുകച്ചതിന് നന്ദി...

:-)

രാജ് said...

വിനോദ്, ഈയടുത്തു നീയെഴുതിയിട്ടുള്ളതില്‍ ഏറ്റവും റിയലിസ്റ്റിക്കായിട്ടുള്ളതു് ഇതാണെന്നു തോന്നുന്നു. ചട്ടുകം ചട്ടിയില്‍ ഉരയുന്ന കാര്യം എഴുതി വായിക്കുന്നതു തന്നെ അരോചകമാണെനിക്കു്.

mumsy-മുംസി said...

...സിമന്റ് ചട്ടിയില്‍ നിന്നുള്ള
അവസാനത്തെ
ചുരണ്ടിമാന്തിയെടുക്കല്‍
കേള്‍ക്കുമ്പോഴൊക്കെ
പൊള്ളുന്ന ഇക്കിളി പോലെ
എന്തോ ഒന്നില്‍ നിന്ന്
ഞാന്‍ ചെവിപൊത്തി
ഒഴിഞ്ഞ് മാറുന്നു.....

നെല്ല്‌ വായിലിട്ട് ചവക്കുമ്പോളുണ്ടാവുന്നത് പോലുള്ള ഒരു അസ്വസ്ഥത അല്ലേ..?

കവിതയുടെ രണ്ടാമത്തെ ഭാഗം ..

എന്റെ ശുഷ്കമായ ഭാഷ അതിനെ വിലയിരുത്താന്‍ മാത്രം വളര്‍ന്നിട്ടില്ല..
നന്ദി നല്ല ഒരു വായനാനുഭവത്തിന്