Friday, November 09, 2007

കരച്ചിലിനോട്

ഒന്നുമല്ലാത്ത ഒരു ദിവസം
ഒരു ചിരിപോലുമില്ലാത്ത
സമയക്കാട്ടിനുള്ളില്‍‍
ഒളിച്ചുകാത്തിരുന്നല്ലോ നീ?

മിണ്ടാതിരിക്കുന്നത്
എങ്ങനെ നിന്നോട്?

ഉപ്പുകലര്‍ത്തി
നീരുനുരഞ്ഞ്
കണ്ണുതുളുമ്പിച്ച
രഹസ്യസമുദ്രമേ,

ഓര്‍ത്തടുക്കിയതെല്ലാം
അഴിച്ചുലര്‍ത്തിയ,
പരത്തിപ്പറത്തിയ
കാറ്റുകറക്കമേ,

കാര്യമെന്തെന്നറിയാതെ
പൊടുന്നനെയൊരാള്‍
‍കരഞ്ഞുപോകുന്നതുകൊണ്ട്
ഒരുദിവസത്തിന്
ഒന്നും സംഭവിക്കില്ലെന്ന്
അറിയാമായിരിക്കുമല്ലേ
എനിക്കും നിനക്കും?

11 comments:

Pramod.KM said...

കാര്യമെന്തെന്നറിയാതെയുള്ള കരച്ചില്‍ ചിലപ്പോളെല്ലാം ഉണ്ടായിട്ടുണ്ട്:)
കരച്ചില്‍ കാടും,കടലും,കാറ്റുമായി വന്നത് മനോഹരമായി പകര്‍ത്തിയിരിക്കുന്നു:)

വിശാഖ് ശങ്കര്‍ said...

പൊട്ടിപ്പോയ
ഒരു കരച്ചില്‍
ശ്വാസം മുട്ടിമരിച്ച
അതിന്റെ സഹോദരങ്ങളെക്കാള്‍
എത്ര ഭാഗ്യവാനാണ്!

ഒരു തുള്ളി കണ്ണീര്‍ എന്റെ വകയായും..

ശ്രീ said...

നന്നായിരിക്കുന്നു.

:)

Sanal Kumar Sasidharan said...

ലാപുട,
താങ്കള്‍ സ്വന്തം ശൈലിയില്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്.മനസ്സില്‍ ആണിയടിച്ചുറപ്പിക്കുന്ന ശക്തിയുള്ളതുകൊണ്ട് പലകവിതകളും ആശയം കൊണ്ട് വ്യത്യസ്തമെങ്കിലും.ശൈലികൊണ്ട് ആവര്‍ത്തനമെന്നു വായനക്കാരനെ വഴുക്കി വീഴ്ത്തും.എണ്ണയെന്ന ആത്മകഥയിലും എനിക്കിതു പറയണമെന്നു തോന്നി.കവിത നല്ലതല്ല എന്നഭിപ്രായമില്ല.പക്ഷേ ഞാന്‍ പഴയതിലേക്ക് വഴുതിപ്പോയി.

ടി.പി.വിനോദ് said...

സഹയാത്രികന്‍, പ്രമോദ്, വിശാഖ്, ശ്രീ, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

സനാതനന്‍, അഭിപ്രായം തുറന്നുപറഞ്ഞതിന് വളരെ നന്ദി. താങ്കള്‍ പറഞ്ഞകാര്യം മനസ്സിലാക്കുന്നു. എന്റെ ശൈലി താങ്കളെ മടുപ്പിക്കുന്നുവെന്നും. എന്താണതിലെനിക്ക് ചെയ്യാനാവുകയെന്ന് ആലോചിച്ചുകൊണ്ടിരിക്കുന്നു.

