Saturday, February 09, 2008

വിവര്‍ത്തനം

മുറിയിലേക്ക്
തിരിച്ചുവരുന്ന വഴി.

പാതിരാത്രി നേരം.

പലരോടൊന്നിച്ച്
പലപ്പോഴായി
കയറിയിട്ടുള്ള
മദ്യശാലയുടെ കെട്ടിടം.

അതിനുള്ളില്‍ നിന്നും
പുറത്തേക്ക് കവിയുന്നു
ഇരുണ്ട വെളിച്ചത്തിനുമേലെ
ഒച്ചകള്‍ കൊണ്ട്
ലഹരികളുടെ കൊത്തുപണികള്‍.

ഏങ്ങിക്കലങ്ങിയൊരൊച്ച
ഒറ്റയ്ക്കുയരുന്നതുകേട്ടാണ്
നോക്കിപ്പോയത്...
ബാറിന്റെ ചവിട്ടുപടികളിലൊന്നില്‍
കുന്തിച്ചിരിപ്പുണ്ടായിരുന്നു, അയാള്‍
ഏങ്ങലിലുലഞ്ഞ്
എന്തിനോ കരഞ്ഞ്

ആദ്യമായല്ല ഇമ്മട്ടിലൊന്ന്
കാണാനിടയായതെങ്കിലും
എന്തിനോ അപ്പോള്‍
ചെന്നു നോക്കാന്‍ തോന്നി.

അടുത്തെത്തിയതും
എഴുന്നേറ്റ് നിന്ന്
ചുമലില്‍ കൈവെച്ചു.

പേര് കിം മ്യോംഗ് ഹൊ എന്നും
ടാക്സി ഡ്രൈവറെന്നും പറഞ്ഞു.

കരയുന്നുണ്ടായിരുന്നു
നെഞ്ചുതടവുന്നുണ്ടായിരുന്നു
കണ്ണുതിരുമ്മുന്നുമുണ്ടായിരുന്നു.

സോജുവിന്റേയും
സിഗരറ്റിന്റേയും
മണം തെറിപ്പിച്ച്
കരച്ചിലിനൊപ്പം
തുരുതുരാ പലതും
പറഞ്ഞുകൊണ്ടിരുന്നു ;
എനിക്കറിഞ്ഞുകൂടാത്ത
അയാളുടെ ഭാഷയില്‍,
മലയാളത്തിനറിയാത്തത്ര
നീളുകയും കുറുകുകയും
മൂര്‍ച്ചയാവുകയും
മുരളുകയും ചെയ്യുന്ന
അതിന്റെ ശബ്ദങ്ങളില്‍.

ലോകത്തിലെ എല്ലാ മനുഷ്യരും
പാവങ്ങളാണ്
എന്നൊന്നുമായിരിക്കില്ല
പറഞ്ഞിരുന്നത്.
എന്നിട്ടും
അങ്ങനെയെന്തോ ആണ്
എനിക്ക് മനസ്സിലായത്.

36 comments:

ഗിരീഷ്‌ എ എസ്‌ said...

യാഥാര്‍ത്ഥ്യത്തിന്റെ തിരിച്ചറിവ്‌ നല്‍കുന്ന വിര്‍ത്തനം...
ലാപുട,
അനുഭവത്തിന്റെ ഈ സാക്ഷ്യത്തെ ഏറ്റുവാങ്ങുന്നു....

ആശംസകള്‍

420 said...

മനസ്സിലായതുതന്നെയായിരിക്കണം
അയാള്‍ ഉദ്ദേശിച്ചത്‌.

Pongummoodan said...

വളരെ നന്നായിരിക്കുന്നു.

കാഴ്‌ചക്കാരന്‍ said...

മദ്യശാലയില്‍ നി്‌ന്നും കവിയുന്നത്‌ കവിതയുമാവാം
ലോകത്തിലെ എല്ലാ മനുഷ്യരും പാവങ്ങളാണെന്ന മനസ്സിലാക്കലാണ്‌ മഹത്തരം.

Sanal Kumar Sasidharan said...

