Thursday, August 21, 2008

മടക്കവിവരണം

ഈ നേരത്തിത്
എവിടെ പോയതാണെന്ന്
കുശലം, സംശയം.

ഇതുവരെ വന്നതെന്ന്
ഒരാളെ കാണാനുണ്ടായിരുന്നെന്ന്
മറുപടി, വിശദീകരണം‍.

എവിടെയും
പോയതായിരുന്നില്ല
ഒരാളിനെയും
കാണാനുമുണ്ടായിരുന്നില്ല

ചോദ്യത്തിലെ ആകാംക്ഷ
വല്ലാതെയങ്ങ് കൂര്‍ത്തത്
ഒട്ടുംതന്നെ പിടിച്ചില്ല
അത്ര തന്നെ..

അല്ലെങ്കിലും പറഞ്ഞതപ്പാടെ
മുഴുവനായും കളവെന്ന്
തെളിയിക്കാനൊന്നും പറ്റില്ലല്ലൊ

വേറെയാരെയും കണ്ടിട്ടല്ലെങ്കിലും
അവനവനെയെങ്കിലും
കണ്ടിട്ടാവില്ലേ മടങ്ങുന്നുണ്ടാവുക?

എത്ര മൂര്‍ച്ചയില്‍
ആകാംക്ഷയുണ്ടായാല്‍
തുളച്ചുചോര്‍ത്താനാവും
ഇതില്‍ നിന്നൊരു കളവിനെ ?

14 comments:

Pramod.KM said...

പലപ്പോഴും അഭിമുഖീകരിക്കുന്നന്‍ ചോദ്യങ്ങളാണ് എന്തു ചെയ്യുന്നു,എവിടെ പോകുന്നു എന്നൊക്കെ. വെറുതേ എന്നതിനു പകരം ഉപയോഗിക്കുന്ന വെറുതെയല്ലെന്ന് വെളിവാക്കുന്ന വാക്കുകളില്‍ നിന്നും ആര്‍ക്കും കളവു ചോര്‍ത്താനും കഴിയില്ല.:)

നജൂസ്‌ said...

അത്ര ശക്തമായൊരു മൂര്‍ച്ച വേണ്ടാ തുള പൊളിച്ചതിനെ കൊണ്ടുവരാന്‍.
എവിടെ വന്നതാണന്നും എപ്പൊ പോവുമെന്നും....

നജൂസ്‌ said...
This comment has been removed by the author.
ശ്രീ said...

:)

aneeshans said...

ഒരു കമന്റിടണമല്ലോ, വായിച്ചുവെന്നോ, ഇഷ്ടമായെന്നോ അങ്ങനെ എന്തേലും. എന്തിന് വായിച്ചുവെന്നോ, എന്തിനീ വഴി വന്നുവെന്നോ ആരെങ്കിലും ചോദിച്ചാലോ :).

കവിത ഓരോ വട്ടവും അനുഭവിപ്പിച്ച് പിടി തരാതെ വഴുതുന്നു.കവിതയെ അരിച്ചരിച്ച് ശുദ്ധമാക്കി എഴുതുന്ന കവിയ്ക്ക് സ്നേഹം.

Rare Rose said...

ചില ചോദ്യങ്ങളുടെ മൂര്‍ച്ചയില്‍ അസഹിഷ്ണുത മറച്ചു വെച്ചു നല്‍കുന്നയിത്തരം മറുപടികള്‍ വരികളിലൂടെ എത്ര നന്നായി അവതരിപ്പിച്ചിരിക്കുന്നു...ആശംസകള്‍..:)

Sarija NS said...

ഈ ചോദ്യങ്ങളെ എനിക്കും ഇഷ്ടമല്ല. ആ ഇഷ്ടക്കേട് കവിതയാക്കിയ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍

siva // ശിവ said...

ഈ വരികളിലെ ചിന്തകള്‍ നന്നായി...എന്നാലും ചിലപ്പോഴൊക്കെ ഈ ചോദ്യങ്ങള്‍ അവശ്യവുമാണ്...

നരിക്കുന്നൻ said...

പലപ്പോഴും നമുക്ക് അസഹിഷ്ണുതയുണ്ടാക്കുന്ന സംഭാഷണങ്ങള്‍ കവിതാ രൂപത്തില്‍ നന്നായിട്ടുണ്ട്.

420 said...

ദേ, ഇവിടെവരെ...

Mahi said...

മനുഷ്യന്റെ ആകാംഷകളെ വളരെ രസകരമായ രീതിയില്‍ എഴുതിയിട്ടുണ്ട്‌ മാര്‍ക്ക്‌ റ്റ്വയിന്‍ ടോം സോയറില്‍ പത്തിലൊ മറ്റൊ പഠിക്കാനുമുണ്ടായിരുന്നു.ഇത്തരം ആവശ്യമില്ലത്ത ചോദ്യങ്ങള്‍ക്ക്‌ എത്ര മൂര്‍ച്ച വെച്ചാലും അതില്‍ നിന്ന്‌ ഒരു കളവു പോലും ചോര്‍ത്തനാവില്ലെന്നതാണ്‌ ആ കഥ വയിച്ചപ്പോള്‍ എനിക്കു തോന്നിയത്‌
സമൂഹ മനസിന്റെ ചില ശീലങ്ങളെ ശീലങ്ങളയാതു കൊണ്ടു മാത്രം കൊണ്ടു നടക്കുന്നവയെ ഈ കവിത വിശദീകരിക്കുന്നുണ്ട്‌.ഇത്തരം ചില നീരീക്ഷണങ്ങള്‍ ഡോസ്റ്റ്യോവ്സ്കിയില്‍ കണ്ടിട്ടുണ്ട്‌

umbachy said...

ചില എങ്ങോട്ടാ
രാവിലെ
കേള്‍ക്കുമ്പൊഴേ തോന്നും ഇന്ന് പോയീന്ന്,
ചില എങ്ങോട്ടാ
ചോദിക്കപ്പെടാതെ പോവുന്നതു കാണുമ്പോ
തോന്നും
ഒന്ന് ചോദിക്കെടോ..

വിശാഖ് ശങ്കര്‍ said...

ഒരു കുശലം കൊണ്ട് മറുകുശലത്തിലെ കളവുകളെ ചോര്‍ത്തുന്ന കൌശലം; ആകാംക്ഷയുടെ സാമൂഹ്യപാഠം...!

ടി.പി.വിനോദ് said...

നന്ദി, വായിക്കുകയും അഭിപ്രായമെഴുതുകയും ചെയ്ത എല്ലാവര്‍ക്കും..