Sunday, March 30, 2008

ഒഴിവിടത്തെപ്പറ്റി പറഞ്ഞുനോക്കുന്നു

വല്ലാതെയങ്ങ്
ഇല്ലാതെയായിപ്പോയില്ലേ
നമ്മുടെ പറച്ചിലിലെ
പഴയൊരു പുളകം

പറഞ്ഞുവന്നാല്‍
ചെങ്കല്ല്
വെട്ടിത്തീര്‍ന്നിടത്തെ
കുഴി പോലെയായി

ഓര്‍ക്കാപ്പുറത്ത്
ഉണ്ടായതൊന്നുമല്ല
ചതുരത്തിലാഴത്തില്‍
നമ്മുടെയീ ഇല്ലായ്മ

എന്നാലും...
ഏത് പറച്ചിലും
കെട്ടിപ്പൊക്കാന്‍
ഉറപ്പുള്ളൊരു ഉറപ്പായിരുന്നു

എന്തു ചെയ്യാനാണ് ?
പറഞ്ഞുവന്നാല്‍
എല്ലാ ഉറപ്പും
ഇങ്ങനെയൊക്കെത്തന്നെ

അളന്നു മുറിഞ്ഞ്
ലോറികേറിപ്പോയി
ഒടുക്കമൊടുക്കം
വല്ലാത്തൊരു വിടവ്.

23 comments:

Pramod.KM said...

ശക്തമായ രാഷ്ട്രീയ നിരീക്ഷണം. ഉറപ്പുള്ള ഒരു കവിത.

പി.എന്‍.ഗോപീകൃഷ്ണന്‍ said...

ശരിയാണ്..കാണ്മാനില്ല എന്ന പ്രമേയം എത്ര എഴുതിയാലും തീരില്ല..hollow men ല്‍ എലിയറ്റ് തലയില്‍ കുഴലിട്ടു കുടിക്കാന്‍ പാകത്തില്‍ തുള വീണതിനെപ്പറ്റി എഴുതി.ബ്രെഹ്റ്റിന്റെ കവിതയില്‍ ഈ നഗരം ആരാണ് ഭരിക്കുന്നത് എന്ന ചോദ്യത്തിന് ഭീതി എന്നുത്തരം.ഇന്ന് അധികാരത്തിന്റെ ഭീകരതപോലും സാദാ കള്ളനെപ്പോലെ ഒളിഞ്ഞു കയറുന്നു..പക്ഷെ മോഷ്ടിക്കപ്പെടുന്നതോ ?
സ്വത്വത്തിന്റെ ഭാഗങ്ങള്‍.

സുധീര്‍ (Sudheer) said...

എങ്കിലും ഇനി ആ ഒഴിവിടത്തില്‍ നിന്നും ‘അന്ന് ഉണ്ടായിരുന്നപ്പോള്‍’ എന്നൊക്കെയുള്ള വീമ്പുപറച്ചിലുകളും...

വിശാഖ്ശങ്കര്‍ said...

‘അളന്നു മുറിഞ്ഞ്
ലോറികേറിപ്പോയി‘രിക്കുന്നു പറച്ചിലില്‍ പണ്ട് പുളകങ്ങള്‍ കെട്ടിപ്പൊക്കിയ ആ ഉറപ്പ്.

ജീവന്റെ പരിസരം നിറയെ ബാക്കിയാവുന്നു ‘ചതുരത്തിലാഴത്തില്‍ വല്ലാത്തൊരു വിടവ്’.

ഉരുണ്ടു കൂടിയ ഈ ശൂന്യതയെ എങ്ങനെയാണൊന്ന് പെയ്തൊഴിപ്പിക്കുക...!

സുനീഷ് കെ. എസ്. said...

അളന്ന് മുറിഞ്ഞ് പോയിടത്ത് തന്നെയാണ്‍ അളന്ന് മുറിഞ്ഞ വിടവുകള്‍ വന്നു നിറയുന്നത് അല്ലേ? വിഷ്ണുമാഷ്ടെ ഒഴിവ് എന്ന കവിത വായിച്ചിരുന്നോ?
http://prathibhasha.blogspot.com/2008/02/blog-post_17.html

റോബി said...

അതെ. ഒന്നും ആകസ്മികമായിരുന്നില്ല.
ആകസ്മികമല്ലാത്തെ ഒരു നീറ്റലാകുന്നു ഈ കവിത. എന്റെ ഒഴിവിടങ്ങളിലേക്ക് അതിനെ ഞാന്‍ പകര്‍ത്തുന്നു.

ഒരു ചതുരത്തിലും ഒഴിവുകള്‍ ഒഴിവുകള്‍ മാത്രമല്ലല്ലോ, കഷണിയ്ക്കുന്ന വളര്‍ച്ചകളും ചില അടയാളങ്ങളും കൂടിയല്ലേ

Anonymous said...