പതിവു വഴികളില്‍ നിന്നും മാറിനടക്കുമ്പൊള്‍ ഇതുപോലെ കാണാം“ഇരുണ്ട വെളിച്ചത്തിനുമേലെ
ഒച്ചകള്‍ കൊണ്ട്
ലഹരികളുടെ കൊത്തുപണികള്‍.“

അതിപ്പോള്‍ എന്നെ മൂടിയുയര്‍ന്നു നില്‍ക്കുന്നു.

നജൂസ്‌ said...

അങ്ങനെ തന്നെയാണ്‌ അയാള്‍ പറഞ്ഞത്‌

വേണു venu said...

അങ്ങനെ തന്നെ ആയിരിക്കും വിനോദേ അയാള്‍‍ പറഞ്ഞതു്. അതിനാലാണല്ലോ ഈ വിവര്‍ത്തനം ചങ്കില്‍‍ കൊള്ളുന്നത്. വരികളും വഴികളും ഇഷ്ടമായി.:)

ഭൂമിപുത്രി said...

എല്ലാര്‍ക്കുമറിയാവുന്ന ഒരുഭാഷയെവിസ്തരിയ്ക്കല്‍
എത്രയെളുപ്പം നടന്നു..
ഭംഗിയായി ലാപുട.

വെള്ളെഴുത്ത് said...

"പുറത്തേക്ക് കവിയുന്നു
ഇരുണ്ട വെളിച്ചത്തിനുമേലെ
ഒച്ചകള്‍ കൊണ്ട്
ലഹരികളുടെ കൊത്തുപണികള്‍."
ഹയ്യ!
ലോകം കുടിച്ചതിന്റെ ഒച്ച മൂര്‍ത്തമായി വെളിപ്പെട്ടതാണ് ‘കിം മ്യോംഗ് ഹോ‘ എന്നാണ് വിവര്‍ത്തനം.

ഹരിത് said...

അയാള്‍ പറഞ്ഞതു അതൊന്നുമല്ല. എം. കെ. ഹരികുമാര്‍ പാവമാണു കേസൊന്നും കൊടുക്കല്ലേ എന്നാണു പറഞ്ഞതു.
അതുകേട്ടു തലകുലുക്കാന്‍ ഒരു ലാപുടയും പിന്നെ കുറെ കവിതകളും.

ഒരിക്കല്‍ ഞാന്‍ കുറെ കൊറിയാക്കാരോടൊപ്പം ലിഡോ ഷോ കാണാന്‍ പോയി. അവര്‍ കുറെ ഷാമ്പൈന്‍ തന്നു . പിന്നെ കുറേ സംസാരിച്ചു: അതിന്റെ അര്‍ത്ഥം ലപുടെക്കു അറിയാമോ? എനിക്കു മാത്രം മനസ്സിലായി. ‘ ലോകാ സമസ്താ സുഖിനോ ഭവന്തു” എന്നാണു അവര്‍ പ്രാര്‍ത്ഥിച്ചത്.
എന്താ എന്റെ ഒരു ബുദ്ധി!!!!

umbachy said...

വായിച്ചു

വിശാഖ് ശങ്കര്‍ said...

മനോഹരമായി...,ദയനീയമായി ഒടുങ്ങിയ ഒരുന്മാദത്തിന്റെ വിവര്‍ത്തനം...

സുനീഷ് said...

യാത്രക്കാരന്റെ സമയത്തേയും കാലത്തേയും മറ്റൊരു സ്ഥലത്തേക്ക് ദിനവും വിവര്ത്തനം ചെയ്യുന്നവനായ പാവം കൊറിയന് ടാക്സി ഡ്രൈവര്, നിന്നെ നിനക്കു പോലുമസൂയ തോന്നുന്ന രീതിയില് ലാപുടയെനിക്കു വിവര്ത്തനം ചെയ്തിരിക്കുന്നു. എനിക്കു നിന്നോടുമസൂയ തോന്നുന്നു.

Roby said...

വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതു കവിത...

നഷ്ടപ്പെടാനാകാത്തത് വിലാപവും.

