Friday, June 29, 2007

മൂന്ന് പ്രണയകവിതകള്‍നിഘണ്ടു


അറിഞ്ഞുകൂടാത്ത
എന്നെത്തിരഞ്ഞ്
വാക്കായടുക്കിയ
നിന്നെത്തുറന്ന്
നോക്കുമായിരുന്നു
നിരന്തരം ഞാന്‍.കടലാസ്

മുറിഞ്ഞരഞ്ഞ്
അമര്‍ന്നുപരന്ന്
ഉണങ്ങിവെളുത്തുഞാന്‍
കാത്തുകിടന്നത്
നിന്നെത്തന്നെ നീ
എഴുതിവെയ്കാനായിരുന്നു,
സത്യമായും !വാക്ക്

ഒച്ച കലരുമ്പോള്‍
അര്‍ത്ഥമാവുന്ന
അതിശയമേ,
വ്യഥകളുടെ വാതിലില്‍
പ്രണയമായ് മുട്ടുന്നു
പിന്നെയും പിന്നെയും
പിന്നെയും നീ.

23 comments:

vimathan said...

ലാപുടാ, പ്രണയ കവിതകള്‍ ഇഷ്ടമായി. നഷ്ടപ്പെടാതിരിക്കട്ടെ ഈ പ്രണയം.

ഉറുമ്പ്‌ /ANT said...

നന്നയി അടുക്കിവച്ച കല്ലുകള്‍പോലും മനോഹരമായ കവിതയാകും.........പക്ഷെ ഇവിടെ കല്ലുകള്‍ വെറും കല്ലുകളായി അവശേഷിക്കുന്നു........ലപുടാ വായനക്കാരനെ വാക്കുളാകുന്ന കല്ലുകള്‍കൊണ്ടെറിയുന്നു........പ്രണയ കവിത.. അതു വായിക്കുന്നവരുടെ മനസ്സില്‍ പ്രണയം ഉണ്ടാക്കണം........ഇവിടെ ലപുടാ പ്രണയം എന്ന വാക്കിനെ ചാട്ടവാറാക്കുന്നു.......അനുവാചകന്റെ മനസ്സു അടിയേറ്റു ചതയുന്നു

ടി.പി.വിനോദ് said...

വിമതന്‍, കവിത ഇഷ്ടമായെന്നറിയുന്നതില്‍ വളരെ സന്തോഷം.

ഉറുമ്പ്/ant: സന്ദര്‍ശനത്തിനും വിമര്‍ശനത്തിനും നന്ദി. കവിതകള്‍ എന്ന നിലയില്‍ ഭാവുകത്വത്തിന്റെ തലത്തില്‍ ഇവയ്ക്ക് എടുത്ത് പറയാവുന്ന മേന്മകളും നവീനതയും ഒന്നും ഇല്ലായിരിക്കാം എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.

പക്ഷേ അസ്വസ്ഥതയും കവിതയുടെ നല്ല ഉപലബ്ധിയാണ് എന്നു തന്നെയാണ് എന്റെ പക്ഷം.തരളമനോഹരമായ അനുഭൂതി നിര്‍മ്മിതിമാത്രമാണ് കവിതയുടെ വിജയമെന്ന് എനിക്ക് തോന്നുന്നില്ല. [ഇത് ഞാന്‍ എന്റെ
ഈ കവിതയുടെ കാര്യത്തിലല്ല പറയുന്നത്. പൊതുവായി പറഞ്ഞതാണ്. എന്റെ കവിതയില്‍ ഒരു പക്ഷേ അനുഭൂതിയോ അസ്വസ്ഥതയോ യാതൊന്നും തന്നെയോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാവില്ല.അതിനെപ്പറ്റി പറയാന്‍ ഞാനാളുമല്ല]

കവിതാവായനയെ/ആസ്വാദനത്തെ/എഴുത്തിനെപ്പറ്റി ഇങ്ങനെയേ ആകാവൂ/അങ്ങനെയേ ആകാവൂ എന്ന തരത്തിലുള്ള ശാഠ്യങ്ങളോട് എനിക്ക് അങ്ങേയറ്റത്തെ വിയോജിപ്പാണ്.സൃഷ്ടിപരമായ യാതൊന്നും മുന്നോട്ട് വെയ്ക്കുന്നില്ല ഈ വക നിര്‍ബന്ധങ്ങള്‍.

കെ.പി റഷീദ് said...

ലാപുട, വല്ലാതെ വലിച്ചു മുറുക്കിയ
തന്ത്രികളില്‍ അറിയാതെ തൊട്ട പോലെ.
ഉള്ളിനുള്ളില്‍ എത്ര ആഴം!
എത്ര സൂക്ഷ്മത!
എനിക്കു സന്തോഷമായി.

