Tuesday, December 19, 2006

ചിഹ്നങ്ങള്‍

പിറുപിറുപ്പ് പോലുമല്ലാത്ത
ചിലതിനെയൊക്കെ
ചോദ്യമാക്കുന്നതിന്റെ
സങ്കോചത്തിലാവണം
ചോദ്യചിഹ്നം
വളഞ്ഞ് കുനിഞ്ഞ്
തലതാഴ്ത്തിയിരിക്കുന്നത്.

എഴുതിത്തീരാത്ത
അതിശയങ്ങളുടെയും
വായിച്ച് തീരാഞ്ഞ
ക്ഷോഭങ്ങളുടെയും
ചൂടിലായിരിക്കും
ആശ്ചര്യചിഹ്നം
ഇതുപോലെ
ഉരുകിയുറ്റുന്നത്.

ഗര്‍ഭത്തിലെ
കുഞ്ഞെന്നപോലെ
അല്ലലേശാത്ത
ഒരു ധ്യാനത്തിലേക്ക്
ചുരുണ്ട് കിടക്കാന്‍
കഴിയുന്നത് കൊണ്ടാവും
വാക്പെരുക്കങ്ങളുടെ
അനുസ്യൂതിയിലും
അല്‍പവിരാമത്തിന്
ഭ്രാന്തെടുക്കാതിരിക്കുന്നത്.

ഭൂതകാലത്തിലെ
ഭാരമുള്ളവയെ
വാക്യങ്ങളിലേക്ക്
കെട്ടിത്തൂക്കി നിര്‍ത്തുമ്പോഴും
ഉദ്ധരണിയുടെ ചിഹ്നങ്ങള്‍
വര്‍ത്തമാനത്തിന്റെ
അര്‍ത്ഥങ്ങളോട്
പ്രാര്‍ത്ഥിക്കുകയാവും.

തീരുന്നില്ല ഒന്നും
എന്ന് പറയാനാവാത്തതിന്റെ
സങ്കീര്‍ണ്ണ വ്യഥയിലാവാം
പൂര്‍ണ്ണവിരാമചിഹ്നം
ചുരുങ്ങിച്ചുരുങ്ങി
ഇത്രയും ചെറുതായത്.

31 comments:

ടി.പി.വിനോദ് said...

ചിഹ്നങ്ങളുടെ ശരീരഭാഷയിലൂടെ....

reshma said...

:)
‘എന്നെ പറ്റിയും എന്നെ പറ്റിയും പറയൂന്ന്’പാതി ശ്വാസമെടുക്കാന്‍ സമയം തന്നിട്ട് മുന്നോട്ട് തള്ളിവിടുന്ന സെമി-കോളന്‍ അലമുറയിടുന്നത് കവി കേള്‍ക്കുന്നില്ലേ?

ടി.പി.വിനോദ് said...

രേഷ്മ: ഒരു ചിഹ്നമെങ്കിലും എന്നോട് പിണങ്ങാതിരിക്കട്ടെ എന്ന് കരുതി..:)

സു | Su said...

നിനക്ക് കൂട്ടുതരാന്‍ ആളുണ്ട് എന്ന് കാണിച്ച്, അഹങ്കാരിയാവാതിരിക്കാനാണോ കോമ താഴെ നില്‍ക്കുന്നത്?

:)

മുസ്തഫ|musthapha said...

ലാപുട, താങ്കളുടെ ശ്രദ്ധ പതിയാത്തതായി എന്തുണ്ട്... മനോഹരമായ വരികള്‍.

ആശ്ചര്യ ചിഹ്നത്തിന്‍റെ ഉരുകിയൊലിക്കലാണ് എനിക്കേറ്റവും രസകാരമായി തോന്നിയത്.

നന്ദി :)

Unknown said...

ലാപുഡാ,
കലക്കി. എന്താ ഒരു രസം ആ വരികളുടെ. നമിച്ചു. :-)

അരവിന്ദ് :: aravind said...

