Thursday, August 28, 2008

എന്തുകൊണ്ട് ?

എന്തുകൊണ്ടാണിത്ര
തുറിച്ചുനോക്കുന്നതെന്നതിന്
കണ്ണുകൊണ്ട്
എന്നൊരുത്തരം
എപ്പോഴും നിലനില്‍ക്കുന്നു,

എന്തുകൊണ്ടാണ്
ജീവിക്കുന്നതെന്ന ചോദ്യത്തിന്
ശരീരം കൊണ്ട്
എന്ന ഉത്തരം
പെട്ടെന്ന് മനസ്സിലാവുന്നിടത്ത്
പ്രത്യേകിച്ചും.

17 comments:

ശ്രീ said...

സത്യം തന്നെ.
:)

വിശാഖ് ശങ്കര്‍ said...

if there is a why, there will always be a because.

ഓരോ ‘എന്തുകൊണ്ടും’ ഓരോ ‘എന്തുകൊണ്ടെന്നാല്‍’കളാല്‍ വിശദീകരിക്കപ്പെടണം എന്ന ശാഠ്യമാവാം ചോദ്യോത്തരങ്ങള്‍ പംക്തികളായി അറിവിന്റെ ഉറക്കം കെടുത്തുന്നത്.

Pramod.KM said...

ഉത്തരങ്ങള്‍ പെട്ടെന്ന് മനസ്സിലൊക്കെ ആകും. പക്ഷെ ഉത്തരം പറയുന്നയാളിലെ അതൃപ്തി കേള്‍ക്കുന്നയാളിലും പകരും.:)

ജ്യോനവന്‍ said...

ശരീരം എന്ന ഉത്തരത്തിന്റെ ചോദ്യം

Umesh::ഉമേഷ് said...

ഒരു മിമിക്രി സ്റ്റേജ് ഷോയില്‍ നിന്നു്:

അദ്ധ്യാപകന്‍: മരംകൊത്തി മരം കൊത്തുന്നതു് എന്തുകൊണ്ടു്?
കുട്ടി: ചുണ്ടുകൊണ്ടു്.
അ: അതല്ലെടാ. മരം കൊത്തുന്നതിന്റെ കാരണമെന്തു്.
കു: അതു് അതിന്റെ പേരു നിലനിര്‍ത്താന്‍. വല്ല റോട്ടിലും പോയി കൊത്തിയാല്‍ ആളുകള്‍ അതിനെ റോട്ടുകൊത്തീ, റോട്ടുകൊത്തീ എന്നു വിളിക്കില്ലേ?

നരിക്കുന്നൻ said...

അത്കൊണ്ട് തന്നെ...

Mahi said...

ആപേക്ഷികതാ സിദ്ധാന്തം ചോദ്യോത്തരങ്ങളുടെ മാത്രമല്ല ജീവിതത്തിന്റെയും

ടി.പി.വിനോദ് said...

ശ്രീ, നന്ദി.

വിശാഖ്, എന്തിനും ഒരു തുടക്കവും ഒടുക്കവുമുണ്ടായിരിക്കുമെന്ന് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ നമ്മള്‍ വിശ്വസിക്കുന്നത് പോലെ..:)

സരിജ..:)

പ്രമോദേ..:)

ജ്യോനവന്‍, എല്ലാ ഉത്തരങ്ങള്‍ക്കും ഒരു ചോദ്യത്തെയെങ്കിലും സംഘടിപ്പിക്കലാവുന്നു നമ്മുടെ പല പരക്കം‌പാച്ചിലുകളും..:)

കേരള‌ഇന്‍സൈഡ്, നന്ദി..

ഉമേഷേട്ടാ, മിമിക്സ്‌പരേഡ് സ്റ്റേജിന് പുറത്തുള്ള ആളുകളും ആശയങ്ങളും എന്തുമാത്രം അതിനോട് കടപ്പെടേണ്ടിയിരിക്കുന്നു ! ആ സ്റ്റേജിന്റെ സമ്മതിയിലേക്ക് ചിരിവസ്തുവായി കയറിച്ചെല്ലാനല്ലെങ്കില്‍ ദുനിയാവിലെ സകലമാന ചെയ്തികളും ചിന്തകളും സംഭവിക്കുന്നത് വേറെയെന്തിനാണ് ? മിമിക്സാണ് ജീവിതം, തമാശയാണ് പ്രാണന്‍, പുച്ഛമാണ് സാഫല്യം. തമാശയുടെ ട്രോപ്പോസ്ഫിയറിനപ്പുറം ഒന്നുമില്ല, ഉണ്ടെങ്കില്‍ അതിനെ വകവെക്കേണ്ടതില്ലെന്ന് ആര്‍ക്കാണറിയാത്തത് ?

നരിക്കുന്നന്‍, മഹി, നന്ദി..

Latheesh Mohan said...

മിമിക്രിയുടെ സ്വാധീനം കൊണ്ട് വഷളായ ഭാഷ.

