Tuesday, May 29, 2007

കേട്ടെഴുത്ത്

വാക്കുകള്‍
എവിടുന്നെന്നില്ലാതെ
അടര്‍ത്തിയെടുത്ത്
ഓരോന്നായി
ടീച്ചര്‍ ചോദ്യങ്ങളാക്കും.

ഒച്ചയില്‍ നിന്ന്
അക്ഷരങ്ങളിലേക്ക്
കല്ലുപെന്‍സില്‍
വരഞ്ഞെത്തണമായിരുന്നു
ഞങ്ങളെല്ലാം.

സങ്കടം എന്ന വാക്ക്
കേട്ട് തീരുന്നതിനുമുമ്പ്
ഓടിനുമേലെ
ചരലുചൊരിഞ്ഞപോലെ
കാതടച്ചുപെയ്തതോര്‍മ്മയുണ്ട്
പൊടുന്നനെയൊരു
പ്രാന്തത്തി മഴ.

കേട്ടുതീരാഞ്ഞ്,
എഴുതിയെത്താഞ്ഞ്
തെറ്റിപ്പോവുന്നുണ്ട്
സങ്കടം കഴിഞ്ഞുവരുന്ന
വാക്കുകള്‍
ഇപ്പോഴുമെനിക്ക്.

49 comments:

ടി.പി.വിനോദ് said...

കേട്ടെഴുത്ത് - പുതിയ പോസ്റ്റ്

ഉണ്ണിക്കുട്ടന്‍ said...

ദോണ്ടെ..കവിത എഴുതണെങ്കില്‍ ദിങ്ങനെ എഴുതണം മനുഷ്യനു മനസ്സിലാകുന്ന ഭാഷയില്‍ ..നന്നായി.
[ ഇനി ഞാന്‍ ബുദ്ധിജീവി ആയതാണോ..? ഏയ്..]

സു | Su said...

സങ്കടം എന്ന വാക്ക് എഴുതുമ്പോഴേക്കും ഒരു പെരുമഴ വരട്ടേന്ന് ആശിച്ചാലും മതി. ചില വാക്കുകള്‍ എഴുതിയെത്തില്ല.

നന്നായിട്ടുണ്ട്.

Unknown said...

“വരഞ്ഞത്തണം“? (ടൈപ്പോ?)
ഇഷ്ടപ്പെട്ടു.

ടി.പി.വിനോദ് said...

ഉണ്ണിക്കുട്ടാ, വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം...

സൂവേച്ചി, നന്ദി. അതെ എഴുതിയെത്തിക്കാനാവില്ല ചിലതൊന്നും‍..

ഡാലി, നന്ദി..അതെ അതു അക്ഷരപ്പിശകു തന്നെയായിരുന്നു. തിരുത്തിയിട്ടുണ്ട്..:)

ഉണ്ണിക്കുട്ടന്‍ said...

സങ്കടം എന്നു വാക് എഴുതിയാലും വായിച്ചാലും എനിക്കു സങ്കടം വരും ..എന്താണോ എന്തോ..?

അതുല്യ said...

കേട്ടെഴുത്തെന്ന് കേക്കുമ്പോള്‍ “ഇനി എല്ലാരും മുഖത്തോട് മുഖം നോക്കി നില്‍കൂ“ ന്ന് പറയണ സുപ്പാംബാള്‍ റ്റീച്ചറെയാണു ഞാന്‍ ആദ്യം ഓര്‍ത്തത് ലാപുടെ. പിന്നെ ഒന്ന് ക്ലാസ്സിലെ ചരലിലിരുന്ന് മൂത്രം മൊഴിച്ചത് അടുത്ത കുട്ടിയുടെ കാലടികളിലേയ്ക് ഒലിച്ചെറുങ്ങുന്നത് കാണാം കേട്ടഴുത്തിനു എഴുന്നേറ്റ് നിക്കാന്‍ തുടങമ്പോ. ലാപുടെടെ പോസ്റ്റില്‍ കേറി ഗംബ്ലീറ്റ് ഓഫടിയ്കാമോ അതുല്യേച്ച്യേന്ന് ഇന്നലെ ഒരു ബെറ്റുണ്ടായിരുന്നു. ഹാവു... തീര്‍ന്ന് കിട്ടി.