ലാപുടാ...മനോഹരം ഈ ചിഹ്നചിന്തകള്‍....
:-)

ചില നേരത്ത്.. said...

ഇതൊക്കെ ലോഭമില്ലാതെ ഗദ്യത്തില്‍ തിരുകി കയറ്റുമ്പോള്‍ ആരറിയുന്നു ഇവയുടെ ശരീര ഭാഷ.
മനോഹരം. ചിന്തനീയം

ഉമേഷ്::Umesh said...

അതിമനോഹരമായ കവിത,ലാപുഡേ.

ഞാനൊരു അവിവേകം കാണിച്ചിട്ടുണ്ടു്. ഞാന്‍ ഇതിനെ മലയാളത്തിലേയ്ക്കു തന്നെ ഒന്നു പരിഭാഷപ്പെടുത്തി. (ആരെങ്കിലും ഈ അവിവേകം ഇതിനു മുമ്പു ചെയ്തിട്ടുണ്ടോ എന്നറിയില്ല.)

എന്റെ പദ്യപരിഭാഷ ഇവിടെ വായിക്കാം.

Roby said...

ആദ്യകാലത്തെ ചില കവിതകള്‍ കടങ്കഥയുടെ രൂപത്തിലാണെന്ന്‌ ഞാന്‍ പറഞ്ഞത്‌ ഓര്‍മ്മയുണ്ടോ...'ആംഗ്യങ്ങള്‍' മുതല്‍ 'ശബ്ദാദുരം' വരെയുള്ളവ മറ്റൊരു ഘടനയിലാണ്‌. ആദ്യ ഖണ്ഡികയിലെ മൂര്‍ത്തമായൊരു ഉപമ രണ്ടാമത്തെ ഖണ്ഡികയിലെ അത്രതന്നെ മൂര്‍ത്തമല്ലാത്ത ഒരു assumption ന്‌ വിശദീകരണമാകുന്നു. ഇത്‌ വളരെ ഉപരിപ്ലവമായ ഒരു വായനയാണ്‌ കേട്ടോ...'ചിഹ്നങ്ങള്‍ക്ക്‌' ഘടനയില്‍ 'അന്ധവിശ്വാസത്തിന്റെ കവിതക'ളുമായി വിദൂരമായ ഒരു സാമ്യം തോന്നുന്നു.

എനിക്ക്‌ ഏറെ പ്രിയമായി തോന്നിയത്‌ emotional density അധികമുള്ള 'കമ്യൂണിസ്റ്റ്‌ പച്ച' പോലുള്ള കവിതകളാണ്‌...മറ്റ്‌ കവിതകള്‍ക്ക്‌ intellectual density ഉണ്ട്‌...അതിനാല്‍ തന്നെ ഒറ്റ വായനയില്‍ പൂര്‍ണമായും സംവദിക്കുന്നില്ല...അതിനാല്‍ തന്നെ ആവര്‍ത്തിച്ചുള്ള വായനയില്‍ വേര്‍തിരിച്ചെടുക്കാവുന്ന നാനാര്‍ഥങ്ങളുടെ ധാരാളിത്തമുണ്ട്‌.

Santhosh said...

ലാപുട എഴുതുന്ന മിക്കവാറും എല്ലാ കവിതകളും വായിക്കാറുണ്ട്. ഈ കവിത താങ്കളുടെ മറ്റു സമീപകാല കവിതകളേക്കാള്‍ എനിക്കിഷ്ടപ്പെട്ടു.

K.V Manikantan said...

എനിക്ക്‌ ഏറെ പ്രിയമായി തോന്നിയത്‌ emotional density അധികമുള്ള 'കമ്യൂണിസ്റ്റ്‌ പച്ച' പോലുള്ള കവിതകളാണ്‌...മറ്റ്‌ കവിതകള്‍ക്ക്‌ intellectual density ഉണ്ട്‌...