ശൈലിയെപ്പറ്റി പറഞ്ഞതില്‍ എനിക്ക് സന്ദേഹങ്ങളുണ്ട്. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒരാളുടെ എഴുത്ത് ശൈലി എന്നത് ഭാഷ അയാളുടെ മനസ്സില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പ്രതിഫലനമായിരിക്കും. അതു തികച്ചും ജൈവികമായ ഒരു കാര്യമായിരിക്കും. ബോധപൂര്‍വ്വമായ ഒളിച്ചുവെയ്പ്പുകളിലൂടെ വ്യതിരിക്തത എന്ന വ്യാജപ്രതീതിയെ സൃഷ്ടിക്കാമെന്നല്ലാതെ ഒരു എഴുത്തുകാരന് അവന്റെ ശൈലിയെ പൂര്‍‌ണ്ണമായി മാറ്റാനാവില്ല എന്ന് എനിക്ക് തോന്നുന്നു. അയാളുടെ ഭാഷയുടെ ജനിതക സാന്നിധ്യം (ചിലപ്പോള്‍ പ്രച്ഛന്നമായി)
അതിന്റെ ആഴത്തില്‍ കലര്‍ന്നിട്ടുണ്ടാവില്ലേ എപ്പോഴും? ശൈലിമാറ്റം എന്നത് ബോധപൂര്‍വ്വമായി സാധ്യമല്ല എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. ശൈലിമാറ്റം സാധ്യമാണ്, അത് മുഴുവനായും ഒരു ജൈവിക പരിവര്‍ത്തനമായി സംഭവിക്കുമ്പോള്‍. ഒരു വ്യക്തിയുടെ അടിസ്ഥാനപരമായ ഭാഷാബോധത്തിലും വാക്യനിര്‍മ്മിതിയിലുമൊക്കെ സമൂലമായ അഴിച്ചുപണികള്‍ സംഭവിക്കുന്നതരത്തില്‍ അയാളുടെ മാനസിക ജീവിതം മാറാന്‍ സാധ്യതയുണ്ടെങ്കില്‍ മാത്രമേ അത് സംഭവിക്കുകയുള്ളൂ. ശരിയല്ലേ?

നമുക്കിഷ്ടമുള്ള കവികള്‍ക്കൊക്കെ അവരുടേതുമാത്രമായ ഒരു ശൈലിയില്ലേ? അവരുടെ നമുക്കറിഞ്ഞുകൂടാത്ത കവിതകള്‍ അവരുടെ പേരില്ലാതെ നമ്മളെ കാണിച്ചു തന്നാല്‍ അതാരുടേതായിരിക്കുമെന്ന് ഏതാണ്ട് കൃത്യമായി ഊഹിക്കാന്‍ നമുക്കാവില്ലേ? അവിടെ ആ ശൈലിയുടെ ഫിംഗര്‍പ്രിന്റല്ലേ നമ്മളെ തെറ്റിക്കാതിരിക്കുന്നത്?

ഓരോരുത്തര്‍ക്കും അവരവരുടെ ഒരു ശൈലിയുണ്ടാകും. പക്ഷേ ചിലരുടെ ശൈലി ഭാഷാപരമായ സൌന്ദര്യത്തിന്റെ തലത്തില്‍ കൂടുതല്‍ Appealing ആയിരിക്കും. അവര്‍ വലിയ എഴുത്തുകാരായി നിലനില്‍ക്കും. ചിലരുടെ ശൈലി (ഉദാ :എന്റേതുപോലെയുള്ള ശൈലി) ആളുകളെ മടുപ്പിക്കും. അവര്‍ വലിയ എഴുത്തിലേക്ക് വൃഥാ ശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും.

എനിക്ക് തികച്ചും മൌലികമായ ഒരു ശൈലി ഉണ്ടെന്ന് എനിക്ക് വിശ്വാസമില്ല കേട്ടോ. ഞാന്‍ എഴുതുന്നതിന്റെ ഉപബോധത്തിലെമ്പാടും എനിക്കിഷ്ടമുള്ള, എന്നിലേക്ക് കയറിയിരുന്നിട്ടുള്ള എഴുത്ത് ശൈലികളുടെ അംശങ്ങള്‍ കലര്‍ന്നിട്ടുണ്ട്. ഇതുവരെ എഴുതിയിട്ടില്ലാത്തതരം മലയാളം ഉത്പാദിപ്പിക്കാന്‍ തക്ക പ്രതിഭയും എനിക്കുണ്ടെന്ന് തോന്നുന്നില്ല :)

[ താങ്കളുടെ അഭിപ്രായത്തെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നു എന്ന് തോന്നരുത്. എന്റെ മനസ്സില്‍ തോന്നിയത് പങ്കുവെയ്കാന്‍ ശ്രമിച്ചു എന്ന് മാത്രം]

Pramod.KM said...

