Thursday, December 06, 2007

കാത്തിരിപ്പ്

പുറപ്പെട്ടുവെന്ന്
പറഞ്ഞിട്ട്
നേരം കുറേയായല്ലോ?

എവിടെയെത്തി ഇപ്പോ?

ഞാനിവിടെ
ബസ്‌സ്റ്റോപ്പില്‍ നിന്ന്
മുടിഞ്ഞ വെയിലുതിന്നുന്നു

വൈകുന്നുവെന്നറിഞ്ഞാല്‍
പറയേണ്ടായിരുന്നോ?

ഹലോ....

ചതി എന്നുതന്നല്ലേ
ബസ്സിന്റെ പേര് പറഞ്ഞത്?

അതേപേരിലിതുവഴി
നാലഞ്ചു ബസ്സുപോയെന്നേ

അതിലൊന്നിലും
കാണാത്തോണ്ടല്ലേ
വിളിച്ചോണ്ടിരിക്കുന്നേ

ചൂടാവല്ലേ നീ...

22 comments:

ശ്രീ said...

വെറുതേയാണോ?
ബസ്സിന്റെ പേരു തന്നെ കണ്ടില്ലേ? ചൂടാകാതെ പിന്നെന്തു ചെയ്യും?

;)

Roby said...

കുറെ ദിവസമായി അടുത്ത കവിതയ്കായി കാത്തിരിക്കുകയായിരുന്നു.
ഇതുവരെയുള്ള കവിതകളില്‍ നിന്നും വഴിമാറി നടക്കുന്നല്ലോ ഇത്‌..

കാത്തിരിപ്പ്‌ എന്ന വിഷയം ഏറെ കാല്‍പനികവത്‌കരിക്കപ്പെട്ടതായിരുന്നു...അതിന്റെ എല്ലാ romantic ഭാവങ്ങളും നശിപ്പിച്ചു..ചതി...

ദിലീപ് വിശ്വനാഥ് said...

ഇതു കൊള്ളാമല്ലോ... ചൂടാവല്ലേ...

നിര്‍മ്മല said...

ഇപ്പോഴത്തെ കാത്തിരിപ്പുകള്‍ ഇങ്ങനെയാണല്ലെ!

Pramod.KM said...

അതേ പേരില്‍ ഇനിയും പല ബസ്സുകളും കാണും.വരാമെന്നു പറഞ്ഞതിനാല്‍ ഉറപ്പായും വരും.കാത്തിരിക്കുക:)റോബി,കവിതയെപ്പറ്റി പറഞ്ഞ പോലെ ഇനി വഴിമാറിപ്പോയതും ആയിരിക്കാം:)

Sanal Kumar Sasidharan said...

ചതിയില്‍ വന്നിറങ്ങുന്നവനെ(അവളെ) കാത്തിരിക്കുക.
അതൊരു നശിപ്പിക്കലാണല്ലോ ലാപുട.ഇനി ആരെ കാത്തിരിക്കും ഞാന്‍. വരുന്നത് ചതിയിലാണെങ്കിലോ.
തകിടം മറിക്കുക എന്നുപറഞ്ഞാല്‍ ഇതാണെന്നു മനസ്സിലായി

ഹരിശ്രീ said...

അതിലൊന്നിലും
കാണാത്തോണ്ടല്ലേ
വിളിച്ചോണ്ടിരിക്കുന്നേ..

koLlam maashe.

മണിക്കുട്ടി said...

കിടു...


ഓഫ്: വെയിലുതിന്നുന്നേന്റെ എടയ്ക്ക് അപ്പൊറത്തൊള്ള കടേന്ന് ഒരു ഷോഡാ വാങ്ങിച്ചു കുടിച്ചോണേ... ല്ലെങ്കി വല്ല ഏനക്കേടും വരും.......

മുസ്തഫ|musthapha said...

ഒരു നാലഞ്ച് ബസ്സുകള്‍ കൂടെ പോവട്ടെ... എന്നിട്ടും വന്നില്ലെങ്കി ഒരു നാലഞ്ച് ബസ്സുകളില്‍ കൂടെ നോക്കാം... എന്നിട്ടും... :)

സു | Su said...