റോബീ,
ഇതു പറയാന്‍ അറിയാതെ ഞാന്‍ കുഴയുകയായിരുന്നു. ഞാന്‍ ഇത് ഉദാഹരിച്ചത് (ലാപുടയോട് ഒരിക്കല്‍ നേരിട്ട്), കവിതകളില്‍ ചിലത്, അതി ജാഢയുള്ള സയന്‍സ് അദ്ധ്യാപകരുടെ ക്ലാസ് പോലെയും (intellectual density) കമ്യൂണിസ്റ്റ് പച്ച, അന്ധവിശ്വാസങ്ങള്‍ ഇവയെല്ലാം പഴയ ശാസ്ത്രസാഹിത്യപരിഷത്തിലെ മുണ്ടുടുത്ത കണ്ണില്‍ സ്നേഹമുള്ള അദ്ധ്യാപകരുടെ ക്ലാസ് പോലെയുമാണെന്നാണ്‍.

ലാപുട,
ആദ്യ വരികള്‍ എനിക്കും വായിച്ചപോലെ തോന്നി, ഞാന്‍ വിചാരിച്ചത് നിങ്ങളുടെ തന്നെ മൂന്നാമിടത്തില്‍ വന്ന ഒന്നായിരുന്നു ഇതെന്നെ. കമന്റുകള്‍ വായിച്ചപ്പോഴാണ് ക്ക്ലിയറായത്.

-സര്‍ജ്ജുവിന്റെ ക്ക്ഷൌരം എന്ന കവിതയ്ക്കും ഈ ഗതി ഉണ്ടായിട്ടുണ്ട്. വായിക്കുന്നവനെല്ലാം ഇത് താന്‍ പണ്ടെങോ വായിച്ചിരുനെന്ന് തോന്നിയാല്‍... ആ സൃഷ്ടി വിജയിച്ചു എന്നെനിക്ക് തോന്നുന്നു..

രാജ് said...

വിനോദേ കവിത അസ്സലായി. വായിച്ചു തീര്‍ക്കും തോറും അടുത്ത വരിയില്‍ ഏതു ചിഹ്നത്തിനെയാണു നീ കുരിശിലേറ്റി പുണ്യാളനാക്കാന്‍ പോകുന്നതെന്നറിയാനുള്ള വിഭ്രമമായിരുന്നു.

myexperimentsandme said...

വളരെ ഇഷ്ടപ്പെട്ടു- പ്രത്യേകിച്ചും ആശ്ചര്യ ചിഹ്നം!

ടി.പി.വിനോദ് said...

അഗ്രജാ, നന്ദി..

ദില്‍ബൂ,നന്ദി അനിയാ ...:)

അരവിന്ദ്ജീ, വായിച്ചുവെന്നും ഇഷ്ടമായി എന്നും അറിയുന്നതില്‍ ഏറെ സന്തോഷം, നന്ദി..:)

ഇബ്രൂ, ചിഹ്നങ്ങളിലേക്ക് നമ്മുടെ ഏതൊക്കെ അര്‍ത്ഥങ്ങളഉടെ കഠിന ഭാരങ്ങളെയാണ് നാം കൂട്ടിക്കെട്ടുന്നത് അല്ലേ?

ഉമേഷേട്ടാ നിറഞ്ഞ സന്തോഷം,കമന്റിലും വിവര്‍ത്തനത്തിലും...

റോബീ, നിന്റെ വായന എന്നെ സംബന്ധിച്ചിടത്തോളം കൃത്യമാണ്...emotional density, intellectual density എന്നിവ നാം ഇപ്പോല്‍ അനുഭവിക്കുന്ന തരം ജീവിതവുമായി ബന്ധപ്പെട്ടാണ് അതിന്റെ അനുപാതങ്ങളെ നിര്‍ണ്ണയിക്കുന്നുണ്ടാവുക...

സന്തോഷ്ജീ,സന്തോഷം, വീണ്ടും ഇവിടെ കണ്ടതിലും കവിത ഇഷ്ടമായി എന്നറിയുന്നതിലും..

