Thursday, June 04, 2009

നമ്മള്‍

കുടഞ്ഞിട്ട് തപ്പിനോക്ക്,
വേറെയെവിടെയും
പോകാനിടയില്ല.

അല്ലെങ്കിലും
ആരെടുത്തുമാറ്റാനാണ് ?

ഓര്‍ക്കുന്നേ ഇല്ലേ,
എവിടെ വെച്ചതെന്ന്?

ഇനിയൊരുപക്ഷേ
എന്റെപക്കലാണോ ഉള്ളത്?

നിനക്കുതരാന്‍
എടുത്തുവെച്ചതായി
ഞാനോര്‍ക്കുന്നില്ല.

എനിക്കുതരാന്‍
മാറ്റിവെച്ചതായി
നിന്റെ ഓര്‍മ്മയിലുണ്ടോ?

ഇല്ലെങ്കില്‍ പോട്ടെ, വിട്ടുകള.

ഒരു കണക്കിന്
കണ്ടുകിട്ടിയാലാണ് കുഴപ്പം,
എനിക്കും നിനക്കും
വേണ്ടാതായ നമ്മളെ.

43 comments:

കെ.കെ.എസ് said...

പോയെങ്കിൽ പോകട്ടെ...നമുക്കുവെറും കയ്യോടെ യാത്ര തുടരാം..

ജ്വാല said...

ഇനി നമ്മളെ ഈ ജന്മം തിരികെ കിട്ടുമെന്നു തോന്നുന്നില്ല.പുനര്‍ജന്മത്തിലോ അല്ലെങ്കില്‍ ഭൂതകാലത്തിലോ തപ്പിനോക്കാം.
നല്ല കവിത

പി എ അനിഷ്, എളനാട് said...

നമ്മളെവിടെയോ നഷ്ടപ്പെട്ടു
ഉടഞ്ഞുപോയ വിശ്വാസത്തിന്റെ കാഴ്ചയില്‍

Umesh::ഉമേഷ് said...

നല്ല കവിത.

എന്നാലും ഒരു ഇരുപതു ദിവസമെങ്കിലും നോക്കിയിട്ടേ വിട്ടു കളയാവൂ, കേട്ടോ. അവിടെ എവിടെയെങ്കിലും കാണാത്തിടത്തു കിടക്കുകയാണെങ്കിലോ?

ശ്രീ said...

ഒന്നൂടെ തപ്പി നോക്കാമെന്നേ...
:)

കണ്ണനുണ്ണി said...

ഗൂഗിള്‍ ഇല്‍ ഒന്ന് സെര്‍ച്ച്‌ ചെയ്തു നോക്കെന്നേ.. ചിലപ്പോ കിട്ടിയാലോ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഹൃദയത്തിനകത്ത് നോക്കിയോ?
ഏതെങ്കിലും വരണ്ട മൂലയില്‍
പൊടി പിടിച്ചിരുപ്പുണ്ടാവും
ഉവ്വ്, അതവിടെ തന്നെയുണ്ടാവും..

Prayan said...

അതങ്ങിനെയാണ്... കുറച്ചു ദിവസം അതിന്റെ പാട്ടിനു വിടു....തീവ്രതയോടെ തിരിച്ചുവരും.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"എനിക്കും നിനക്കും
വേണ്ടാതായ നമ്മളെ."
ഇതിനു നൂറില്‍ നൂറ്‌ മാര്‍ക്ക്‌!!

Haree | ഹരീ said...

"ഒരു കണക്കിന്
കണ്ടുകിട്ടിയാലാണ് കുഴപ്പം,
എനിക്കും നിനക്കും
വേണ്ടാതായ നമ്മളെ." - ഇതെനിക്കിഷ്ടമായി... :-)

എത്ര ലളിതം!
--

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതിപ്പോ തപ്പ്യാലും കിട്ടാന്‍ പോണില്ലാന്നാ തോന്നണേ

ആ കണ്ണനുണ്ണീടെ കമന്റ് :)

Jayesh San said...

തിരഞ്ഞുകൊണ്ടിരിക്കുകയാണിപ്പോഴും .... നല്ല കവിത

സി. കെ. ബാബു said...

തപ്പേണ്ടിയേയിരുന്നില്ല, നമുക്കു് വേണ്ടാതായ നമ്മളെ! (to be rational)

പുതു കവിത said...

enikku vayya.

Gowri said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

മനോജ് കുറൂര്‍ said...

ഉണ്ടായിരുന്നില്ലല്ലൊ ഒരിക്കലും ഒരു കൂട്ടിലും ഓര്‍ക്കുട്ടിലും

lakshmy said...

നമുക്കു വേണ്ടാതായ നമ്മളെ!!!!

നീറ്റുന്നു ഈ വരികൾ :(

ശ്രീഇടമൺ said...

ഒരു കണക്കിന്
കണ്ടുകിട്ടിയാലാണ് കുഴപ്പം,
എനിക്കും നിനക്കും
വേണ്ടാതായ നമ്മളെ.

hAnLLaLaTh said...
This comment has been removed by the author.
hAnLLaLaTh said...