ഇനിയെത്ര ബസ്സ് ആ പേരില്‍ വരും? വിളിച്ചുകയറ്റുമോ ആരെങ്കിലും?

:)

ടി.പി.വിനോദ് said...

ശ്രീ, ചൂട് തണുക്കുമായിരിക്കും..:)

റോബി, ഇത് എഴുതുമ്പോള്‍ rhetoric ഉപാധികളൊന്നും ഉപയോഗിക്കില്ലെന്ന് വിചാരിച്ചിരുന്നു. എന്നിട്ടെന്തായി എന്നു ചോദിച്ചാ ദാ ഇത്രയൊക്കെയേ ആയുള്ളൂ...:):)

വാല്‍മീകി, നന്ദി...:)

നിര്‍മ്മലേച്ചീ, എന്നെത്തന്നെ ഞാന്‍ കാത്തിരിക്കുന്നതും ചിലപ്പോള്‍ ഇങ്ങനെ തന്നെയാണ് !

പ്രമോദേ, ഉവ്വ ഉവ്വ...:)

സനാതനന്‍..:)

ഹരിശ്രീ, താങ്ക്സ്...:)

റഷ്യക്കാരന്‍, സോഡ മാത്രമായാല്‍ സംഗതി പൂര്‍ണ്ണമാവില്ലാ......:)

അഗ്രജാ, നിങ്ങള്‍ക്കങ്ങനെയൊക്കെ പറയാം..:)

സുവേച്ചി, ഈ സ്വഭാവം വെച്ച് സാധ്യതയില്ലാതിരിക്കാനാണ് സാധ്യത..:)

ജ്യോനവന്‍ said...

ചതിയെന്ന പേരിലൊരു ബസ്സോ?
അതെ പേരിലിതു വഴി നാലഞ്ചെണ്ണമോ?
അതിലൊന്നും കണടില്ലെന്നോ?
ചൂടാവലോ?
ഈ കത്തിരിപ്പിനൊടുവില്‍ വന്ന മുത്തേ......
നവ ഭാവുകത്വത്തിന്‍ പരീക്ഷണാലയമോ?
ഹലോ.......
ഞാനെവിടെയോ എത്തി!
ആശംസകള്‍

വെള്ളെഴുത്ത് said...

‘ചതി‘ എന്നൊരു സംജ്ഞാനാമത്തില്‍ ഒരു കവിതയുടെ ധ്വനി മുഴുവന്‍ കുടുക്കിയിടുക എളുപ്പപ്പണിയല്ല. റോബി കാലപ്പനികതയ്ക്കുള്ള ഒരു സാദ്ധ്യതയും ഇത് അടച്ചു കളയുന്നില്ല.വളരെ വിവൃതമല്ലേ ഇതിന്റെ ഘടന.. എങ്ങോട്ടു വേണമെങ്കിലും വായിക്കുന്നയാളിന്റെ ഭാവനയ്ക്ക് കാടുകയറാമല്ലോ..

അനംഗാരി said...

പതിനാറാം നമ്പര്‍ സീറ്റുള്ള ബസ്സ് നോക്കിയാണൊ നിന്നത്?

ബാജി ഓടംവേലി said...

റോഡീന്നു മാറി നിന്നത് നന്നായി
അല്ലെങ്കില്‍
ചതികേറി ചത്തേനേം
ഭാഗ്യം
നന്നായിരിക്കുന്നു

ശ്രീലാല്‍ said...

ധൈര്യം എന്ന് ഇതിനെ വിളിക്കാമോ എന്ന് സംശയം. ആവേശവും അല്ല. അതോ പോയാല്‍ പോകട്ടെ എന്നാണോ… .
അതിനുമാത്രം എന്താണ് സംഭവിച്ചത്..?

അതോ സിനിമാ സ്റ്റൈലില്‍ ഒരു നമ്പര്‍ ഇറക്കിയതാണോ ? ചില നായകന്മാരെപ്പോലെ.. തോക്കും പിടിച്ചു നില്ക്കുന്ന വില്ലന്റെ മുന്നില്
നെഞ്ചും വിരിച്ചു നിന്ന്. .. “വെക്കെടാ വെടി.. ധൈര്യമുണ്ടെങ്കില് വെക്കെടാ വെടി….” എന്നു പറയുന്ന നായകനെപ്പോലെ…. അതിലൊന്നിലും നായകനു വെടികൊണ്ടു കണ്ടിട്ടുമില്ല. :)

ഈ കവിത സി.ബി ഐയെ ഏല്‍പ്പിക്കണം.. :) ദുരൂഹത..ദുരൂഹത..