(ഈയ്യിടെ ഞാന്‍ ഒരു സുഹ്ര്ത്തിനോട് പറഞിരുന്നു, ടാ പുല്ലേ ന്ന് തോന്നിയ്കുന്ന പോലെ പറയാന്‍ കഴിയുന്ന ഒരു ബ്ലോഗറുണ്ട്ന്ന് :)

Rasheed Chalil said...

ലാപുടാ പതിവ് പോലെ തന്നെ മനോഹരം... ഇഷ്ടമായി.

ഓടോ :
ഉണ്ണിക്കുട്ടന്‍ നാളെ സ്ലൈറ്റിന്റെ രണ്ട് പുറവും നിറയെ സങ്കടം എന്ന് എഴുതി വരേണ്ടതാണ്.

വേണു venu said...

പ്രാന്തത്തി മഴയെ പോലെ സങ്കടം ഇപ്പോഴും എനിക്കുമുണ്ടു്.
വിനോദേ കവിത ഇഷ്ടപ്പെട്ടു.:)

vimathan said...

പറഞ്ഞും, കേട്ടും, എഴുതിയും തീരാത്ത സങ്കട കടല്‍

Areekkodan | അരീക്കോടന്‍ said...

ഇഷ്ടപ്പെട്ടു.

ഇട്ടിമാളു അഗ്നിമിത്ര said...

ഇതു വായിച്ച് എന്റെ ഒന്നാം ക്ലാസ്സിലെ ആടുന്ന പാവം ബഞ്ചിനെ ഓര്‍ത്തു... ഒപ്പം അക്ഷരം പഠിപ്പിച്ച കമലാക്ഷി ടീച്ചറെയും

ടി.പി.വിനോദ് said...

ഉണ്ണിക്കുട്ടാ..എനിക്ക് മനസ്സിലാകും.സങ്കടം എന്ന വാക്ക് എന്നെയും പിന്തുടരാറുണ്ട്. പിന്നെ ഇതിനൊരു പോംവഴിയുണ്ട്...സങ്കടാധിഷ്ടിത വ്യവസായങ്ങളായ സീരിയലുകളെ ഓര്‍ത്താ മതി..നേരുള്ള ഏത് സങ്കടവും ഏത് വഴിക്ക് ഓടിയെന്ന് ചോദിച്ചാ മതി..ഹഹഹ

അതുല്യ ചേച്ചീ, എന്റെ ഒന്നാം ക്ലാസിന്റെ തറയും മണ്ണും ചരലുമൊക്കെയുള്ളതായിരുന്നു..മിനുസവും വൃത്തിയും ചേലുമുള്ളതായി ടീച്ചര്‍മാരുടെ സ്നേഹം മാത്രമായിരുന്നു സ്കൂളില്‍ നമുക്കുണ്ടായിരുന്നത്..അത് മതിയായിരുന്നു താനും...[പിന്നെ ബെറ്റടിച്ച് കിട്ടിയതിന്റെ പകുതി എനിക്കുള്ളതാണേ...:)]

ഇത്തിരീ, നന്ദി, സന്തോഷം..:)

വേണുമാഷേ, നന്ദി.സങ്കടം പ്രാന്തത്തിമഴതന്നെ പലപ്പോഴും...

വിമതന്‍, നന്ദി ..കൃത്യതയാര്‍ന്ന വായനയ്ക്ക്...

അരീക്കോടന്‍, നന്ദി..ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം.

ഇട്ടിമാളൂ, നന്ദി. ഇട്ടിമാളുവിന്റെ ടീച്ചറെ ഈ കവിത ഓര്‍മ്മിപ്പിച്ചുവെങ്കില്‍ ഇതെഴുതിയതിന്റെ പേരില്‍ എനിക്ക് പറയാനാവാത്തത്ര സന്തോഷം...:)

കരീം മാഷ്‌ said...

ഒരുപുറം കഴിഞ്ഞന്നു
അഭിമാനത്തോടെ ചെല്ലി
വീരനായി സ്വയം ചമഞ്ഞു
കൂട്ടുകാരനു സ്ലൈറ്റു നീട്ടി
ഗര്‍വ്വുകാണിച്ചു കൊടുത്തപ്പോള്‍

ഓടിനിടയിലൂടെ കള്ളിയായ്‌
കിനിഞ്ഞിറങ്ങിയ പ്രാന്തത്തിമഴ
ഒരുപാടു തുള്ളികൊണ്ടെന്റെ
മാനത്തെ മായ്ച്ചതും

മറ്റൊരു മഴ ധാര ധാരയായ്‌
എന്റെ ആര്‍ദ്രമാം മിഴിയിണയിലൂടെ
തുള്ളിയിട്ടൊഴുകിയതും
തുടച്ചു ഞാന്‍ വലഞ്ഞതും
ഓര്‍മ്മിപ്പിച്ചതെന്തിനാ ലാപുഡ?

