Wednesday, October 24, 2007

മറവിക്കുറിപ്പ്

ഒട്ടുമേയോര്‍ക്കുന്നില്ല-
    യന്നുനാം കാണുന്നതും
ഉള്ളേറിയുഷ്ണംനെയ്യും
    നോട്ടത്തില്‍ കോര്‍ക്കുന്നതും


മിണ്ടുന്ന മട്ടില്‍ തമ്മി-
    ലിണക്കം മീട്ടുന്നതും
തണുത്തോരീണത്തില്‍ നാ-
    മിളവേറ്റിരുന്നതും.


ഓര്‍മ്മയില്ലന്നാപ്പക-
    ലന്തികളലിഞ്ഞതും
ഊറിനിന്‍‌വെളിച്ചമെ-
    ന്നിരുട്ടത്തടിഞ്ഞതും.


ഓര്‍ക്കാതെപോവുന്നില്ല-
    യോര്‍മ്മതന്നുടമ്പടി;
ഓര്‍മ്മതന്നോര്‍മ്മപോലും-
    മായ്ക്കുവാനോര്‍പ്പൂ നിത്യം.

26 comments:

..::വഴിപോക്കന്‍[Vazhipokkan] said...

ശുദ്ധമായ ഭാഷ.. :)

ശ്രീ said...

“ഓര്‍ക്കാതെപോവുന്നില്ല-
യോര്‍മ്മതന്നുടമ്പടി;
ഓര്‍മ്മതന്നോര്‍മ്മപോലും-
മായ്ക്കുവാനോര്‍പ്പൂ നിത്യം.”

:)

Pramod.KM said...

ഓര്‍മ്മതന്‍ കുറിപ്പുകളിങ്ങനെ മനോജ്ഞമാം
കേകയില്‍ത്തട്ടിത്തട്ടിപ്പോവതു മനോഹരം.:)
‘മറവിക്കുറിപ്പെ’ന്ന പേരിലുമിരിപ്പുണ്ടേ
മധുരം,മനസ്സിങ്കല്‍ത്തിങ്ങുമോര്‍മ്മകള്‍ പോലേ...
:)))

വേണു venu said...

ഓര്‍മ്മതന്നോര്‍മ്മപോലും-
മായ്ക്കുവാനോര്‍പ്പൂ നിത്യം.
നല്ല വരികളില്‍‍ ആഴമുള്ള ആശയം.
:)

KuttanMenon said...

ഓര്‍മ്മതന്നോര്‍മ്മപോലും-
മായ്ക്കുവാനോര്‍പ്പൂ നിത്യം.
വരികള്‍ നന്നായി.

മുരളി മേനോന്‍ (Murali Menon) said...

ഓര്‍മ്മകള്‍ക്കുമേല്‍ മറവിയുടെ മാറാല പടര്‍ന്നുവോ?
ഓര്‍മ്മകളുണ്ടായിരിക്കണമെപ്പഴും....
ഓര്‍മ്മയില്ലായ്മയെക്കുറിച്ചോര്‍ത്ത് ഓര്‍മ്മ കിട്ടിയാലായി
നന്ന്.

പെരിങ്ങോടന്‍ said...

പ്രണയത്തിന്റെ അതിപ്രാചീനതയിലേയ്ക്കു തള്ളിയിടുന്നു വൃത്തഭംഗമില്ലാത്ത മൂന്നാമത്തെ കേക.

സു | Su said...

ഓര്‍മ്മകളുണ്ടെന്നതുപോലും ഓര്‍ക്കാതെ പോകുമ്പോള്‍ എന്ത് ചെയ്യും അല്ലേ?

മറവിക്കുറിപ്പ് നന്നായി.

വിശാഖ് ശങ്കര്‍ said...

മനോഹരമായി ഓര്‍മ്മകളുടെ ഈ കാലാന്തരക്കുറിപ്പ്.

“ഒട്ടുമേയോര്‍ക്കുന്നില്ല”എന്ന ഭൂതകാലത്തില്‍നിന്ന് ഓര്‍മ്മകള്‍ ഇറങ്ങിവന്ന് ‘കാണുന്നതും’, ‘കോര്‍ക്കുന്നതും”, ‘മീട്ടുന്നതും’ ആയ ഒരു വര്‍ത്തമാനം തീര്‍ക്കുന്നു.
പിന്നെ “ഇളവേറ്റിരുന്നതും”, ‘പകലന്തികളിലലിഞ്ഞതും’, ‘ഇരുട്ടത്തടിഞ്ഞതും’, വഴി പഴയ ആ ഉടമ്പടിയിലേയ്ക്ക് മടങ്ങിപ്പോകുന്നു.

അങ്ങനെ പൂര്‍ത്തീകരിക്കപ്പെട്ട മറവിയുടെ ഈ സന്നിഗ്ധ വൃത്തം ഓര്‍മ്മയുടെ ജലാശയത്തില്‍ ഓളങ്ങളായ് അലിഞ്ഞു തീരുകയല്ല, ചേരുകയാണ്.