ടി.പി.വിനോദ് said...

ജ്യോനവന്‍, പുതിയ ഭാവുകത്വമോ? ഏയ്...അത്രക്കൊന്നുമില്ല :):)

വെള്ളെഴുത്ത്, ജയിച്ച് നില്‍ക്കുന്ന ഒരു കവിതയായില്ല ഇതെന്ന് എനിക്കും തോന്നുന്നു. പിന്നെ, കവിതയ്ക്ക് ധ്വനിയിലൂടെ മാത്രമേ ശ്വസിക്കാനാവൂ എന്നുണ്ടോ? (തര്‍ക്കിക്കാനോ, ഈ കവിതയെ മുന്‍‌നിര്‍ത്തിയോ അല്ല ആരായുന്നത്. ഒരു സാധ്യതയുടെ സാധ്യതക്കായി സന്ദേഹിക്കുന്നുവെന്ന് മാത്രം)

അനംഗാരി, ആ ബസ്സല്ല ഈ ബസ്സ്. ലോകത്തിലെ ബസ്സുകള്‍ മുഴുവന്‍ മലയാളത്തിലെഴുതുന്ന ബ്ലോഗുകളിലൂടെയല്ല പോകുന്നതെന്ന് ബോധ്യമുള്ളവര്‍ക്ക് അത് ഭംഗിയായി മനസ്സിലാകുമെന്ന് വിചാരിക്കുന്നു. ഏതായാലും ഇത്തരം കമന്റ് സാധ്യതകള്‍ക്കായി അക്ഷീണം ജാഗരൂകമായിരിക്കുന്ന താങ്കളുടെ സ്ഥിരോത്സാഹം കൈയടി അര്‍ഹിക്കുന്നു.

ബാജി ഓടംവേലി, നന്ദി, സന്തോഷം..:)

ശ്രീലാലേ, അതെ. സി.ബി.ഐ ഈ കവിതയുടെ ഡമ്മി ഉണ്ടാക്കി കൊന്നു നോക്കി തീര്‍പ്പുവരുത്തട്ടേ..ഹഹഹ..:)

വിശാഖ് ശങ്കര്‍ said...

ചതി ഒരു തുരങ്കമാണ്.ഒരു പുറത്ത് യാത്രാമൊഴികളും മറുപുറത്ത് കാത്തിരിപ്പും ഉള്ള ഇരുട്ട്..!

മനോഹരമായി ഈ “കാത്തിരിപ്പ്”.

ജ്യോതീബായ്‌ പരിയാടത്ത്‌ said...

:)

Unknown said...

ഹൃസ്വം...മധുരം.ആദ്യമായിട്ടു ഇതിലെ കടന്നു വന്നു. കണ്ടതെല്ലാം നല്ലതു. ഇനിയും വായിക്കാനിരിക്കുന്നതും അതിമധുരം ആയിരിക്കുമെന്നു ഉറപ്പുണ്ട്. ആശംസകള്‍..കുഞ്ഞുബി

ടി.പി.വിനോദ് said...

വിശാഖ്, പി.ജ്യോതി, കുഞ്ഞുബി, വായനയ്ക്കും പ്രതികരണത്തിനും നന്ദി.

ഭൂമിപുത്രി said...

ലാപുട-ഇതെന്തൊരുപേരെന്നു വിചാരിച്ചു വിചാര്രിച്ചു
ഈവഴിയിന്നാണ്‍ വന്നതു..
ലാപുടക്കവിതകളേപ്പറ്റി മുന്വിധികളൊന്നുമില്ലാതെയാണു കാത്തിരിപ്പ് വായിച്ചതു.കാത്തിരുപ്പിന്റെ മറ്റൊരു ചിത്രം!
വളരെയിഷ്ട്ടമായി.