നന്നായിട്ടുണ്ട്.

വിശാഖ് ശങ്കര്‍ said...

ലാപുട,
“ഒച്ചയില്‍നിന്ന്
അക്ഷരങ്ങളിലേയ്ക്ക്
കല്ലുപേന്‍സില്‍
വരഞ്ഞെ”ത്തിയ “കേട്ടെഴുത്ത്” ഇഷ്ടമായി.

Pramod.KM said...

“സങ്കടം എന്ന വാക്ക്
കേട്ട് തീരുന്നതിനുമുമ്പ്
ഓടിനുമേലെ
ചരലുചൊരിഞ്ഞപോലെ
കാതടച്ചുപെയ്തതോര്‍മ്മയുണ്ട്
പൊടുന്നനെയൊരു
പ്രാന്തത്തി മഴ“.
ലാപുടേ..ഈ പ്രാന്തത്തി മഴ കവിത അല്ലേ?.
കിടിലന്‍ കവിത:)

Kumar Neelakantan © (Kumar NM) said...

ലാപുടാ സങ്കടം എന്ന വാക്കില്‍ തന്നെ ഒരു സങ്കടം ഉണ്ട്. ചിരി എന്ന വാക്കില്‍ ചിരി ഒളിച്ചിരിക്കും പോലെ.

നല്ല കവിത. (എനിക്കിത് മനസിലായി)

Anonymous said...

:)

sandoz said...

ഉം..ഇഷ്ടമായി എന്ന് തന്നെ പറയാം.....
മഴ കാണുമ്പോള്‍ സങ്കടം വരുമോ..അതോ സങ്കടം വരുമ്പോള്‍ മഴയെ ഓര്‍ക്കുമോ......

എന്തായലും മഴയെ ഭ്രാന്ത്‌..സങ്കടം.....ചങ്കിലടി രീതിയില്‍ അല്ലാതെ നമ്മുടെ കവികള്‍ കാണല്‍ കുറവാണല്ലേ....

ശെഫി said...

ഇഷ്ടമായി

സഹോധരന്‍ said...

കവിത നനായി. (കെട്ടഴുത്ത് വയിച്ച് ഞാന്‍ ഒര്‍തു
എന്റെ ചേട്ടനും അ‍ങനെ ഒരു പു.ക. സ. കവിയയി. ഹീ ഹീ ഹീ. )
എന്റെ രണ്ട് കവിത ‘sahodharan'നില്‍ വായിച്ച് അഭിപ്രായം പറയുക.
എന്ന്,
സ്വന്തം
സഹോദരന്‍

കുറുമാന്‍ said...

കേട്ടെഴുത്ത് നന്നായി ലാപുട. സ്കൂള്‍ കാലത്ത് മാത്രമല്ല കേട്ടെഴുത്ത് വേണ്ടി വന്നിട്ടുള്ളത്. ഉദ്യോഗസംബന്ധമായും വേണ്ടി വന്നിട്ടുണ്ട്. ചുരുക്കെഴുത്താണെന്നു മാത്രം......എന്തായാലും അടുത്തൊരു പോസ്റ്റിനു തന്റെ ഈ കവിത സഹായകമായതിനു നന്ദി......കൂടുതല്‍ നന്ദി അടുത്ത പോസ്റ്റിനു ശേഷം.

സാജന്‍| SAJAN said...

ഇഷ്ടമായി ഈ കവിത..
നല്ല വരികള്‍ ലാപുട

ടി.പി.വിനോദ് said...

കരീം മാഷേ, നന്ദി. കമന്റ് കവിത സുന്ദരം..:)

വിശാഖ്, നന്ദി...:)

പ്രമോദേ, ഇപ്പോ പ്രാന്തത്തി മഴ കവിത തന്നെ..:)

കുമാറേട്ടാ, നന്ദി. കവിത ആസ്വദിച്ചു എന്നറിയുന്നതില്‍ വളരെ സന്തോഷം.

നവന്‍,ശെഫി, നന്ദി...:)

സഹോദരന്‍ അരുണേ,നീ എന്താണ് പു.ക.സ എന്ന് പഠിച്ചിട്ട് നാളെ 5 പേജ് ഇമ്പോസിഷന്‍ എഴുതി കാണിക്കണം കേട്ടോ ഹിഹി:)

കുറുമാഷേ, നന്ദി.അടുത്തപോസ്റ്റ് കാത്തിരിക്കുന്നു..:)

സാജന്‍, നന്ദി..