സങ്കൂ, നന്ദി..വിജയിച്ചു എന്ന തോന്നലല്ല എനിക്കുണ്ടാവുന്നത് :(

രാജ്, കുരിശിലേറ്റി പുണ്യാളനാക്കുക-ഇതെനിക്ക് ഇഷ്ടമായി...:)

വക്കാരീ, നന്ദി....

യാത്രാമൊഴീ, നന്ദി...

nalan::നളന്‍ said...

തീരുന്നില്ല ഒന്നും
എന്ന് പറയാനാവാത്തതിന്റെ
സങ്കീര്‍ണ്ണ വ്യഥയിലാവാം
പൂര്‍ണ്ണവിരാമചിഹ്നം
ചുരുങ്ങിച്ചുരുങ്ങി
ഇത്രയും ചെറുതായത്.


ലാപുട, എനിക്കിങ്ങനെയല്ല തോന്നിയത്.

പൂര്‍ണ്ണവിരാമമടയുന്ന ചിന്തകളില്‍
പിറവികൊള്ളുന്ന മൂഢവിശ്വാസങ്ങളെ
കണ്ടു ഭയന്നിട്ടാവണം പൂര്‍ണ്ണവിരാമം
ചുരുങ്ങിയില്ലാതാവാന്‍ ശ്രമിച്ചത്.

ആശ്ചര്യചിഹ്നം ഉരുകിയിറ്റുവീഴുന്നത മനസ്സിലോര്‍ത്തപ്പോള്‍ ചിരിച്ചുപോയി.
ആശംസകളോടെ

Aravishiva said...

ലാപുടേ :-) ഈ കവിത എന്റെ പ്രീയപ്പെട്ട കവിതകളിലൊന്നാണെന്ന് അറിയിയ്ക്കുന്നു...ആദ്യ വായനയില്‍ത്തന്നെ ആശയങ്ങളെല്ലാം വ്യക്തമാകുകയും ചെയ്തു...

ആരെങ്കിലും ഒരഭിപ്രായം പറയുമ്പോള്‍ അതേ അഭിപ്രായം ശരിയാണെന്ന് വെളിപാടുണ്ടാവുന്നത് നിരൂപകന്മാര്‍ക്കുള്ളൊരു ചെറുദോഷമാണ്...പുതിയൊരു കുറ്റം കണ്ടുപിടിയ്ക്കുന്നതിലും താത്പര്യം പോപ്പുലറായ അഭിപ്രായത്തെ പൊലിപ്പിയ്ക്കുന്നതിലായിരിയ്ക്കും.ഒരു തരത്തില്‍ പറഞ്ഞാല്‍ ലേബലൊട്ടിയ്ക്കല്‍.പ്രതിഭാശാലിയായ താങ്കളേപ്പോലുള്ള ഒരു കവി അതില്‍ വിഷമിയ്ക്കുന്നതിലര്‍ത്ഥമില്ല...ഈ അനുഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നല്ലൊരു കവിത രചിച്ചുകൂടേ..വിഷയം-അഭിപ്രായം.

സ്നേഹപൂര്‍വ്വം

ഇട്ടിമാളു അഗ്നിമിത്ര said...

ഇപ്പൊ ഈ കുത്തും കോമയുമൊക്കെ കാണുമ്പോള്‍ അറിയാതെ ഒരു സഡന്‍ ബ്രേയ്ക്.. ഇവരൊക്കെ ഇങ്ങനെ ഒക്കെ ആണല്ലോ..എന്ന്.. വന്നു വന്ന് ..അവരെ പോലും വെറുതെ വിട്ടില്ല അല്ലെ.. കൊള്ളാം ...

തറവാടി said...

ലാപുട ,

മുഴുവന്‍ വായിച്ചു ,
എനിക്കിഷ്ടമായി

ഡാലി said...

