Thursday, January 24, 2008

കാണാതെയറിയുന്ന കലണ്ടറില്‍

ഏതു നോക്കിനെയും
വലിച്ചെടുത്ത് തൊടുന്ന
ഊക്കുള്ളൊരു കാന്തം-
നിന്റെ മിഴിവുള്ള ചിത്രം.

ചിത്രത്തിനു താഴെ
കറുപ്പിലും ചുവപ്പിലും
തീയ്യതികള്‍
തക്കം‌പാര്‍ത്തിരിക്കുന്നു.

ഏകാന്തതേ,
അന്തര്‍മുഖരുടെ
ദൈവമേ
സൂപ്പര്‍സ്റ്റാറേ
രാഷ്ട്രീയ നേതാവേ
അല്ലെങ്കില്‍
പ്രകൃതിദൃശ്യമേ

നീയില്ലായിരുന്നെങ്കില്‍
നിന്റെ പടമില്ലാതാണെങ്കില്‍
ആത്മഗതങ്ങളുടെ കലണ്ടര്‍
കാലം മാത്രം കാണിച്ച്
എന്തെല്ലാം വിശ്വസിപ്പിച്ചേനേ.

21 comments:

CHANTHU said...

ഇപ്പം കാലത്തോടൊപ്പം കാപട്യവും കാണുന്നു. അത്രമാത്രം. അല്ലെ.

നജൂസ്‌ said...

ലാപൂടാ കവിതകള്‍ മറ്റുകവിതകളില്‍ നിന്നും വേരിട്ട്‌ നില്‍ക്കുന്നു.



നന്മകള്‍

വിശാഖ് ശങ്കര്‍ said...

പടമൊന്നെങ്കിലും വേണം
മാറാതോരോ പുറത്തിലും

Pramod.KM said...

തക്കം പാര്‍ത്തിരിക്കുന്ന അക്കങ്ങളില്‍ നിന്നുമൊരു താല്‍ക്കാലികാശ്വാസവുമാണല്ലോ മിഴിവുള്ള ചിത്രങ്ങള്‍:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനസ്സ് ചിലപ്പോള്‍ “നിമിഷം“ എന്ന കലണ്ടറില്‍ അഭയം പ്രാപിക്കാറുണ്ട്,അപ്രതീക്ഷിതമായ മാറ്റങ്ങളില്‍...


നല്ല കവിത

ശ്രീലാല്‍ said...

രാവിലെത്തന്നെ ഒരു നല്ല വായന കിട്ടിയതിന്റെ സുഖം. അവസാനത്തെ അഞ്ചുവരി എല്ലാം പറയുന്നു. മനോഹരം. ( അവിടെ ഓരോ അക്ഷരത്തിലും ലാപുട ഇരുന്നു ചിരിക്കുന്നു.. )


“നീയില്ലായിരുന്നെങ്കില്‍
നിന്റെ കവിതകള്‍ ഇല്ലായിരുന്നെങ്കില്‍
ആത്മഗതങ്ങളുടെ ബൂലോകം
ജാലം മാത്രം കാണിച്ച്
എന്തെല്ലാം വിശ്വസിപ്പിച്ചേനേ.“

simy nazareth said...

ഊക്കുളൊരു -> ഊക്കുള്ളൊരു എന്നു തിരുത്തുമല്ലോ.

ശ്രീ said...

ആത്മഗതങ്ങളുടെ കലണ്ടര്‍‌!

കൊള്ളാം

ടി.പി.വിനോദ് said...

ചന്തു, എല്ലാ ഏകാന്തതയും കാപട്യത്തെ ധ്യാനിക്കുന്നുണ്ടാവില്ല.അങ്ങനെ ആവാതിരിക്കട്ടെ എന്ന് ആശിക്കാം..

നജൂസ്, നന്ദി സുഹൃത്തേ..

വിശാഖ്, ഏകാന്തതയുടെ പന്ത്രണ്ട് മാസങ്ങള്‍, അമ്പത്തിരണ്ട് ആഴ്ചകള്‍ 365 ദിവസങ്ങള്‍...അല്ലേ?

പ്രമോദേ, ആശ്വാസമോ, നോ..:)

പ്രിയ, നന്ദി, സന്തോഷം...

ശ്രീലാലേ, കമന്റിന്റെ അവസാനഭാഗം കുറച്ച് കടന്നകൈ അല്ലേടാ? :)

സിമി, തെറ്റ് തിരുത്തിയിട്ടുണ്ട്..കാണിച്ച് തന്നതിന് വളരെ നന്ദി.

ശ്രീ, നന്ദി..

വെള്ളെഴുത്ത് said...

ഇങ്ങനെയൊരു കലണ്ടര്‍ സത്യമായിട്ടും ഞാന്‍ കണ്ടിട്ടില്ല. ഈ കമന്റ് നേരത്തെ അറിയാവുന്നതുകൊണ്ട് ലാപുട തലക്കെട്ട് ‘കാണാതെയറിയുന്ന.....’ എന്നിങ്ങനെയാക്കി. ഷെല്‍‌വി പറഞ്ഞതു പോലെ ‘ഞാനോ എച്ചിലുമായി...‘

ടി.പി.വിനോദ് said...