..നമുക്കിടയിലുള്ള അദൃശ്യമായ വിടവുകളില്‍ ചോര്‍ന്നു പോയത്...

ലാപുട said...

കെ.കെ. എസ്, മടിയില്‍ കനമുള്ളവര്‍ക്കല്ലേ വഴിയില്‍ ഭയമുള്ളൂ, അല്ലേ? :)

ജ്വാല, നന്ദി.

അനീഷ്, കണ്ണാടി ഉടയുമ്പോള്‍ പ്രതിബിംബത്തിനു സംഭവിക്കുന്നതുപോലെ....:)

ഉമേഷേട്ടന്‍, നന്ദി. റഷ്യന്‍ കവിതയുടെ ആഴത്തിന് ഒരു നമസ്ക്കാരം.

ശ്രീ...:)

കണ്ണനുണ്ണി, നല്ല ഐഡിയ....:)
ആസ്‌പിരിന്‍ ഒരു നൂറ് കൊല്ലം മുന്നേ കണ്ടുപിടിച്ചിരുന്നെങ്കില്‍ ലോകത്തിലെ പല പ്രധാന കൃതികളും ഉണ്ടാവുമായിരുന്നില്ല എന്ന് എം.എന്‍.വിജയന്‍ മാഷ് ഒരിടത്ത് എഴുതിയതു വായിച്ചിരുന്നു. ഗൂഗിളിനെപ്പറ്റിയും ഇങ്ങനെ പറയാം അല്ലേ?

രാമചന്ദ്രന്‍, ഉണ്ടാവും. നോക്കി ബോധ്യപ്പെടാന്‍ ശ്രമിക്കരുത്. അഥവാ ഇല്ലെങ്കിലോ...

പ്രയാണ്‍, ശരിയായിരിക്കും...

ജിതേന്ദ്രകുമാര്‍, നന്ദി, സന്തോഷം.

ഹരീ, നന്ദി.

പ്രിയ, :)

ജയേഷ്, നന്ദി.

ബാബു മാഷ്, ആവശ്യമില്ല എന്ന് തോന്നുമ്പോഴും ഒഴിവാക്കാനാവില്ല ചില പരതിനോട്ടങ്ങള്‍...അല്ലേ?

നാസര്‍...:)

ഗൌരി, സൈറ്റ് കാണിച്ചുതന്നതിന് നന്ദി, ആശംസകള്‍.

മനോജ് മാഷ്, നന്ദി. ഇല്ലാതിരുന്ന ഒന്നിനോട് ഇല്ലാതായിപ്പോയില്ലേ എന്ന് പതം പറയുന്നത് എന്തൊരു അസംബന്ധമാണ്, അല്ലേ?

ലക്ഷ്മി, നന്ദി.

ശ്രീ ഇടമണ്‍, ഹന്‍ല്ലലത്, നന്ദി.

S.V.Ramanunni said...

അനിഷ്ടസ്മൃതികൾ കുഴിച്ചു കുഴിച്ചു ചെന്നെത്തുന്നത് നരകത്തിലാണെന്ന് വൈലോപ്പിള്ളി....വല്ലാതെ അന്വേഷണം ഒക്കെ കുഴപ്പത്തിലേ എത്തിക്കൂ.....
നല്ല രചന...

വേണു venu said...

ആര്‍ക്ക് ആരേ വേണം. അവരോരേ തപ്പിയാല്‍ മതി.കുന്തം കുടത്തിലും പരതണ്ട.
ഇഷ്ടമായി.

കുരാക്കാരന്‍...! said...

ഇനി എന്തൊക്കെ പോവാനും വരാനും കിടക്കുന്നു..
നല്ല എഴുത്ത്
ആശംസകള്‍..

വികടശിരോമണി said...

എവിടെയോ ഉടക്കി വലിച്ചു.
തപ്പിത്തപ്പി മടുക്കാതിരിക്യാ ഭേദം:)

Rare Rose said...

എനിക്കും നിനക്കും
വേണ്ടാതായ നമ്മളെ.
ആഹാ..എത്ര ലളിതം..സുന്ദരം...

Nachiketh said...

എനിക്കും നിനക്കും
വേണ്ടാതായ.......

ഉള്ളിലെ ഭാരമങ്ങ്പെയ്തിറങ്ങുന്നില്ലോ ...വിനോദ്

ലാപുട said...

രാമനുണ്ണി മാഷ്, നന്ദി.

വേണുജീ, നന്ദി. അവരവരെ തപ്പുന്നതാണ് ഏറ്റവും അനിശ്ചിതത്വമുള്ള ഏര്‍പ്പാട് എന്ന് എന്റെ തോന്നല്‍..:)

കുരാക്കാരന്‍, നന്ദി, സന്തോഷം.

വികടശിരോമണി, നന്ദി. അതെ, കണ്ടുകിട്ടുവോളമല്ല, മടുക്കുവോളമാണ് തുടരേണ്ടത് എല്ലാ പരതലുകളും. അന്വേഷണം എന്ന ക്രിയ അതിന്റെ ഏത് ഫലത്തേക്കാളും മൂല്യവത്താണ്..അല്ലേ?