"ഭൂതകാലത്തിലെ
ഭാരമുള്ളവയെ
വാക്യങ്ങളിലേക്ക്
കെട്ടിത്തൂക്കി നിര്‍ത്തുമ്പോഴും
ഉദ്ധരണിയുടെ ചിഹ്നങ്ങള്‍
വര്‍ത്തമാനത്തിന്റെ
അര്‍ത്ഥങ്ങളോട്
പ്രാര്‍ത്ഥിക്കുകയാവും."
കവിത പതിവ് പോലെ. ഈ വരികളാണ് ഏറ്റവും ഇഷ്ടമായത്. അതും പ്രാര്‍ത്ഥിക്കുകയാവാം എന്ന കല്പന. അതേ, ഭൂതകാല ചരിത്രത്തിന് പ്രാര്‍ത്ഥിക്കാനേ പറ്റൂ എന്നീയിടെയാണ് മനസ്സിലായത്.

വിമര്‍ശനം അഥവാ കുശുമ്പ്: റോബിയൊക്കെ മൊത്തം കവിതകളെ കുറിച്ച് പറഞ്ഞിരിക്കുന്നു എന്നു കണ്ടു. ഒരിത്തിരി വിമര്‍ശനമെന്ന എന്റെ കുശുമ്പ് പറയാമെന്ന് കരുതി. ഞാനും നല്ലപാതിയും വിനോദിന്റെ കവിത വായിക്കാ, തല്ലുകൂടാ ഒക്കെ പതിവാ. ഒരിക്കല്‍ എല്ലാം കൂടെ വായിക്കുന്നതിനിടയില്ലാണ് ഒരു സ്റ്റീരിയോറ്റൈപ്പ് പോലെ ഒന്ന് ശ്രദ്ധയില്‍ പെട്ടത്. അത്ര പെട്ടെന്ന് എനിക്കത് വിശദീകരിക്കനാവില്ല. എന്നാലും ഒരു ശ്രമം.ഒന്നിനെ കുറിച്ച് പറഞ്ഞീട്ട് അതിന്റെ വേറെ ഒരു തലം പറയുന്ന രീതി. അത് മിക്ക കവിതകളിലും കാണാം. കമ്മൂണിസ്റ്റ് പച്ച എന്ന കവിതയില്‍ അതില്ല. ബാക്കി മിക്ക കവിതകളിലും ഇതു കാണാം. (അതുകൊണ്ടാവണം ഇത് എന്നൊരൂഹം പോലെ ഒന്ന്). ഇത് തന്നെയാണൊ ഇമോഷണല്‍ ഡെന്‍സിറ്റി, ഇന്റലെക്ചുല്‍ ഡെന്‍സിറ്റി എന്നെനിക്കറിയില്ല. ആ രീതി മോശമാണെന്നല്ല. ഒരു കവിതാസമാഹാരം ഇറക്കുമ്പോള്‍ ഇത്തരം സ്റ്റീരിയോറ്റൈപ്പ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാം.(ഹാവൂ,ഒരാശ്വാസായി! ഒരാളെ വിമര്‍ശിച്ചല്ലോ അടി വരണെന്നു മുന്നേ ഓടട്ടെ)

ഓഫ്: കത്രീനയുടെ കവിത ആദ്യമേ വായിച്ചിരുന്നു. പക്ഷേ അത് ആര്‍ എഴുതിയതാണെന്ന് ഓര്‍മ്മയില്ലാഞ്ഞതിനാല്‍ ഹേയ് ഇത് എവിടെയോ വായിച്ചല്ലോ എന്ന് ഞാനും മന്‍സ്സില്‍ കരുതിയിരുന്നു. മുകളിലെ ഇതിനെ കുറിച്ചുള്ള എഴുത്തുകളെ ഇത്തരത്തിലുള്ള വിചാരങ്ങളുടെ മറ്റൊരു തലത്തിലുള്ള പ്രകടനം ആയി കണ്ടാല്‍ മതി എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം.

ടി.പി.വിനോദ് said...

ഡാലീ, കമന്റിലെ വായന ഇഷ്ടമായി...
ഞാന്‍ എന്ന വായനക്കാരന്‍ എന്റെ എഴുത്തിനെപ്പറ്റി വിചാരിക്കുന്നതുമായി നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ മിക്കവാറും യോജിക്കുന്നു...