പിന്നെ,ഉറുമ്പ്‌,
എന്തൊരു കടും പിടിത്തം!
ചുമ്മാ ആ വരികളിലൂടെ ഒന്നു നടക്കൂ,
ആരൊക്കെയോ കുത്തി വെച്ച
മുന്‍ ധാരണകളില്‍ നിന്നു കുതറി...

ഗുപ്തന്‍ said...

ഒരുപാടെന്നു തോന്നിയ നിശബ്ദതക്ക് ശേഷം നിരാശപ്പെടുത്തിയില്ല കവേ....

വാക്കുകളില്‍ മുഖം നോക്കി പിന്നെ വാ‍ക്കിന്റെ വഴി കാത്ത് വ്യഥ തിങ്ങി മനസ്സ്....

വരാതിരിക്കുന്ന വാക്കില്‍ കുരുങ്ങി ഒരിക്കലും കൂടണയാനാകാതെ അലയുന്ന പ്രാണന്‍...

വിധിയുടെ വാങ്മയം തിരനുരയുന്ന തീരം പോലെ മാഞ്ഞും മറിഞ്ഞും പുനര്‍ജനി തേടുന്ന ഉടല്‍...

മഞ്ഞുതുള്ളിയില്‍ നിലാവലിഞ്ഞ് വെളിച്ചത്തിന്റെ ഒരു തുള്ളിയുണ്ടാവുമോ? പ്രണയത്തിന്റെ ആത്മാവുള്ള ഒരു വാക്കുണ്ടാവുമോ എന്നെങ്കിലും???

ഓഫ്. കവികള്‍ സംഘമായി പ്രണയത്തിന്റെ പിന്നാലെയാണല്ലോ. വിഷ്ണുമാഷും എഴുതിയിരിക്കുന്നു പ്രണയകവിത.

Pramod.KM said...

നിഘണ്ഡുവിലെ,കടലാസ്സിലെ,വാക്കുകളില്‍ ഒച്ച കലറ്ന്നപ്പോള്‍ അതിശയം തന്നെ തോന്നി.:)

ടി.പി.വിനോദ് said...

റഷീദേ നീ കേട്ടുവല്ലോ ആ ഒച്ചകള്‍.സന്തോഷം.നന്ദി.

മനൂ,കവിതയുടെ എല്ലാ സാധ്യതകളെയും ഒരാള്‍ സ്പര്‍ശിക്കുന്നത് കാണുമ്പോ വളരെ സന്തോഷം. ഒരുപാട് നന്ദി വായനയ്ക്കും കുറിപ്പിനും..

പ്രമോദേ, താങ്ക്സ്, ചിയേഴ്സ്...:)

K.V Manikantan said...

ഒച്ച കലരുമ്പോള്‍
അര്‍ത്ഥമാവുന്ന
അതിശയമേ!!!

good lapu..

Roby said...

പ്രണയാനന്തരം ചില പ്രണയ ക്കുറിപ്പുകള്‍...മനോഹരമായിരിക്കുന്നു...ഉള്ളില്‍ ചില ശബ്ദങ്ങള്‍ ഞാനും കേട്ടപോലെ...

എസ്. ജിതേഷ്ജി/S. Jitheshji said...

"ഒച്ച കലരുമ്പോള്‍
അര്‍ത്ഥമാവുന്ന
അതിശയമേ!!!"

താങ്കളുടെ 'വാക്ക്' എന്നെയും അതിശയിപ്പിക്കുന്നു.

ടി.പി.വിനോദ് said...

സങ്കൂ, റോബി, ജിതേഷ്...വളരെ നന്ദി. വായനയ്ക്കും അഭിപ്രായത്തിനും

Anonymous said...

വായിച്ച് വായിച്ച് മനസ്സിലാക്കി.

Anonymous said...

നന്നായി എന്നുംകൂടി പറയട്ടെ :)

k p jayakumar said...

