Wednesday, March 21, 2007

ആംബുലന്‍സ്

മുറിവുകളെയും
പിടച്ചിലുകളെയും
പൊതിഞ്ഞെടുത്താവും
പാഞ്ഞുപോകുന്നത്.

ജീവിതത്തിലേക്കോ
ജീവിതത്തില്‍നിന്നോ ആവും
പതറി വിറച്ച്
തിടുക്കപ്പെടുന്നത്.

വിയര്‍ത്തോ
കിതച്ചോ
വഴിതിരഞ്ഞോ
തിരക്ക് നുഴയുന്ന
മനസ്സുകള്‍
ആംബുലന്‍സ്
എന്ന ഉപമയെങ്കിലും
അര്‍ഹിക്കുന്നുണ്ട്.

14 comments:

ടി.പി.വിനോദ് said...

ആംബുലന്‍സ്

സു | Su said...

ഉം... ചിലപ്പോള്‍ എന്റെ മനസ്സും ആംബുലന്‍സ് ആവാറുണ്ട്. അതിലെ ഓര്‍മ്മകള്‍ പിടയ്ക്കാറുണ്ട്. ശ്വാസം കിട്ടാതെ കേഴാറുണ്ട്. മരിക്കണോ വേണ്ടയോ എന്ന് സംശയിക്കാറുണ്ട്. മരിക്കാതെ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. ചിലത്, അവസാനശ്രമവും പാളി ഒടുങ്ങാറുണ്ട്. ഒടുങ്ങിയതിനെ ഏറ്റിക്കൊണ്ട് വളരെദൂരം പോകാറുണ്ട്.

Anonymous said...

ലാപുട,വായിച്ചു. നന്നായി. ('ആംബുലന്‍സ്' നല്ലൊരു തീം ആണു്‌. ദിശമാറിവരുന്ന മറ്റേതെങ്കിലുമൊരു പ്രചോദനത്തിന്റെ നിമിഷത്തില്‍ താങ്കള്‍ക്കു്‌ വേറൊരു രീതിയില്‍ ഇനിയും എഴുതാന്‍ കഴിയും. )

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

വിനോദിന്റെ ആംബുലന്‍സും മുസഫറിന്റെ റേഡിയേറ്ററുമൊക്കെ അടുപ്പില്‍ നിന്ന്‌ വാങ്ങിവയ്ക്കുന്നുണ്ട് ജീവിതത്തെ.

കണ്ണൂസ്‌ said...

ഹെന്റമ്മേ!

എന്നാലും ഈ ആംബുലന്‍സുകളും ചിലപ്പോഴെങ്കിലും വാഹനാപകടങ്ങളില്‍ പെടും, അല്ലേ?

Rasheed Chalil said...

ഹോ... ഇതേക്കുറിച്ച് ഇങ്ങിനെയും ചിന്തിക്കാമല്ലേ... ലാപുടാ ഇഷ്ടമായി.

വിശാഖ് ശങ്കര്‍ said...

nmനമ്മുടെ കാലത്തെ മനുഷ്യമനസ്സുകള്‍ പകല്‍ ആംബുലന്‍സായും രാത്രി മോര്‍ച്ചറിയായും ജീവിതത്തിലും മരണത്തിലും ആര്‍ത്തിയോടെ എന്തൊക്കെയോ തിരയുന്നുണ്ട്.നിങ്ങളെപ്പോലെ ചിലര്‍ ഈ തിരച്ചിലിലൂടെ ചില നുറുങ്ങു സാംഗത്ത്യങ്ങള്‍ അതിനു തിരിച്ചുനല്‍കുന്നു...നന്ദി.

അപ്പു ആദ്യാക്ഷരി said...

സത്യം...സത്യം

ഒടിയന്‍... said...

വിരോധം തോന്നരുത്..അവസാനത്തെ ഒരു ഖണ്ഡിക ഒഴിവാക്കിയിരുന്നെങ്കില്‍ വളരെ നന്നായേനെ എന്നൊരു അഭിപ്രായം..
പറായാതെ പറയ്ന്നതിനാണല്ലൊ ഭംഗി കൂടുതല്‍..

Unknown said...

ജീവിതം ചുമന്ന് പോകുമ്പോള്‍ മോര്‍ച്ചറി അല്ലെങ്കില്‍ ശവപ്പറമ്പ്‌...
മറ്റേതൊരു ലക്ഷ്യത്തിലേക്കാവും ഈ ആംബുലന്‍സുകള്‍ക്ക്‌ എത്തിച്ചേരാനാവുക?
അപായത്തിന്റെ ആ സൈറണുണ്ടല്ലോ, അത്‌ മുഴക്കാത്ത ഏത്‌ യാത്രയാണ്‌ ദിനക്കുറിപ്പുകളില്‍ എഴുതിവക്കനാവുക?
നന്നായി....

Pramod.KM said...

മനസ്സിന്റെ ആംബുലെന്‍സുകള്‍ക്കു മുമ്പില്‍, എന്നെങ്കിലും നല്ല ആശുപത്രിയിലേക്കുള്ള വഴികള്‍ തെളിയാതിരിക്കില്ല, അല്ലെ?

ടി.പി.വിനോദ് said...

സൂവേച്ചീ, നന്ദി..അതെ ഓര്‍മ്മകള്‍ തന്നെയാവണം മനസ്സിലെ എറ്റവും ആതുരമായ അനക്കങ്ങള്‍.

നന്ദി, നവന്‍...അത് ഓര്‍ത്തിരിക്കാം..:)

സുനില്‍, :)

കണ്ണൂസ്, ഉം, അതേ....:)

ഇത്തിരീ, നന്ദി..:)

വിശാഖ്, നന്ദി...:)

അപ്പൂ, നന്ദി, സന്തോഷം.

ഒടിയന്‍, വിമര്‍ശനത്തിനു നന്ദി...അതെ പറയാതെ മാറ്റിവെച്ചവയുടെ പെരുക്കപ്പട്ടികയിലാണ് വാക്കുകള്‍ ജീവിതത്തിന്റെ ഗുണിതങ്ങളാവുന്നത്.പക്ഷേ ഈ കവിതയില്‍‍ ആ അവസാനത്തെ ഭാഗം ഒഴിവാക്കാന്‍ മാത്രം എന്റെ എഴുത്തിന്റെ സംവേദനക്ഷമതയില്‍ എനിക്ക് വിശ്വാസമില്ലായിരുന്നു എന്നതാണ് സത്യം..:)ഇനിയും ഇവിടെ വരിക, എന്റെ ശ്രമങ്ങളെ വിലയിരുത്തുക.

അനിയന്‍സ്, നന്ദി...:)

പ്രമോദ്, നന്ദി...:)

Visala Manaskan said...

കുറുമാനെ പേടിച്ച് ഞാനിപ്പോള്‍ കവിതയെ പറ്റി അഭിപ്രായം പറയല്‍ ചുരുക്കി. :)

വാഹനങ്ങളില്‍ എനിക്കേറ്റവും ഭയമുള്ള വാഹനം ആംബുലന്‍സാണ്. ഓടിക്കാനും യാത്രചെയ്യാനും.

ലാപുടയുടെ മറ്റു കവിതകളെപ്പോലെ തന്നെ ഇതും വളരെ നന്നായിട്ടുണ്ട്.

ടി.പി.വിനോദ് said...

വിശാല്‍ജീ, നന്ദി..:)
കവിത ഇഷ്ടമായെന്നറിയുന്നതില്‍ ഏറെ സന്തോഷം...