എന്നെ തന്നെ ഒരല്പമെങ്കിലും ഉണര്‍ത്തുന്ന വിധത്തില്‍ എന്നില്‍ എന്തെങ്കിലും തോന്നലുകള്‍ ഉണ്ടാകുമ്പോഴൊക്കെ ആ തോന്നല്‍ എന്നില്‍ എങ്ങനെയുണ്ടായി എന്നതിനെപ്പറ്റിയുള്ള enigmatic ആയ ഒരു വെപ്രാളത്തില്‍(ഇതത്ര മൂല്യവത്തായ ഒരു വെപ്രാളമൊന്നും അല്ല കേട്ടോ.തികച്ചും സ്വാര്‍ത്ഥവും വ്യക്തിപരവുമായ ഒന്നു മാത്രം) നിന്ന് രക്ഷപ്പെടാന്‍ എനിക്ക് പരിചയമുള്ള കവിതയുടെ വാതിലില്‍ മുട്ടുന്ന പ്രവര്‍ത്തിയുടെ ബാക്കിയായാണ് ഇവിടെ എഴുതിയിരിക്കുന്നതില്‍ മിക്കവാറും കവിതകളും ഞാന്‍ എഴുതിയിട്ടുള്ളത്.

ഇങ്ങനെയല്ലാതെയും എനിക്ക് ചിലപ്പോഴൊക്കെ‍ എഴുതാന്‍ സാധിക്കാറൂണ്ട്.കമ്യൂണിസ്റ്റ് പച്ച അങ്ങനെയൊരു കാലത്ത് എഴുതിയതാണ്..

എനിക്കത്ര ഉറപ്പില്ല സ്റ്റീരിയോറ്റൈപ്പ് ആകാതെ ആളുകളെ അധികം ബോറടിപ്പിക്കാതെ ഒരുപാടൊക്കെ എഴുതാന്‍ മാത്രം കവിത്വം എനിക്കുണ്ടോ എന്ന്..:)
വെറുതെ കവിതയിലേക്ക് ഞാന്‍ അപേക്ഷിച്ചുകൊണ്ടിരിക്കുന്നു;എന്നെക്കൊണ്ടാകാവുന്നത്ര നനവുകളോടെ, എന്നെക്കൊണ്ടറിയാനാകുന്ന ജീവിതത്തോട് കൂടി.

കമന്റിന് ഒന്നുകൂടി നന്ദി പറയുന്നു. ഇനിയും പറയുക ഇതുപോലുള്ള analytical ആയ അഭിപ്രായങ്ങള്‍.
(എന്നെപ്പറ്റി ഇത്രയൊക്കെ പറഞ്ഞ് ബോറടിപ്പിച്ചത്തിന് മാഫീ :))
qw_er_ty

ഉമേഷ്::Umesh said...

പൂര്‍ണ്ണവിരാമത്തെപ്പറ്റി നളന്‍ പറഞ്ഞതു ബലേ ഭേഷ്! അതിന്റെയും എന്റെ പദ്യപരിഭാഷ:

മുടിഞ്ഞുപോകേണ്ട വിചാരധാര
ചികഞ്ഞെടുക്കുന്നൊരു മൌഢ്യമാകെ
കണ്ടിട്ടു പേടിച്ചു ചുരുങ്ങിയില്ലാ-
താകുന്നുവോ പൂര്‍ണ്ണവിരാമചിഹ്നം?


ഇവിടെ ചേര്‍ത്തിട്ടുണ്ടു്.

അനിലൻ said...

lapuda
vannu thodaan kazhiyunna kavithakal
valare nannayittunt

love

ഗിരീഷ്‌ എ എസ്‌ said...