റേര്‍ റോസ്, നന്ദി, സന്തോഷം.

നചികേത്,വായനയ്ക്കും കമന്റിനും വളരെ നന്ദി.

Thallasseri said...

ശരിയാണ്‌. എനിക്കും നിനക്കും ഇടയില്‍ നമ്മള്‍ക്കെന്തു കാര്യം. നന്നായി, വളരെ, വളരെ.

ശ്രീലാല്‍ said...

എനിക്ക് ഞാനേ വേണ്ടൂ, നിനക്ക് നീയും.

എക്താര said...

കിട്ടിയാലും പറയില്ല. അത് നിനക്കുള്ളതല്ലെന്ന്..

Anonymous said...

ഇഷ്ടമായി.ഒരുപാട്‌.

Rajeeve Chelanat said...

സമസ്യാപൂരണം പോലെയോ, കടങ്കഥപോലെയോ തോന്നിപ്പിക്കുന്ന ഒരു കാവ്യശൈലിയില്‍നിന്ന് ലാപുട അധികമൊന്നും നീങ്ങുന്നില്ലെന്ന് ചിലപ്പോള്‍ കലശലായി തോന്നാറുണ്ട്. എന്റെ വായനയുടെ പോരായ്മയായിരിക്കണം.

അഭിവാദ്യങ്ങളോടെ

ലാപുട said...

തല്ലശ്ശേരി, ശ്രീലാല്‍, ഏക്താര, വേറിട്ടശബ്ദം, വായനയ്ക്കും കംന്റിനും നന്ദി.

രാജീവ് ചേലനാട്ട്, വിമര്‍ശനത്തിന് നന്ദി. സെറിബ്രല്‍ ആവുക എന്ന പരിമിതി എന്റെ എഴുത്തിന്റെ കൂടെ എപ്പോഴുമുണ്ട്. അത് ഒരു പരിമിതി മാത്രമല്ല, സാധ്യത കൂടി ആവാമല്ലോ എന്ന് തോന്നുമ്പോഴൊക്കെയാണ് എഴുതുന്നത്. എനിക്ക് ഭാഗ്യമുണ്ടെങ്കില്‍ ഒരു പക്ഷേ, ശൈലിയില്‍ പുതുമകള്‍ എപ്പോഴെങ്കിലും സംഭവിക്കുമായിരിക്കും...

മുല്ലപ്പൂ said...

വായിച്ചു . ഒന്നല്ല പലവട്ടം.

aneeshanjali said...

കാണില്ല , നമ്മെ വിട്ടു പോയ ഈ മിടിപ്പുകള്‍ ................
എന്നിട്ടും തിരയുന്ന ഒരു വലിയ തിരമാല ...........................

റ്റിജോ said...

NINGALUDE PUSTHAKAM SWANTHAMAKKIYATHINTE AHANKARATHILANU NJAN....ETHRA MANOHARA BHASHA...AVATHARANAM....IT'S TOO GOOD TO CONGRATULATE..
EXPECT MORE FROM YOU.MAY GOD BLESS YOUR PEN AND BRAIN.
WITH LOVE,
TIJO ELLICKAL
PALAKKAD

നൊമാദ് | ans said...

ഇത് ലാപുടയുടെ ബ്ളോഗ് അല്ലേ. ആരാ ആ ഫോട്ടോയില്‍ ?

ലാപുട said...

മുല്ലപ്പൂ, അനീഷ് അഞ്ജലി, വായനയ്ക്കും കമന്റിനും വളരെ നന്ദി.

റ്റിജോ, പുസ്തകം വാങ്ങിയെന്നും വായന നിരാശപ്പെടുത്തിയില്ലെന്നും അറിയുന്നത് വലിയ സന്തോഷം. നന്ദി.

അനീഷേ....:)

Aswathy Senan said...

http://www.flickr.com/photos/31874677@N05/3787989713/

bobinson said...

ഒരു കണക്കിന്
കണ്ടുകിട്ടിയാലാണ് കുഴപ്പം,
എനിക്കും നിനക്കും
വേണ്ടാതായ നമ്മളെ.

--

നല്ല ആശയം. സത്യം പറഞ്ഞാല്‍ ഞാന്‍ കുറച്ചായി ഇതാണ്‍ ചെയ്തുകൊണ്ടിക്കുന്നത്. തിരച്ചില്‍. കണ്ടുകിട്ടുമോയെന്ന പേടിയോ ആകുലതയോ ഒക്കെയുണ്ട് താനും !

ലാപുട said...

അശ്വതി, ആ ദൃശ്വാനുഭവത്തിന്റെ മുറുക്കത്തിലേക്ക് ഈ വാക്കുകളെ പരിഗണിച്ചതിന് വളരെ നന്ദി.

ബോബിന്‍സണ്‍, അതില്‍പ്പിന്നെ നമ്മള്‍ ആ പേടിയെ/ആകുലതയെ അന്വേഷിച്ചു തുടങ്ങുമായിരിക്കും.അല്ലേ?
വായനയ്ക്കും കമന്റിനും നന്ദി.

Aswathy Senan said...
This comment has been removed by the author.