Thursday, February 22, 2007

അപസര്‍പ്പകം

ഒരു ജീവിതത്തിന്റെ
നിശ്ശബ്ദത
അതിനെ
തൊട്ടുഴിഞ്ഞിരുന്നത്
വിരലടയാളമായി
ബാക്കിയുണ്ടാകും.

തിരകള്‍ കൊണ്ട്
മായ്ച്ചിട്ടും മായ്ച്ചിട്ടും
മാഞ്ഞുപോകാത്ത
കടലിന്റെ ഏകാന്തത പോലെ
അതിന്
ഓര്‍മ്മകളുടെ
കണ്ടാലറിയാവുന്ന
നിറങ്ങളുണ്ടാകും.

എടുത്തുമാറ്റാന്‍
മറന്നുപോയ
ഒരുപാട്
മണങ്ങളുണ്ടാകും,
അതിനെ
ഏതകല‍ത്തിലേക്കും
ഒറ്റുകൊടുക്കുന്നതായി...

പറയുമ്പോഴും
എഴുതുമ്പോഴും
ഓര്‍ത്തുനോക്കുമ്പോഴും
ഒരു വാക്ക്
കാലത്തിന്റെ
തൊണ്ടിമുതലാവുന്നത്
ഇങ്ങനെയൊക്കെയാണ്.

(ഈ കവിത 2007 നവംബറില്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു)

17 comments:

ലാപുട said...

അപസര്‍പ്പകം

ദൃശ്യന്‍ said...

ആദ്യവായനയില്‍, കൊള്ളാം,
പുനര്‍വായന കഴിഞ്ഞ് വ്യക്തമായ അഭിപ്രായം പറയാട്ടോ.

ഠേ....

സസ്നേഹം
ദൃശ്യന്‍

സു | Su said...

അപസര്‍പ്പകം നന്നായിട്ടുണ്ട്.

എത്ര അകലേക്ക് പോയാലും വിട്ടു പോന്ന സ്വരമുണ്ടാകും. നിശ്ശബ്ദതയിലും അത് മുഴങ്ങി ഒറ്റുകൊടുക്കും.

Anonymous said...

മറന്നുപോയതല്ല, മായ്ച്ചു കളയാന്‍ പറ്റത്ത മണമായിരുന്നു.

പറയുമ്പോഴും,എഴുതുമ്പോഴും ,ഓര്‍ക്കുമ്പോഴും മനപൂര്‍വം ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും ചില വാക്കുകള്‍ നൊരിപ്പോടില്‍ വെന്ത ഒരുകാലത്തിലേക്കെന്നെ തള്ളിയിടുന്നു...

കണ്ണൂസ്‌ said...

(ബ്ലോഗ്‌) സമകാലിന കവിതയാണോ ലാപുട? :-)

നന്നായിരിക്കുന്നു.

Suneetha T V said...

കവിതകള്‍ വളരെ വളരെ ഇഷ്ടമായി !

riz said...

ലാപുടയുടെ പുതിയ പോസ്റ്റ് 'മായ്ച്ചിട്ടും മായ്ച്ചിട്ടും
മാഞ്ഞുപോകാത്ത' ആ ഉണ്മയെക്കുറിച്ച് സംസാരിക്കുന്നു.

അതിഭൌതികതയെ അടുപ്പിക്കാത്ത കവിയാണു ലാപുട. ഓര്‍മ്മ പോലെ ചില അഭൌതിക സാന്നിധ്യങ്ങള്‍..!

വല്യമ്മായി said...

"തിരകള്‍ കൊണ്ട്
മായ്ച്ചിട്ടും മായ്ച്ചിട്ടും
മാഞ്ഞുപോകാത്ത"

മായാത്ത പലതുമുണ്ട് നമ്മുടെ മനസ്സുള്‍പ്പെടെ.

പതിവു പോലെ നന്നായി ലാപുട.

വിഷ്ണു പ്രസാദ് said...