ടി.പി.വിനോദ് said...

സാന്‍ഡോസേ,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

“എന്തായലും മഴയെ ഭ്രാന്ത്‌..സങ്കടം.....ചങ്കിലടി രീതിയില്‍ അല്ലാതെ നമ്മുടെ കവികള്‍ കാണല്‍ കുറവാണല്ലേ....”- ഇതിനോട് ചെറിയ വിയോജിപ്പുണ്ടേ..:)
മഴയുടെ പ്രസാദാത്മക ഭാവങ്ങള്‍ എഴുതിയിട്ടുള്ള ഒരുപാട് കവിതകളില്ലേ മലയാളത്തില്‍.

പെട്ടെന്ന് കിട്ടിയത് വൈലോപ്പിള്ളിയുടെ ഒരു കവിതയാണ്. ദാ ഇങ്ങനെ..

മിഴിക്കു നീലാഞ്ജനപുഞ്ജമായും
ചെവിക്കു സംഗീതകസാരമായും
മെയ്യിന്നു കര്‍പ്പൂരകപൂരമായും
പുലര്‍ന്നുവല്ലോ പുതുവര്‍ഷകാലം.

കവിക്കു, കാമിക്കു, കൃഷീവലന്നു
കരള്‍ക്കൊരാഹ്ലാദരസം വളര്‍ത്തി
ആവിര്‍ഭവിപ്പൂ നവനീലമേഘം;
അഹോ കറുപ്പിന്‍ കമനീയഭാവം!

[വൈലോപ്പിള്ളി - വര്‍ഷാഗമം]

പുതുകവികളിലും ഉണ്ട് മഴയെ ഭ്രാന്തും ചങ്കിലിടിയും ആക്കാത്തവര്‍. ഇനി സാന്‍ഡോസ് പറഞ്ഞത് ബ്ലോഗിലെ മലയാള കവിതയെക്കുറിച്ചാണെങ്കില്‍ ഞാന്‍ ദാ ഓടി...ഹഹഹ :)

Kattaalan said...

കേട്ടുതീരാഞ്ഞ്,
എഴുതിയെത്താഞ്ഞ്
തെറ്റിപ്പോവുന്നുണ്ട്
സങ്കടം കഴിഞ്ഞുവരുന്ന
വാക്കുകള്‍
ഇപ്പോഴുമെനിക്ക്.

ഇപ്പോള്‍ കേട്ടെഴുത്തില്ല...
കണ്ണീരുണങ്ങിയ
സങ്കടത്തിന്റെ
വിണ്ടു ചിതറിയ
അക്ഷരങ്ങളായി മഴയും !

ശിശു said...

ഇഷ്ടമായി ഈ കേട്ടെഴുത്ത്. എന്നെയും കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി,
നന്ദി.

Rajeeve Chelanat said...

കേട്ടെഴുതാന്‍ കഴിയാതെ പോയ സങ്കടങ്ങള്‍ നന്നായിട്ടുണ്ട്‌ വിനോദ്‌. "തികട്ടി"യെഴുതുന്ന രചനകള്‍ക്കിടക്ക്‌ അത്‌ വേറിട്ടുനില്‍ക്കുകയും ചെയ്യുന്നു

വല്യമ്മായി said...

സങ്കടത്തോടൊപ്പം പെയ്ത മഴയും അതിന് ശേഷം പലതും കേള്‍ക്കാനും പറയാതേയും കഴിയാതിരുന്നതും കേട്ടെഴുത്തിലൂടെ അവതരിപ്പിച്ചത് വളരെ ഇഷ്ടമായി.ശൈലയിലുള്ള വ്യത്യാസവും നന്നായി.

Unknown said...

മഴയെത്തീട്ടും കേട്ടെഴുത്ത് നിര്‍ത്താത്ത ടീച്ചറോ?
സാരമില്ലാ,
പ്രാന്തത്തി മഴയല്ലേ, കലപില പറഞ്ഞ് വേഗം പടിയിറങ്ങും!
-വിനോദേ, നന്നായിരിക്കുന്നു.

ഗിരീഷ്‌ എ എസ്‌ said...