സ്വന്തം ശൈലി എന്നത് ഒരു ബഹുമതി ആയാണ് എനിക്കു തോന്നിയിട്ടുള്ളത്:)നമുക്കു തനതായ ശൈലി ഉണ്ടാവുക എന്നു പറഞ്ഞാല്‍ അത് ഒരു കുടുങ്ങിപ്പോക്കും അല്ല. അങ്ങനെ പറഞ്ഞാല്‍ നമ്മളെല്ലാം ഓരോ ആശയങ്ങളിലും ചുറ്റുപാടുകളിലും കുടുങ്ങിപ്പോകുന്നു എന്നൊക്കെ പറയേണ്ടിവരില്ലേ!

Sanal Kumar Sasidharan said...

പ്രിയപ്പെട്ട ലാപുടാ,
ഒരു ചര്‍ച്ച എന്തുകൊണ്ടും നല്ലതാണെന്നതുകൊണ്ട് മാത്രം വീണ്ടുംഇവിടെത്തന്നെഎഴുതുന്നു.

ആദ്യമായി
“ചിലരുടെ ശൈലി (ഉദാ :എന്റേതുപോലെയുള്ള ശൈലി) ആളുകളെ മടുപ്പിക്കും. അവര്‍ വലിയ എഴുത്തിലേക്ക് വൃഥാ ശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും.

എനിക്ക് തികച്ചും മൌലികമായ ഒരു ശൈലി ഉണ്ടെന്ന് എനിക്ക് വിശ്വാസമില്ല കേട്ടോ. ഞാന്‍ എഴുതുന്നതിന്റെ ഉപബോധത്തിലെമ്പാടും എനിക്കിഷ്ടമുള്ള, എന്നിലേക്ക് കയറിയിരുന്നിട്ടുള്ള എഴുത്ത് ശൈലികളുടെ അംശങ്ങള്‍ കലര്‍ന്നിട്ടുണ്ട്. ഇതുവരെ എഴുതിയിട്ടില്ലാത്തതരം മലയാളം ഉത്പാദിപ്പിക്കാന്‍ തക്ക പ്രതിഭയും എനിക്കുണ്ടെന്ന് തോന്നുന്നില്ല :) “

താങ്കളുടെ ഈ വരികളെ ഞാന്‍ കാറ്റില്‍ പറത്തുന്നു.അതിനുപോലും അര്‍ഹമല്ലാത്ത വിലയിരുത്തലുകളാണവ.

ഇനി വിഷയത്തിലേക്ക് വരാം.ഞാന്‍ പറഞ്ഞുവന്നത് അച്ചുവച്ചുവാര്‍ത്തതുപോലെയുള്ള താങ്കളുടെ കവിതകളെക്കുറിച്ചാണ്.ശൈലി ഒരെഴുത്തുകാരന്റെ ഫിങ്കര്‍പ്രിന്റാണെന്നതില്‍ തര്‍ക്കമില്ല(പ്രമോദ് പറഞ്ഞതും ശ്രദ്ധിച്ചു).പക്ഷേ അതൊരിക്കലും അയാളുടെ ആശയങ്ങളെ അടക്കിവാഴുന്നതരത്തില്‍ റിജിഡ് ആയിപ്പോകരുത് എന്ന അഭിപ്രായക്കാരനാണ് ഞാന്‍.ആശയങ്ങളെ ആവിഷ്കരിക്കാന്‍ ഭാഷയെ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ഒരു പാകപ്പെടുത്തലാണ് ശൈലി എന്ന് ഞാന്‍ കരുതുന്നു(എന്റെ ഒരു പൊട്ടത്തരം ആകാം).ഈ പാകപ്പെടുത്തലിന്റെ പാചകരഹസ്യം കണ്ടെത്തിക്കഴിഞ്ഞാല്‍ കവിതയായാലും കഥയായാലും അത് ഒരുക്കിയെടുക്കുന്നതില്‍ അവന് മികവുകൂടുമെന്നും സൃഷ്ടി എളുപ്പത്തിലാക്കുമെന്നും ഞാന്‍ കരുതുകയും ചെയ്യുന്നു.പക്ഷേ ഇതേ കണ്ടെത്തല്‍ അവനെ എളുപ്പവഴിയില്‍ കവിതകുറുക്കി കാഴ്ച്കവയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.ഈ എളുപ്പവഴിയെ തകര്‍ക്കണമെന്നാണ് ഞാന്‍ പറഞ്ഞത്.അത് ബോധപൂര്‍വ്വമാണെങ്കില്‍ അങ്ങനെ തന്നെ ചെയ്യണം.കാരണം
പലവിധ ചേരുവകള്‍ കൊണ്ടാണുണ്ടാക്കുന്നതെങ്കിലും എന്നും അവിയല്‍ വച്ചുവിളമ്പിയാല്‍ എനിക്കു മടുക്കും.(ഞാന്‍ അവിയല്‍ പ്രേമിയായിരുന്നാല്‍പ്പോലും).ഇത് യാതൊരു തരത്തിലും ക്രിയാത്മകതയുമായി ബന്ധമുള്ള ഒരു കാര്യമല്ല.കട്ടിളവച്ച് വാര്‍ത്തെടുക്കാനുള്ളതല്ല ക്രിയാത്മകത.ഒരു പുഴപോലെ ഒഴുക്കിവിടേണ്ടതാണ്.