ബുദ്ധിപരമായി വളരെ ഭദ്രമാണ് താങ്കളുടെ കവിതകള്. അമൂറ്ത്തമായ യുക്തി എന്നതായിരിക്കാം ക്രിത്യമായ പദം.

ഭാഷയും രൂപവും തീറ്ത്തും പക്വതയാറ്ജ്ജിച്ച് കഴിഞ്ഞു എന്നത് തിരിച്ചറിയാവുന്ന ഒരു വ്യക്തിത്വം കവിതക്കുണ്ടാക്കുന്നു. അമൂറ്ത്തവും ബൌദ്ധികവുമായ ആശയങ്ങള് വ്യക്തതയോടെ പറയാന് ക്രിത്യമായ ഭാഷ അനിവാര്യവും തന്നെ.

ലാ സ്ഫുട!

മധു

ജ്യോനവന്‍ said...

ശക്തമായ നിരീക്ഷണം.
ലോറികയറിപ്പോയ ഉറപ്പുകളുടെ ഭൂതത്തെ ഇതിനപ്പുറം ഫലിപ്പിക്കാനാവില്ല.

prem prabhakar said...

ഓര്‍ക്കാപ്പുറത്ത്
ഉണ്ടായതൊന്നുമല്ല
ചതുരത്തിലാഴത്തില്‍
നമ്മുടെയീ ഇല്ലായ്മ.....

It peaked here... then it lost some of its fluidity like victim of a sudden frost, beautiful nonetheless.

കാഴ്‌ചക്കാരന്‍ said...

നഞ്ചു പിളര്‍ന്നൊരു വീടു പണിത വിടവാണത്‌.

സനാതനന്‍ said...

ഗൃഹാതുരത്വത്തിനെതിരെ ശക്തമായി അടിക്കുന്ന ഒരു കവിതകൂടി.എന്റെ ദൃഷ്ടിയില്‍ ഇവിടെ നിന്നും വിഷ്ണുപ്രസാദിന്റെ പശുവിന്റെ Le
കയര്‍ ഇങ്ങോട്ടു നീണ്ടുകിടപ്പുണ്ട്.

നജൂസ്‌ said...

വിടവുകള്‍ യാതാഥ്യമാണല്ലേ...?

ലാപുട said...

പ്രമോദേ , താങ്ക്സ്..

ഗോപിയേട്ടന്‍, എലിയറ്റിന്റെ തീക്ഷ്ണകാവ്യം കാണിച്ചുതന്നതിന് വളരെ നന്ദി..

സുധീര്‍, അതെ വമ്പുകളുടെ വക്കുകള്‍ക്കുള്ളില്‍ ഇല്ലാതായിരിക്കുന്ന എന്തിന്റെയോ ശൂന്യതയില്‍..

വിശാഖ്, ശൂന്യത പെയ്തൊഴിയുമായിരിക്കില്ല..അതങ്ങനെ കല്ലിച്ചുപോവുന്നതാവും കാവ്യനീതി ...:)

സുനീഷ്, നന്ദി, ഒഴിവ് വായിച്ചു.ഇഷ്ടമായി.

റോബി, ഒരു കല്ലില്‍ നിന്ന് ശില്പമല്ലാത്ത ഭാഗങ്ങളെ ശില്‍പ്പി ഡിലീറ്റ് ചെയ്യുന്നതുപോലെ നമ്മളില്‍ നിന്ന് ശൂന്യതയല്ലാത്തതിനെയൊക്കെ മുറിച്ച് കളയുന്നതുകൊണ്ട്...:)

മധുസൂദനന്‍, നല്ല വാക്കുകള്‍ക്ക് വളരെ നന്ദി. തുടര്‍ന്നും പ്രതീക്ഷിക്കുന്നു വായനയും പ്രതികരണങ്ങളും.

ജ്യോനവന്‍, നന്ദി..:)

പ്രേം, എന്നെ സംബന്ധിച്ചിടത്തോളം അതിനടിയില്‍ നിന്നും വേറൊന്ന് തുടങ്ങുന്നുണ്ടായിരുന്നു...:)

കാഴ്ചക്കാരന്‍, നന്ദി. നെഞ്ച് എന്നാണ് ഉദ്ദേശിച്ചത് എന്ന് കരുതുന്നു. അതോ നഞ്ച് എന്ന് തന്നെയോ?

സനാതനന്‍, ഗൃഹാതുരത്വം കാലഹരണത്തിന്റെ Subset ആയതുകൊണ്ടാവും..

വെള്ളെഴുത്ത് said...