വെള്ളെഴുത്ത് വിചാരിക്കുന്നത്ര ക്രൂരതയൊന്നും ഞാന്‍ ആസൂത്രണം ചെയ്തതല്ല. കാണാതെയറിയുന്ന എന്ന് വെച്ചാ കാണാപാഠം അറിയുന്ന എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ...വിശ്വസിക്കൂ പ്ലീസ്...:)

ഭൂമിപുത്രി said...

കാലത്തിന്റെ
മഹാപ്രവാഹമൊന്നെത്തിനോക്കാന്‍‍
ഇങ്ങിനെയൊക്കെ-
ച്ചിലനിസ്സാരതകളല്ലാതെ
പിന്നെ...

prasanth kalathil said...

തലകുത്തിനിന്നു നോക്കിയപ്പളാണ് ഞാന്‍ എന്റെ ദൈവത്തെ കണ്ടത് കലണ്ടറില്‍.
എന്നിട്ടും, ഇത്രയേറെ പടങ്ങള്‍ ഉണ്ടായിട്ടും കലണ്ടര്‍ ദിനങ്ങള്‍ ഏകാന്തമായിത്തന്നെയിരിക്കുന്നു പ്രമോദ്.
-----------
(ഓ ടോ: കൊറിയയിലും കലണ്ടറില്‍ കറുപ്പും ചുവപ്പും തന്നെയാണോ ?!)

നാടോടി said...

നല്ല കാഴ്‌ച....

കൊസ്രാക്കൊള്ളി said...

കലണ്ടറോളം ചിതറിപ്പോയ മറ്റെന്താണുള്ളത്‌

Sandeep PM said...

കാഴ്ച അറിഞ്ഞ മനസ്സിനെ സ്വാന്തനപ്പെടുത്തുന്നുണ്ടായിരിക്കാം

ടി.പി.വിനോദ് said...

ഭൂമിപുത്രീ, നിസ്സാരതകള്‍ നമ്മുടെ ചില വ്യാജ സാരങ്ങളെ അട്ടിമറിക്കുന്ന നിമിഷങ്ങളുമുണ്ട് അല്ലേ?

പ്രശാന്ത്, ഏകാന്തതയില്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന അക്കങ്ങള്‍....
കൊറിയയിലും കറുപ്പും ചുവപ്പും തന്നെ നിറങ്ങള്‍ അവയ്ക്ക്..( എന്റെ പേര് തെറ്റിച്ചുവിളിച്ചതിന് ഏത് ശിക്ഷ സ്വീകരിക്കാനാണ് താത്പര്യമെന്ന് ഏറ്റവും പെട്ടെന്ന് അറിയിക്കേണ്ടതാകുന്നു..:))

ബാജി, വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.

കൊസ്രാക്കൊള്ളി, ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ചിതറിയവയുടെ പട്ടിക തന്നെ അത്..

ദീപു, ഉണ്ടായിരിക്കാം...:)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

കാലം മാത്രമല്ലേ നില നില്‍ക്കുന്നുള്ളു. കാന്തമിഴികളുള്ള ചിത്രങ്ങളും, സൂപ്പര്‍സ്റ്റാറുകളും അടുത്ത കലണ്ടര്‍ പിറക്കുമ്പോഴേക്കും ബോറായിത്തീരും. ആത്മഗതങ്ങളുടെ കലണ്ടര്‍ നന്നായിരിക്കുന്നു.

prasanth kalathil said...

അയ്യൊ... അയ്യൊ...

സോറി വിനോദ്, അബദ്ധം പറ്റി. ഞാന്‍, പാരീസില്‍ ഈഫല്‍ ടവറിന്റെ മേലെ നിന്ന് നോക്കിയപ്പൊ അറിയപ്പെടാത്ത ഒരു തെരുവിലൂടെ പോക്കറ്റില്‍ കയ്യും തിരുകി പ്രമോദ് നടക്കുന്നതു കണ്ടു. ആ ഓര്‍മ്മ കലണ്ടറില്‍ കേറി മേഞ്ഞു. ക്ഷമിക്കൂ..
കൊറിയയില്‍ നിന്ന് നേരെ പോയത് തിരുവനന്തപുരത്ത് ലതീഷിന്റെ അടുത്താണ്. ലതീഷിനെ വിനോദേ എന്നു വിളിച്ചിരുന്നെങ്കില്‍ ഞാന്‍ അമ്മയെ ഓര്‍ത്തേനെ!

ടി.പി.വിനോദ് said...

മോഹന്‍, വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.

പ്രശാന്തേ, അതൊന്നും കുഴപ്പമില്ല മാഷേ, ചുമ്മാ പറഞ്ഞതാ ഞാന്‍..പ്രമോദ് വഴി ഇവിടെ എത്തിയപ്പോ പറ്റിയതാണെന്ന് എനിക്കും തോന്നി..:)

Siji vyloppilly said...

നിശ്ശബ്ദമായി വായിച്ച്‌ കടന്നു പോകാറാണ്‌ പതിവ്‌. നല്ലത്‌ എന്നല്ലാതെ ഈ ബ്ലോഗില്‍ മറ്റൊന്നും എഴുതാന്‍ പറ്റുമ്ന്ന് തോന്നുന്നില്ല..;)