അഭിനന്ദനങ്ങള്‍.

വിശാഖ് ശങ്കര്‍ said...

ലാപുട,
യീ വോണിന്റെ കവിതയുടെ ഇംഗ്ലീഷ് പരിഭാഷയായിരിക്കും വായിച്ചതെന്ന് കരുതുന്നു.അത് അങ്ങനെ തന്നെയോ, മലയാളത്തില്‍ പരിഭാഷപ്പെടുത്തിയോ ഒരു പോസ്റ്റ് ആയി ഇട്ടുകൂടെ?

ഡാലി said...

നൈയിലോ യൂഫ്രട്ടീസോ യാങ്റ്റീസോ യമുനയോ
നദികള്‍ക്കെന്നെകാളും ഓര്‍മ്മകാണണമവര്‍..

(മറന്നു പോയീന്ന് കരുതീതാ പക്ഷേ കമ്പ്ലീറ്റ് ഓര്‍മ്മ വന്നു)

എന്റെ ഉപാസന said...

:)
നന്നായി ലാപുട
ഉപാസന

ലാപുട said...

വഴിപോക്കന്‍, നന്ദി..

ശ്രീ, നന്ദി വീണ്ടും...:)

പ്രമോദേ, കമന്റ് കേക രസിച്ചു...:)

വേണൂജീ, നന്ദി ആ വായിച്ചെടുപ്പിന്..

കുട്ടന്മേനോന്‍, നന്ദി, സന്തോഷം..

മുരളി മേനോന്‍, മറന്നു എന്ന് മറ്റുള്ളവരെയും നമ്മളെത്തന്നെയും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കേണ്ട സങ്കീ‌ര്‍ണ്ണതകളില്ലേ..

പെരിങ്ങ്സ്, അതിപ്രാചീന പ്രണയങ്ങള്‍ക്ക് ഓര്‍ത്തിരിക്കുമ്പോഴും മറന്നു, മറന്നു..എന്ന് സാക്ഷ്യപ്പെടുത്തേണ്ട ഗതികേടുകളില്ലായിരുന്നു എന്ന് വിചാരിക്കാനാണെനിക്കിഷ്ടം..;)

സുവേച്ചി, നന്ദി...:)

വിശാഖ്,കവിതയിലെ കാലത്തെ സൂക്ഷ്മതയോടെ തൊട്ടെടുത്തതിനു നന്ദി..

യീ വോണിന്റെ കവിത ഇംഗ്ലീഷു തന്നെ വായിച്ചത്..അവിടെ തന്ന ലിങ്കില്‍ നിന്ന് തന്നെ. മലയാളത്തിലാക്കാന്‍ അത്ര ധൈര്യം പോര..നിങ്ങള്‍ ശ്രമിച്ചുനോക്കൂ...വേറെ ചില കൊറിയന്‍ കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്..വൈകാതെ പോസ്റ്റും ബൂലോക കവിതയില്‍..:)

ഡാലീ, മറവിയുടെ കുറിപ്പ് വായിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും ഓര്‍മ്മവരുന്നു....സന്തോഷമുള്ള കാര്യം തന്നെ..:)

ഉപാസന, നന്ദി സുഹൃത്തേ..

സുരേഷ് ഐക്കര said...

ലാപുട,
നല്ല കവിത.ഇഷ്ടപ്പെട്ടു.

Raji Chandrasekhar said...

മുക്തഛന്ദസ്സിലുള്ള കവിതയുടെ കരുത്ത് ഇതിനു കൈവന്നില്ല. താങ്കള്‍ വാക്കുകള്‍ കുറച്ചുമാത്രം ഉപയോഗിച്ച് കൂടുതല്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ആളാണല്ലൊ. അതുകൊണ്ട് അക്ഷരങ്ങളുടെ എണ്ണം കുറവുള്ള വൃത്തങ്ങളായിരിക്കും നല്ലത്. അനുഷ്ടുപ്പായാല്‍ കസറും.

അക്കിത്തം-
’നിരത്തില്‍ കാക്ക കൊത്തുന്നു
ചത്തപെണ്ണിന്റെ കണ്ണുകള്‍...."

ഓര്‍മ്മയില്‍ നിന്നാണ് ശരിയാണോയെന്നറിയില്ല.

റോബി said...

എനിക്ക് കൂടുതലിഷ്‌ടം ലാപൂടയുടെ വ്ര്^ത്തമില്ലാത്ത കവിതകളാണ്‌...ഇത് ഈണത്തില്‍ വായിക്കാം, പക്ഷേ ഉള്ളിലേയ്ക്കൊന്നുമെത്തുന്നില്ല...(മുന്‍പ് ഞാന്‍ വ്ര്^ത്തമുള്ള കവിതകള്‍ക്കു വേണ്ടി വാദിച്ചിരുന്നത് ഓര്‍മ്മിക്കുന്നുണ്ടോ...)

One Swallow said...