ലാപുടാ..
ഒരുപാടിഷ്ടമായി കവിത
ഭാഷയുടെ ലാളിത്യം
കവിതയെ കൂടുതല്‍ മനോഹരമാക്കി....
അഭിനന്ദനങ്ങള്‍

Sona said...

കേട്ടുതീരാഞ്ഞ്,
എഴുതിയെത്താഞ്ഞ്
തെറ്റിപ്പോവുന്നുണ്ട്
സങ്കടം കഴിഞ്ഞുവരുന്ന
വാക്കുകള്‍
ഇപ്പോഴുമെനിക്ക്.

ഈ വരികളിലും സങ്കടമാണല്ലോ..നല്ല കവിത.

Roby said...

ലാപൂടാ,
ഈ Nostalgia എത്ര കാല്‍പനികമാണെന്നു പറഞ്ഞാലും അത് ഒട്ടൊക്കെ നമ്മെ നിഷ്‌കളങ്കതയില്‍ തുടരാന്‍ സഹായിക്കുന്നുണ്ട്...അല്ലേ...
നിസ്സഹായതയുടെ നിഷ്‌കളങ്കതകളെക്കുറിച്ച് ഞാനുമിന്നോര്‍ത്തുപോയി

ജ്യോതിര്‍മയി /ज्योतिर्मयी said...

വാക്ക്‌, ചിപ്പിപോലെ,
മുത്തൊളിപ്പിച്ച ചിപ്പിപോലെ.

പൊരുള്‍ മുത്തുപോലെ,
പെറുക്കിയെടുത്ത് മാലകോര്‍ക്കാം
മുത്തുമാലപോലെ..”കേട്ടെഴുത്ത്”.

ചെപ്പിനുള്ളില്‍ അടച്ചുവെയ്ക്കാം!
അല്ലെങ്കില്‍ വേണ്ട,
എടുത്തണിയട്ടെ...മുത്തുമാല!


ലാപുടേ ,
കേട്ടെഴുതിയതാണേ:), പാവം ഞാന്‍ റ്റീച്ചറല്ല:)

Unknown said...

കവിത നന്നായി ലാപുട.
കാലവും ചിതലും തിന്ന മേല്‍ക്കൂരയ്ക്ക് കീഴെ
മഴയുടെ സങ്കടം കേട്ടെഴുതി
കരഞ്ഞുപോയ
സ്ലേറ്റുകള്‍ ഓര്‍മ്മയിലുണ്ട്.

Sanal Kumar Sasidharan said...

വളരെ നന്ന് കണ്ടതില്‍ സന്തോഷം

ആനക്കൂടന്‍ said...

കുറച്ച് അത്യാധുനിക കവിത വായിച്ച ഷോക്കില്‍ ഇടയ്ക്ക് കവിത വായന നിര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും വായിക്കുന്നു...

ദിവാസ്വപ്നം said...

ഈയൊരൊറ്റ കവിതയോടെ ഞാനും LFA-യില്‍ ചേര്‍ന്നു.

Unknown said...

ലാപുട,
ഈ കവിത എനിക്ക് മനസ്സിലായി, ഇഷ്ടപ്പെട്ടു!

mumsy-മുംസി said...

ചുള്ളിക്കാട് , വീരാന്‍ക്കുട്ടി ,റഫീക്ക് അഹ്‌മദ്, ലാപുട ഇവരാണെന്റെ പ്രിയപ്പെട്ടകവികള്. നല്ല കവിത

Santhosh said...

സങ്കടം കഴിഞ്ഞു വരുന്ന വാക്കുകള്‍ പിഴച്ചുപോകുന്നതിന്‍റെ കാര്യകാരണങ്ങള്‍ ഇപ്പോഴും വിസ്മയം. അത് മറ്റൊരാളിന്‍റെ കേട്ടെഴുത്തിനു ‘സങ്കട’മായി ഭവിക്കുന്നതു മാത്രം യാഥാര്‍ഥ്യം. ലാപുടയുടെ കവിത തിളങ്ങുന്നു.

(ചില കമന്‍റുകള്‍ കണ്ട് സങ്കടം വന്നു എന്നതും നേര്.)

Cibu C J (സിബു) said...

ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

ടി.പി.വിനോദ് said...