Sandeep PM said...
This comment has been removed by the author.
Sandeep PM said...

അവസാനത്തെ വരികളില്‍ കവിതയിലോതുങ്ങാത്ത വലിയ എന്തോ ഒന്നു ...

Pramod.KM said...

അങ്ങനെ എന്തൊക്കെയോ ആണ് ഈ കവിത വായിച്ചപ്പോള്‍ തോന്നിയത്.ലഹരികളുടെ കൊത്തുപണികളാല്‍ തീര്‍ത്ത ഈ വിവര്‍ത്തനം ഹൃദ്യമായി:)

aneeshans said...

ഒരു ചിത്രം വരക്കുകയും, വരികളാല്‍ ആഴത്തില്‍ തൊടുകയും ചെയ്തു. ഈ കവിത എനിക്കേറേ ഇഷ്ടമായി.

സ്നേഹം

ശെഫി said...

ലാപൂടയുടെ കവിത എപ്പോഴും ഒരു കാഴ്ച കാണും പോലെയാണ്‌.

ജ്യോനവന്‍ said...

എത്ര കുത്തികുത്തി ചോദിച്ചാലും പറയൂല്ല....
ഈ കവിത തീരെ പാവമാണെന്നത്.
എനിക്കു മനസിലായതില്‍ ഇഷ്ടം തുളുമ്പുന്ന നല്ല നാലഞ്ചു വരികള്‍....

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല വരികള്‍.

ലോകത്തെവിടെയും പാവങ്ങള്‍ക്ക് ഒരേ ഛായ തന്നെയാണ് അല്ലേ?

ഹരിശ്രീ (ശ്യാം) said...

പാവം കവിത എങ്കിലും മൂര്‍ച്ചയുള്ള വരികള്‍. നന്നായി.

siva // ശിവ said...

നല്ല കവിത...അഭിനന്ദനങ്ങള്‍...

ശ്രീ said...

നല്ല എഴുത്ത്.
:)

അനിലൻ said...

മദ്യപിച്ച് കരയുന്ന ഏകാകിയായ ഒരാള്‍, അയാള്‍ ഏതു നാട്ടുകാരനാണെങ്കിലും അതല്ലാതെ വേറെന്ത് പറയും വിനോദ്?

നിലാവര്‍ നിസ said...

നന്നായിട്ടുണ്ട്... ചിലതിനൊക്കെ ലോകത്ത് ഒരേ ഒരു ഭാഷയല്ലേയുള്ളൂ..

Unknown said...

പഴയ കവിതകള്‍ വായിക്കുമ്പോള്‍ വിലാപങ്ങള്‍ മനസ്സില്‍ തടഞ്ഞുനില്‍ക്കും...ദരിദ്രയില്ലത്തെ യവാഗു പോലെ/നീണ്ടിട്ടിരിക്കും നയന ദ്വയത്തീ എന്നാണൊന്ന്..യവാഗു എന്നാല്‍ കഞ്ഞിവെള്ളം..വെള്ളമൊഴിച്ചൊഴിച്ച് വലിച്ചുനീട്ടിയ കഞിവെള്ളം പോലെ നീണ്ട കണ്ണുകളുള്ളവളേ എന്നു പറയുന്ന പ്രേമിയുടെ അനുഭവങ്ങളുടെ ചൂട് ഒന്നോര്‍ത്തു നോക്കൂ..ആ കൊറിയക്കാരനെ നീ കാണും..വീണ്ടും വീണ്ടും...അന്നേരം ആ പഴയ മലയാള കവിത പറഞ്ഞു കൊടുക്കണം..അന്നേരം അറിയാം കല ലോകത്ത് എന്തു ചെയ്യുന്നു എന്ന്..
നന്ദി..ഈ കവിതക്ക്

Unknown said...

പുതുകവിത ഒന്നാം വാര്‍ഷികത്തോടനുബന്‍ധിച്ച് എഴുത്തുകാര്‍ക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.പ്രായപരിധി ഇല്ല.1001രൂപയും,ശില്പവും,പ്രശസ്തി പത്രവുമാണു അവാര്‍ഡ്.കവിത നാല്‍പ്പത്തിഅഞ്ച് വരിയില്‍ കൂടുവാന്‍ പാടില്ല.