സത്യത്തില്‍
തീരെ നിനച്ചിരിക്കാതെയാണ്‌ ഇവിടെയെത്തിയത്‌...
വായിച്ചപ്പോള്‍ പറയാനാവാത്ത സന്തോഷം തോന്നി..
ആരാധനയും...
അര്‍ഥങ്ങളുടെ പെരുമഴയാണ്‌ ഓരോ കവിതകളിലും...
ഒരുപാട്‌ തവണ വായിച്ചു...
ആരും ചിന്തിക്കാത്ത ഒരു വിഷയം...
ഒരു പക്ഷേ ചിഹ്നങ്ങളെ കണ്ടെത്തിയവര്‍ പോലും എന്തു വിഡ്ഢികളാണെന്നു തോന്നിപ്പോയി...

അഭിനന്ദനങ്ങള്‍....

റീനി said...

ലാപുട, പതിവുപോലെ മനോഹരം. ലാപുടയുടെ കഴിവുകാണുമ്പോള്‍ ഞാനൊരു ആശ്ചര്യചിഹ്നമായി മാറുന്നു.

P Das said...

:)

G.MANU said...

ഒറ്റപൊരുള്‍ ഇല്ലാത്ത പുതിയ ചിഹ്നം കൂടിയുണ്ടല്ലോ....ലാപുട. ചിലര്‍ക്കു തെറിയായും ചിലര്‍ക്കു നിശ്ശബ്ദ വികരം ആയുംചിലര്‍ക്കു അടങ്ങിതന്നെ ഇരിക്കുന്ന അമര്‍ഷമായൂ .. ഒരു പാവം ആസ്റ്റെരിക്‌


jeevitharekhakal.blogspot.com

വിശാഖ് ശങ്കര്‍ said...

അല്പം വൈകിയാണെങ്കിലും അരൂപി വഴി ലാപുടയിലെത്തി.ബൂലോകത്തെ മടുപ്പിക്കുന്ന കവിതക്കസര്‍ത്തുകള്‍ക്കിടയില്‍നിന്ന് ഒടുവില്‍ കുറെ കവിതകള്‍ കണ്ടുകിട്ടിയിരിക്കുന്നു. എല്ലാ കവിതകളും വായിച്ചു.

ടി.പി.വിനോദ് said...

അനിലന്‍,ദ്രൌപദി,റീനി,ചക്കര,മനു,വിശാഖ്:
ഏറെ നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ ബ്ലോഗ് നോക്കുന്നത്. ഓരോരുത്തരുടെയും വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി അറിയിക്കുന്നു.വൈകിയെങ്കിലും...

അഭയാര്‍ത്ഥി said...

ലാപുടയെപ്പോലെ ഒരു കവി ബൂലോഗത്തിന്റെ അതിശയചിഹ്നമാകുന്നു.

ബൂലോഗത്തില്‍ പൂര്‍ണ വിരാമമിടേണ്ട കവിതകളല്ല ലാപൂടയുടെ ലിപികളില്‍ തെളിയുന്നത്‌.

ഓരോ വരികളുടെ അന്ത്യത്തിലും ഉള്ളില്‍ വീണ്ടും വീണ്ടും ഉയരുന്നത്‌ ഈ ചോദ്യ ചിഹ്നമാണ്‌.

അനുസാരങ്ങളും വിസര്‍ഗ്ഗങ്ങളും മനസ്സില്‍ കോറിയിട്ടവ ഒരു മാത്ര നമ്മളോട്‌ പറയുന്നു "ഞങ്ങള്‍ ലാപുടയുടെ മക്കള്‍ ഉത്തമ കവിതകള്‍ "

Rajeeve Chelanat said...

വളരെ വൈകിയാണ്‌ ഈ കവിത കണ്ടത്‌. വിശാഖ്‌ പറഞ്ഞതുപോലെ പതിവു കസര്‍ത്തുകളില്‍ നിന്നു വളരെ വ്യത്യസ്തം.

ലാപുടയുടെ കവിതകളെക്കുറിച്ച്‌ അനിയന്‍സും (അനു) രണ്ടുദിവസം മുന്‍പ്‌ സൂചിപ്പിക്കുകയുണ്ടായി.

സ്നേഹാദരങ്ങളോടെ