വാക്ക് തൊണ്ടി മുതല്‍ തന്നെ.ഉറവിടത്തെ ചതിക്കുന്ന ജലം...
വാക്ക് ചതിച്ചുവല്ലോ എന്റെ കൂട്ടുകാരനെ...
ലാപുടാ,പ്രണാമം.

ഒടിയന്‍... said...

എഴുതുമോ
മണങ്ങളേക്കുറിച്ചു...
മറന്നുപൊയ മണങ്ങളേക്കുറിച്ചു..
തടവിലായ മണങ്ങളേക്കുറിച്ചു..
കാരണം ഞാന്‍ ഗന്ധ്ങ്ങളുടെ തടവുകാരനാണു..

ഇടങ്ങള്‍|idangal said...

നാളെയുടെ അകലത്തിലേക്ക് ഒറ്റുകൊടുക്കാന്‍ വാക്കിന്റെ ഒരു തൊണ്ടി മുതല്‍, കവിത.


നന്നായിരിക്കുന്നു,

afsal said...

This is very good

ലാപുട said...

ദൃശ്യന്‍, നന്ദി..
സുവേച്ചി, നന്ദി,അതെ വാക്കിന്റെയുള്ളില്‍ അതിന്റെ നാഡികളിലോരോന്നിലും പിടഞ്ഞൊഴുകുന്നുണ്ടാവും അത്...
തുളസീ :)
കണ്ണൂസ്, നന്ദി,സന്തോഷം വീണ്ടും ഇവിടെ കണ്ടതില്‍.(അങ്ങനെയൊരു സമകാലികത ഞാന്‍ വിചാരിച്ചതല്ല കേട്ടോ...:))
സുനീത ടീച്ചറേ, നന്ദി,വായനയ്ക്കും കമന്റിനും..കവിതകള്‍ ഇഷ്ടമെന്നറിയുന്നതില്‍ ഏറെ സന്തോഷം.
റിസ്,നന്ദി..താങ്കള്‍ പറഞ്ഞത് ശരിയായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു....
വല്യമ്മായീ, നന്ദി...
വിഷ്ണുമാഷേ :)
ഒടിയന്‍,മണങ്ങളിലൂടെ തുഴഞ്ഞ് എത്താനാവാത്ത ഇടങ്ങളുണ്ടാവില്ല അല്ലേ?
അബ്ദൂ :)
അഫ്സല്‍,നന്ദി...

G.manu said...

nannayi T.P

Siji said...

വളരെ നല്ല വരികള്‍.

riz said...

OT.

ലാപുട, പറഞ്ഞത് തെറ്റിയോ... മെറ്റാഫിസിക്സ് എന്ന അര്‍ത്ഥത്തിലല്ല, മെറ്റീരിയലിസ്റ്റിക് ആവാത്ത എന്നായിരുന്നു...

ലാപുട said...

മനു,സിജി, നന്ദി, സന്തോഷം...

റിസ്,‘മെറ്റീരിയലിസ്റ്റിക് ആവാത്ത’ എന്നു തന്നെയാണു ഞാന്‍ മനസ്സിലാക്കിയത്. ഞാനൊരല്പം മെറ്റീരിയലിസ്റ്റിക് ആണ് എന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു...എന്റെ എഴുത്തിനെപ്പറ്റി ചില കൂട്ടുകാര്‍ പണ്ട് അങ്ങനെ പറയാറുമുണ്ടായിരുന്നു(ഒരുപക്ഷേ പ്രസ്താവന സ്വഭാവമുള്ള വാക്യങ്ങളുടെ അതിപ്രസരമാവാം ഇതിനു കാരണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്)ഇപ്പോ താങ്കള്‍ പറയുന്നതുകേട്ടപ്പോ നിറഞ്ഞ സന്തോഷം...അതു കൊണ്ട് അതു ശരിയായിരിക്കണേ എന്ന് എന്നോട് തന്നെ പറഞ്ഞതാണ്.വായനയ്ക്കും അഭിപ്രായത്തിനും ഒന്നുകൂടി നന്ദി അറിയിക്കുന്നു...