രചനകള്‍ മാര്‍ച്ച് 25 നു മുമ്പായി,നാസര്‍ കൂടാളി,പി.ഒ.വാരം,കണ്ണൂര്‍,670594.എന്ന വിലാസത്തിലോ,അല്ലെങ്കില്‍ nazarkoodali@gmail.com എന്ന ഇ-മെയിലിലോ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക.
മൊബൈല്‍:9349424503

ഹരിയണ്ണന്‍@Hariyannan said...

നല്ല വരികള്‍!!
ചിന്തകള്‍ പുതിയവഴികളിലേക്ക് വിന്യസിപ്പിക്കുമ്പോഴാണല്ലോ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാകുന്നത്!!
നന്നായി!

[ nardnahc hsemus ] said...

കവിതയില്‍ ഒരു കഥ
കഥയാല്‍ ഒരു കവിത

ലാപുട, ഈയിടെ വായിയ്ക്കുമ്പോള്‍ തല പെരുക്കുന്നില്ല. :) എങ്കിലും എനിയ്ക്കിഷ്ടം ആ ‘പെരുപ്പ്’ തന്നെ.

മലയാളത്തിനറിയാത്തത്ര
നീളുകയും കുറുകുകയും
മൂര്‍ച്ചയാവുകയും
മുരളുകയും ചെയ്യുന്ന
അതിന്റെ ശബ്ദങ്ങളില്‍.


മലയാളം ‘അറിയുന്ന‘ ലാപുട അതു പറയാമോ?
നമുക്കിടയിലും നീട്ടിയും കുറുക്കിയും മൂര്‍ച്ചിച്ചും മുരണ്ടും കരയുന്ന അനേകം ‘മലയാളി‘കളുള്ളപ്പോള്‍!

ഇനി എന്റെ ഒരു വിവര്‍ത്തനം
കിം മ്യോംഗ് ഹൊ = എന്തിനാടാ മോങ്ങുന്നേ?
:)

ടി.പി.വിനോദ് said...

ദ്രൌപദി,വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.

വി.ആര്‍.ഹരിപ്രസാദ്, അതെ അങ്ങനെ വിചാരിക്കാനേ തോന്നിയുള്ളൂ..

പോങ്ങുമ്മൂടന്‍, നന്ദി സുഹൃത്തേ.

കാഴ്ചക്കാരന്‍, ചില നേരങ്ങളില്‍ നമുക്കുള്ളിലെ മനുഷ്യപ്പറ്റിന് ഒളിച്ചുകളികള്‍ മടുത്തുപോകും അല്ലേ?

സനാതനന്‍...:)

നജൂസ്, അതെ ഉറപ്പായും അതെ...:)

വേണൂജീ, നന്ദി, സന്തോഷം..

ഭൂമിപുത്രീ, നന്ദി..

വെള്ളെഴുത്ത്...:)

ഹരിത്, അതെ അതെ നല്ല സൊയമ്പന്‍ ബുദ്ധി.:)ഇടക്കിടക്ക് ലീവ് കൊടുക്കണം കെട്ടോ ബുദ്ധിക്ക്..

ഉമ്പാച്ചീ, :)

വിശാഖ്, :)

സുനീഷ്, :)

റോബി, വിവര്‍ത്തനവും വിലാപവും..:)

ദീപു, നന്ദി, സന്തോഷം..

പ്രമോദേ..:)

നൊമാദ്, വളരെ സന്തോഷം, നന്ദി.

ശെഫി, ഒരു പക്ഷേ ചില കാഴ്ചകളെ മറയ്ക്കുന്നുമുണ്ടാവും...:):)

ജ്യോനവന്‍...:)

വാല്‍മീകി, നന്ദി..

ശ്യാം...:)

ശിവകുമാര്‍, നന്ദി..

ശ്രീ, നന്ദി ചങ്ങാതീ..