കാട്ടാളന്‍, ശിശു, രാജീവ്, വല്യമ്മായി, കൈതമുള്ള്, ദ്രൌപതി, സോന, റോബി, ജ്യോതി ടീച്ചര്‍, യാത്രാമൊഴി, സനാതനന്‍, ആനക്കൂടന്‍, ദിവ, സപ്തവര്‍ണ്ണങ്ങള്‍, മുംസി, സന്തോഷ്, സിബു : കവിതവായിച്ച് അഭിപ്രായം കുറിച്ച നിങ്ങള്‍ക്കെല്ലാം ഒരുപാട് നന്ദി. വായനയും കമന്റുകളുമായി ഇനിയുമീവഴി വരിക എല്ലാവരും..:)

umbachy said...

laapooo,
ente kettezhuthu
deleettiyaalo ennu thanne thonnni.
oru puram kazhinju
matte puram thudangee
enna aa eeNam
ullil chilambunnu...vinod

മുസാഫിര്‍ said...

നല്ല കവിത ലാപുട.വായിച്ചപ്പോള്‍ സങ്കടം വന്നു.

neermathalam said...

:)....nalla kavitha....
manasil...thattunna..varikal...

Kuzhur Wilson said...

എന്റെ നിഘണ്ടുവില്‍ സങ്കടമെന്ന വാക്കേ ഇല്ലായിരുന്നു. ടി.പി അനില്‍കുമാറാണു അതെന്നെ പഠിപ്പിച്ചത്. ഇപ്പോള്‍ നീ അതു ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

സുധീർ (Sudheer) said...

പ്രിയ ലാപൂട,
താങ്കളുടെ ബ്ലോഗ് ശ്രദ്ധയില്‍‌പ്പെട്ടിട്ട് ഏതാണ്ട് രണ്ട് ആഴ്ച്ചകളേ ആയിട്ടുള്ളൂ.എല്ലാ കവിതകളും വായിച്ചു,വായിച്ചു കൊണ്ടേയിരിക്കുന്നു.ഏറ്റവും പുതിയതും (വിവ‌ര്‍ത്തനം) വായിച്ചു.എല്ലാം വളരെ നന്നായിരിക്കുന്നു.നല്ല നിരീക്ഷണം,വാക്കുകളിലെ മിതത്വം,അതേ സമയം ഇതു ഇങനെയല്ലാതെ മനോഹരമായി പറയാന്‍ കഴിയില്ല എന്നു തോന്നത്തക്ക രീതിയിലുള്ള ശൈലി. (അതിനിടയില്‍ ശൈലിയും പറയുന്ന ആശയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു ച‌ര്‍ച്ചയും ഊണ്ടായി,അതും നല്ലത്)

എന്തോ ഈ കവിതയ്ക്കാണ് ഒരു കമന്‍‌റ് എഴുതാന്‍ തോന്നിയത്.പലര്‍ക്കുംകുട്ടിക്കാലവും,മഴയും,
വിദ്യാലയവും ഒക്കെ ഓര്‍മ്മ വരാന്‍ പ്രാപ്തമായി ഈ വരികള്‍.

‘സങ്കടം എന്ന വാക്ക് കേള്‍ക്കുമ്പോഴും എഴുതുമ്പോളും മനസ്സില്‍ വന്നു നിറയുന്ന സങ്കടം.‘

അങ്ങിനെയാണ് ഈ കവിതയെ എനിക്ക് വിശേഷിപ്പിക്കാന്‍ ഇഷ്ടം.നമ്മുടെയെല്ലാം മനസ്സില്‍ ഉണ്ടാകുന്ന ഇത്തരം വികാരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് അത് കവിതയിലൂടെ പുറത്തേക്കെടുക്കുമ്പോള്‍‍‍ അനുവാചകന്‍ ‘വളരെ ശരി,എത്ര മനോഹരം‘ എന്നു പറഞ്ഞു പോകുന്നു.

വീണ്ടും താങ്കളുടെ നല്ല കവിതകള്‍ക്കായി കാത്തിരിക്കുന്നു.

ആശംസകള്‍
- സുധീര്‍

ടി.പി.വിനോദ് said...

ഉമ്പാച്ചി, മുസാഫിര്‍, നീര്‍മാതളം, വിത്സണ്‍, വരവിനും വായനയ്ക്കും മിണ്ടിപ്പറച്ചിലിനും നന്ദി സുഹൃത്തുക്കളേ..

സുധീര്‍, കവിതകള്‍ വായിച്ചുവെന്നും ഇഷ്ടമായെന്നും അറിയുന്നതില്‍ വളരെ സന്തോഷം. വിശദമായ കമന്റിന് വളരെ നന്ദി. വായനയും അഭിപ്രായങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.