Thursday, May 22, 2008

ഇടനാഴി

നില്‍പ്പോടുനില്‍പ്പായ
കെട്ടിടത്തിനുള്ളില്‍

നടപ്പുകള്‍ക്കു മാത്രമായി
വിള്ളലായി നില്‍ക്കും
ചില ഇടങ്ങള്‍-
ഇടനാഴികള്‍.

ഓരോ മനുഷ്യനും
ഒരു കെട്ടിടമാണെന്ന്
വിചാരിച്ചാലുമറിയാം,

അങ്ങോട്ടോ ഇങ്ങോട്ടോ
ഉള്ളില്‍ നിന്ന് ഉള്ളിലൂടെ
പോക്കുവരവനക്കങ്ങള്‍;

നില്‍പ്പോടുനില്‍പ്പിന്നകത്ത്
പുറത്തൊട്ടുമറിയാത്ത വിധത്തില്‍.

26 comments:

നസീര്‍ കടിക്കാട്‌ said...

കുടുങ്ങിക്കിടപ്പൂ
ചില നിശ്ശബ്ദതകളിടനാഴിയില്‍

പൊളിച്ചെഴുത്ത് said...

പുറത്തറിയാത്ത സഞ്ചാരങ്ങള്‍ നിറഞ്ഞ മനുഷ്യക്കെട്ടിടമേ എന്ന് പരസ്പരം വിളിക്കാവുന്ന തരത്തില്‍ പരിണമിച്ചുപോയ മനുഷ്യരെ കണ്ടെടുക്കുന്നു ഈ കവിത.

വെള്ളെഴുത്ത് said...

അതറിയാം, പോക്കുവരവനക്കങ്ങള്‍. പുറത്തൊട്ടു മറിയാത്ത വിധത്തിലല്ല, പുറത്തൊട്ട് അറിഞ്ഞു പോകുന്നതാണ് ദുഃഖം! ഈ നില്‍പ്പോടു നില്‍പ്പിനിടയിലും, ഇടനാഴിയില്‍ കുടുങ്ങിക്കിടക്കാതെ പുറത്തേയ്ക്കൊഴുകി വെളിപ്പെട്ടു പോകുന്ന നിശ്ശബ്ദതകള്‍ ! എന്തു ചെയ്യും?

ചന്തു said...

പോക്കുവരവനക്കങ്ങളിലൂടെ...... ഇടങ്ങള്‍ കണ്ടെത്തിയ ഈ വരികള്‍ക്കെന്റെ അഭിനന്ദനം.

Pramod.KM said...

‘ഓരോ മനുഷ്യനും ഒരു കെട്ടിടമാണ്’.രണ്ടു കെട്ടിടങ്ങള്‍ക്കിടയിലും ഉണ്ട് പോക്കുവരവിനുള്ള ഇടങ്ങള്‍.:)

ശ്രീലാല്‍ said...

ഏത് ഇന്ദ്രിയം കൊണ്ടാണ് നീ ഉള്ളിലെ പുറത്തറിയാത്ത പോക്കുവരവനക്കങ്ങളെ ഇങ്ങനെ അളന്ന് തൂക്കി കവിതയാക്കുന്നത് ?

ഈര്‍ച്ച എന്ന ഉപമയോടും ചേര്‍ത്തു വായിക്കുന്നു.

sree said...

ചില നിശ്ശബ്ദതകള്‍ ഇടനാഴിയിലേ കേള്‍ക്കൂ, മനസ്സുകള്‍ക്കിടയിലേ no man's land !

നജൂസ്‌ said...

പോക്കുവരവിന്റെ ഇടങ്ങളില്‍ കൊത്തിവെച്ചിരിക്കുന്നു നഗ്ന ചിത്രങ്ങള്‍. കടന്നു പോവുന്നവറുണ്ടോ കാണുന്നു ചുമരിനപ്പുറത്തെ ഇരുണ്ട മുറികളെ.

ലാപൂടാ.. തുറന്ന്‌ വെച്ചിരിക്കുന്നു ഒരു പുതിയ ഇടനാഴി

നന്മകള്‍

റീനി said...

പോക്കുവരവനക്കങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പണ്ടെ മനസ്സ് ഉറഞ് പോവില്ലായിരുന്നോ?

റോബി said...

അനക്കങ്ങള്‍ എത്രമാത്രം നിര്‍മ്മിതമാണോ അത്രമാത്രം ഭീദിതവുമാണ്.. നമ്മിലുണ്ടാകട്ടെ ജൈവികമായ അനക്കങ്ങള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നൈമിഷികമായ അനക്കങ്ങള്‍ ഇടനാഴികളില്‍ പ്രതിധ്വനികള്‍ ഉണ്ടാക്കിയേക്കാം

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഒരോ ഇടനാഴിയിലും വേദനയുടെ ദുഖത്തിന്റെ നിരാശയുടെ മണിമുഴക്കങ്ങള്‍ മാത്രം

Inji Pennu said...

ഇടനാഴിയിലെ റോഡ് വീതികൂട്ടുകയും കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റപ്പെടുകയും ചെയ്യുമ്പോള്‍?

ജ്യോനവന്‍ said...

ഇടനാഴിയില്‍ ഒരു കവിയൊച്ച! കവിതയൊച്ച.

ശ്രീ said...

നല്ല ആശയം.
:)

പി.എന്‍.ഗോപീകൃഷ്ണന്‍ said...

മനുഷ്യാലയചന്ദ്രിക!