അനിലേട്ടാ, അതെ, വേറെന്ത് പറയാണയാള്‍, വേറെന്ത് കേള്‍ക്കാനാണ് നമ്മള്‍?

നിലാവര്‍ നിസ, വായനയ്ക്കും കമന്റിനും വളരെ നന്ദി.

ഗോപി മാഷേ, ഇതിനെ ആഴത്തില്‍ തൊട്ടതിന് നൂറു നന്ദി. തോല കവിയുടെ വരികളെ പരിചയപ്പെടുത്തിയതിനും..

നാസര്‍, അറിയിപ്പിനു നന്ദി..

ഹരിയണ്ണന്‍, വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.

സുമേഷ് ചന്ദ്രന്‍, എന്റെയുള്ളില്‍ പെരുപ്പിനു പിരി അയയുന്നതു കൊണ്ടാവുമോ? :):)

കൊറിയന്‍ ഭാഷയിലെ ‘ശബ്ദങ്ങളെ’ക്കുറിച്ചു മാത്രമാണ് ഞാന്‍ എഴുതിയത്. കൊറിയന്‍ ഭാഷ സംസാരിക്കപ്പെടുമ്പോള്‍ മലയാളം പഠിച്ച നാവുകൊണ്ട് എളുപ്പത്തില്‍ ഉച്ചരിക്കുക സാധ്യമല്ലാത്ത ഉച്ചാരണങ്ങള്‍ ഉണ്ടാകും. അവരുടെ സംസാരഭാഷ വളരെ എക്സ്പ്രസ്സീവാണ് നമ്മളുടേതിനെ അപേക്ഷിച്ച്...ഒരു ഭാഷയിലെ സ്വരങ്ങള്‍ തന്നെയോ കേള്‍ക്കുന്നത് എന്ന് നമ്മെ കൌതുകപ്പെടുത്തുംവിധമുള്ള വിചിത്രശബ്ദങ്ങള്‍ ഉള്‍ക്കൊള്ളുന്നു അത്. [അകത്തൊണ്ടയുടെ മുകള്‍ ഭാഗത്ത് നിന്ന് ഉച്ചരിക്കുന്ന ചില ശബ്ദങ്ങളൊക്കെ ഉണ്ട്, എനിക്കൊന്നും എത്ര അദ്ധ്വാനിച്ചാലും അനുകരിക്കാനാവാത്തത്. ]അതുകൊണ്ടാണ് ‘ശബ്ദങ്ങള്‍’ എന്നു തന്നെ എഴുതിയത്. രണ്ടു ഭാഷകള്‍ തമ്മില്‍ വേറെ എന്തെങ്കിലും തരത്തില്‍ താരതമ്യം ഉദ്ദേശിച്ചിട്ടേ ഇല്ല..

ആ വിവര്‍ത്തനം ശരിക്കും ചിരിപ്പിച്ചു. ...:)

ഗീത said...

മനസ്സിലാക്കിയതു തന്നെയാണ് ശരി.....

അല്ലെങ്കില്‍ അങ്ങനെ വിശ്വസിക്കാനാണല്ലൊ എളുപ്പവും, നമുക്കു താല്‍പ്പര്യവും.......

[ nardnahc hsemus ] said...

ലാപുട,
കമന്റിലൂടെ ഒരു “വിവര്‍ത്തനം“ കൂടെ തന്നതിനു നന്ദി! :)

Pramod.KM said...

സുമേഷ് ഭായിയുടെ വിവര്‍ത്തനം എന്നെയും ചിരിപ്പിച്ചു:)

sree said...

മനസ്സില്‍ തൊട്ടു വരികള്‍. വിവര്‍ത്തനം ആവശ്യമില്ലാത്ത ഒരു നിശ്വാസം പോലെ....

Right to Dissent said...

പലരോടൊന്നിച്ച്
പലപ്പോഴായി
കയറിയിട്ടുള്ള
മദ്യശാലയുടെ കെട്ടിടം.
poyalo.....ettumanoorathe....palakkunnill.....