Wednesday, August 30, 2006

അലൈ പായുതേ...



പിഴവുകളില്ലാതെ
പിടഞ്ഞുകൊണ്ടിരിക്കുന്നു,
ആഴത്തിന്റെ
ജലഘടികാരം.
അല്ല,
മണലില്‍ പുതഞ്ഞ
മുറിവുകളിലേക്ക്
ഉപ്പു പുരണ്ട്
സമയം
തിരിച്ചെത്തുന്നു.

Saturday, August 26, 2006

മരം പെയ്യുന്ന ഒച്ച

നൊന്തുവോ നിനക്കെന്ന്
നനവിന്റെ
അവസാനത്തെ തുള്ളികള്‍
മണ്ണിനോട് ചോദിക്കുന്നത്
ഈ ഒച്ചയിലാവണം.

പെയ്ത് തീരുന്ന
വാക്കുകളില്‍ നിന്ന്
ഇതുപോലെ
ഇഷ്ടത്തിന്റെ ലിപികളെ
കരുതിവെയ്ക്കുന്നുണ്ടാവുമോ
കേള്‍വിയുടെ
ഏതെങ്കിലും ഇലപ്പച്ചകള്‍?

Tuesday, August 22, 2006

ഓര്‍മ്മ


ഓര്‍മ്മ
നിരോധിക്കപ്പെട്ട
ഒരു നാണയമാകുന്നു.

പഴയ സ്വപ്നങ്ങളുടെ
അധോലോകത്ത് നിന്നും
ഈ ലോഹക്കഷണങ്ങളുമായി
പിടിയിലാകുന്നവര്‍
വര്‍ത്തമാനകാലത്തിലേക്ക്
നാടുകടത്തപ്പെടുന്നു.

Wednesday, August 16, 2006

നോട്ടങ്ങള്‍


എഴുതി വായിക്കുന്ന
പ്രസംഗങ്ങള്‍ പോലെയാണ്
ചിലനേരത്ത്
ജീവിതം.
വിരാമചിഹ്നങ്ങളുടെ
ഇടവേളകളില്‍
അത്
മുന്നിലുള്ളവരുടെ
മൌനങ്ങളിലേക്ക്
വെപ്രാളപ്പെട്ട്
എത്തിനോക്കും.

Sunday, August 13, 2006

പ്രണയമേ....


പ്രണയമേ നീ
എല്ലാ കാലത്തിന്റെയും
ഫറവോ.
ഓര്‍മ്മയുടെ
നെടുങ്കന്‍ പാറകള്‍ കൊണ്ട്
സ്വപ്നങ്ങളുടെ
മരുഭൂമിയിലെങ്ങും
നീ നിന്റെ മരണത്തെ
ആര്‍ഭാടമായി
സ്ഥാപിച്ചിരിക്കുന്നു.

Thursday, August 10, 2006

പാരഡി

ഒച്ചയും അനക്കവും
വരിയില്‍ നിന്ന്
തുളുമ്പാതെ
അളന്നുമുറിച്ചാണ്
എഴുതുന്നത്.
ഓര്‍മ്മയുടെ ഒരേ കാതുകളില്‍
ഒരേ ആവൃത്തിയിലാണ്
പിടഞ്ഞെത്തുന്നത്.
ഒരുപക്ഷേ,
ഓരോരുത്തരും
അവരവരുടെ
പാരഡികളായാണ്
ജീവിക്കുന്നത്.

Tuesday, August 08, 2006

പ്രിസം


സമയത്തിന്റെ
ത്രികോണങ്ങള്‍ തുളച്ച്,
മൌനത്തിന്റെ
സ്ഫടിക സാന്ദ്രതയിലൂടെ
കടന്നു പോവുന്നതുകൊണ്ടാവണം
ചില സങ്കടങ്ങള്‍
ഓര്‍മ്മയിലേക്ക്
നിറങ്ങളായി വേര്‍തിരിയുന്നത്.

Sunday, August 06, 2006

ഭാഷകള്‍

(1)
ലോകത്തിലെ ഏതോ ഒരു ഭാഷയില്‍
നിന്റെ പേരിന് ഓര്‍മ്മ എന്ന് അര്‍ത്ഥമുണ്ട്.
നമുക്കു പരിചയമില്ലാത്ത
അതിന്റെ ലിപികളിലേക്കാവണം
വാക്കുകളുടെ പതിവു ചേക്കുകളില്‍ നിന്ന്,
രൂപകങ്ങളുടെ പ്രിയപ്പെട്ട ഉഷ്ണങ്ങളില്‍ നിന്നും
നീ ഇറങ്ങിപ്പോയിക്കൊണ്ടിരിക്കുന്നത്.
(2)
ലോകത്തില്‍ നിനക്കുമാത്രമറിയുന്ന ഒരു ഭാഷയില്‍
എന്റെ പേരിന് മറവി എന്ന് അര്‍ത്ഥമുണ്ട്.
നിഗൂഢമായ അതിന്റെ സ്വരങ്ങളിലേക്കാവണം,
മുമ്പെന്നൊ കണ്ടുതീര്‍ന്ന സ്വപ്നങ്ങളില്‍ നിന്ന്
ഞാന്‍ ഞെട്ടിയുണര്‍ന്നുകൊണ്ടിരിക്കുന്നത്.

Thursday, August 03, 2006

സ്ററുഡിയോ

ഫോട്ടോ : കറുപ്പിലും വെളുപ്പിലുമുള്ള നിന്റെ ഈ അതിവിനയം അരോചകം തന്നെയാണ്.

നെഗറ്റീവ് : നിറങ്ങളുടെ ധാരാളിത്തം കൊണ്ട് നീ ഒരു കോമാളി പോലുമാകുന്നു പലപ്പോഴും.