ഈ അഭിപ്രായങ്ങളെ ഒരു തരത്തിലും താങ്കളുടെ ക്രിയാത്മകതയുമായി ഏച്ചുകെട്ടിവായിക്കാതിരിക്കുക.

സ്നേഹത്തോടെ
സനല്‍

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌
അഭിനന്ദനങ്ങള്‍

Rajeeve Chelanat said...

സനാതനന്‍ പറഞ്ഞതിനോട് അല്‍പ്പം യോജിക്കാതെ വയ്യ.ശൈലിയല്ല, വൈവിദ്ധ്യമുള്ള കാഴ്ചകളിലേക്ക് കവിതകളെ കൊണ്ടുവരണം എന്നതായിരിക്കണം സനാതനന്‍ ഉദ്ദേശിച്ചത് എന്നു തോന്നുന്നു.

പക്ഷേ, ലാപുട പറഞ്ഞതിലും നേരുണ്ട്. ശൈലി എപ്പോഴും നമ്മെ പിന്തുടരുന്ന ഒന്നാണ്. ഏതിനെക്കുറിച്ച് എഴുതുമ്പോഴും, നമ്മുടെ മുദ്ര അതിലുണ്ടാവുകതന്നെ ചെയ്യും. ഒരാളുടെ ജീവിതവീക്ഷണത്തിന്റെ പ്രത്യയശാസ്ത്രമാണ് അയാളുടെ ശൈലി. എങ്കിലും നിരന്തരമായ നവീകരണത്തിനും അതില്‍ സാദ്ധ്യതകളുണ്ടെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. അതില്‍ ഒളിച്ചുവെയ്പ്പുകള്‍ മാത്രമല്ല ഉള്ളത്. ചില പ്രത്യേക വിഷയങ്ങള്‍, അനുഭവങ്ങള്‍, ചില പ്രത്യേക ശൈലിയെ ആവശ്യമാക്കാറുമില്ലേ? ഉണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ചില അനുഭവങ്ങള്‍ ചില പ്രത്യേക കരച്ചില്‍ ഉളവാക്കുന്നതുപോലെ. എന്തെങ്കിലും പറയാന്‍ തുടങ്ങുമ്പോഴേക്കും നിന്റെ ഉണക്കജീവിതത്തെ അതില്‍ സങ്കല്‍പ്പിക്കാനൊന്നും നോക്കേണ്ട എന്ന് ഓരോരുത്തരുടെ അനുഭവവും അവരവരുടെ ശൈലിയോട് നിരന്തരം പറയാറുമുണ്ട്.

ടി.പി.വിനോദ് said...

ദ്രൌപദി, നന്ദി...

സനാതനന്‍, രാജീവ് ചേലനാട്ട്, നിങ്ങള്‍ രണ്ടാളും പറഞ്ഞ അഭിപ്രായങ്ങള്‍ എല്ലാ ഗൌരവത്തോടെയും സ്വീകരിക്കുന്നു. തുടര്‍ന്നും വായനയും വിലയിരുത്തലുകളും പ്രതീക്ഷിക്കുന്നു. നന്ദി.

blog marketing said...
This comment has been removed by a blog administrator.