രാജ് നീട്ടിയത്ത് said...

ഇടനാഴികയുടെ ഇരുട്ടിലൂടെ, ചീനഭരണിയുടെ പഴകിയ മണങ്ങൾക്കു നടുവിലൂടെ ഇനി നാലടി നടന്നു വലത്തോട്ടു തിരിഞ്ഞു കാലു ഉയർത്തിവച്ചാൽ വെളിച്ചമുള്ള ഒരു മുറി എന്നു എണ്ണിത്തിട്ടപ്പെടുത്തി കണ്ണിറുകേയടച്ചു ഇടനാഴികൾ താണ്ടുന്ന കേവലശ്രമത്തിനൊടുവിൽ ചുമരിൽ തലയിടിച്ചു ഇരുട്ടിലേയ്ക്കു കണ്ണുതുറക്കുന്നവയാണ് എന്റെ ഉള്ളിലെ പോക്കുവരവനക്കങ്ങൾ

ലാപുട said...

നസീര്‍, ശബ്ദങ്ങളുടെ ഇടനാഴിയാവണം നിശ്ശബ്ദത.

പൊളിച്ചെഴുത്ത്, ആ വായനയ്ക്ക് നന്ദി, സന്തോഷം.

വെള്ളെഴുത്ത്, അകത്തൊരിടത്തുനിന്ന് അകത്തുതന്നെ വേറൊരിടത്തേക്കുള്ള പോക്കുവരവുകളാണെങ്കില്‍ അല്‍പ്പം കൂടി സങ്കീര്‍ണ്ണമല്ലേ?

ചന്തു, വായനയ്ക്കും കമന്റിനും ഏറെ നന്ദി.

പ്രമോദേ, രണ്ടു കെട്ടിടങ്ങള്‍ക്കിടയിലെ നടപ്പാതയെ ഇടനാഴി എന്നു വിളിക്കില്ലല്ലോ? :)

ശ്രീലാലേ...:)

sree, 'no man's land' അത് പരമസത്യം.

നജൂസ്, നന്ദി.

റീനി, അതെ, ഇടനാഴിയുടെ ജീവന്‍ അതിലൂടെയുള്ള നടപ്പുകള്‍ തന്നെയാവണം.

റോബി, കൃത്രിമത്വം ഒരു ജൈവിക പ്രതികരണമായി ശീലിക്കുന്നുണ്ട് നമ്മുടെ കാലം.അല്ലേ?

പ്രിയ, നൈമിഷികം നല്ലൊരു വാക്കല്ലേ..അത് ഒരു നിമിഷവുമായെങ്കിലും ബന്ധപ്പെട്ടിരിക്കുന്നു..:)

അനൂപ് , നന്മകളുടെ സഞ്ചാരവും ഇടനാഴികളൂടെ ഉണ്ടാവാറില്ലേ?

ഇഞ്ചിപ്പെണ്ണ്, അതിനൊരു പോംവഴി ഈ കവിതയില്‍ ഉണ്ടെന്ന് തോന്നുന്നില്ല.

ജ്യോനവന്‍, :)

ശ്രീ, നന്ദി.

ഗോപിയേട്ടന്‍, :)

രാജ്, :)

സുമേഷ് ചന്ദ്രന്‍ said...

ഇത്തരത്തിലുള്ള ഇടനാഴികളാണല്ലൊ കെട്ടിടത്തിനും മനുഷ്യനും അവരുടേതായ ‘പ്രസക്തി‘ ഉണ്ടാക്കികൊടുക്കുന്നത്..

:)


------------------------------
പോക്കുവരവനക്കങ്ങള്‍, ചതുരത്തിലാഴത്തില്‍, ഉരിയാട്ടുപെരുക്കങ്ങള്‍... ഈ വാക്കുകളൊക്കെ ഞാന്‍ കൂട്ടിവയ്ക്കാന്‍ തുടങ്ങി!

:)

അനിലന്‍ said...

കവിതയില്‍നിന്ന്
ഊരിയെടുക്കാനാവുന്നില്ല
കഴുക്കോലുകള്‍!

കെ.പി റഷീദ് said...

ലാപുടാ, അകവും പുറവും
അടഞ്ഞുപോവുന്ന ചില കെട്ടിടങ്ങളുമുണ്ട്.
ഒരു വാക്കിനും തുറക്കാനാവാത്ത ചിലത്.

ധ്വനി | Dhwani said...

നടപ്പുകള്‍ക്കു മാത്രമായി
വിള്ളലായി..
നല്ല ചിന്ത!

Sandeep PM said...

ആ വഴികളിലെ വിജനതയാണ് പോക്കിനും വരവിനും ഇത്രയും പ്രാധാന്യം കല്‍പ്പിച്ചു കൊടുക്കുന്നത്.

വിശാഖ്ശങ്കര്‍ said...

വിചാരങ്ങള്‍ അസ്വസ്ഥമായ് ഉലാത്തുന്ന ഇടനാഴികള്‍...

അകം ചലനങ്ങള്‍ അറിയാതെ അവയെ ചുമന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍..

മനുഷ്യര്‍...

ലാപുട said...

സുമേഷ് ചന്ദ്രന്‍, അനിലേട്ടന്‍, റഷീദ്, ധ്വനി, സന്ദീപ്, വിശാഖ്, വായനയ്ക്കും അഭിപ്രായത്തിനും എല്ലാവര്‍ക്കും നന്ദി.

stanlee said...

Each man is a building. Well said.