വല്ലാത്തൊരു ഫീലിംഗാണ് കവിത വായിക്കുമ്പോള്‍. എന്തോ അവിടെയുണ്ടെന്ന് മനസ്സിലാവുന്നു. അതു സ്വപ്നത്തിലെ കാഴ്ച പോലെ, മഞ്ഞിലെ കാഴ്ചകള്‍ പോലെ അവ്യക്തമായിരിക്കട്ടെ എന്നു വച്ച് “ അതൊരു ഇല്ലായ്മയല്ലേ’ എന്നു വിചാരിക്കുമ്പോള്‍ ഒരു വല്ലായ്ക.. “
അങ്ങനെയിരിക്കട്ടേ..

ദീപു said...

ഉറപ്പിന്റെ നിഴലാണെന്ന് തോന്നുന്നു വിടവ്‌.ഉറപ്പിനെ ഉറപ്പിക്കുന്ന ഉറപ്പ്‌.

പ്രമോദ്‌ പറഞ്ഞത്‌ പോലെ ശക്തമായ രാഷ്ട്രീയ നീരീക്ഷണം.തത്ത്വശാസ്ത്രപരമായും ചിന്തിക്കാം.

നന്ദി.

നന്ദന said...

പണ്ടുണ്ടായിരുന്നതിനെ ഗൃഹാതുരതയോടെ ഓര്‍ക്കാമായിരുന്ന ഒരു സമയത്തില്‍ നിന്ന്, നഷ്ടബോധത്തോടെ മാത്രം ഓര്‍ത്തെടുക്കേണ്ടി വരിക.
ചെങ്കല്ല് മാത്രമല്ല ചെമ്മണ്ണും ലോറി കേറിപ്പോയി. കോണ്‍ക്രീറ്റ് കട്ടകളാണിപ്പോള്‍ എല്ലായിടത്തും.

ശ്രീ said...

“പറഞ്ഞുവന്നാല്‍
എല്ലാ ഉറപ്പും
ഇങ്ങനെയൊക്കെത്തന്നെ”
:)

ലാപുട said...

നജൂസ്, അല്ലാതെ വരാന്‍ വഴിയില്ല അല്ലേ ?

വെള്ളെഴുത്ത്, നന്ദി.
ഇല്ലായ്മയോ എന്ന് വേര്‍തിരിയാത്തൊരു
വല്ലായ്കയാഴത്തില്‍ വെളിവിന്റെ വേരിലും. :)

ദീപു, നന്ദി. നിറവ് നമ്മളില്‍ കണ്ണാടി നോക്കുമ്പോള്‍ വിടവു കണ്ടു ചിരിക്കുന്നുമുണ്ടാവും.:)

നന്ദന, നന്ദി, വായനയ്ക്കും അഭിപ്രായത്തിനും.

ശ്രീ, നന്ദി..:)

പരിഷ്കാരി said...

നന്നായി ഇഷ്ടപ്പെട്ടു.

സുമേഷ് ചന്ദ്രന്‍ said...

അതെ, എന്തു ചെയ്യാനാണ് ?

ഒന്നു നെടുവീര്‍പ്പിടാന്‍ പോലും കഴിയാത്ത വിധം ലോറി കേറിപ്പോയി... ഒക്കെ പിന്നേം ഓര്‍മ്മിപ്പിയ്ക്കണ്ടായിരുന്നു..

ലാപുട, സത്യത്തില്‍ ആ ചതുരാഴത്തിനെക്കാളും എത്രയോ അഗാധമായ ആഴത്തിലേയ്ക്കാണ് ഈ വരികള്‍ കൊണ്ടുചെന്നെത്തിയ്ക്കുന്നത്.. വായിയ്ക്കുംതോറും കൂടുതല്‍ ആഴത്തിലേയ്ക്ക് വിണ്ടും വീണ്ടും കൈവിട്ട് വീഴുന്നപോലെ..

ഇത്രയും ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് നിങള്‍ വായനക്കാരന്റെ മനസ്സില്‍ തീര്‍ക്കുന്ന കാന്‍വാസ് എത്രയോ വലുതാണ്.. വാക്കുകളുടെ മായാജാലക്കാരന്‍!

പുടയൂര്‍ said...

എന്തു ചെയ്യാനാണ് ?
പറഞ്ഞുവന്നാല്‍
എല്ലാ ഉറപ്പും
ഇങ്ങനെയൊക്കെത്തന്നെ

മഷേ ആശംസകള്‍

ഉഷാകുമാരി.ജി. said...

നല്ല കവിത തന്നെ, ഇപ്പോഴാണ് കാണുന്നത്..അവനവനെയും ചുറ്റുപാടിനെയും ഒരു തുടര്‍ച്ചയായിക്കാണുന്നവരുടെ അനിവാര്യമായ വിധി!

ലാപുട said...

പരിഷ്കാരി, സുമേഷ് ചന്ദ്രന്‍, പുടയൂര്‍, ഉഷാകുമാരി, വരവിനും വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.