‘എന്നേ മറന്നു കഴിഞ്ഞിരിക്കുന്നു ഞാന്‍’ എന്ന പണിക്കരുടെ നീണ്ട, അതീവ മനോഹരന്‍ കവിതയെ (വൃത്തത്തിലല്ലെങ്കിലും താ‍ളമുണ്ടായിരുന്ന) കവിതയും ഈ കള്ളനുണ പറയുന്നു

ലാപുട said...

സുരേഷ് ഐക്കര, നന്ദി, സന്തോഷം..

രജിമാഷ്, അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും നന്ദി..

റോബീ, ഭൂമി ഉരുണ്ടതാണെന്ന് ഇപ്പോ മനസ്സിലായില്ലേ...:):)

രാം മോഹന്‍ മാഷേ, പണിക്കര്‍ സാറിന്റെ ആ കവിത ഞാന്‍ വായിച്ചിട്ടില്ല...:(

വെള്ളെഴുത്ത് said...

ഓര്‍മ്മയുടെ ഓര്‍മ്മ എന്താണെന്ന് ഓര്‍ക്കാന്‍ തുഴഞ്ഞാല്‍ കുഴഞ്ഞുവീഴുന്നൊരിടം..

ധ്വനി said...

പ്രിയമാനസേയാത്മ
ദാഹത്തിന്‍ പിച്ചിപ്പൂക്കള്‍
ചൊരിഞ്ഞ സൗരഭ്യം നാ-
മെങ്ങനെ മറക്കുവാന്‍!! :)

സിമി said...

ലാപുട, നന്നായി. ഈണമുള്ള കവിത. ഇനി ഈണമില്ലാക്കവിതകളുടെ ശക്തി ഈണമുള്ള കവിതകളില്‍ കൊടുക്കുന്നത് ഒന്നു കാണട്ടെ.

ലാപുട said...

വെള്ളെഴുത്ത്, ഓര്‍മ്മയില്‍ നിന്ന് ഓര്‍മ്മ കിഴിക്കുമ്പോള്‍ സ്ഥിരമായി തെറ്റുന്ന ഒരു കണക്ക്..അല്ലേ?

ധ്വനി, കമന്റായി വന്നത് താങ്കളുടെ കവിത തന്നെയോ? അതൊ ഇതു പ്രശസ്തമായ ഏതെങ്കിലും കവിതയാണോ? (വായന പണ്ടു തീരെ കമ്മിയായിരുന്നു..:)) ഏതായാലും, സുന്ദരം..നന്ദി.

സിമി, താങ്ക്സ്..അത്രക്കൊന്നും ഈണം എന്റെ കൊക്കിലൊതുങ്ങില്ല..:):)

Siji said...

നല്ല മഴക്കാലം, മൂടിക്കെട്ടിയ ആകാശം വരാന്തയിലിരുന്ന് കട്ടന്‍ ചായയും കുടിച്ച്‌ ഈ കവിതയൊന്നു വായിച്ചാല്‍ ..ഹൗ..
ഗൃഹാതുരത..മനോഹരം..

MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

ഓര്‍മ്മകള്‍
ഓര്‍ത്തു കരയാന്‍, ചിരിക്കാന്‍
താണ്ടിയ വഴികളുടെ ദൈര്‍ഘ്യമളന്ന്
നെടുവീര്‍പ്പിടാന്‍..
തിരിച്ചു നടന്നു പിച്ച വച്ച്
കുട്ടിത്വത്തിലൂടെ ഭ്രൂണത്തിലേക്കു നുഴഞ്ഞു കടന്നു്
രണ്ടു ബീജങ്ങളുടെ സങ്കലന സന്ധിയില്‍ വച്ചു
പിളര്‍ന്നകന്ന് .. അകന്നകന്ന്

താങ്കളുടെ കവിതയിലൂടെ ഓര്‍മ്മകളുടെ അനന്ത പഥങ്ങള്‍ തുറന്നു തന്നതിനു്
നന്ദി സുഹൃത്തെ

RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ said...

നന്നായിരിക്കുന്നു. കുറച്ചുവ്യത്യസ്തമാണെങ്കിലും അയ്യപ്പപ്പണിക്കരുടെ ആ കവിതതന്നെയാണ്‌ രാം മോഹനെപ്പോലെ ഞാനും ഓര്‍ത്തത്‌. ഈ കവിതയ്ക്ക്‌ ഛന്ദസ്സ്‌ ഒരു ഭാരമായി തോന്നിയില്ല. രജി പറഞ്ഞ കവിത ഞാന്‍ ഇങ്ങനെയാണോര്‍ക്കുന്നത്‌:
തെരുവില്‍ കാക്കകൊത്തുനു
ചത്തപെണ്ണിന്റെ കണ്ണുകള്‍
മുലചപ്പി വലിക്കുന്നു
നരവര്‍ഗ്ഗ നവാതിഥി.

Sumesh Chandran said...

ഇപ്പേഴാണിതു കണ്ടത്.
വിശ്വസിക്കാനാവുന്നില്ല.
ലാപുട + വൃത്തകവിത = അപ്രതീക്ഷിതം!
:) നന്നായി! :)