പ്രണയം സത്യമായും കവിതയുടെ ഭാഷയില്‍ സംസാരിക്കുകയായിരുന്നു. പ്രണയത്തിന്‌ ഭാഷയില്ലെന്നതുകൊണ്ടാകുമോ അത്‌ നിഘണ്ടുവിലും കടലാസിലും വാക്കിലും സ്വയം തിരയുന്നത്‌.?
അടുക്കിയമര്‍ത്തിയ വാക്കുകള്‍ക്കടിയിലെവിടെയോ വരിതെറ്റിച്ച്‌, വ്യാകരണം തെറ്റിച്ച്‌, ഒരുവാക്കടര്‍ന്നുപോയ നിഘണ്ടുവായി ചിലനേരം പ്രണയം......
അങ്ങനെയല്ലാതെ പ്രണയം സാധ്യമാണോ?
ഒരേ വരിയില്‍ ഉറുമ്പുകള്‍ സഞ്ചരിക്കുംപോലെ വ്യാകരണം തെറ്റാതെ പ്രണയമോ? കവിതയോ?
ഒരുറുമ്പിന്‌ വരിതെറ്റുമ്പോള്‍ ഒരുറുമ്പു ഗോത്രംമുഴുവന്‍ ചകിതമാകുന്നത്‌ അവയുടെ വിധി.
കവിതയുടെ വിധി മറ്റൊന്നാണ്‌.
വരി തെറ്റുക.
പ്രണയം പോലെ.

ശ്രീലാല്‍ said...

വ്യഥകളുടെ വാതിലില്‍
കവിതയുമായി മുട്ടുന്നു
ലാപുടാ, പിന്നെയും പിന്നെയും
പിന്നെയും നീ..


ഇഷ്ടപ്പെട്ടു. :)

സു | Su said...

മനസ്സിലായിടത്തോളം ഇഷ്ടമായി. :)

umbachy said...

ishtamaayidatholam
manassilaayi

Unknown said...

പ്രണയം വല്ലാതെ പൊള്ളുന്നു.

ettukannan | എട്ടുകണ്ണന്‍ said...

ഞാനറിഞ്ഞത്‌ ഒന്നുപറഞ്ഞു നോക്കട്ടെ... തെറ്റിയെങ്കില്‍ തിരുത്തണം...

ഈ മൂന്നു പ്രണയകവിതകളില്‍, ഞാന്‍ കണ്ടത്‌, നാലു പേരെയാണ്‌... നിഘണ്ടു, കടലാസ്‌, വാക്ക്‌ പിന്നെ ഈ മൂന്നു പേരുടെയും അഭേദ്യബന്ധത്തെ, അവയുടെ പ്രണയമായി കണ്ട്‌, അടുത്തറിഞ്ഞ്‌, നിഘണ്ടുവില്‍ തന്നെതന്നെ തിരയുന്ന കവിയെ...

പക്ഷേ, ഒച്ച കലരുമ്പോള്‍ അര്‍ത്ഥമാകുന്ന അതിശയത്തിനെ, വ്യഥയുടെ മാത്രം വാതിലില്‍ മുട്ടുന്ന പ്രണയമായി കണ്ടതെന്തേ എന്നു തോന്നി... അതിന്‌ സന്തോഷത്തിന്റെ, തിരിച്ചറിയലുകളുടെ, വാത്സല്യത്തിന്റെ ഒക്കെ വാതിലുകളില്‍ മുട്ടിക്കൂടേ?.. ;)

ടി.പി.വിനോദ് said...

തുളസി, ജയന്‍, ലാല്‍, സുവേച്ചി, ഉമ്പാച്ചി, നാസര്‍..വായനയ്ക്കും കമന്റിനും വളരെ നന്ദി.

എട്ടുകണ്ണന്‍, കവിതയെ നന്നായി വായിച്ചതില്‍ ഏറെ സന്തോഷം. വ്യഥയുടെ വാതിലില്‍ മുട്ടുന്ന പ്രണയം മാത്രമേ ആകാനാവൂ വാക്കിന് എന്ന് ഞാന്‍ വിചാരിക്കാനാവില്ല കേട്ടോ..:) നിങ്ങള്‍ പറഞ്ഞതു പോലെ പ്രസാദാത്മകമായ അനവധി സാധ്യതകള്‍ അതിനുണ്ട്. അല്ലെങ്കിലെന്ത്, നന്മയുടെ എല്ലാ സാധ്യതകളും ഒരര്‍ത്ഥത്തില്‍ വാക്കിന്റെ സാധ്യതകൂടിയാണ് അല്ലേ?

ആര്‍ബി said...

nice lines...
excellent

ശ്രീ said...

“മുറിഞ്ഞരഞ്ഞ്
അമര്‍ന്നുപരന്ന്
ഉണങ്ങിവെളുത്തുഞാന്‍
കാത്തുകിടന്നത്
നിന്നെത്തന്നെ നീ
എഴുതിവെയ്കാനായിരുന്നു,
സത്യമായും !“

ഇത് കൂടുതല്‍‌ ഇഷ്ടപ്പെട്ടു
:)

R.K.Biju Kootalida said...

മലയാളം പഡിചെതേയുള്ളു...
ഒരുപാടു എഴുതാനുന്ദ്..
ഗംഭീരം............
അതി ഗംഭീരം.......
മലയാളം നന്നായിട്ട് വിശദമായി എഴുതാം....