--

വിനോദ്, എനിക്കിത് പെരുത്തിഷ്ടപ്പെട്ടു. വിനോദ് ആണ് എഴുതിയതെന്നതു കൊണ്ട്, ഞാന്‍ വായിച്ച രീതി ശരിയാകണമെന്നില്ല. പക്ഷേ, എനിക്ക് ഇപ്പോളീ കവിത അങ്ങനെ വായിക്കേണ്ടുന്ന ഒരാവശ്യകതയുണ്ട് (കവിത അതെഴുതുന്നവരുടെയല്ല, ഉപയോഗിക്കുന്നവരുടെ കലയാണെന്ന്, പോസ്റ്റ്മാനില്‍ സ്കാര്‍മേത)

ശരീരം കൊണ്ട് ജീവിക്കുന്നതു കൊണ്ടല്ലേ, ആണുങ്ങളും പെണ്ണുങ്ങളും പരസ്പരം തുറിച്ചു നോക്കുന്നത്. തുറിച്ചു നോട്ടം ഏറ്റവും വൃത്തികെട്ടവന്റെ കലയാണെന്ന് പറയുമ്പോള്‍ ജീവിതം എത്ര വൃത്തികെട്ടതാവണം. ആ വഴിക്ക് ഞാന്‍ ഈ കവിതയുമായി പോകുന്നു.

[ nardnahc hsemus ] said...

എന്തുകൊണ്ടാണിത്ര
തുറിച്ചുനോക്കുന്നതെന്നതിന്
ആരും കണ്ണുകുത്തിപ്പൊട്ടിക്കാത്തതുകൊണ്ട്
എന്നൊരുത്തരവും
എപ്പോഴും നിലനില്‍ക്കുന്നു,

എന്തുകൊണ്ടാണ്
ജീവിക്കുന്നതെന്ന ചോദ്യത്തിന്
മിക്ക ദിവസവും നാട്ടുകാരുടെ തല്ലുകൊണ്ട്
എന്ന ഉത്തരവും
പെട്ടെന്ന് മനസ്സിലാവുന്നിടത്ത്
പ്രത്യേകിച്ചും.


[“എന്നാലും അങ്ങനൊരുത്തരമുണ്ടെന്ന് വച്ച് എപ്പഴും ഇങ്ങനെ തുറുപ്പിയ്ക്കാതെ നോക്കിക്കൂഡ്രോ?“]

വെള്ളെഴുത്ത് said...

അപ്പോള്‍ ശരീരം കൊണ്ടു (മാത്രം) ജീവിക്കുന്നിടത്ത് തുറിച്ചുനോട്ടത്തിന് അതീവസൌമ്യമായൊരുത്തരമുണ്ട്. എനിക്കു നിലനില്‍പ്പായി.

Sanal Kumar Sasidharan said...

ഗഹനമായ എല്ലാ ഉത്തരങ്ങളൂം പരാജയപ്പെടുന്നിടത്ത് ,ഉപരിപ്ലവമായ നിസാരതകൾക്ക് നിലനിൽ‌പ്പുണ്ട്.എന്തുകൊണ്ടാണ് ജീവിക്കുന്നതെന്ന ചോദ്യത്തിന് ഗൌരവതരമായ ഒരുത്തരം തേടി ജീവിതം മുഴുവൻ അലയുന്നവൻ അതു കണ്ടെത്താനാവാതെ ശവക്കുഴിയിലേക്കെത്തുമ്പോൾ ,ശരീരം കൊണ്ടെന്ന അലസമായ ഉത്തരം വളരെ മുന്നേ കണ്ടെത്തിയവൻ അടുത്ത കുഴിയിൽ പുകയുന്നുണ്ടാവും ഒരു ചിരിയോടെ.അത്രക്കൊന്നും തുറിച്ചുനോക്കേണ്ടതില്ല ഒന്നും കണ്ടെത്താനാവില്ല അല്ലേ.

നജൂസ്‌ said...

ശരീരം കൊണ്ട്‌ മാത്രം ജീവിക്കുന്നിടത്ത്‌ ഞാനും ജീവിച്ചിരിക്കുന്നു എന്നുള്ളൊരു ചിന്ത വീണ്ടും ആരോ ഓതി തരുന്ന പോലെ...

പ്രസൂണ്‍ നവീന്‍ said...

എന്തുകൊണ്ടാണ്
ജീവിക്കുന്നതെന്ന ചോദ്യത്തിന് അങ്ങനെ ജീവിക്കുന്നു എന്നാണെന്റെ ഉത്തരം. ആശംസകള്‍...

മൃദുല said...

ഒരു ഉത്തരവുമില്ലയ്യൊന്നിനും

verloren said...

രണ്ട് മനസ്സിലാകാത്തവര്‍ക്ക് ഒന്ന് മനസ്സിലാകുമോ എന്തോ!

The Fifth Question Tag...????? said...

നല്ല ആശയം...രസിച്ചു....ഞാന്‍ ആരെയും പറ്റി അധികം നല്ലത് പറയാറില്ല